1998 ഫിഫ ഫുട്ബോള്‍ വേള്‍ഡ് കപ്പ്‌ ഫ്രാന്‍സ്.

127

ക്രിക്കറ്റും സച്ചിനും ഗാംഗുലിയും ദ്രാവിഡും ഒക്കെ കുടിയിരിക്കുന്ന മനസ്സിലേക്ക് പഴയ മാതൃഭൂമിയുടെ സ്പോര്‍ട്സ് പേജ് വഴി വന്ന വാര്‍ത്തയാണ് ഫിഫ ഫുട്ബോള്‍ വേള്‍ഡ് കപ്പ്‌ 1998. അന്നൊന്നും ഫുട്ബോള്‍ ഒരിക്കലും ഒരു പ്രിയ വിഷയം ആയിരുന്നില്ല. കാല്‍പ്പന്തു കളിയുടെ സൌന്ദര്യം എന്നൊക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ. ബ്രസീല്‍, ചിലി, ഫ്രാന്‍സ്, ഇറ്റലി, അര്‍ജെന്റീന തുടങ്ങിയ ടീമുകളെ പറ്റിയുള്ള കേട്ടറിവുകള്‍ മാത്രം. ഫുട്ബോള്‍ എന്നാല്‍ പെലെയും മറഡോണയും ആണെന്ന വിശ്വാസം. ക്രിക്കെറ്റ് വാര്‍ത്തകള്‍ക്കായി പരതിയ സ്പോര്‍ട്സ് പേജുകളില്‍ ഫുട്ബോള്‍ മാത്രം ആയപ്പോ ഇതിനെ പറ്റി അറിയാന്‍ തീരുമാനിച്ചു. കിട്ടിയ വാര്‍ത്തകള്‍ വായിച്ചു തീര്‍ത്തപ്പോഴേക്കും ചില വിശേഷണങ്ങള്‍ മനസ്സില്‍ പതിഞ്ഞു പോയിരുന്നു. അതിതൊക്കെയാണ് :- ‘കിരീടം നിലനിര്‍ത്താനായി കാനറി പക്ഷികള്‍ വീണ്ടുമെത്തുന്നു’ ‘സാംബ നൃത്തചുവടുകളുമായി മഞ്ഞപ്പട’ … വിശേഷണങ്ങള്‍ ഒരുപാടായിരുന്നു അവര്‍ക്ക്. ’98 ജൂണിലെ പെയ്തൊഴിയാത്ത ഒരു ദിവസം മാരിയോ സഗല്ലോ എന്ന കോച്ചിനൊപ്പം കാര്‍ലോസ് ദുംഗയെന്ന പടനായകന് കീഴില്‍ ഫ്രാന്‍സിന്റെ മണ്ണിലേക്ക് കാനറിപക്ഷികള്‍ പറന്നിറങ്ങി. 32 ടീമുകള്‍.. 33ദിവസങ്ങള്‍ … ഒരൊറ്റ ലക്‌ഷ്യം.. കാല്‍പ്പന്തു കളിയുടെ മുടിചൂടാമന്നന്മാരാകുക…!!! പത്രങ്ങളില്‍ നിന്ന് കളിയെ കുറിച്ച് കിട്ടിയ ഏകദേശരൂപം, ബ്രസീല്‍ എന്ന ടീമിനോട് തോന്നിയ ഇഷ്ടം, പ്രതീക്ഷകളെക്കാള്‍ ഏറെ ഒരു തരം എക്സൈറ്റ്മെന്‍റ് ആയിരുന്നു.

