യാത്ര പറഞ്ഞു ഡാനി ആൽവസ്……..

128

ബ്രസീലിലെ ബാഹിയ എന്നൊരു കൊച്ചു ഗ്രാമത്തിൽ നിന്നായിരുന്നു ഡാനി ആൽവസ് എന്ന ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നത്. കർഷകനായ പിതാവിന്റെ ഫുട്ബോൾ ജ്വരം അതെ പടി ഡാനിയിലേക്ക് പകര്ന്നു കിട്ടി. ഒരു വലതു വിങ്ങർ ആയി കളി തുടങ്ങിയ ഡാനി, ഗോളുകൾ നേടാൻ വിഷമിക്കുന്നത് കണ്ടു അദ്ദേഹത്തിന്റെ പിതാവ് ഡാനിയെ ഒരു വലതു വിംഗ് ബാക്കായി മാറ്റി. ഡാനിയുടെ കരിയറിലെ ആദ്യത്തെ കോച്ച്.

2001 ഇൽ 18 ആം വയസ്സിൽ ബാഹിയ ക്ലബ്ബിന്റെ സ്റ്റാർട്ടറായി ഡാനി. 2002 ഡിസംബർ മാസം സ്പാനിഷ്‌ ക്ലബ്‌ സെവിയ്യ ഡാനിയെ ലോണിൽ വാങ്ങി. 2003 ഇൽ നടന്ന യൂത്ത് ലോകകപ്പിൽ വിജയിച്ച ബ്രസീൽ ടീമിലെ പ്രധാന താരമായിരുന്നു ഡാനി. അതോടെ ലോൺ സെവിയ്യ പെർമനെന്റ് ഡീലാക്കി. ജയിക്കാനായി ജനിച്ചവനാണ് ഡാനി എന്ന് ലോകം കാണാൻ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. 2006 ഇൽ ലിവർപ്പൂൾ, 2007 ഇൽ ചെൽസി എന്നിവർ സൈൻ ചെയ്യാൻ ശ്രമിച്ചു എങ്കിലും അത് നടന്നില്ല. 2008 ഇൽ റയലും, ബാഴ്സയും ഡാനിക്കായി രംഗത്ത്‌ വന്നെങ്കിലും ഡാനി തിരെഞ്ഞെടുത്തത് ബാഴ്സലോണ. അന്ന് ഒരു പ്രതിരോധഭടന് ലഭിക്കാവുന്ന എറ്റവും വലിയ തുകയാണ് ഡാനിക്കായി ബാഴ്സലോണ മുടക്കിയത്. ബാഴ്സയുടെ ചരിത്രത്തിലെ തന്നെ എറ്റവും മികച്ച ട്രാൻസ്ഫറുകളിൽ ഒന്നാകുമത് എന്ന് ഡാനിയെ ക്യാമ്പ്‌ നൂവിൽ എത്തിച്ച അന്നത്തെ പ്രസിഡന്റ്‌ ലാപ്പൊർട്ട & കോച്ച് ഗാർഡിയോള ഓർത്തുകാണില്ല. സേവിയ്യയിൽ നിന്ന് കണ്ണീരോടെയാണ് ഡാനി പടിയിറങ്ങിയത്. എന്നാൽ ഡാനി കളിച്ചിരുന്ന കാലമാണു സേവിയ്യയുടെ ചരിത്രത്തിലെ എറ്റവും നല്ല വർഷങ്ങൾ. 2 യൂറോപ്പ, 1 കോപ്പ ഡെൽ റേ, 1 സ്പാനിഷ് സൂപ്പർ കപ്പ്‌, 1 UEFA സൂപ്പർ കപ്പടക്കം 5 കിരീടങ്ങൾ സെവിയ്യ ഈ കാലയിളവിൽ നേടി. ബാഹിയയിലും ഡാനി 3 കിരീടങ്ങൾ നേടിയിരുന്നു. ഡാനി ആൽവസ് എന്ന പേരിനു “ജയിക്കാനായി ജനിച്ചവൻ” എന്ന അർഥം ഉണ്ടോ എന്ന് ലോകം സംശയിക്കാൻ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.

