സിൻഡ്രല്ല രാജകുമാരിയുടെ കഥ കേട്ടിട്ടില്ലേ ?

0
സിൻഡ്രല്ല രാജകുമാരിയുടെ കഥ കേട്ടിട്ടില്ലേ ?
ക്രിക്കറ്റിനും പറയാനുണ്ട് അത്തരമൊരു രാജകുമാരിയുടെ കഥ. ഒന്നുമില്ലായ്മയിൽ നിന്നും ഒരായിരം സ്വപ്‌നങ്ങൾക്കു ചിറകുകൾ നൽകിയൊരു രാജകുമാരി. പക്ഷെ സിൻഡ്രല്ലയെപ്പോലെ അർദ്ധരാത്രിയിൽ തകരുന്നൊരു ചില്ലുകൊട്ടാരമായിരുന്നില്ല അവളുടെ കഥ. കാരണം അവളുടെ ജീവിതമായിരുന്നു അത്‌ , അവളിലെ ജനുസ്സിന്റെ വീര്യമായിരുന്നു ആ സഞ്ചാരത്തിൽ അവൾക്കു കരുത്തേകിയത്.

1979 ആഗസ്റ്റ്‌ പതിമൂന്നാം തീയതി അർദ്ധരാത്രിയിൽ പൂനെയിലെ സസ്സൂൻ ഹോസ്പിറ്റലിലെ പ്രസവമുറി ഒരു പെൺകുഞ്ഞിന്റെ ശബ്ദത്താൽ മുഖരിതമായി. രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചു മൂന്നു ദശാബ്ദങ്ങൾ കഴിഞ്ഞിരുന്നെങ്കിലും സ്ത്രീയെ ‘മാതാവായി’ കരുതുന്ന പുണ്യഭൂമിയിൽ പിറക്കുവാൻ തനിക്കു അനുവാദമുണ്ടായിരുന്നില്ലെന്നു ആ പാവം പെണ്കുഞ്ഞിനു ബോധ്യമായ്ത മുലപ്പാലിന്റെ ഗന്ധം മാറുന്നതിനു മുന്നേ തൊട്ടടുത്തുള്ള ശ്രീവത്സ അനാഥാലയത്തിൽ അവൾ ഉപേക്ഷിക്ക പ്പെട്ടപ്പോഴായിരുന്നു.

ഇതേ കാലയളവിലായിരുന്നു അമേരിക്കൻ ഇൻഡ്യാക്കാരനായ ഹരേൻ സ്ഥലേക്കറും പത്നി സ്യുവും ഒരാൺകുഞ്ഞിനെ ദത്തെടുക്കുവാനായി മുംബൈ നഗരത്തിലെത്തിയത്. മുംബൈയിലെ വിഫലമായ ശ്രമങ്ങൾക്കൊടുവിൽ പൂണെയിലെത്തിയ അവർ ഒരു സുഹൃത്തിന്റെ പ്രേരണയിൽ ശ്രീവത്സ സന്ദർശിച്ചു. ആദ്യ ദർശനത്തിൽ തന്നെ ജനിച്ചു ദിവസങ്ങൾ മാത്രം കഴിഞ്ഞിരുന്ന ഒരു പെൺകുഞ്ഞിന്റെ സ്വര്ണമിഴികളിൽ അവർ ആകൃഷ്ടരായി. തിരികെ അമേരിക്കയിലേക്കു മടങ്ങുമ്പോൾ സ്യുവിന്റെ കൈയിൽ ആ കുഞ്ഞുമുണ്ടായിരുന്നു, ലൈലയെന്ന അവളുടെ പേരു മാറ്റി അവളെ അവർ ലിസയെന്നു വിളിച്ചു. അവൾക്കു യാത്രാമൊഴിയേകുമ്പോൾ ഇന്ത്യ ഒരിക്കലും കരുതിയിരിക്കില്ല നഷ്ടമായത് വർഷങ്ങൾ കഴിഞ്ഞും പറഞ്ഞഭിമാനിക്കാനുള്ള ഒരു വീരകഥയിലെ നായികയെയാണെന്ന്.

