ശൂന്യതയിലേക്കൊരു ഗോൾ

6

അടിച്ച ഗോളുകളുടെ ചരിത്രം വാഴ്ത്തപ്പെടുന്ന ഒരു കളിയിൽ, ബോധ പൂർവ്വം പുറത്തേക്കടിച്ച് കളയുന്ന ഒരു പന്തിന്റെ രാഷ്ട്രീയ മാനം എത്രമാത്രം മഹത്തരമാണെന്ന്, വിയന്നയിലെ ഒരു കാൽപ്പനിക മുഹൂർത്തത്തിൽ നിന്ന്, മത്തിയാസ് സിൻഡ്ലർ ലോകത്തോട് ഉദ്ഘോഷിച്ചു.

ഹിറ്റ്ലറുടെ ജർമൻ അധിനിവേശത്തിന്റെ തീരാ വേദനയും, മരണഭയവും തലയ്ക്ക് മേലേ നിൽക്കവേ, അന്ന് മത്തിയാസ് സിൻഡ്ലെർ ആവിഷ്ക്കരിച്ച പ്രതിഷേധത്തിന്റെ പുതിയ മാനം, ജെസ്സി ഓവൻസിന്റെ ഇതിഹാസത്തോട് ഒപ്പം നിൽക്കുന്നു.
_____________

1903 ലാണ് മത്തിയാസ് സിൻഡ്ലെർ ജനിക്കുന്നത്.
ചെക്ക് വംശജരായ സിൻഡ്ലറുടെ കുടുമ്പം ആസ്ട്രിയൻ ഹംഗറി അതിർത്തിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനകാലത്ത് ചിലവിട്ടിരുന്നത്. ജീവിത സ്വപ്നത്തിന്റെ ഭാരവുമായി സിൻഡ്ലറുടെ കുടുംബം ആസ്ട്രിയയിലെ വിയന്നയിലേക്ക് ചേക്കേറി.
ഫുട്ബോളിനോടുള്ള കമ്പം കുട്ടിക്കാലത്തേ അയാളിൽ നാമ്പിട്ടു.,
കാൽ പന്തിൽ അയാൾ ആവിഷ്കരിയ്ക്കുന്ന കാൽ വിരുതുകൾ അയാളെ പ്രശസ്ഥനാക്കി. അവ അയാളെ ആസ്ട്രിയൻ ദേശീയ ടീമിലെത്തിച്ചു. സിൻഡ്ലറുടെ കാലത്ത് ആസ്ട്രിയയിൽ അയാളോളം കളിയ്ക്കുന്ന മറ്റൊരു കളിക്കാരൻ ഇല്ലായിരുന്നു.

_____________

1921 ൽ സിൻഡ്ലെർ ആദ്യമായി ആസ്ട്രിയയ്ക്ക് വേണ്ടി ബൂട്ട് കെട്ടി. പ്രേഗിലായിരുന്നു കളി. അന്നത്തെ ഭാരം കൂടിയ തുകൽ പന്തിൽ അയാൾ മാജിക്കുകൾ കാട്ടുന്നത് കണ്ട് കാണികൾ വിസ്മയിച്ചു. സിൻഡ്ലറുടെ വിജയ ഗൊളിൽ ചെക് ടീമിനെ 2-1 എന്ന സ്കോറിൽ ആസ്ട്രിയ പരാജയപ്പെടുത്തി.
ഒരു മാസം തികയും മുൻപ് സ്വിറ്റ്സർലാന്റ് ദേശീയ ടീം വിയന്നയിൽ വിരുന്നെത്തി. സിൻഡ്ലറുടെ മൂന്നു ഗോളുകൾ ചാരുത പകർന്ന ആ മാച്ചിൽ 7-1 ന് സ്വിസ് ടീമിനെ കെട്ടു കെട്ടിക്കുമ്പോൾ ആസ്ട്രിയൻ ജനത അവരുടെ ആദ്യത്തെ സൂപ്പർ താരത്തെ ആഘോഷിച്ചു തുടങ്ങി.
അവിടെ നിന്നും ആസ്ട്രിയൻ ടീമിന്റെ ജൈത്രയാത്രയാണ് പിന്നീട് ലോകം കണ്ടത്.
ഹ്യൂഗോ മെയ്സും, ജിമ്മി ഹോഗനും പരിശീലകരായിരുന്ന, മത്തിയാസ് സിൻഡ്ലെർ മാജിക്കുകൾ കാട്ടിയിരുന്ന, അന്നത്തെ ആസ്ട്രിയൻ ടീം “വണ്ടർ ടീം” എന്ന് അറിയപ്പെടാൻ തുടങ്ങി.