ഗ്രൂപ്പ് മത്സരങ്ങളില്‍ മൊറോക്കോയെയും സ്കോട്ട്ലാണ്ടിനെയും അടിയറിവ് പറയിപ്പിച്ചപ്പോള്‍ നോര്‍വേ കാനറികള്‍ക്ക് വെല്ലുവിളിയുണര്‍ത്തി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെയാണ് മഞ്ഞപ്പട knock out ലേക്ക് പ്രവേശിച്ചത്‌. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചിലിക്കെതിരെ വ്യക്തമായ ആധിപത്യത്തോടെ ക്വാര്‍ട്ടര്‍ പ്രവേശം. ആദ്യപകുതിയിലെ സാംപിയോയുടെ രണ്ടു ഗോളുകള്‍ക്ക് 68 ആം മിനിറ്റില്‍ ചിലിയുടെ സാലസിന്റെ മറുപടി ഗോള്‍.. എഴുപതാം മിനിറ്റില്‍ വീണ്ടും റൊണാള്‍ഡോയെന്ന മൊട്ടത്തലയന്‍ ചലിപ്പിച്ചത് ചിലിയുടെ വല മാത്രമായിരുന്നില്ല നമ്മുടെ മനസ്സും കൂടെയായിരുന്നു. രണ്ടാം റൌണ്ടിലെ താരം റൊണാള്‍ഡോ ആയിരുന്നെങ്കില്‍ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ അന്തകനായത് റിവാള്‍ഡോ ആയിരുന്നു. ഇരുപത്തിയേഴാം മിനിറ്റിലും അറുപ്പതാം മിനിറ്റിലും ചേര്‍ത്ത ഗോളുകളിലൂടെ പേരിലെ സാമ്യം മാത്രമല്ല കളിയുടെ കാര്യത്തിലും താന്‍ റൊണാള്‍ഡോയെപ്പോലെ ആണെന്ന് റിവാള്‍ഡോ തെളിയിച്ചു.
1998 ജൂലൈ 7 സെമി ഫൈനല്‍സ്. രണ്ടാം റൌണ്ടിലെയും ക്വാര്‍ട്ടറിലെയും ഉജ്ജ്വലവിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ആണ് ഞങ്ങള്‍, അതെ ‘ഞങ്ങള്‍’ ബ്രസീല്‍ എന്നത് ഒരു വികാരമായി തുടങ്ങിയിരിക്കുന്നു. ചരിത്രങ്ങള്‍ ഒന്നും അറിയില്ലെങ്കിലും ഇവരെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. താരതമ്യേന കരുത്തരായ ഹോളണ്ടാണ് സെമിയിലെ എതിരാളികള്‍. നാല്‍പ്പത്തിയാറാം മിനിറ്റിലെ റൊണാള്‍ഡോയുടെ ഗോളിലൂടെ വ്യക്തമായ ആധിപത്യം ബ്രസീലിനുണ്ടായിരുന്നു. പക്ഷെ എന്‍പത്തിയെഴാം മിനിറ്റില്‍ Kluivert ന്‍റെ രൂപത്തില്‍ ഹോളണ്ട് തിരിച്ചടിച്ചു. ടൈ ബ്രേക്കര്‍ പെനാല്‍ട്ടികളില്‍ ഒരെണ്ണം പോലും പാഴാക്കാതെ കാനറികള്‍ ഫൈനലിലേക്ക്..!!!

1998 ജൂലൈ 12 :- ഫ്രാന്‍സിലെ Stade De France സ്റ്റേഡിയം. എന്പതിനായിരത്തോളം വരുന്ന കാണികള്‍.. എങ്ങനെയും കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബ്രസീലും ആദ്യ കിരീടം അതും സ്വന്തം ജനതയെ സാക്ഷിയാക്കി നേടുക എന്ന ചരിത്ര ദൌത്യത്തോടെ ഫ്രാന്‍സും. ഇരുപത്തിരണ്ടാം മിനിറ്റില്‍ ഗോളടിക്കാനുള്ള റൊണാള്‍ഡോയുടെ ശ്രമത്തെ ഫ്രാന്‍സ് തടഞ്ഞു .തൊട്ടു പിറകെ കോര്‍ണര്‍ കിക്ക് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ സിനദന്‍ സിദാനെ ഗോളാക്കി മാറ്റി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപേ സിദാന്റെ മറ്റൊരു ഹെഡ്ഡറിലൂടെ ഫ്രാന്‍സ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. അറുപത്തെട്ടാം മിനിറ്റില്‍ Marcel Desailly ചുവപ്പ് കാര്‍ഡിലൂടെ പുറത്തായെങ്കിലും അതും ബ്രസീലിയന്‍ നിരയെ തുണച്ചില്ല. ഭാഗ്യവും ദൈവങ്ങളും അന്ന് സിനദന്‍ സിദാനെ എന്ന ലോകോത്തര കളിക്കാരന് ഒപ്പമായിരുന്നിരിക്കണം. എക്സ്ട്ര ടൈമിലെ ഇമ്മാനുവേല്‍ പെറ്റിറ്റിന്റെ ഗോളോടെ ഫ്രാന്‍സ് ബ്രസീലിയന്‍ പടയോട്ടത്തിന് കടിഞ്ഞാണിട്ടു. ആദ്യ കിരീടം അതും സ്വന്തം മണ്ണില്‍ എന്ന ലക്ഷ്യവുമായി എത്തിയ ഫ്രാന്‍സിന് മുന്നില്‍ സാംബ ചുവടുകള്‍ പിഴച്ചു. രണ്ടാം സ്ഥാനക്കാരായി തിരിച്ചു പോകേണ്ടി വന്നു അവര്‍ക്ക്. അന്നത്തെ പതിനൊന്നു വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷെ അപ്പോഴേക്കും കാനറിപക്ഷികള്‍ എന്റെ മനസ്സ് കവര്‍ന്നിരുന്നു. പിന്നിടങ്ങോട്ട് മനസ്സില്‍ മഞ്ഞപ്പടക്ക് എന്നും ഒന്നാം സ്ഥാനമായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെതിരെ ജെര്‍മനി ഏഴു ഗോളുകള്‍ അടിക്കുന്നത് വരെ ബ്രസീലിനെതിരെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന ഗോളുകള്‍ ആയിരുന്നു ഈ മത്സരം എന്ന് പറയുമ്പോ മനസ്സിലാകും ബ്രസീല്‍ എന്ന ടീമിന്റെ മാഹാത്മ്യം. നാലും അഞ്ചും ഏഴും പത്തും ഒക്കെ വാങ്ങി കൂട്ടിയ ചിലരൊക്കെ കഴിഞ്ഞ കൊല്ലത്തെ ഏഴിന്റെ കണക്കു പറയുന്ന കേള്‍ക്കുമ്പോ പുച്ഛം കലര്‍ന്ന ഒരു ചിരി മാത്രമാണ് മനസ്സില്‍. പിന്നീടങ്ങോട്ട് ക്രിക്കറ്റിനൊപ്പം ഫുട്ബോളും ഫോളോ ചെയ്യാന്‍ തുടങ്ങി. അപ്പോഴും ക്ലബ്‌ മത്സരങ്ങള്‍ എനിക്ക് തീണ്ടാപ്പാട് അകലെയായിരുന്നു . പിന്നീടെപ്പോഴോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉം ബാഴ്‌സലോണയും പ്രിയ ക്ലബുകളായി മാറി. അതുകൊണ്ട് തന്നെയാണ്, ബ്രസീലിന്‍റെ ചിരവൈരികളായ അര്‍ജെന്റീനയുടെ ലയണേല്‍ മെസ്സിയെന്ന ലിയോ ബ്രസീലിന്‍റെ റൊണാള്‍ഡോ കഴിഞ്ഞാല്‍ എന്‍റെ പ്രിയ താരമായി മാറിയത് . അതുകൊണ്ട് തന്നെയാണ്, ഒരിക്കല്‍ യുണൈറ്റഡിന്റെ എല്ലാമെല്ലാമായിരുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ ഇന്ന് ബാഴ്സലോണയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിന്റെ ഒന്നാം നമ്പര്‍ കളിക്കാരന്‍ ആയിട്ടും അയാളെ വെറുക്കാന്‍ കഴിയാത്തത്.

ഫുട്ബോള്‍ ഇങ്ങനെ ചിലതൊക്കെ കൂടിയാണ്. പക്ഷെ ആരൊക്കെ വന്നാലും പോയാലും എന്‍റെ ബാല്യത്തെ വര്‍ണാഭമാക്കിയ ആ മഴക്കാലവും ബ്രസീല്‍ എന്ന ടീമും മനസ്സിലെന്നും ഒന്നാം സ്ഥാനത്തു തന്നെയുണ്ടാകും. ഫുട്ബോള്‍ ഉള്ളിടത്തോളം കാലം നെഞ്ചോട്‌ കൈ ചേര്‍ത്ത് ‪#‎Viva_Brazil‬ എന്ന് തന്നെ പറയും. അല്ലെങ്കിലും കുട്ടിക്കാലം എന്നും നിറമുള്ളതാണ്… ആ നിറങ്ങളുടെ കടുപ്പം കൂട്ടിയത് ഇവരൊക്കെയാണ്. അതുകൊണ്ടാകാം കുട്ടിക്കാലവും നൊസ്റ്റാള്‍ജിയയും ഒക്കെ ഇത്ര പ്രിയപ്പെട്ടതാവുന്നത്.
#viva_brazil ‪#‎canarinho‬
#visca_barca #mes_que_un_club
#ggmu #glory_glory_mancheester_united

Share.

Comments are closed.