anthony martial– what a waste of money…!!

132

ആന്റണീ മാർഷ്യൽ : വാട്ട് എ വേസ്റ്റ് ഓഫ് മണീ

36 മില്ല്യൺ പൗണ്ട് എന്ന പ്രൈസ് ടാഗുമായി, വേൾഡ്സ് മോസ്റ്റ് വാല്യുബിൾ ടീനേജർ എന്ന റെക്കോർഡും സ്വന്തമാക്കി ഓൾഡ് ട്രഫോർഡിൽ വന്നിറങിയ 19കാരൻ ആന്റണീ മാർഷ്യലിനെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡൈലി മെയിൽ സ്വീകരിച്ചത് ഇങനെയായിരുന്നു. ” വാട്ട് എ വേസ്റ്റ് ഓഫ് മണി”;.. ഒരുപക്ഷേ അന്ന് ഈ ട്രാൻസ്ഫർ വാർത്ത ശ്രവിച്ച പലരും നെറ്റിചുളിച്ചിരിക്കാം, യുണൈറ്റഡ് ആരാധകരടക്കം. സർപ്രൈസ് സ്ട്രൈകർ വരും എന്ന മാനേജർ ലൂയിസ് വാൻ ഗാലിന്റെ പ്രസ്ഥാവനയിൽ അമിത പ്രതീക്ഷയോടെ കാത്തിരുന്നത് കൊണ്ടാവും അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു താരത്തെ 36 മില്ല്യൺ പൗണ്ട് എന്ന റെക്കോർഡ് തുകയ്ക് സ്വന്തമാക്കിയപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞത്, പലരും ഞെട്ടിയത്. വേസ്റ്റ് ഓഫ് മണീ എന്ന് വരെ വിളിച്ചത്. പക്ഷേ സർപ്രൈസ് പാകേജ് അവിടം കൊണ്ടും വാൻ ഗാൽ നിർത്തിയില്ല. യുണൈറ്റഡിന്റെ ലെജന്ററി നമ്പർ ആയ 9ആം നമ്പർ ജേഴ്സി തന്നെ ആ യുവ മുന്നേറ്റനിര താരത്തിന് നൽകി. ഒരു 19കാരന് സമ്മർദ്ദങൾക്കടിപ്പെടാൻ ഇതിൽ കൂടുതലൊന്നും വേണമെന്നു തോന്നുന്നില്ല, പക്ഷേ കൃത്യം 7 മാസത്തിന് ശേഷം തന്റെ ആദ്യ പ്രീമിയർ ലീഗ് സീസൺ അവസാനിക്കുമ്പോൾ എന്ത്കൊണ്ട് താൻ 36 മില്ല്യൺ പൗണ്ട് എന്ന തുക അർഹിക്കുന്നു എന്ന് തെളിയിക്കാൻ മാർഷ്യലിനു സാധിച്ചു.ഒരുപക്ഷേ മറ്റാരെക്കാളും നന്നായി തന്നെ.

