ഒരു ലോർഡ്സ് വീരഗാഥ-അജിൻക്യ രഹാനെ

127

ഇന്ത്യയുടെ 2014ലെ ഇംഗ്ളിഷ് പര്യടനം.നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയിലായി.തീര്‍ത്തും ഫ്ളാറ്റ് ആയിരുന്ന പിച്ച് ഏറെ പഴികേട്ടു.രണ്ടാമത്തെ ടെസ്റ്റ് നടക്കുന്നത് വിഖ്യാതമായ ലോര്‍ഡ്സ് മൈതാനത്തില്‍.അവിടെ ഇന്ത്യ ഒരു ടെസ്റ്റ് ജയിച്ചിട്ട് 28 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.മാത്രവുമല്ല,ഇന്ത്യ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ തോറ്റ വേദിയും ലോര്‍ഡ്സ് തന്നെയായിരുന്നു.

രണ്ടാം ടെസ്റ്റിന് തയ്യാറാക്കപ്പെട്ട പിച്ച് കണ്ട് സകലരും മൂക്കത്ത് വിരല്‍ വച്ചു.ഒൗട്ട്ഫീല്‍ഡും പിച്ചും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസം.ലോര്‍ഡ്സില്‍ ഇത്ര പച്ചപ്പുള്ള പിച്ച് താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് വരെ മുന്‍ ഇംഗ്ളിഷ് നായകന്‍ നാസര്‍ ഹുസൈന്‍ പറഞ്ഞുകളഞ്ഞു ! ജയിംസ് ആന്‍ഡേഴ്സനും സ്റ്റുവര്‍ട്ട് ബ്രോഡും നേതൃത്വം കൊടുക്കുന്ന ഇംഗ്ളിഷ് ബൗളിംഗ് നിര ഇന്ത്യയെ കടിച്ചുകുടയുന്നത് കാണാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകി.ടോസ് നേടിയ അലിസ്റ്റര്‍ കുക്ക് ഇന്ത്യയെ ബാറ്റിങ്ങിന് വിടുമ്പോള്‍ വസീം അക്റം പറഞ്ഞു-”220 റണ്‍സ് ഈ പിച്ചില്‍ കിട്ടിയാല്‍ ഇന്ത്യയ്ക്ക് സന്തോഷിക്കാം.”

പ്രതീക്ഷിച്ചതുപോലെ ഇന്ത്യയുടെ ടോപ് ഒാര്‍ഡര്‍ തകര്‍ന്നു.ശിഖര്‍ ധവാനും മുരളി വിജയും വിരാട് കോഹ്ലിയും കൂടാരത്തില്‍ വളരെ വേഗം തിരിച്ചെത്തി.സ്കോര്‍ 86/3.ഇന്ത്യ ഇവിടെ അവസാനമായി ടെസ്റ്റ് ജയിച്ചപ്പോള്‍ ക്യാപ്റ്റനായിരുന്ന നിഖഞ്ജ് കപില്‍ദേവ് കമന്‍ററി ബോക്സിലിരുന്ന് നെടുവീര്‍പ്പിട്ടു.അപ്പോഴാണ് ഒരു കൊച്ചു പയ്യനെപ്പോലെ തോന്നിക്കുന്ന ബാറ്റ്സ്മാന്‍ ക്രീസിലെത്തുന്നത്.ലോര്‍ഡ്സില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയ ‘കേണല്‍’ ദിലീപ് വെംഗ്സാര്‍ക്കറിന്‍െറ നാടായ മുംബൈയില്‍ നിന്നായിരുന്നു ഈ ബാറ്റ്സ്മാന്‍െറയും വരവ്.പേര് അജിന്‍ക്യ മധുകര്‍ രഹാനെ !

“നന്നായി തുടങ്ങിയാല്‍ പകുതി ജോലി കഴിഞ്ഞു” എന്ന് പറയാറുണ്ട്.പക്ഷേ രഹാനെ നന്നായിട്ടല്ല തുടങ്ങിയത്.ബ്രോഡിന്‍െറ ഒരു പന്ത് ഒാഫ്സ്റ്റംമ്പിനു പുറത്ത് പതിച്ചപ്പോള്‍ അതിനെ തേടി രഹാനെയുടെ ബാറ്റ് ചെന്നു.പന്ത് ബാക്ക്വേഡ് പോയന്‍റിലൂടെ വേലി കടന്നെങ്കിലും നാസര്‍ ഹുസൈന്‍െറ കമന്‍റ് ഇതായിരുന്നു-”ബൗണ്ടറി കിട്ടി എന്നത് നേരുതന്നെ.പക്ഷേ യാതൊരു നിയന്ത്രണവുമില്ലാത്ത ഷോട്ടായിരുന്നു അത്.ഇംഗ്ളണ്ടിനു വേണ്ടതും ഇതാണ്”. പക്ഷേ അതേ ഒാവറില്‍ രഹാനെ കളിച്ച ഒാണ്‍ഡ്രൈവ് കണ്ടപ്പോള്‍ ഹുസൈന് രഹാനെയെ അഭിനന്ദിക്കാതെ തരമില്ലെന്നായി ! സത്യത്തില്‍ ഒരു ‘പഞ്ച്’ മാത്രമായിരുന്നു അത്.

