ബ്രയാൻ ലാറ-ട്രിനിനാഡിൻെറ രാജകുമാരൻ….

5

ഫാസ്റ്റ് ബൌളര്‍ പന്ത് ഷോര്‍ട്ട് ആയി പിച്ച് ചെയ്ത ഉടന്‍ ഞൊടിയിട കൊണ്ട് ലെങ്ങ്ത് നിര്‍ണയിച്ചു മിന്നല്‍ വേഗത്തില്‍ ബാക്ക് ഫുട്ടിലേക്കിറങ്ങി പിന്‍കാലില്‍ ഊന്നി നിന്നു കൊണ്ട് വായുവില്‍ ഒരു അര്‍ദ്ധവ്ര്യത്തം വരക്കുന്ന ക്രാക്കിംഗ് പുള്‍ ഷോട്ട് ,ചിത്രം മനസ്സിലേക്ക് വരുമ്പോള്‍ അതിനു പൂര്‍ണത ലഭിക്കുന്നത് ബാറ്റ്സ്മാന്റെ മുഖം ബ്രയാന്‍ ലാറ എന്ന ഐക്കണിക്ക് ബാറ്റ്സ്മാന്റെതു ആകുമ്പോള്‍ മാത്രമാണ് ..സാക്ഷാല്‍ കിംഗ് ഐസക് അലക്സാണ്ടര്‍ വിവിയന്‍ റിച്ചാര്‍ഡ്സിന് ശേഷം ക്രിക്കറ്റ് നിശ്വാസ വായുവില്‍ പോലും കൊണ്ട് നടക്കുന്ന വെസ്റ്റ് ഇന്ത്യന്‍ ജനതക്ക് ലഭിച്ച വരദാനമായിരുന്നു അയാള്‍. ട്രിനിഡാഡിന്റെ രാജകുമാരന്‍ ,ബ്രയാന്‍ ചാള്‍സ് ലാറ ..സമാനതകള്‍ കണ്ടുപിടിക്കാനാകില്ല ക്രിക്കറ്റ് ചരിത്രത്തില്‍ ..ഇടതു കയ്യന്‍ ബാറ്റ്സ്മാന്റെ അനായാസതയും കരീബിയന്‍ ശൈലിയുടെ വന്യമായ ഭാവങ്ങളും ഒരേ അളവില്‍ വിളക്കിച്ചേര്‍ത്ത് ക്രിക്കറ്റ് മൈതാനങ്ങളെ ആനന്ദിപ്പിച്ച കളിക്കാരന്‍.പ്രതിഭയും പ്രകടനങ്ങളും അയാളെ ചരിത്രത്തില്‍ നിര്‍ത്തുന്നത് ഇന്ത്യയുടെ മാസ്റ്റര്‍ ബാറ്റ്സ്മാന് ഒപ്പം തന്നെയാണ്‌ ,ഒരു പടി പോലും താഴെയല്ലയാള്‍..1994 ല്‍ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ആന്റിഗ്വയില്‍ (375 റണ്‍സ് )കുറിച്ചതിനേക്കാള്‍ വിസ്മയിപ്പിച്ചത് 2004ല്‍ മാത്യു ഹെയ്ഡനില്‍ നിന്നും വെറും 6 മാസങ്ങളുടെ ഇടവേളക്കുള്ളില്‍ അയാള്‍ ആ റെകോര്‍ഡ് തിരിച്ചു പിടിച്ച രീതിയാണ് .പ്രതിഭകള്‍ ഒരുമിച്ചു വേട്ടക്കിറങ്ങിയിരുന്ന ഒരു ടീമില്‍ കളിക്കുന്ന പ്രതിഭയുടെ അവസ്ഥയല്ല വേട്ടയാടപ്പെടുന്ന പരിമിത പ്രതിഭകളുടെ ഒരു നിരയില്‍ സര്‍വനാശം ഒഴിവാക്കാന്‍ പ്രതിരോധം ചമക്കുന്ന ഒരു പ്രതിഭയുടെ അവസ്ഥ.ബ്രയാന്‍ ലാറയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഇതനുഭവിച്ചവരാണ് .സച്ചിന്‍റെ ഭാരം ഏറ്റെടുക്കാന്‍ പിന്നീട് രാഹുല്‍ ദ്രാവിഡ്,വി.വി.എസ് ലക്ഷ്മണ്‍,സെവാഗ് ,ഗാംഗുലി എന്നീ ലോകോത്തര ബാറ്റിംഗ് പ്രതിഭകളുടെ ഒരു നിര തന്നെ അവതരിച്ചപ്പോള്‍ ലാറക്ക് ഗ്രിറ്റ് എന്ന വാക്കിന്‍റെ നിര്‍വച്ചനമായ ശിവ് നരൈന്‍ ചന്ദര്‍പോളില്‍ നിന്നോഴികെ കാര്യമായ ഒരു സഹായവും കിട്ടിയിട്ടില്ല എന്നതാണ് സത്യം.ഊര്‍ദ്ധശ്വാസം വലിച്ചു കൊണ്ടിരുന്ന വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റിനു അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നു കൊടുത്തിരുന്നത് ലാറയുടെ റെകോര്‍ഡുകള്‍ തന്നെയായിരുന്നു.