ഓൾഡ് ട്രഫോർഡിൽ ചിരവൈരികളായ ലിവർപൂളിനെതിരെ പകരക്കാരനായി അരങേറ്റ മൽസരത്തിൽ തന്നെ വിമർശകരുടെ വായടപ്പിക്കാൻ മാർഷ്യലിന് കഴിഞ്ഞു. ഇടതു വിംഗിൽ നിന്ന് സ്വീകരിച്ച പന്തുമായി ലിവപൂർ ബോക്സിലേക്ക് ഓട് കയറി രണ്ട് ഡിഫണ്ടർമാരെ കബളിപ്പിച്ച് തൊടുത്ത അതിമനോഹരമാര ഗ്രൗണ്ടർ പോസ്റ്റിന്റെ വലതു മൂലയിൽ തറയ്കുമ്പോൾ ഗോളി മിഗ്നൊലേയ്ക് വെറും കാഴ്ചക്കാരന്റെ വേഷം മാത്രമായിരുന്നു. ഇളകി മറിഞ്ഞ 70000ത്തിൽ പരം കാണികളെ സാക്ഷി നിർത്തി സ്വപ്നതുല്യമായൊരു അരങേറ്റം അതും ഓൾഡ് ട്രഫോർഡിൽ.. “ഓഹ്… യെസ്, വെൽകം ടു മാഞ്ചസ്റ്റർ യുണൈറ്റഡ്….ആന്റണി മാർഷ്യൽ” എന്ന് കമന്ററി ബോക്സിലിരുന്ന് മാർട്ടിൽ ടൈലർ അലറി വിളിച്ചപ്പോൾ ലോകത്തിന്റെ എല്ലാ കോണിലുമുള്ള യുണൈറ്റഡ് ആരാധകരും അതേറ്റു പറഞിട്ടുണ്ടാവണം. അത്ര സുന്ദരമായിരുന്നു ആ ഗോൾ. അത്ര സുന്ദരമായിരുന്നു ആ അരങേറ്റം.മാഞ്ചസ്റ്റർ യുണൈറ്റഡ് “ഗോൾ ഓഫ് ദ സീസൺ” ആയി തിരഞ്ഞെടുത്തതും ആ അരങേറ്റ ഗോൾ ആയിരുന്നു. തുടക്കകാരന്റെ യാതൊരു പതർച്ചയുമില്ലാതെയായിരുന്നു മാർഷ്യൽ ഗ്രൗണ്ടിൽ മുഴുവൻ സമയവും . തൊട്ടടുത്ത മൽസരത്തിൽ സതാംപ്ടണെതിരെ ആദ്യ 11ഇൽ ഇടം നേടിയ മാർഷ്യൽ 2 ഗോളുകളോടെയാണ് തന്റെ പ്രൈസ് ടാഗിനെ ന്യായീകരിച്ചത്. എന്തുകൊണ്ട് 36 ,മില്ല്യൺ പൗണ്ട്, എന്ത്കൊണ്ട് ലെജന്ററി നമ്പർ 9 എന്നീ ചോദ്യങൾക്കൊക്കെയുള്ള ഉത്തരം ലഭിക്കാൻ വിമർശകർക്കും ആരാധകർക്കും അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല. അരങേറിയ മാസം തന്നെ പ്രീമിയർ ലീഗ് പ്ലയെർ ഓഫ് ദ മന്ത് അവാർഡും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലയെർ ഓഫ് ദ മന്ത് അവാർഡും സ്വന്തമാക്കി. വിമർശനങളെ ഇത്ര മനോഹരമായി നേരിട്ട മറ്റൊരു യുവ താരം ഫുട്ബോൾ ലോകത്തിൽ ഉണ്ടോയെന്ന് സംശയമാണ്.

ഒരുകാലത്തും പ്രതിഭകൾക്ക് പഞ്ഞമില്ലാതിരുന്ന ഫ്രാൻസിൽ നിന്ന് തന്നെയാണ് മാർഷ്യലിന്റെ വരവും. ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസമായ തിയറി ഹെൻറി, പാട്രിക് എവ്ര എന്നിവർ വളർന്ന് വന്ന പാരിസിലേ ക്ലബ്
ഒമ്നിസ്പോർട്സ് ദെസ് യുലിസ് കലരിയിൽ നിന്നാണ് മാർഷ്യലിന്റെയും വളർച്ചയുടെ തുടക്കം. 2001 ഇൽ തന്റെ 6ആം വയസിൽ അകാദമിയിൽ ചേർന്ന മാർഷ്യൽ തുടക്കത്തിൽ തന്നെ മികച്ച പ്രകടനമായിരുന്നു
പുറത്തെടുത്തിരുന്നത്. 6 വയസുകാരനായിരുന്നിട്ട് പോലും ഉയർന്ന ഏജ് ഗ്രൂപ്പിലെ ടീമുകളോടൊപ്പമാണ് മാർഷ്യൽ മിക്കപ്പോഴും പരിശീലച്ചിരുന്നത് എന്ന് അന്നത്തെ മാർഷ്യലിന്റെ കോച്ച് മഹമൂദ് നിയകിതെ സാക്ഷ്യപ്പെടുത്തുന്നു. 2009ഇൽ 14ആം വയസിൽ ഒളിമ്പിക് ലിയോൺ മാർഷ്യലിന്റെ തങളുടെ അക്കാദമിയിൽ എത്തിച്ചു. 2013ഇൽ മൊണോകോയിലേക് 5 മില്ല്യൺ യൂറൊയ്കായിറുന്നു ആ കൂടുമാറ്റം. 17ആംവയസിൽ മോണോകോയ്ക് വേണ്ടി ഫ്രഞ്ച് ലീഗിലെ തന്റെ ആദ്യ മൽസരം കളിച്ചു, അതും സാക്ഷാൽ റഡമൽ ഫാൽക്കാവോയുടെ പകരക്കാരനായി. യുണൈറ്റഡിലും ഫാൽകാവോയുടെ പകരക്കാരനായി അതേ നമ്പർ ജേഴ്സിയിൽ മാർഷ്യൽ തന്നെ വന്നത് ഒരുപക്ഷേ യാദൃശ്ചിമായിരിക്കും. അവീടെ തന്റെ രണ്ടാം സീസണിൽ 30 മൽസരങളിൽ നിന്ന് 9 ഗോളുകൾ നേടി. മോണോകോയെ ചാമ്പ്യൻസ് ലീഗിൽ എതിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. എങ്കിലും ഗ്ലാമർ ഫുട്ബോൾ ലോകത്ത് അത്ര അറിയപ്പെടുന്ന ഒരു യുവതാരമായിരുന്നില്ല മാർഷ്യൽ, 2015ഇൽ റെക്കോർഡ് വിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങുന്നത് വരെ. ..