അല്‍പം കൂടി കഴിഞ്ഞപ്പോള്‍ രഹാനെ കളിക്കുന്ന പിച്ചിലല്ല മറ്റു ഇന്ത്യക്കാര്‍ കളിക്കുന്നതെന്ന് തോന്നി.തുടരെത്തുടരെ വിക്കറ്റുകള്‍ കളഞ്ഞ് ഇന്ത്യ 145/7 എന്ന നിലയിലേക്ക് വഴുതി.200 റണ്‍സ് കിട്ടിയാല്‍ ഭാഗ്യം എന്നേ എല്ലാ ഇന്ത്യക്കാരും അപ്പോള്‍ ചിന്തിച്ചുകാണൂ.തനിക്ക് പറ്റിയ കൂട്ടാളിയെ രഹാനെ കണ്ടെത്തി-ഭുവ്നേശ്വര്‍ കുമാര്‍.യുദ്ധത്തിന്‍െറ രീതി മാറ്റാന്‍ രഹാനെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു.ആക്രമണം തന്നെ ഇനി നല്ല പ്രതിരോധം !!

മോയിന്‍ അലിയ്ക്കെതിരെയും ബ്രോഡിനെതിരെയും രണ്ടു ക്ളാസിക് കവര്‍ഡ്രൈവുകള്‍.ഒാര്‍ത്തഡോക്സ് ബാറ്റ്സ്മാനായ രഹാനെ ഗ്രൗണ്ട് ഷോട്ടുകളില്‍ മിടുക്കനാണെന്ന തരം സംസാരം ഉണ്ടായി.അപ്പോഴേക്കും ലിയാം പ്ളങ്കറ്റിന്‍െറ രണ്ടു ഷോര്‍ട്ട്ബോളുകള്‍ കവറിനു മുകളിലൂടെ ബൗണ്ടറിയിലേക്ക് പറന്നു.പന്ത് ഉയര്‍ത്തി അടിക്കാനും ഇവന് കഴിയുമെന്ന് എല്ലാവര്‍ക്കും തീര്‍ച്ചയായി.

ഇതെല്ലാം കുക്കിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.ഡീപ്പ് സ്ക്വയര്‍ലെഗ്ഗിലും ഡീപ്പ് ഫൈന്‍ലെഗ്ഗിലും ആളെ നിര്‍ത്തി ബൗണ്‍സറുകളുടെ ചതിക്കുഴിയാണ് കുക്ക് ഒരുക്കിയത്.രഹാനെ ബൗണ്‍സറുകളെ ലീവ് ചെയ്ത് ഒതുങ്ങിക്കൂടുമെന്ന് കരുതിയവര്‍ക്ക് തെറ്റി.ചങ്കൂറ്റത്തോടെ അയാള്‍ ബൗണ്‍സറുകള്‍ പുള്‍ചെയ്തു.പന്തുകള്‍ ഫീല്‍ഡര്‍മാരുടെ ഇടയിലൂടെ ബൗണ്ടറി കടക്കുന്നത് നോക്കിനില്‍ക്കാനേ കുക്കിനും പ്ളങ്കറ്റിനും കഴിഞ്ഞുള്ളൂ.

അവസാന അടവെന്ന നിലയിലാണ് കുക്ക് ആന്‍ഡേഴ്സനെ അടുത്തുവിളിച്ച് കൈയില്‍ പുതിയ പന്ത് ഏല്‍പിക്കുന്നത്.കുമാര്‍(36) പുറത്താവുകയും ചെയ്തു.എട്ടാം വിക്കറ്റില്‍ വിലമതിക്കാനാവാത്ത 90 റണ്‍സാണ് രഹാനെയും കുമാറും കൂട്ടിച്ചേര്‍ത്തത്.കുമാര്‍ പുറത്തായപ്പോള്‍ രഹാനെ നിരാശനായി.പവലിയനിലേക്ക് തിരിച്ചുനടക്കുന്ന കൂട്ടുകാരന്‍െറ പുറത്തുതട്ടി ആശ്വസിപ്പിച്ച് രഹാനെ വീണ്ടും മല്ലയുദ്ധത്തിന് ഒരുങ്ങി.

തന്‍െറ വ്യക്തിഗത സ്കോര്‍ 80കളിലാണ് എന്നതോ പന്ത് പുതിയതാണ് എന്നതോ ഒന്നും രഹാനെയ്ക്ക് വിഷയമായില്ല.ബാറ്റ്സ്മാനു നേരെ എറിഞ്ഞ പന്ത് തന്‍െറ തലയ്ക്ക് മുകളിലൂടെ പറന്ന് സൈറ്റ്സ്ക്രീനിനു സമീപം ചെന്ന് പതിക്കുന്നത് ഒരു ഫാസ്റ്റ് ബൗളര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന കാര്യമാണ്.അതിന്‍െറ സുഖം എന്താണെന്ന് ആന്‍ഡേഴ്സന് രഹാനെ മനസ്സിലാക്കിക്കൊടുത്തപ്പോള്‍ രാഹുല്‍ ദ്രാവിഡിന്‍െറ ശബ്ദം മുഴങ്ങി-”Stand & Deliver ; incredible shot !! ” കൂട്ടുകാരനായ പ്ളങ്കറ്റിനു കിട്ടിയതില്‍ നിന്ന് പഠിക്കാതെ രഹാനെയുടെ നേര്‍ക്ക് രണ്ടു ഷോര്‍ട്ട്
ബോളുകളും ആന്‍ഡേഴ്സന്‍ എറിഞ്ഞു.രണ്ടും മിഡ്വിക്കറ്റ് ബൗണ്ടറിയിലേക്ക്.

രഹാനെ 99ല്‍ നില്‍ക്കുന്നു.ഗ്രാന്‍ഡ് സ്റ്റാന്‍ഡിലെയും എഡ്റിച്ച് പവലിയനിലെയുമെല്ലാം കാണികള്‍ ആകാംക്ഷാഭരിതരായി.നഴ്സറി എന്‍ഡില്‍ നിന്ന് കുതിച്ചെത്തുന്ന ആന്‍ഡേഴ്സന്‍.പന്ത് വലതുകൈയില്‍ നിന്ന് പുറത്തെത്തുമ്പോള്‍ രഹാനെ ബാക്ക് ഫൂട്ടിലേക്ക് മാറി പഞ്ച് ചെയ്യുന്നു.പന്ത് കവര്‍ ഫെന്‍സിലേക്ക്!! എഴുന്നേറ്റു നില്‍ക്കുന്ന ഇംഗ്ളിഷ് കാണികളുടെ കൈയടികളുടെ മുഴക്കം…. രഹാനെ ഹെല്‍മറ്റ് ഊരി അവരെ അഭിവാദ്യം ചെയ്തു.ലോര്‍ഡ്സിലെ വമ്പന്‍ മീഡിയാ സെന്‍റര്‍ ഒരു നിമിഷം തലകുനിച്ചപോലെ….

154 പന്തുകളില്‍ 103 റണ്‍സ് നേടിനില്‍ക്കെ ആന്‍ഡേഴ്സനു റിട്ടേണ്‍ ക്യാച്ച് സമ്മാനിച്ചാണ് രഹാനെ മടങ്ങിയത്.സൗരവ് ഗാംഗുലി അഭിമാനത്തോടെ പറഞ്ഞു-”ഒരുപാട് ഇന്ത്യക്കാര്‍ ലോര്‍ഡ്സില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.പക്ഷേ രഹാനെയുടെ ഇന്നിങ്സ് വളരെ വളരെ ‘സ്പെഷല്‍’ ആണ്”.ഇന്ത്യ 295 റണ്‍സ് നേടി.തുടര്‍ന്നുള്ള കാര്യങ്ങള്‍ നിര്‍വഹിച്ചത് ഭുവി,മുരളി വിജയ്,രവീന്ദ്ര ജഡേജ,ഇഷാന്ത് ശര്‍മ്മ എന്നിവരാണ്.അഞ്ചാം ദിനം ഇന്ത്യ 95 റണ്‍സിനു ജയിച്ചുകയറി.1124 ദിവസങ്ങളുടെ കാത്തിരിപ്പിനു ശേഷം വിദേശത്ത് ഒരു ടെസ്റ്റ് ജയം.മാന്‍ ഒാഫ് ദി മാച്ച് ആയത് ഇഷാന്ത് ശര്‍മ്മ.പക്ഷേ ഗ്രെയിം സ്വാന്‍ പറഞ്ഞു-”ആ അവാര്‍ഡ് അര്‍ഹിക്കുന്നത് രഹാനെ മാത്രം”.

രാഹുല്‍ ദ്രാവിഡ് പറഞ്ഞ ഒരു വാചകമുണ്ട്-”ലോര്‍ഡ്സിന്‍െറ ഗ്രേസ് ഗേറ്റിലൂടെ മൈതാനത്തിലേക്ക് കടക്കുമ്പോള്‍ തന്നെ നിങ്ങള്‍ ചരിത്രപ്പഴമയില്‍ മുങ്ങിത്താഴും.ഇത് ക്രിക്കറ്റിന്‍െറ ഈറ്റില്ലമാണ്”. ലോര്‍ഡ്സില്‍ ഇനിയും പലരും സെഞ്ച്വറി നേടും.അവരുടെയെല്ലാം പേരുകള്‍ ഒാണേഴ്സ് ബോര്‍ഡില്‍ രേഖപ്പെടുത്തപ്പെടും.പക്ഷേ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ ബോര്‍ഡിലൂടെ കണ്ണോടിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു കാര്യം ബോദ്ധ്യമാവും-രഹാനെയുടെ പേരിന് സവിശേഷ തിളക്കമുണ്ട് !

Share.

Comments are closed.