1999 ,ബ്രിഡ്ജ് ടൌണ്‍ ടെസ്റ്റ്‌ . .ഗ്ലെന്‍ മഗ്രാത്ത്,ജേസന്‍ ഗില്ലസ്പി,ഷെയിന്‍ വോണ്‍ ,മക്ഗില്‍ എന്നിവരടങ്ങിയ ലോകോത്തര ബൌളിംഗ് നിരക്കെതിരെ നാലാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 308 റണ്‍സ്.105 റണ്‍സിനു 5 വിക്കറ്റ് നഷ്ടപ്പെട്ടു പരുങ്ങുന്ന വിന്‍ഡീസ് ..ദെയര്‍ അറൈസ് ദ പ്രിന്‍സ്.. ബ്രയാന്‍ ചാള്‍സ് ലാറ.സ്വതസിദ്ധമായ ഹൈ ബാക്ക് ലിഫ്റ്റ്‌ ഉപയോഗിച്ച് കരുത്തുറ്റ പുള്‍ ഷോട്ടുകളും മനോഹരമായ കട്ട് ഷോട്ടുകളും കെട്ടഴിച്ചു കൊണ്ട് അയാള്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത കാഴ്ച അവിസ്മരണീയമായിരുന്നു.കാണികളുടെ ഹ്ര്യദയമിടിപ്പിന്റെ അളവ് കൂട്ടിയ ആ ത്രില്ലര്‍ ബ്രയാന്‍ ലാറയുടെ സ്ഥാനം ക്രിക്കറ്റ് ചരിത്രത്തില്‍ എവിടെയാണ് എഴുതപ്പെടെണ്ടത് എന്ന സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ഒരേയൊരു പിഴവ് ഒരു മത്സരം തന്നെ നഷ്ടപ്പെടുത്തും എന്ന അവസ്ഥയില്‍ അയാള്‍ കെട്ടഴിച്ച സ്ട്രോക്ക് പ്ലേ ഇന്നും ഒരു വിസ്മയമാണ്.ഒരു ഹൈ ക്ലാസ് ബൌളിംഗ് നിരക്കെതിരെ കണ്ടിരിക്കുന്നവരുടെ മനസ്സുകളില്‍ കുളിര്‍ കോരിയിടുന്ന സ്വപ്നതുല്യമായ ഒരിന്നിംഗ്സ് പലര്‍ക്കും സ്വപ്നമായി തന്നെ അവശേഷിച്ചപ്പോള്‍ ലാറ അത്തരം ഇന്നിംഗ്സുകള്‍ കളിച്ചു കൊണ്ടേയിരുന്നു.ബ്രയാന്‍ ലാറ എന്ന പേര് എടുത്തു മാറ്റിയാല്‍ കഴിഞ്ഞ 25 കൊല്ലത്തെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പ്രതിഷ്ഠയില്ലാത്ത ക്ഷേത്രത്തിന്‍റെ അവസ്ഥയിലായിരിക്കും കാണപ്പെടുക ..തന്‍റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ശേഷം സബീന പാര്‍ക്കില്‍ തടിച്ചു കൂടിയ ആരാധകരോട് അയാള്‍ ചോദിച്ച ചോദ്യം ഇതായിരുന്നു ,”Did I entertain you?” .ഐന്‍സ്റ്റീന്‍ ഞാന്‍ ബുദ്ധിമാനായിരുന്നോ എന്ന് ചോദിക്കുന്നത് പോലെ , ഡീഗോ മാറഡോണ താന്‍ പ്രതിഭാശാലിയായിരുന്നോ എന്ന് ചോദിക്കുന്ന പോലെ ബീഥോവന്‍ തന്‍റെ ഏഴാം സിംഫണി മനോഹരമായിരുന്നോ എന്ന് ചോദിക്കുന്നത് പോലെ നിസ്സാരമായി അയാളാ ചോദ്യം ചോദിച്ചു കളഞ്ഞു.അവിടെ കൂടിയിരുന്ന ജനക്കൂട്ടം ആര്‍പ്പ് വിളികളോടെയാണ് ആ ചോദ്യത്തിന് മറുപടി നല്‍കിയത് ..നിങ്ങള്‍ക്കതിനു കഴിഞ്ഞിരുന്നു ബ്രയന്‍..നിങ്ങളെപോലെ അതാര്‍ക്കും കഴിഞ്ഞിട്ടുമില്ല..

Share.

Comments are closed.