1931 മെയ് മാസത്തിൽ സ്കോട്ട്ലാന്റ് വിയന്നയിൽ വണ്ടർ ടീമിനോട് അഞ്ചു ഗോളുകൾക്ക് തോറ്റു. സിൻഡ്ലർ തന്നെയായിരുന്നു ഹീറോ. അന്നത്തെ മികച്ച ടീം ആയിരുന്ന ഇംഗ്ലണ്ടുമായിട്ടായിരുന്നു ആസ്ട്രിയയുടെ അടുത്ത മാച്ച്. സിൻഡ്ലർ അവിടേയും ഗോൾ നേടി. 4 -2 ന് ആസ്ട്രിയ, ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഇംഗ്ലീഷ് പത്രങ്ങൾക്ക് പറയാൻ സിൻഡ്ലറുടെ കഥ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളെ ജീനിയസ് എന്നവർ വാഴ്ത്തി…

തൊട്ടടുത്ത വർഷമാണ് (1932) രണ്ടാം ലോകക്കപ്പ് ഇറ്റലിയിൽ അരങ്ങേറിയത്. ക്വാർട്ടറിൽ ഹങ്കറിയെ തോൽപ്പിച്ചെങ്കിലും സെമിയിൽ സിൻഡ്ലറുടെ ആസ്ട്രിയ, ഇറ്റലിയോട് വീണു.
ആ കളി ഇറ്റലി ജയിക്കേണ്ടത് മുസ്സോളിനിയുടെ ആവശ്യമായിരുന്നു.
സിൻഡ്ലർക്കെതിരേ ക്രൂരവും നിന്ദ്യവുമായ ഫൗളുകൾ അണമുറിയാതെ ഒഴുകി.
റഫറി എല്ലാം കണ്ടില്ലെന്നു നടിച്ചു.
ലോക കപ്പിനു ശേഷം ആറുമാസം അയാൾ ഫൗളുകളുടെ വേദനയും പേറി കിടക്കയിൽ വീണുപോയി…

_____________

ഗ്യാസ് ചേമ്പറുകളും, തീവണ്ടി വാഗണുകളും, തിര നിറച്ച തോക്കിൻ കുഴലുകളും ആര്യ സാമ്രാജ്യത്തിന്റെ കാഹളം മുഴക്കിയ ശപിക്കപ്പെട്ട കാലമായിരുന്നു അത്. മൂന്നു ലക്ഷം ജൂതർ ഹോളോകാസ്റ്റിൽ ചാമ്പലായ കാലമായിരുന്നു അത്.

1938 മാർച്ച് 14 ന്, ഹിറ്റ്ലറുടെ നാസി ജർമൻ സൈന്യം ആസ്ട്രിയയിലേക്ക് മാർച്ച് ചെയ്തു. ആസ്ട്രിയ എന്ന പേര് ഭൂമുഖത്ത് നിന്നില്ലാതായി. പകരം “ഓസ്മാർക്ക്” എന്ന പേരിൽ ആ രാജ്യം ജർമനിയുടെ പ്രവിശ്യയായി അടിമപ്പെട്ടു.
ആസ്റ്റ്രിയൻ ജനത, ജർമൻ സൈനികരുടെ പരുക്കൻ ലാടങ്ങളിൽ ഞെരിഞ്ഞമർന്നു……

