ആശിഷ് നെഹ്ര : കാലത്തെ എറിഞ്ഞിട്ട പ്രതിഭ

128
ഏഷ്യാ കപ്പിലെ ഇന്ത്യയും പാകിസ്ഥാനുമായുള്ള മത്സരം. കുഞ്ഞൻ സ്കോറുകൾ പിറന്ന മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയോട് തോറ്റെങ്കിലും തങ്ങളുടെ ബൌളിംഗ് മികവും അതിലെ വൈവിധ്യവും എത്രത്തോളം ഇപ്പോഴും നിലനില്കുന്നു എന്ന് ക്രിക്കറ്റ് ലോകത്തെ ഒന്നൂടി ഓർമിപ്പിച്ചാണ് പാക് പട ഇന്ത്യയോടു പത്തി താഴ്ത്തിയത്. പ്രത്യേകിച്ചും മുഹമ്മദ്‌ ആമിർ എന്ന ഇരുപത്തിനാലുകാരന്റെ ബൌളിംഗ് പ്രകടനത്തെ ഇന്ത്യൻ ആരാധകരും മാധ്യമങ്ങളും, സോഷ്യൽ മീഡിയയും പ്രശംസകൾ കൊണ്ട് മൂടി. “ഇതിനുമാത്രം ഫാസ്റ്റ് ബൌളർമാരെ നിനക്ക് മാത്രം എവിടുന്നു കിട്ടുന്നു..??(ഇന്ത്യ പാകിസ്ഥാനോട്) സോഷ്യൽ മീഡിയയിലെ മലയാളം ഗ്രൂപ്പുകളിൽ കണ്ട ഒരു സ്പൂഫ് പോസ്റ്റിലെ വാചകമായിരുന്നു ഇത്.. ശരിയാണ്, ചരിത്രത്തിൽ പാക്സിതാൻ ലോക ക്രിക്കറ്റിന് മുന്നിൽ അവതരിപ്പിച്ച പേസ് ബാടറ്ററികളോട് കിടപിടിക്കാവുന്ന ഒരു ബൌളറെ എങ്കിലും ഇന്ത്യക്ക് ചൂണ്ടി കാണിക്കാനുണ്ടാകുമോ എന്നത് ക്രിക്കറ്റ് പണ്ഡിതൻമാർ പറയുമ്പോലെ ‘ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്’. പക്ഷേ നമ്മളൊക്കെ കണ്ടിട്ടും ഓ, ഇതൊക്കെ എന്ത് എന്ന മട്ടിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതെ ഒരു ഇന്ത്യൻ ബൌളർ ആ മത്സരത്തിലും ഉണ്ടായിരുന്നു..തൊട്ടു മുന്നത്തെ ബംഗ്ലാദേശുമായുള്ള മത്സരത്തിൽ മൂന്നു വിക്കറ്റുമായി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ഒരു പാവം(കണ്ടാലും ആരും അങ്ങനെ പറയൂ) ഡല്ഹിക്കാരൻ. പേര് ആശിഷ് ദിവാൻ സിംഗ് നെഹ്ര.
എന്തായിരിക്കും ആശിഷ് നെഹ്ര എന്ന ഇടം കയ്യൻ മീഡിയം പേസ് ബൌളർക്ക് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ കാലം നല്കുന്ന സ്ഥാനം. കപിൽദേവിനെപ്പോലെയോ, ജവഗൽ ശ്രീനാഥിനെപ്പൊലെയൊ കാലങ്ങളോളം ഇന്ത്യൻ ബൌളിങ്ങിനെ തോളിലേറ്റി നടന്നിട്ടില്ല നെഹ്ര. സഹീർഖാനെപ്പോലെ യോർക്കറുകളും മനോഹരമായ സ്വിംഗ് പ്രകടനവുമായി ആരാധകരുടെ ഹൃദയം കവരുകയോ, എതിരാളികൾക്ക്‌ ഒരു ശല്യമാവുകയോ ആയിത്തീരാൻ ഒരിക്കലും നെഹ്രക്ക് കഴിഞ്ഞിട്ടില്ല. ഇർഫാൻ പഠാൻ, ശ്രീശാന്ത്, പ്രവീൺ കുമാർ, മുഹമ്മദ്‌ ഷമി, ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങളെപ്പോലെ സർഗ പ്രതിഭയുടെ മിന്നലാട്ടവുമായി ഒരുപാട് കൊതിപ്പിക്കാനും നെഹ്രക്ക് കഴിഞ്ഞിട്ടില്ല ഇത്രയും കാലം.. പിന്നെയോ, ഈ പറഞ്ഞ എല്ലാ താരങ്ങളുടെ കാലത്തും ഇന്ത്യൻ ടീമിൽ കളിക്കുകയും, പലപ്പോഴും ടീമിന്റെ വിജയത്തിന് നിദാനമാകുന്ന തരത്തിൽ പന്തെറിയാനും കഴിഞ്ഞവനാണ് നെഹ്ര. അങ്ങനെ ഒരു ഒഴുക്കൻ മട്ടിൽ ഇത് പറഞ്ഞാൽ പോര, കാരണം കഴിഞ്ഞ പതിനേഴു വർഷങ്ങളുടെ ദൈർഘ്യത്തിലാണ് നേരത്തെ പറഞ്ഞ താരങ്ങൾ ഇന്ത്യൻ ടീമിൽ കളിച്ചതും ഇപ്പോൾ കളിക്കുന്നതും.! അവരുടെ കൂടെയൊക്കെ പലപ്പോഴും ഇങ്ങനെ വന്നും പോയും നെഹ്ര ഉണ്ടായിരുന്നു. ഒരിക്കലും തളരാത്ത മനസ്സും ശരീരവുമായി നെഹ്ര ബൌൾ ചെയ്തു കൊണ്ടേയിരിന്നു.
ജവഗൽ ശ്രീനാഥിന് ശേഷം ആര് എന്ന് ഇന്ത്യൻ ക്രിക്കറ്റും ആരാധകരും അന്വേഷിക്കുന്ന സമയത്താണ് ഡല്ഹിക്കാരൻ ആശിഷ് ദിവാൻ സിംഗ് നെഹ്ര എന്ന 20 കാരൻ ഡോമെസ്ടിക് ക്രിക്കറ്റിലെ പ്രകടനങ്ങളിലൂടെ സിലക്ടർ മാരുടെ കണ്ണിൽ പതിയുന്നത്. നല്ല പേസ്, കൃത്യത, ലൈനിലും ലെങ്ങ്തിലും കാണിക്കുന്ന നിയന്ത്രണം, കൂടാതെ പന്തിനെ ഇരു വശത്തേക്കും നല്ല രീതിയിൽ തിരിക്കാനുള്ള കഴിവ് കൂടാതെ ഇടംകയ്യനും. സിലക്റ്റർമാർ ‘ചെക്കനെ പിടിച്ചു ടീമിൽ കയറ്റി’. അങ്ങനെ 1999 ൽ കൊളോമ്പോയിൽ ശ്രീലങ്കക്കെതിരെ അരങ്ങേറ്റം. തുടക്കത്തിൽ തന്നെ മർവൻ അട്ടപ്പെട്ടുവിനെ പവലിയനിലേക്ക് പറഞ്ഞുവിട്ടെങ്കിലും പിന്നെ വിക്കറ്റ് ഒന്നും നേടാനായില്ല. എന്നാലും തരക്കേടില്ലാതെ പിന്നീട് പന്തെറിഞ്ഞ നെഹ്ര 2001 ൽ സിംബാബ്‌വേക്കെതിരെ ഏകദിനത്തിലും ഇന്ത്യൻ തൊപ്പിയണിഞ്ഞു. രണ്ടാം പന്തിൽ തന്നെ നായകൻ അലിഷ്ടർ കാംബെല്ലിനെ പുറത്താക്കി അരങ്ങേറ്റം ഉഷാറാക്കി. നീണ്ട പതിനഞ്ച് വർഷത്തിനു ശേഷം ഇന്ത്യ ആദ്യമായി ഉപ ഭൂഖണ്ഡത്തിന് ഒരു ടെസ്റ്റ്‌ മത്സരം ജയിക്കുമ്പോൾ അതിന് പന്ത് കൊണ്ട് നിറം നല്കാൻ നെഹ്രയും ഉണ്ടായിരുന്നു. സമനിലയിൽ കലാശിച്ച ആ സീരീസിൽ നെഹ്ര നേടിയത് പതിനൊന്ന് വിക്കറ്റുകളായിരുന്നു
ഇടക്ക് പരിക്കും ഫോമില്ലായ്മയും മൂലം വലഞ്ഞ നെഹ്ര പിന്നെ കത്തിക്കേറുന്നത് 2003 ലെ ലോക കപ്പിലാണ്. സീമും ബൌൺസും വേണ്ടുവോളം ഉള്ള ദക്ഷിണാഫ്രിക്കയിലെ പിച്ചുകളിൽ മികച്ച രീതിയിൽ ഇന്ത്യക്ക് വേണ്ടി പന്തെറിയാൻ നെഹ്രക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ആശിഷ് നെഹ്ര തനിരൂപം കാണിച്ചു. പത്തോവറിൽ 23 റണ്സിന് ആറ് വിക്കറ്റുകളാണ് അയാൾ അന്ന് എറിഞ്ഞിട്ടത്. ഇന്ത്യൻ ബൌളിംഗ് ചരിത്രത്തിലെ തന്നെ മികച്ച പ്രകടങ്ങളിൽ ഒന്നായ ആ മത്സരത്തിൽ നെഹ്രയുടെ സ്പെൽ സീം ബൌളിങ്ങിന്റെ മികച്ച ഉദാഹരണമായിരുന്നു. ആ ലോക കപ്പിൽ 147km വേഗതിയിൽ പന്തെറിഞ്ഞ് നെഹ്ര വീണ്ടും ഇന്ത്യൻ ക്രിക്കറ്റിനെ വിസ്മയിപ്പിച്ചു. പക്ഷേ, എന്തോ പിന്നീട് വല്ല്യ അദ്ഭുതങ്ങൾ ഒന്നും നെഹ്രയുടെ പന്തുകളിൽ നിന്ന് വന്നില്ല. കൂടാതെ പരിക്കും ഫിറ്റ്നെസ്സ് പ്രശ്നങ്ങളും നെഹ്രയുടെ അന്നത്തെ പ്രകടനത്തെ ഒരു ‘വൺഡേയ് വണ്ടർ’ ആക്കി മാറ്റി. പിന്നെ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനത്തിൽ ചില മിന്നലുകൾ, പ്രത്യേകിച്ചും കറാച്ചിയിലെ ആ ഏകദിനം, അവസാന ഓവർ വരെ ത്രസിപ്പിച്ച ആ മത്സരത്തിൽ ഒട്ടും റൺസ് വഴങ്ങാതെ നെഹ്ര ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. അതേ പരമ്പരയിലാണ് നെഹ്ര തന്റെ അവസാന ടെസ്റ്റ്‌ കളിക്കുന്നത്..അതെ, പിന്നീട് പത്ത് വർഷങ്ങൾക്കിപ്പുറം ഐ പി എല്ലിലും, ഇന്ത്യയുടെ ടി 20 മത്സരങ്ങളിലും വിജയങ്ങളുടെ കാരണക്കാരൻ ആകുന്ന ഈ ബൌളർ തന്റെ അവസാന ടെസ്റ്റ്‌ മത്സരം കളിച്ചത് 2004 ൽ ആയിരുന്നു..അതും തന്റെ ഇരുപത്തിയഞ്ചാമാത്തെ വയസ്സിൽ !!
പാകിസ്ഥാനെതിരായ ആ പരമ്പരക്ക് ശേഷം ടീമിന് പുറത്തായ നെഹ്ര പിന്നെ വനവാസത്തിലായിരുന്നു. നീണ്ട ക്രിക്കറ്റ് വനവാസം. അയാൾ ചിത്രത്തിലില്ലാതായി. ഇർഫാൻ പഠാനും, ശ്രീശാന്തും, ആർ പി സിംഗും, പ്രവീൺ കുമാറുമൊക്കെ ടീമിലെത്തി. അവരുടെ പ്രകടനങ്ങളിൽ ആരാധകർ സന്തോഷിച്ചു..കൂടാതെ വിജയങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് ഒരു ശീലമായി മാറാൻ തുടങ്ങി. ആശിഷ് നെഹ്ര എന്ന പേര് ക്രിക്കറ്റ് ആരാധകർ അപ്പോഴേക്കും പറ്റെ മറന്നിരുന്നു. പരിക്കുകളും, കാൽമുട്ടിലെ ശശ്ത്രക്രിയക്കും ശേഷം നെഹ്ര കളത്തിലിറങ്ങാൻ സമയമെടുത്തു. വീണ്ടും ഡോമെസ്ടിക് ക്രിക്കറ്റിൽ നെഹ്ര സജീവമായി. നീണ്ട പരിശീലങ്ങളും, രഞ്ജി ട്രോഫിയിലെ പ്രകടങ്ങളും നെഹ്രക്ക് വീണ്ടും ഇന്ത്യൻ ക്രിക്കറ്റിലേക്കു വാതിൽ തുറന്നു. 2009 ൽ ആയിരുന്നു അത് വിൻഡീസിനെതിരെ. മികച്ച പ്രകടനങ്ങളുമായി നെഹ്ര പന്തെറിഞ്ഞു. പുതിയ പിള്ളീരുടെ കൂടെ. 2009-2011 വരെയുള്ള രണ്ട് വർഷത്തെ കണക്കെടുത്താൽ, ആ രണ്ടു വർഷങ്ങളിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ രണ്ടാമൻ നെഹ്രയായിരുന്നു, ഈ പ്രകടനം നെഹ്രക്ക് 2011 ലെ ലോക കപ്പ് ടീമിലേക്ക് സ്ഥാനം നേടിക്കൊടുത്തു. വീണ്ടും പരിക്ക് വില്ലനായി. ഇന്ത്യ ലോക കിരീടം നേടിയ ആ ലോകപ്പിലെ അവസാന മത്സരങ്ങൾ നെഹ്രക്ക് പരിക്ക് കാരണം നഷ്ടമായി. ഈ പരിക്ക് കാരണം ഫൈനലിൽ പന്തെറിയാൻ ഭാഗ്യം കിട്ടിയത് മലയാളി താരം ശ്രീശാന്തിനായിരുന്നു.