യുണൈറ്റഡിനു വേണ്ടി ഇതുവരെ 44 മൽസരങൾ കളിച്ച മാർഷ്യൽ 17 ഗോളുകൾ നേടി. വെയിൻ റൂണിക്ക് ശേഷം അരങേറ്റ സീസണിൽ തന്നെ 15 ഗോളുകൾ നേടുന്ന ആദ്യ യുണൈറ്റഡ് താരമെന്ന ബഹുമതിയും സ്വന്തമാക്കി,കൂടാതെ 8 അസിസ്റ്റുകളും ഉണ്ട് ഈ യുവതാരത്തിന്റെ പേരിൽ. ഗ്രൗണ്ടിനകത്തും പുറത്തും തികച്ചും ശാന്തനാണ് ആന്റണി മാർഷ്യൽ. ഒരു കൗമാര താരത്തിൽ സാധാരണ കാണാറുള്ള അമിതമായ വീറും വാശിയും ചൂടൻ സ്വഭവവും ഒന്നും തെല്ലുമില്ല എന്ന് തന്നെ പറയാം.ഗോൾ നേറ്റിയാൽ പോലും അത് മതിമറന്ന് ആഘോഷിക്കുന്ന മാർഷ്യലിനെ കാണുക പ്രയാസമാണ്. തന്റെ പ്രായത്തിന്റെ എല്ലാ വന്യതയും ഒളിപ്പിച്ചത് പക്ഷേ ആ കാലുകളിൽ നിന്ന് ഗോൾമുഖത്തേക്ക് തൊടുക്കുന്ന ഷോട്ടുകളിൽ ആണെന്ന് മാത്രം. എതിർ ഗോൾ പോസ്റ്റിലേക്ക് ഷോട്ട് തൊർടുക്കുമ്പോൾ പോലും അനാവശ്യ ദൃതിയോ പകപ്പോ ഒന്നും മാർഷ്യലിൽ കാണാൻ സാധിക്കില്ല. സമയമെടുത്ത് ടാർഗറ്റ് സെറ്റ് ചെയ്യുന്ന ഒരു ഷൂട്ടറെ അനുസമരിപ്പിക്കുന്നു പലപ്പോഴും .

മികച്ച പന്തടക്കവും വേഗവും ഡ്രിംബ്ലിംഗ് പാടവവും ഇപ്പോഴേ സ്വന്തമായുണ്ട് മാർഷ്യലിന്. മുന്നേറ്റനിരയിൽ കളിക്കുന്നതിനേക്കാൾ വിംഗുകളിൽ കളികുമ്പോഴാണ് മാർഷ്യൽ കൂടുതൽ അപകടകാരിയാവുന്നത്.വിംഗിൽ നിന്ന് എതിർടീം ബോക്സിലേക്ക് നുഴഞ്ഞ് കയറാനും ഏത് ആംഗിളിൽ നിന്നും ഗോളിലേക്ക് ഷോട്ട് ഉതിർക്കാനുമുള്ള കഴിവ് മാർഷ്യലിനെ വ്യത്യസ്ഥനാക്കുന്നു. ഫോർവേഡ് ലൈനിലും വിംഗിലും മാർഷ്യലിന്റെ വേഗമേറിയ മുന്നേറ്റവും കേളീ ശൈലിയും ടെക്നികും സാക്ഷാൽ തിയറി ഹെന്രിയെ അനുസ്മരിപ്പിക്കുന്നു എന്ന് ഫ്രഞ്ച് ജേണലിസ്റ്റ് ഫിലിപ് ഓക്ലൈർ അഭിപ്രായപ്പെടുകയുണ്ടായി. സാക്ഷാൽ തിയറി ഹെൻറിയും അത് ശരിവെച്ചിരുന്നു. രണ്ടുകാലുകൾ കൊണ്ടും ശക്തമായ ഷോട്റ്റുതിർക്കാനുള്ള കഴിവാണ് മാർഷ്യലിന്റെ പ്രധാന ആയുധം. മുന്നേറ്റ നിരയിൽ മാത്രമല്ല പ്രതിരോധത്തിലും തന്റേതായ സംഭവന നൽകിയിട്ടുണ്ട് മാർഷ്യൽ ഈ സീസണിൽ. 18 ക്ലിയറൻസാണ് ഈ സീസണിൽ പ്രീമിയർ ലീഗിൽ മാത്രം മാർഷ്യലിനുള്ളത്. വെസ്റ്റ് ഹാമിനോടടക്കമുള്ള രണ്ടിലധികം ഗോൾ ലൈൻ സേവുകളും. എല്ലാ നിലയിലും ഒരു കമ്പ്ലീറ്റ് ടീം പ്ലയർ എന്ന നിലയിലേക്ക് വെറും ഒരു സീസൺ കൊണ്ട് തന്നെ മാർഷ്യൽ മാറി എന്ന് തന്നെ പറയാം.