അമേരിക്കയിലും പിന്നീട്‌ കെനിയയിലും നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിനൊടുവിൽ ഹരേൻ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ സ്ഥിരതാമസമാക്കിയതോടെ ലിസയുടെ വിദ്യാഭ്യാസവും അവിടെയായി. പഠനത്തിൽ മിടുക്കിയയായിരുന്ന ലിസ അവധിദിവസങ്ങളിൽ പിതാവിനൊപ്പം യാത്രചെയ്യുവാൻ ഒരുപാടിഷ്ടപ്പെട്ടു. അങ്ങനെയൊരു ദിവസം ലിസയെയും കൂട്ടി ഹരേൻ ഒരു ക്രിക്കറ്റ് മത്സരം വീക്ഷിക്കുവാനായി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി. കുഞ്ഞു ലിസയുടെ ക്രിക്കറ്റുമായുള്ള ആത്മബന്ധം അവിടെ തുടങ്ങി. കളിയിൽ ആകൃഷ്ടയായ അവൾ തന്നെ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ തന്നെ പഠിപ്പിക്കുവാൻ ഹരേനോടാവശ്യപ്പെട്ടു. ക്രിക്കറ്റിനെ അതിരറ്റു സ്നേഹിച്ചിരുന്ന ഹരേനും അതിൽ സന്തോഷമായിരുന്നു. അച്ഛനും മകളും ചേർന്നു വീട്ടിൽ ക്രിക്കറ്റ്‌ പരിശീലനമാരംഭിക്കുമ്പോൾ പെൺകുട്ടികൾക്കായി ഒരു ക്രിക്കറ്റ് ടീമുണ്ടോയെന്നുപോലും അവർക്കു അറിവുണ്ടായിരുന്നില്ല. എങ്കിലും അവർ പരിശീലനം തുടർന്നു.

തന്റെ പതിനാറാം വയസ്സിലാണ് ലിസ ആദ്യമായൊരു വനിതാ ക്രിക്കറ്റ്‌ ടീമിൽ അംഗമാകുന്നത്. പതിയെ ന്യൂ സൗത്ത് വെയിൽസ്‌ ടീമിലെ സ്ഥിരം സാന്നിധ്യം ആയ അവൾ ഇന്റർ സോണൽ മത്സരങ്ങളിൽ തന്റെ കഴിവു തെളിയിക്കാൻ തുടങ്ങി. ഇംഗ്ലണ്ട്, അയർലൻഡ് സന്ദർശനത്തിനായി പോയ ന്യൂ സൗത്ത് വെയിൽസ്‌ ടീമിനു വേണ്ടി ട്രിപ്പിൾ സെഞ്ചുറി നേടിയ ലിസ അതോടെ ദേശീയടീമിലും ഇടം നേടി.

2001 ജൂൺ 29നു ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ലിസ മികച്ച ഒരു ലോവർ ഓർഡർ ബാറ്റർ, സ്പെഷ്യലിസ്റ് സ്പിന്നർ എന്നീ നിലകളിൽ തിളങ്ങി. മധ്യ ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക കാട്ടിയ അവൾ രണ്ടു വർഷത്തിനുള്ളിൽ ഓസ്ട്രേലിയൻ ടെസ്റ്റ്‌ ടീമിന്റെയും അവിഭാജ്യ ഘടകമായി മാറി. സ്ട്രൈറ് ബാറ്റ് ഉപയോഗിച്ചുള്ള ഓസ്ട്രേലിയൻ ശൈലിക്ക് വിരുദ്ധമായി കൈക്കുഴ ഉപയോഗിച്ച് കളിക്കുന്ന ഇന്ത്യൻ ശൈലിയിലായിരുന്നു ലിസ ബാറ്റ് ചലിപ്പിച്ചിരുന്നത്. സ്പിന്നര്മാരെ ഫലപ്രദമായി നേരിടാൻ അവൾക്കു കരുത്തായത് ഈ ബാറ്റിംഗ് ശൈലി ആയിരുന്നു.

