ഗതി മാറിയൊഴുകുന്ന അമ്പാട്ടി റായിഡു..!

128
അമ്പാട്ടി റായിഡുവിനെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ വരുന്നത്, മികച്ച ഉത്ഭവത്തിന് ശേഷം ഒരു മഹാ നദിയായി പരിണമിക്കും എന്നതിന്റെ എല്ലാ സൂചനകളും നല്കി, ഗതി മാറി ശോഷിച്ചോഴുകുന്ന ഒരു കാട്ടരുവിയെയാണ്. തന്റെ പതിനാറാമത്തെ വയസ്സിൽ അമ്പാട്ടി റായിഡു എന്ന ആന്ധ്രാക്കാരൻ പയ്യൻ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 177 റൺസ് 2002 ൽ അടിച്ചുകൂട്ടുമ്പോൾ, അതേ വർഷം രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ച്വറിയും,സെഞ്ച്വറിയുമെല്ലാം അടിച്ചു കൂട്ടുമ്പോൾ ക്രിക്കറ്റ് വിശാരദർ പ്രവചിച്ചു ;” അതേ, അടുത്ത സച്ചിൻ ജനിച്ചു കഴിഞ്ഞു..ഇവൻ സച്ചിനെ പിന്തുടരാൻ പോകുന്നവൻ, ദൈവത്തെ മറികടക്കാൻ പോന്നവൻ “!! വീരേന്ദർ സെവാഗ് ഒരു ബാറ്റിങ്ങ് വോൾകാനോ ആകുന്നതിനു മുൻപ്, യുവരാജ് സിക്സർ രാജയായി അറിയപ്പെടുന്നതിനും വളരെ മുൻപ് ഇന്ത്യൻ ക്രിക്കറ്റിൽ, ആരാധരുടെ മനസ്സിൽ ഒരു കാലത്ത് ആ പയ്യൻ സൃഷ്‌ടിച്ച പ്രതീക്ഷകളുടെ വേലിയേറ്റം ഒട്ടും ചെറുതായിരുന്നില്ല..അമ്പാട്ടി തിരുപതി റായിഡു!!
ആകാശത്തോളം മുട്ടിയ ആ വേലിയേറ്റം പിന്നെ താഴ്ന്നിറങ്ങുന്നതാണ് പിന്നെ കണ്ടത്. 2004 ലെ അണ്ടർ 19 ലോക കപ്പിൽ ഇന്ത്യയെ നയിച്ചത് റായിഡുവായിരുന്നു. സുരേഷ് റൈന, ഇർഫാൻ പത്താൻ, ശിഖർ ധവാൻ, ആർ പി സിംഗ്, വി ആർ വി സിംഗ് തുടങ്ങിയ പിൽകാലത്ത് റായിഡുവിന് വളരെ മുൻപേ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഈ താരങ്ങൾ റായിഡുവിന്റെ കീഴിലാണ് ആ ലോക കപ്പ് കളിച്ചത്. സെമി ഫൈനൽ വരെ എത്തിയ ഇന്ത്യക്ക് വേണ്ടി അമ്പാട്ടി റായിഡു നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. സുന്ദരമായ സ്ട്രോക്ക് പ്ലേ, അയത്ന ലളിതമായി മൈതാനത്തിന്റെ ഏത് വശത്തേക്കും പന്തിനെ പറഞ്ഞ് വിടാനുള്ള മിടുക്ക്, വൻ സ്കോറുകൾ നേടാനുള്ള ക്ഷമയും ഫിട്നെസ്സും..ഇങ്ങനെ എല്ലാം കൊണ്ടും ഒരു ബാറ്റിംഗ് ജീനിയസ്സിനു ഉടലെടുക്കാനുള്ള എല്ലാ അസംസ്കൃത വസ്തുക്കളും റായിഡു എന്ന ആ യുവതാരത്തിലുണ്ടായിരുന്നു. സച്ചിൻ , ഗാംഗുലി, ദ്രാവിഡ് എന്നിവർക്ക് ശേഷം ഒരു മികച്ച ബാറ്റിംഗ് പ്രതിഭാസത്തെ തേടി കൊണ്ടിരുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ കാലിൽ ചുറ്റിയ വള്ളിയായിരുന്നു അമ്പാട്ടി റായിഡു. പക്ഷേ, ഉത്ഭവശേഷം സമതലങ്ങലലൂടെ ഒഴുകി പടർന്നു, വളർന്ന്, ശക്തമായി ഒഴുകേണ്ട മഹാനദിക്ക് പകരം, ഗതി മാറി വളഞ്ഞു പുളഞ്ഞ്, ഇടുങ്ങിയ കയറ്റിറക്കങ്ങളിലൂടെ ഒഴുക്ക് കുറഞ്ഞ് ഒഴുകാനായിരുന്നു അമ്പാട്ടി റായിഡു എന്ന, ഇപ്പോഴും ശക്തമായ അടിയൊഴുക്കുള്ള ആ ബാറ്റിംഗ് പ്രതിഭയുടെ യോഗം.