പരിക്ക് കാരണം വീണ്ടും നാല് വർഷത്തോളം നെഹ്രക്ക് നഷ്ടമായി. വീണ്ടും നെഹ്ര ആരാധകരെ വിസ്മയിപ്പിക്കുന്നത് കഴിഞ്ഞ ഐ പി എല്ലിലാണ്. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി പന്തെറിയ നെഹ്രയുടെ പ്രകടനം അതുല്യമായിരുന്നു. ഡെത്ത് ഓവറുകളിൽ മനോഹരമായി പന്തെറിഞ്ഞ്, റൺസ് ഒട്ടും വിട്ട് കൊടുക്കാതെ നെഹ്ര ചിരിക്കുകയായിരുന്നു കഴിഞ്ഞ ഐ പി എല്ലിൽ,കാലം തളർത്താത്ത പോരാളിയായി.നെഹ്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി കളിക്കുന്നത് 1999 ലാണ്. അവിടന്നിങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പാട് ബൌളർമാർ വന്ന് കൊതിപ്പിച്ച് പോയി.പലരും പ്രതിഭയുടെ സൗന്ദര്യവും മണവുമായി വന്ന് എങ്ങോ പോയ്‌ മറഞ്ഞു. പലരും കഴിവുണ്ടായിട്ടും അത് ഉപയോഗിക്കാനറിയാതെ ടീമിനുള്ളിൽ വന്നും പോയും ഇരിക്കുന്നു. ഇവരുടെ ഇടയിലാണ് ആശിഷ് ദിവാൻസിംഗ് നെഹ്ര വ്യത്യസ്തനാകുന്നത്. ഇർഫാൻ പഠാൻ, ശ്രീശാന്ത്‌, പ്രവീൺ കുമാർ, മുനാഫ് പട്ടേൽ എന്നിവരുടെയൊക്കെ പ്രതിഭയുമായി താരതമ്യചെയ്യുമ്പോൾ അത്ര വല്ല്യ പ്രതിഭാസമൊന്നുമല്ല നെഹ്ര. പക്ഷേ, കഠിന പരിശീലനവും, മനോബലവും, അർപ്പണ മനോഭാവവും ഇവരിൽ നിന്ന് നെഹ്രയെ വ്യത്യസ്തനാക്കുന്നു. നെഹ്ര കാണിച്ച ഈ ഒരു സംഗതിയുടെ പകുതിയെങ്കിലും അവർ(ശ്രീശാന്തിനെ മാറ്റി നിർത്താം, കാരണം അയാൾ ടീമിന് പുറത്തിരിക്കുന്നത് വേറെ കാരങ്ങൾ കൊണ്ടാണല്ലോ) കാണിച്ചിരുന്നെങ്കിൽ അവരൊന്നും ഇത്രപെട്ടെന്ന് പൊലിഞ്ഞുതീരില്ലായിരുന്നു.

