അബ്ദുല്‍ റസാഖ് മടങ്ങുമ്പോള്‍

129

കൊതിപ്പിച്ചിരുന്നു റസാഖ് ഒരുപാട് അയാളുടെ കരിയറിന്റെ ആദ്യ നാളുകളില്‍ ..തിരശീലക്ക് പിന്നിലേക്ക് മടങ്ങുമ്പോള്‍ അയാള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ക്ര്യത്യമായ ഒരുത്തരം നല്‍കാന്‍ കഴിയുന്നില്ല. അബ്ദുല്‍ റസാഖ് നാളുകള്‍ക്ക് മുന്നേ അവസാനിച്ച തന്‍റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുകയാണ്‌

മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗിലെക്കുള്ള യാത്രക്കിത് അനിവാര്യമായിരുന്നു.പരിക്കുകള്‍ ,ഐ.സി.എല്ലിലെക്കുള്ള യാത്ര ഇത് രണ്ടും വലച്ചിരുന്നില്ലെങ്കില്‍ ഇമ്രാന്‍ ഖാന് ശേഷം പാക്കിസ്ഥാന്‍ കണ്ട ഏറ്റവും മികച്ച ഓള്‍ റൌണ്ടര്‍ ആകെണ്ടിയിരുന്നവന്‍ .എനിക്കെറ്റവും പ്രിയപ്പെട്ട പാക്കിസ്ഥാനി കളിക്കാരില്‍ ഒരാള്‍. അബ്ദുള്‍ റസാഖ് ഒരു നഷ്ടത്തിന്‍റെ കഥയാണ് .ഏകദിനത്തില്‍ 5000 റണ്‍സും 269 വിക്കറ്റും എന്ന കണക്കുകള്‍ക്ക് അപ്പുറം എത്തെണ്ടിയിരുന്നവന്‍ .അറ്റാക്കിംഗ് സ്ട്രോക്കുകളുടെ ഒരു ശേഖരം തന്നെയുണ്ടായിരുന്നു അയാളുടെ പക്കല്‍.അയാളുടെ പ്രശ്നം ഏതെങ്കിലും രണ്ടു മോഡുകളില്‍ പെട്ട് പോകുന്ന രീതിയായിരുന്നു .ഒന്നുകില്‍ ആക്രമണം അല്ലെങ്കില്‍ ഉള്‍ വലിഞ്ഞുള്ള പ്രതിരോധ സമീപനം.രണ്ടാമത്തെ മോഡില്‍ വീഴുമ്പോള്‍ റസാഖ് പലപ്പോഴും ഒരു ദയനീയ ദ്ര്യശ്യമായിരുന്നു എങ്കിലും ആദ്യത്തെ മോഡില്‍ അയാള്‍ ലോകത്തെ ആക്രമണകാരിയായ മറ്റേതൊരു ബാറ്റ്സ്മാന്റെയും ഒപ്പം നിന്നിരുന്നു. മഗ്രാത്തിനോട് ചോദിക്കാം ..ബൌളറുടെ പേര് ഗ്ലെന്‍ മഗ്രാത്ത് എന്നായത് കൊണ്ട് മാത്രം ,5 ബൌണ്ടറികള്‍ പിറന്ന ഒരോവര്‍ ഇന്നും ഒരു സംഭവമാണ് ..

2007 ടി-ട്വെന്റി ലോകകപ്പിലെ പാകിസ്ഥാന്‍ ടീമില്‍ നിന്നും അയാളെ ഒഴിവാക്കിയത് തീര്‍ത്തും നിരാശാജനകമായ തീരുമാനമായിരുന്നു.വേദനയും വെറുപ്പും നിറഞ്ഞു നിന്ന ദിവസങ്ങളില്‍ റസാഖ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു .നേരെ ഐ.സി.എല്ലിലേക്ക് .പാക്കിസ്ഥാനും റസാഖും പിന്നീട് തീരുമാനം തിരുത്തിയെങ്കിലും റസാഖിന് നഷ്ടമായത് നിര്‍ണായകമായ ഒരു കാലഘട്ടമായിരുന്നു.ഇടക്കിടക്ക് പൊട്ടിത്തെറിക്കുന്ന ഈ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചപ്പോഴെല്ലാം പല വമ്പന്മാരുടേയും അടിത്തറ ഇളകിയിരുന്നു.2010 ഒക്ടോബര്‍ 31 നു അബുദാബിയില്‍ റസാഖ് ഉണര്‍ന്നപ്പോള്‍ സൌത്ത് ആഫ്രിക്ക അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല.പവര്‍ ഹിറ്റിംഗിന്‍റെ ഭീഷണമായ മുഖം പുറത്തെടുത്ത റസാഖ് 10 സിക്സറുകളും 7 ബൌണ്ടറികളും പറത്തി 109 റണ്‍സിന്‍റെ കിടിലന്‍ ഇന്നിംഗ്സിലൂടെ അസാധ്യമായ ഒരു ലക്‌ഷ്യം എത്തിപ്പിടിച്ചു.കൂടെയുള്ളവര്‍ ഓരോരുത്തരായി മടങ്ങിയപ്പോഴും റസാഖ് പതറാതെ നിന്നു.ചങ്കുറപ്പോടെ .പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്ന അവസാനത്തെ 65 റണ്‍സില്‍ 63 റണ്‍സും അടിച്ചെടുത്തത് റസാഖ് തന്നെയായിരുന്നു. Abdul Razzaq. Sir, you have played a gem! മത്സരശേഷം കമന്റെറ്റര്‍ പറഞ്ഞ ഈ വാക്കുകളില്‍ എല്ലാമുണ്ട്.

മത്സരം ജയിപ്പിക്കുന്ന സെഞ്ച്വറികള്‍ ഒരുപാട് കണ്ടിട്ടുണ്ട് , പക്ഷെ മത്സരം തട്ടിയെടുക്കുന്ന ഇത്തരമൊരു ഇന്നിംഗ്സ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഫോമില്ലായ്മയുടെ നടുക്കയത്തില്‍ നില്‍ക്കുമ്പോഴും സെലക്ടര്‍മാരുടെ കത്തിമുനക്ക് ഇരയായി തറയില്‍ വീണു കിടക്കുമ്പോഴും ഇടക്ക് റസാഖ് തലയുയര്‍ത്തി ഇത്തരം ഇന്നിംഗ്സുകള്‍ കളിച്ചു കൊണ്ടിരുന്നു.പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് , ഷാഹിദ് അഫ്രിഡിയുടെ കരിയറിന്റെ നീളം റസാഖിന്‍റെ വീഴ്ചയുടെ കൂടെ സംഭാവനയാണെന്ന് ..കഷ്ടിച്ച് പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിവുള്ളവരെ ഓള്‍ റൌണ്ടര്‍മാരായി ആഘോഷിക്കുന്ന ഉപഭൂഖണ്ഡത്തില്‍ പലരും അറിഞ്ഞു കൊണ്ട് തന്നെ അവഗണിച്ചു വിട്ടൊരു ക്രിക്കറ്റര്‍ .റസാഖ് തന്റെ പ്രതിഭയോട് നീതി പുലര്‍ത്തിയോ എന്ന ചോദ്യത്തിനുത്തരം മറ്റൊരു ചോദ്യമാണ് .പാക്കിസ്ഥാന്‍ ക്രിക്കറ്റ് റസാഖിനോട് നീതി കാട്ടിയിരുന്നോ എന്ന ചോദ്യം ..

Share.

Comments are closed.