എവിടെയാണ് അമ്പാട്ടി റായിഡുവിന് പിഴച്ചത്..?? എല്ലാരും കരുതുന്നത് പോലെ വിമത ക്രിക്കറ്റ് ലീഗായ ഐ സി എല്ലിൽ കളിച്ചത് കൊണ്ട് മാത്രമല്ല. അതിനും വളരെ മുൻപേ റായിഡു വഴിമാറി ഒഴുകാൻ തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ. 2004-2005 രഞ്ജി സീസണിലാണ് അമ്പാട്ടിയുടെ കരിയറിൽ പ്രശ്നങ്ങൾ തല പൊക്കി തുടങ്ങുന്നത്. വളരെ ദരിദ്രമായ പ്രകടനമായിരുന്നു അമ്പാട്ടിയുടെത്. സീസണിൽ വെറും 155 റൺസ്. അതെ തുടർന്ന് ആന്ധ്ര രഞ്ജി ടീം കോച്ചുമായും, മറ്റു ടീം പ്രതിനിധികളുമായും ഉടക്കി പിരിഞ്ഞു. ടീം വിട്ട റായിഡു അടുത്ത സീസൺ കളിച്ചത് ഹൈദരബാദിനുവേണ്ടിയായിരുന്നു. അവിടെയും പ്രശ്നങ്ങൾ അയാളെ പിന്തുടർന്നു..ഒരു മത്സരത്തിൽ അമ്പയറുമായി വഴക്കുണ്ടാക്കി അയാൾ വീണ്ടും ബ്ലാക്ക് മാർക്ക് ചെയ്യപ്പെട്ടു. കളിക്കളത്തിനു പുറത്തെ ഇത്തരം ചെയ്തികൾ തീർച്ചയായും അയാൾക്കൊരു വിനയായിരുന്നിരിക്കണം.2007 ൽ ഐ സി എൽ(ഇന്ത്യൻ ക്രിക്കറ്റ് ലീഗ് )വന്നതോടെ അമ്പാട്ടി ഹൈദരാബാദ് ഹീറോസിന് വേണ്ടി കളിക്കാൻ കരാർ ഒപ്പിട്ടു. ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റങ്ങളുടെ വിപ്ലവുമായെത്തിയ ഐ സി എല്ലിൽ അയാൾ പെട്ടെന്ന് ആകർഷിതനായി. പക്ഷേ ബി സി സി ഐ ഐ പി എല്ലുമായി വന്നതോടെ ഐ സി എല്ലിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ഭാവി അവതാളത്തിലായി..ഇന്ത്യൻ താരങ്ങളെ ബാൻ ചെയ്ത് കൊണ്ടാണ് ബി സി സി ഐ ഐ സി എല്ലിനോട് പ്രതികരിച്ചത്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പണി കിട്ടിയത് അമ്പാട്ടിക്കാണ്.2007 മുതൽ 2010 വരെയുള്ള വർഷങ്ങളാണ് ഐ സി എൽ മൂലം അയാൾക്ക് ഇന്ത്യൻ ക്രിക്കറ്റിൽ നഷ്ടമായത്.വിദേശ താരങ്ങളുടെ കൂടെ കളിക്കാനുള്ള അവസരവും, പെട്ടെന്ന് ശ്രദ്ദ നേടാനുള്ള ഒരു വേദിയുമായി ഐ സി എൽ തനിക്ക് തോന്നിയതാണ് അന്നങ്ങനെ ഒരു തീരുമാനെമെടുക്കാൻ കാരണമെന്ന് അമ്പാട്ടി പിന്നെ പറഞ്ഞിരുന്നു.
വളരെ വൈകാതെ ഐ സി എല്ലിന്റെ കച്ചവടം പൂട്ടിയതോടെ(പൂട്ടിച്ചതോടെ) ബി സി സി ഐ ഇന്ത്യൻ താരങ്ങളോട് അനുകമ്പ കാണിച്ചു. അങ്ങനെ അമ്പാട്ടി റായിഡു വീണ്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ കളി മുറ്റത്തേക്ക്‌ തിരിച്ചു വന്നു..അപ്പോഴേക്കും പണ്ടത്തെ റൈനയും, ധവാനും ഇർഫാനും എല്ലാം ഇന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറി കഴിഞ്ഞിരുന്നു..കൂടാതെ വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ ബാറ്റിങ്ങ് സൂപ്പർ സ്റ്റാറുകളും.! 2010 ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചാണ് റായിഡു രണ്ടാം അങ്കം തുടങ്ങുന്നത്. ആ സീസണിൽ ബാറ്റ് കൊണ്ട് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും, ടീമിന്റെ വിജയങ്ങളിൽ പങ്കാളിയാകാനും റായിഡുവിനായി. 14 കളികളിൽ നിന്ന് 355 റൺസ് ആണ് ആ സീസണിൽ റായിഡു നേടിയത്. അടുത്ത സീസണിൽ ബംഗ്ലൂരിനു വേണ്ടി കളിക്കാൻ സിദ്ധാർത്ഥ് മല്ല്യ റായിഡുവിനെ ക്ഷണിച്ചെങ്കിലും റായിഡു അത് നിരസിച്ച് മുംബൈയിൽ തുടരാൻ തീരുമാനിച്ചു. എന്തൊക്കെയായാലും ഇപ്പോൾ മുംബൈ ഇന്ത്യൻസിലെ നിശ്ശബ്ദനായ പോരാളി ആണ് അമ്പാട്ടി റായിഡു. കഴിഞ്ഞ അഞ്ച് സീസണുകളിൽ ഒരു പാട് മത്സരങ്ങളിൽ നിർണായക ഘട്ടങ്ങളിൽ ബാറ്റ് വീശി അയാൾ കഴിവ് തെളിയിക്കുന്നു.356(14 മാച്ചുകൾ), 395(16 മാച്ചുകൾ), 333(17 മാച്ചുകൾ), 265( 19 മാച്ചുകൾ),361( 16 മാച്ചുകൾ) എന്നിങ്ങനെയാണ് കഴിഞ്ഞ സീസണുകളിൽ അയാളുടെ പ്രകടനങ്ങൾ. മധ്യ നിരയിൽ ബാറ്റേന്തിയാണ് റായിഡു ഇതൊക്കെ നേടിയത് എന്ന് കൂടി ഓർക്കണം.