1938 ലെ ലോക കപ്പിൽ കളിക്കാൻ ആസ്ട്രിയയ്ക്കനുവാദം ഉണ്ടായിരുന്നില്ല. കാരണം, ജർമനി അവരുടെ പ്രവിശ്യയായി പ്രഖ്യാപിച്ചതു കൊണ്ട്, ജർമൻ ടീമെന്ന നിലയിൽ കളിക്കാനേ അവർക്കന്ന് കഴിയുമായിരുന്നുള്ളു.
അതിനായി ആസ്ട്രിയയിലെ മികച്ച കളിക്കാരെ ജർമൻ സെലക്ഷൻ ക്യാമ്പിലേക്ക് നാസി പട നിർബന്ധമായി ചേർത്തു. എന്നാൽ സിൻഡ്ലെർ അഭിമാനിയായിരുന്നു.
അയാൾക്ക് ജർമൻ ടീമിൽ കളിക്കാനാകുമായിരുന്നില്ല.
പക്ഷേ ആസ്ട്രിയൻ കളിക്കാരെ ടീമിൽ എടുക്കുന്നതിന്റെ ഭാഗമായി ഒരു ജർമനി – ആസ്ട്രിയ ലയന മത്സരം പ്രഖ്യാപിക്കപ്പെടുകയുണ്ടായി.

_____________

ലോക ചരിത്രം അന്നേവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ഥമായൊരു കളിയാണ് അന്നവിടെ ആവിഷ്ക്കരിക്കപ്പെട്ടത്.
ആസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ പുൽ മൈതാനത്തായിരുന്നു ആ കളി. ആസ്ട്രിയയും ജർമനിയും തമ്മിൽ. ഇതിനകം തന്നെ തങ്ങളുടെ പ്രവിശ്യയായി ഹിറ്റ്ലർ പ്രഖ്യാപിക്കുകയും, അടിച്ചമർത്തുകയും ചെയ്ത ആസ്ട്രിയയ്ക്ക്, അപമാനത്തിനും അഭിമാനത്തിനും ഇടയിലുള്ളൊരു പോരാട്ടമായിരുന്നു അത്.

മത്തിയാസ് സിൻഡ്ലെർ എന്ന ആസ്ട്രിയയുടെ എക്കാലത്തേയും ഐതിഹാസിക കാൽപ്പന്ത് താരമാണ് ആ സംഘഗാനത്തിന്റെ മുഖ്യ വാദ്യ ഘോഷകൻ.

ജർമനിയ്ക്കെതിരേ ഗോൾ അടിക്കുന്ന ആസ്ട്രിയൻ കളിക്കാരന്റെ വിധി മരണമായിരിക്കും എന്നൊരു അലിഖിത നിയമം കളിയ്ക്ക് മുൻപേ എഴുതപ്പെട്ടിരുന്നു.
സ്റ്റേഡിയത്തെ ചുറ്റി അറുപതിനായിരം പേർ അന്ന് കളി കാണുന്നുണ്ടായിരുന്നു.

സിൻഡ്ലർ ജർമൻ കാവൽ ഭടൻമ്മാരെ ഒന്നൊഴിയാതെ വെട്ടിച്ചു മുന്നേറി. ഫൗളുകളിൽ നിന്ന് അയാൾ മുൻപേ തീരുമാനിച്ചുറപ്പിച്ചത് പോലെ അതി സമർഥമായി ചാടി ഒഴിഞ്ഞു.
ഭീതിയും, അഭിമാനവും, അപമാനവും കനക്കുന്ന ആ പുൽ മൈതാനത്ത്, മത്തിയാസ് സിൻഡ്ലെർ രണ്ടു വട്ടം ജർമൻ കാവൽ ഭടൻമ്മാരെ കബളിപ്പിച്ച് മുന്നേറി. 16 ആം മിനിട്ടിലും, 35 ആം മിനിട്ടിലുമായിരുന്ന് അത്.