ദക്ഷിണാഫ്രിക്കയിൽ വച്ചു നടന്ന 2005 ലോകകപ്പായിരുന്നു ലിസയുടെ കരിയറിൽ ഏറ്റവും വലിയ വഴിത്തിരിവായത്. ലിസയുടെ ആൾറൗണ്ട മികവിൽ ലോകകിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയ തൊട്ടടുത്ത വർഷം നടത്തിയ ഇന്ത്യൻ പര്യടനത്തിൽ 98.50 ശരാശരിയിൽ 394 റണ്ണുകളാണ് ലിസ അടിച്ചുകൂട്ടിയത്. ഇന്ത്യൻ ശൈലിയിൽ ബാറ്റുവീശിയ ലിസ ഇന്ത്യൻ സ്പിന്നര്മാരെ കശാപ്പുചെയ്തുവെന്നു പറഞ്ഞാൽ ഒട്ടുംതന്നെ അതിശയോക്തി ഉണ്ടാകുകയില്ല.

പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ നെടുംതൂണായി നിലകൊണ്ട ലിസ 2010 ൽ ലോക ട്വന്റി ട്വന്റി ക്രിക്കറ്റ് കിരീടവും ഓസീസിന് നേടിക്കൊടുത്തു. വനിതാ ക്രിക്കറ്റിന്റെ ചരിത്രതിലാദ്യമായി 100 വിക്കറ്റും 1000 റണ്ണുകളും സ്വന്തമാക്കിയ താരമായ ലിസ തന്നെയായിരുന്നു ICC 2008ൽ ആദ്യമായി വനിതാ ക്രിക്കറ്റ് റാങ്കിങ് അവതരിപ്പിച്ചപ്പോൾ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചത്. 2013ൽ വീണ്ടുമൊരു ലോകകിരീടം കങ്കാരുക്കൾക്കു നേടിക്കൊടുത്ത ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോഴേക്കും ചരിത്രം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ്‌ താരം എന്ന വിളിപ്പേരിനും ലിസ ഉടമയായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ്റെർസ് അസോസിയേഷൻ ബോർഡിൽ അംഗമായ ആദ്യ വനിതാ ക്രിക്കറ്റ്‌ താരവും ലിസ തന്നെ. എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾക്കവകാശിയായാണ് അവൾ കളിക്കളത്തോടു വിട പറഞ്ഞത്.

പറിച്ചുനടപ്പെട്ടുവെങ്കിലും എന്നും സ്നേഹം മാത്രമായിരുന്നു ലിസക്ക് ഇന്ത്യയോട്. ഓരോ അവധിക്കാലത്തും നാട്ടിലെത്തുമ്പോൾ അവൾ തന്റെ പെറ്റമ്മയുടെ ആത്മാവിനെ തൊട്ടറിഞ്ഞു. മുത്തശ്ശി പറഞ്ഞുകൊടുത്ത കഥകളിലൂടെ അവൾ ആ നാടിന്റെ പാരമ്പര്യം മനസിലാക്കി. എങ്കിലും ഒരിക്കലും “ശ്രീവത്സ” സന്ദർശിക്കുവാൻ അവൾ ശ്രമിച്ചില്ല. ഒടുവിൽ 2012ൽ ശ്രീവത്സയിൽ വീണ്ടും അവളെത്തി. അവിടെ നിന്നുകൊണ്ട് ഫോണിൽ തന്റെ അച്ഛനോട് സംസാരിക്കവെ അദ്ദേഹം അവളോട്‌ പറഞ്ഞു, “വശത്തായി ഒരു ചുറ്റുകോണി കാണുന്നില്ലേ ?, അതുവഴി മുകളിലേക്കു കയറിനോക്കൂ അവിടെ നിന്നുമാണ് ഞങ്ങളൊരു മാണിക്യത്തെ കണ്ടെടുത്തത് “. നാം വായിച്ചുകേട്ട സിൻഡ്രല്ല കഥയിലെ നായികയെപ്പോലെ അവൾ വീണ്ടും ആ വഴിയേ സഞ്ചരിച്ചു. തന്നെ രാജകുമാരിയാക്കിയ ആ കുഞ്ഞു കൊട്ടാരത്തിലെ ചവിട്ടുപടികളിലൂടെ..

Written by: Syam Ajith

Share.

Comments are closed.