ഒന്നാതരം സ്റ്റൈലിഷ് ബാറ്റ്സ്മാൻ ആണ് അമ്പാട്ടി റായിഡു. പാഠപുസ്തകത്തിലെ എല്ലാ ക്രികറ്റ് ഷോട്ടുകളും റായിഡുവിന്റെ ബാറ്റിലൂടെ ഗ്രൌണ്ടിന് നാല് പാടും പായുമ്പോൾ അതിന് മിഴിവേറെയാണ്. ക്രീസിൽ ഒരല്പ സമയം ചിലവിട്ട് പിന്നെ കളിക്കനുസരിച്ച് ബാറ്റിങ്ങ് സ്പീഡ് മാറ്റുന്ന, ടി 20 ക്രികക്ടിന്റെ ഇൻസ്റ്റന്റ് ഷോട്ടുകൾ ആവോളം ശേഖരത്തിലുള്ള ഒരു എ ക്ലാസ് ബാറ്റ്സ്മാൻ..ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മധ്യ നിരയിൽ ഇറങ്ങി ഇന്നിങ്ങിസിനെ കരക്കടുപ്പിച്ചും , പിന്തുടരുന്ന മത്സരങ്ങളിൽ വെടികെട്ട് ബാറ്റിങ്ങ് നടത്തി ടീമിനെ കളി ജയിപ്പിച്ചും ഒരു നല്ല വിക്കറ്റ് കീപ്പർ കൂടിയായ റായിഡു അതേറെ തെളിയിച്ചതാണ്.
എന്തായാലും ഐ പി എല്ലിലെ പ്രകടനങ്ങൾ അമ്പാട്ടി റായിഡുവിന് ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള വഴി കാണിച്ചു.2013 ൽ സിംബാബ്വെക്കെതിരായിരുന്നു അത്. അവിടന്നിങ്ങോട്ട് സ്ഥിരമായില്ലെങ്കിലും ഒരു പകരക്കാരന്റെ റോളിൽ ടീമിൽ സ്ഥിര സാന്നിധ്യമാണ് റായിഡു. ഇത് വരെ 30 ഏകദിനങ്ങളിൽ നിന്ന് 45.55 ശരാശരിയിൽ 911 റൺസ് ആണ് റായിഡുവിന്റെ സമ്പാദ്യം. മികച്ച പ്രകടനം തന്നെയാണത്. പക്ഷേ , ടീമിൽ ഒരു സ്ഥിരസാന്നിധ്യമാണ് അമ്പാട്ടി റായിഡു നേരിടുന്ന പ്രധാന വെല്ലു വിളി. പഴയ ജൂനിയർ സച്ചിന് ഒഴുകി പരക്കാൻ ഇപ്പോഴും ഇടുങ്ങിയ, ശോഷിച്ച വഴികളാണ് മുന്നിലുള്ളത്..പഷേ ശക്തമായ അടിയൊഴുക്കുള്ള ഒരു നദിക്ക്, അതെത്ര ചെറുതാണെങ്കിലും മുന്നിലുള്ള ഇടുങ്ങിയ വഴികളെ ഇടിച്ചോഴുക്കി പടർന്ന് പോകാവുന്നതെയുള്ളൂ. അമ്പാട്ടി റായിഡുവെന്ന ചെറു നദി തീരങ്ങളെ ഇടിച്ചോഴുക്കി, വമ്പ് കാട്ടി ഇനിയൊരു മഹാനദിയായി പരിണമിക്കുമോ..?? സാധ്യതകൾ തീരെ കുറവാണ് എന്ന് തോന്നിപ്പിക്കുന്നു. എങ്കിലും, ആ സാധ്യതകളിൽ ഒരു അനിശ്ചിതത്വം നില നില്ക്കുന്നു..അതെ ക്രിക്കറ്റ് അനിശ്ചിതത്തിന്റെ കളിയാണ്..താരങ്ങളും !
Share.

Comments are closed.