ആധുനിക ഫുട്ബോളിൽ വലിയൊരു മാറ്റം കൊണ്ട് വന്ന പെപ്പ് ഗാർഡിയോളയുടെ ഫുട്ബോൾ വിപ്ലവത്തിന്റെ ഭാഗമായി ഡാനി. ചാവി-മെസ്സി-ഇനിയേസ്റ്റ-ബുസ്കറ്റ്സ്-വാൽദസ്-പുയോൾ-പീക്കെ എന്നീ ഹോംഗ്രോൺ താരങ്ങൾക്കൊപ്പം ഒരവിഭാജ്യ ഘടകമായി ഡാനി. ബാഴ്സയിലും ഡാനി ജയിച്ചു കൊണ്ടേയിരുന്നു . ആദ്യ സീസണിൽ തന്നെ ചരിത്രമായ ട്രിപ്പിൾ നേട്ടവും, സെക്സ്ട്ടപ്പിൾ നേട്ടവും. 8 വർഷം ബാഴ്സയിൽ കളിച്ച ഡാനി 6 ലീഗ് കിരീടങ്ങളും, 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി. കരിയറിൽ 31 കിരീടങ്ങൾ നേടിയ ഡാനിക്ക് മുന്നിൽ ഇനി വിക്ടർ ബായിയ & ഗിഗ്ഗ്സ് മാത്രം. വരും വർഷങ്ങളിൽ ഡാനി അതും തകർക്കും എന്ന് 100% ഉറപ്പാണ്- കാരണം അയാൾക്ക്‌ ജയിക്കാനെ അറിയൂ. അസ്സിസ്റ്റുകളുടെ എണ്ണമെടുത്താൽ ലാ ലിഗായിൽ ഡാനിക്ക് മുന്നിൽ 2 പേരെ ഉള്ളൂ- മെസ്സി & ഫിഗോ. ഒരു പ്രതിരോധതാരത്തെ സംബന്ധിച്ച് അസാധാരണ സ്റ്റാറ്റ്. ഒരേ സമയം റൈറ്റ് ബാക്ക് & റൈറ്റ് വിങ്ങർ എന്നിവരുടെ ജോലിയാണ് ഡാനി ബാഴ്സയിൽ ചെയ്തിരുന്നത്. ലയണൽ മെസ്സി-ചാവി എന്നിവരായി വല്ലാത്ത ഓൺ ഫീൽഡ് & ഓഫ്ഫീൽഡ്കെമിസ്ട്രി കാണിച്ചിരുന്ന ഡാനി, ബാഴ്സയുടെ ആക്രമണത്തിലും സുപ്രധാന ഭാഗമായിരുന്നു. വലിയ മത്സരങ്ങളിൽ ഡാനിയുടെ പ്രകടനങ്ങൾ എന്നും മികവുറ്റള്ളതായിരുന്നു. മത്സരമികവിനൊപ്പം അദ്ദേഹത്തിന്റെ നെവർ-ഗിവപ്പ് മനോഭാവും ടീമിന് ഏറെ ഗുണമായിരുന്നു.