വെറും ഒരു സീസൺ കൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മാർഷ്യലിന് സാധിച്ചു. ചുരുങിയ കാലത്തിനുള്ളിൽ നിരവധി അംഗീകാരങളും നേടിയെടുത്തിട്ടുണ്ട് ഈ യുവ മുന്നേറ്റനിരക്കാരൻ. കൗമാരക്കാരുടെ ബാലൻ ഡി ഓർ എന്നറിയപെടുന്ന ഗോൾഡൻ ബോയ് അവാർഡ് 2015ൽ നേടിയെടുത്തതു മുതൽ, പ്രീമിയർ ലീഗിലെ പ്ലയർ ഓഫ് ദ മന്ത് (സെപ്റ്റംബർ ), മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലയെർ ഓഫ് ദ മന്ത്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ ഒഫ് ദ സീസൺ എന്നിവ ചുരുങിയ കാലത്തിനുള്ളിൽ സ്വന്തമാക്കിയ മാർഷ്യൽ വരും വർഷങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുന്തമുനയാകുമെന്നതിൽ സംശയമൊന്നുമില്ല. ഇതിനിടയിൽ ഫ്രാൻസ് ദേശീയ ടീമിൽ അരങേറാനും ടീമിലെ സ്ഥിരം സാന്നിദ്യമാകാനും സാധിച്ചു മാർഷ്യലിന്. ബെൻസീമ അടക്കമുള്ള പ്രമുഖരുടെ അഭാവത്തിൽ യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിന്റെ മുന്നേറ്റത്തിലെ പ്രധാന ആയുധവും ഈ ഇരുപതുകാരനായിരിക്കും എന്നു തന്നെയാണ് കരുതപ്പെടുന്നത്. കോച്ച് ദിദിയർ ദെഷാമ്പ്സിന്റെ ഗുഡ്ബുക്കിലുള്ള താരങളിൽ ഒരാളാണ് മാർഷ്യൽ.

യുണൈറ്റഡിൽ വളർന്ന് വരുന്ന മാർഷ്യൽ അടക്കമുള്ള യുവതാരങളിലാണ് വരും വർഷങളിൽ ക്ലബിന്റെ ഭാവി. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മോശം സീസണുകളിൽ ഒന്നിലൂടെ കടന്ന് പോയപ്പോഴും പ്രീമിയർ ലീഗിൽ ആകർഷകമായൊരുകരിയറിന് തുടക്കമിടാനും ആരാധകരുടെ മനം നിറയ്കാനും മാർഷ്യലിന് സാധിച്ചു. വരുന്ന യൂറോ കപ്പിൽ ആതിഥേയരായ ഫ്രാൻസിനെ തന്റെ ഗോളടി മികവിലൂടെ കിരീടമണിയിക്കാം എന്ന ശുഭപ്രതീക്ഷയിലുമാണ് മാർഷ്യൽ. കരിയറിലെ ആദ്യ അന്തരാഷ്ട്ര ടൂർണമെന്റിൽ സ്വന്തം നാട്ടിൽ തന്നെ കിരീടമുയർത്താൻ സാധിച്ചാൽ അതില്പരം വലിയൊരു നേട്ടം കൈവരിക്കാനുണ്ടെന്ന് തോന്നുന്നില്ല.

ആളിങനെ പൂചയെ പോലെയാണെങ്കിലും 19ആം വയസിൽ തന്നെ ടോടോ മാർഷ്യൽ എന്ന കൊച്ചു മിടുക്കന്റെ അച്ചനും കൂടെയാണ് ലോകത്തിലെ ഏറ്റവും വിലകൂടീയ ഈ ടീനേജർ. കളികൂട്ടുകാരി സാമന്തയാണ് മാർഷ്യലിന്റെ ഭാര്യ. തങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഈ സന്തുഷ്ടകുടുംബം.

Share.

Comments are closed.