മുൻപിൽ ഭയചകിതനായ ഗോൾ കീപ്പർ മാത്രം നിൽക്കേ, അന്നത്തെ അദ്ഭുത കളിക്കാരനായിരുന്ന മത്തിയാസ് സിൻഡ്ലെർ ചെയ്തത് ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
ഗോൾ കീപ്പറേയും, ജർമൻ കാണികളേയും, ഹിറ്റ്ലറെ തന്നേയും പുഴുവോളം ചെറുതാക്കി, സാമ്രാജ്യ അധീശ്വത്വത്തെ പരിഹസിച്ചു കൊണ്ട്, സിൻഡ്ലർ തുകൽ പന്തിനെ ബാറിനു പുറത്തെ നീലാകാശത്തിന്റെ ശൂന്യതയിലേക്ക് അടിച്ചു വിട്ടു.
എന്നിട്ടൊരു ഗോൾ നേട്ടക്കാരനേപ്പോലെ ജനക്കൂട്ടത്തെ ഉന്മാദത്തിലാഴ്ത്തി…

രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഉത്തുംഗമായ ഒരു കായികാവിഷ്ക്കാരമായിരുന്നു കാണികൾ കണ്ടുകൊണ്ടിരുന്നത്. ബാറ് തുളച്ച് പായുന്ന ആയിരം ഗോളുകളേക്കാൾ മൂർച്ച സിൻഡ്ലർ പുറത്തേയ്ക്കടിച്ച് കളഞ്ഞ ആ രണ്ട് പന്തുകൾക്കുണ്ടായിരുന്നു. കാണികൾ ഗോൾ നേടിയതു പോലെ ആർത്തിരമ്പി…

എന്നാൽ ആസ്ട്രിയൻ ടീമിലെ സഹതാരം ഡെസ്റ്റ രണ്ടാം പകുതിയിൽ ജർമൻ ബാർ തുളച്ച് കൊണ്ട് ഒരു ഗോൾ നേടി. അതോടെ കളിയ്ക്ക് പുതിയ മാനം വന്നു.
ഭയം എന്ന വികാരം ആസ്ട്രിയൻ കളിക്കാരിൽ നിന്ന് അപ്രത്യക്ഷമായി. ഡെസ്റ്റയ്ക്കൊപ്പം ഹിറ്റ്ലറുടെ ബയണറ്റുകൾ നെഞ്ചിലേറ്റു വാങ്ങാനെന്നവണ്ണം ഒരോ കളിക്കാരും ഗോളിനായി ഇരമ്പിക്കയറി. തുടർന്നുള്ള കളി, ജയിക്കാൻ വേണ്ടി മാത്രമുള്ളതായി.
തൊട്ടടുത്ത നിമിഷം മാന്ത്രികനായ സിൻഡ്ലർ ഗോൾ നേടി.
തീയുണ്ട പോലെ അയാൾ ജർമൻ ഗോൾ കീപ്പറെ കീഴടക്കി…
ആസ്ട്രിയൻ കാണികൾ ദേശാഭിമാനത്താൽ ജ്വലിച്ചു.

_____________

ഐതിഹാസികമായ ആ കളിക്ക് ശേഷം സിൻഡ്ലർ രോഗം അഭിനയിച്ച് ആതുരാലയത്തിൽ കിടന്നു.
അയാൾ ജർമനിയ്ക്ക് വേണ്ടി പന്ത് തട്ടാൻ ഇറങ്ങിയില്ല.

1939 ജനുവരി 23 ന് സിൻഡ്ലർ, കാമുകിയായ കാമില്ല കാസ്റ്റനോളയ്ക്കൊപ്പം മരിച്ചു കിടക്കുന്നതാണ് ലോകം കണ്ടത്. അതൊരു ആത്മഹത്യ ആണെന്ന് പ്രചരണം ഉണ്ടായെങ്കിലും കൊലപാതകമായിരുന്നു എന്ന് അവിടത്തുകാർ വിശ്വസിക്കുന്നു.

2000 ആം ആണ്ടിൽ, കഴിഞ്ഞ ശതകത്തിലെ ഏറ്റവും മികച്ച ആസ്ട്രിയൻ കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടതും മത്തിയാസ് സിൻഡ്ലർ തന്നെ ആയിരുന്നു.

Share.

Comments are closed.