ഒരു നല്ല കളിക്കാരൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് ഡാനി എന്ന് തെളിയിച്ച ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു ഈ 8 വർഷങ്ങളിൽ. സുഹൃത്തും ടീമംഗവുമായ എറിക് അബിദാൽ ലിവർ കാൻസർ എന്ന അസുഖത്തോട് പൊരുതുമ്പോൾ തന്റെ ലിവർ പകുത്തു നൽകാമെന്ന് പറഞ്ഞാണ് ഡാനി അബിദാലിനെ ഞെട്ടിച്ചത്. എഫ് സീ. ബാഴ്സലോണ വെറുമൊരു ക്ലബല്ല, അതൊരു വലിയ കുടുംബം ആണ് എന്ന അവരുടെ മോട്ടോ വെറുതെയല്ല എന്ന് ഡാനി തെളിയിക്കുകായിരുന്നു. അബിദാൽ പോയതിനു ശേഷം അബിദാൽ അണിഞ്ഞ ജഴ്സി നമ്പർ ഡാനി ചോദിച്ചു വാങ്ങുകയായിരുന്നു. ഒടുവിൽ ചാവി പോയപ്പോഴും ഡാനി ഇത് തന്നെ ചെയ്തു. തന്റെ സഹകളിക്കാരെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പലതും ചെയ്യുകയും ചെയ്ത വലിയൊരു മനുഷ്യൻ കൂടിയാണ് ഡാനി ആൽവസ്. ബാഴ്സലോണ ടീമിലെ എറ്റവും രസികനും ഡാനി തന്നെ. എന്തും കളിതമാശ ആണ് അദ്ദേഹത്തിന്. ഡാനിയുടെ ഈ മനോഭാവം ഡ്രെസിംഗ് റൂമിലും, ട്രെയിനിങ്ങിലും നല്ലൊരു അന്തരീക്ഷം സൃഷ്ട്ടിചിട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് . വിമർശനങ്ങളെയും, അധിക്ഷേപങ്ങളെയും ഒരു ചിരിയോടു കൂടിയാണ് ഡാനി വരവേൽക്കുക. തന്നെ വംശീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചു ഒരു വിയ്യാറയൽ ഫാൻ എറിഞ്ഞ പഴം കഴിച്ചു കൊണ്ടാണ് ഡാനി പ്രതികരിച്ചത്. ഡാനി അങ്ങനാണ് . എല്ലാം അയാൾക്ക്‌ കളിയാണ്.
സ്പെയിനിൽ കളിച്ചിരുന്ന കാലത്ത് സ്പാനിഷ്‌ പ്രസ്സ് ആയുള്ള ഡാനിയുടെ ബന്ധം അത്ര നല്ലതായിരുന്നില്ല. ” നേരെ വാ നേരെ പോ” ലൈനിൽ ഉള്ള ഡാനി എന്തും തുറന്നു പറയുന്ന തരക്കാരനായിരുന്നു. സ്പാനിഷ് മാധ്യമങ്ങളായി ഒരുപാടു പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.

ഡാനി യാത്ര പറയുന്നതോട് കൂടെ ബാഴ്സലോണയുടെ മറ്റൊരു വലിയ അധ്യായം അടയുകയാണ്. വിക്റ്റർ വാൽദസ്, കാർലസ് പുയോൾ, ചാവി, എന്നിവർക്ക് പിന്നാലെ ഡാനി. ഇനി ആ ചരിത്രടീമിൽ ബാക്കിയുള്ളത് മെസ്സി, ഇനിയേസ്റ്റ , പീക്കെ & ബുസി. വലിയൊരു യാത്രയായിരുന്നു കഴിഞ്ഞ 8 വർഷങ്ങൾ. വിജയിക്കെണ്ടാതെല്ലാം ഡാനി ജയിച്ചു എല്ലാം ഒന്നിൽ കൂടുതൽ തവണ. ഈ നൂറ്റാണ്ടിലെ എറ്റവും മികച്ച അറ്റാക്കിംഗ് വിംഗ് ബാക്കുകളിൽ മുൻപന്തിയിൽ വരുന്ന കളിക്കാരനാണ് ഡാനി. ചാവിയും, പുയോളും സൃഷ്ട്ടിച്ച ആ വലിയ വിടവിനോപ്പം, പുതുതായി ഒരു വിടവ് കൂടി- ഡാനി ആൽവസ് ഇനി ബാഴ്സയിൽ ഇല്ല. എന്നാൽ അദ്ദേഹം തന്ന ഓർമ്മകളും, ഇവിടെ ബാക്കി വെച്ച ലെഗസിയും എന്നും ഇവിടെ കാണും. ഡാനിക്ക് പകരം വരുന്ന കളിക്കാരൻ ആരായാലും അതൊരു ഉത്തരവാദിത്വമാണ്, വലിയ ഉത്തരവാദിത്വം. ഡാനിയുടെ പിൻഗാമി എന്നത് തന്നെ വലിയൊരു അംഗീകാരമായാകും അയാൾ കാണുക.

ഡാനി ഇനി ഏതു ക്ലബിലേക്ക്‌ ആണ് പോകുന്നത് എന്ന് വ്യക്തമല്ല. എവിടെ ആണ് എങ്കിലും ഡാനി ജയിക്കുമെന്നറിയാം. അയാൾ ജനിക്കാനായി മാത്രം ജനിച്ചവൻ ആണ്.

ഗ്രേഷ്യസ് ഡാനി ആൽവസ്!!
എല്ലാത്തിനും നന്ദി. ഒപ്പം എല്ലാ ആശംസകളും!

Share.

Comments are closed.