പ്രാക്ടീസ്..പ്രാക്ടീസ് പ്രാക്ടീസ്..!! ഇതാണ് നെഹ്രയുടെ വിജയ മന്ത്രം. ഇന്ത്യക്ക് വേണ്ടി കൂടുതൽ ടെസ്റ്റ്‌ മത്സരങ്ങൾ കളിക്കാൻ കഴിയാത്തതാണ് തന്റെ ഏറ്റവും വലിയ സങ്കടം എന്ന് നെഹ്ര പറയുന്നു. ടീമിന് വേണ്ടി കളിക്കുന്നില്ലേലും ഞാൻ ബൌൾ ചെയ്യുന്നു. ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു. പകലന്തിയോളം ബൌൾ ചെയ്തു പരിശീലിച്ചു. പ്രായം കൂടുംതോറും നിങ്ങൾ കഠിനമായി പരിശീലിച്ചേ മതിയാകൂ.ടീമിലില്ലാത്ത നാല് വർഷങ്ങളിൽ ഞാൻ ചെയ്തിരുന്നത് ഇതൊക്കെയാണ്. നെഹ്രയുടെ വാക്കുകൾ. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിൽ സ്ഥാനം കിട്ടാത്തതിൽ നെഹ്ര അല്പം ദുഖിതനുമായിരുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഇന്ത്യൻ ഇരുപത്തി അഞ്ചിൽ പരം ബൌളർമാരെ പരീക്ഷിച്ചു. നെഹ്രയെ ഒഴിച്ച് ബാക്കി എല്ലാവരെയും. ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നവർക്കും, ഇനി കളിച്ചു തുടങ്ങുന്നവർക്കും ഒരു വലിയ പാഠപുസ്തകമാണ് നെഹ്ര. പ്രതിഭ കൊണ്ട് നിങ്ങൾക്ക് ഒന്നും ആയിത്തീരാൻ കഴിയില്ല. തുടക്കട്ടെ ചില മിന്നൽ പിണരുകളിൽ അത് തീരും..അവിടന്നങ്ങോട്ട് നിങ്ങളെ മുന്നോട്ടു നയിക്കുന്നത് നിങ്ങളുടെ മനോഭാവമാണ്. പ്രതിഭ വേണ്ടുവോളം ഉണ്ടായിട്ടും എങ്ങും എത്താതെ പോയ ഒരു പാട് താരങ്ങളുണ്ട് ക്രിക്കറ്റിൽ. അവരിൽ നിന്ന് വ്യത്യസ്തനായി തന്റെ പരിമിതമായ കഴിവുകളെ നിരന്തരമായ പരിശീലനവും, ദൃഡനിശ്ചയവും, പോസിറ്റീവ് സമീപവനും കൊണ്ട് ഇത്രയും ഒരു നീണ്ട കാലം കടുത്ത മത്സരം നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായി നില നിന്ന നെഹ്ര ഇന്ത്യയിലെ മറ്റു ബൌളർമാരിൽ നിന്ന് വളരെ ഉയരെയാണ് നില്ക്കുന്നത്. ഇനി വരുന്നവർക്ക് ഒരു ലക്ഷ്യമാണ്‌ അയാൾ.
രഞ്ജി ട്രോഫിയിലെയും, സയ്യിദ് മുഷ്താഖലി ട്രോഫിയിലെയും പ്രകടനങ്ങൾ വീണ്ടും നെഹ്രയെ ഇന്ത്യൻ ടീമിലെത്തിച്ചു. മുപ്പതിയെഴാമാത്തെ വയസ്സിൽ ഓസ്ട്രേലിയക്കെതിരായ ടി 20 മത്സരങ്ങളിൽ നെഹ്ര വീണ്ടും വിക്കറ്റ് വേട്ട തുടങ്ങി..ഇപ്പോ ഏഷ്യ കപ്പിലും..വരുന്ന ടി 20 ലോക കപ്പിൽ ആരൊക്കെ കളിച്ചില്ലെങ്കിലും ഇന്ത്യക്ക് വേണ്ടി ആശിഷ് ദിവാൻ സിംഗ്നെഹ്ര പന്തെറിയും..ഇന്ത്യയെ ഇനിയും വിജയത്തിന്റെ പടികളിലൂടെ നടത്തും..തന്റെ നല്ല കാലത്ത് പരിക്ക് മൂലം നഷ്ടമായ ക്രിക്കറ്റിന്റെ ചൂടും ചൂരും നെഹ്ര തിരിച്ചു പിടിക്കും.. പരിശീലങ്ങളും അനുഭവങ്ങളും മൂർച്ച കൂട്ടിയ തന്റെ പന്തുമായി ആശിഷ് നെഹ്ര കാത്തിരിക്കുന്നു..പുതിയ എതിരാളികൾക്കായി..!!
Share.

Comments are closed.