ബിഗ്‌ഫണ്‍ !!! മഴവില്ലഴകുള്ള ഓർമ്മകൾ !

124

ബിഗ്‌ ഫണ്‍..!! സച്ചിൻ , ബാലഭൂമി, ബാലരമ അമർ ചിത്രകഥ തുടങ്ങിയ പേരുകൾ പോലെ കുട്ടിക്കാലത്ത് എന്നെപ്പോലുള്ളവരെ ഏറ്റവും കൂടുതൽ പ്രലോഭിപ്പിച്ച ഒരു പേരായിരുന്നു അത്.

This slideshow requires JavaScript.

സ്കൂളിൽ ഐസുമായി വരുന്ന മമ്മദ്ക്കാനേക്കാൾ എന്നെ വശീകരിച്ചത് അപ്പുറത്തെ കുട്ടേട്ടന്റെ കടയിലെ ബിഗ്‌ ഫണ്‍ ച്യൂയിംഗവും കൂടെ ഫ്രീ ആയി കിട്ടുന്ന ക്രിക്കറ്റ് കാർഡ്സും ആയിരുന്നു.പോക്കറ്റിൽ കിടക്കുന്ന അത്തരം കാർഡുകളുടെ എണ്ണം നോക്കിയാണ് ഞങ്ങൾ ആണ്‍കുട്ടികൾ ഞങ്ങളുടെ ഇടയിലെ വലിയവനെയും ചെറിയവനെയും തീരുമാനിച്ചിരുന്നത്.(ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും എന്റെ കയ്യിലെ കാർഡുകളുടെ എണ്ണം ആയിരം എന്ന മാന്ത്രിക സംഖ്യയിൽ എത്തിയതിനാൽ ഞാൻ അക്കാലത്ത് ആരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!). ക്രിക്കറ്റ് കളിക്കാരുടെ ഈ കാർഡുകൾ വച്ച് ഞങ്ങൾ കളിച്ചിരുന്നു. അതിലെ റണ്‍സും, വിക്കറ്റും, ക്യാച്ചുകളുമൊക്കെ വിളിച്ചു വാശിയേറിയ മത്സരങ്ങൾ !!, പന്തയമുള്ള മത്സരങ്ങൾ വഴി, കാർഡുകൾ പരസ്പരം മത്സരിച്ചു നേടാനും ഞങ്ങൾ ആരും ഒട്ടും പിന്നിലായിരുന്നില്ല.

1990′ കളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ച്യൂയിംഗമായിരുന്നു ബിഗ്‌ ഫണ്‍. അക്കാലങ്ങളിൽ സ്കൂൾ ജീവിതം ചിലവഴിച്ച ഒട്ടുമിക്ക പിള്ളേരുടെയും ഹൃഹാതുരതയുടെ ഭാഗം കൂടിയാണീ നാമധേയം. ച്യൂയിംഗം വിപണി ഇന്ത്യയിൽ അതിന്റെ ശൈശവാസ്ഥയിൽ ആയിരുന്ന സമയത്താണ് ബിഗ്‌ ഫണ്‍ പിറക്കുന്നത്‌(in 1985).ഇന്ത്യയിൽ ആദ്യമായി ച്യൂയിംഗത്തിന് ഒരു വിപണി ഉണ്ടാക്കിയെടുത്തതും, മിഠായി ഉല്പന്നങ്ങളിൽ ഇന്ത്യയിൽ ആദ്യമായി പരസ്യങ്ങളിലൂടെയും, മറ്റു വിപണന തന്ത്രങ്ങളിലൂടെയും മാർകെറ്റ് വിപുലീകരണം ആരംഭിച്ചതും ബിഗ്‌ഫണ്‍ അല്ലാതെ വേറെയാരും അല്ല. ആദ്യകാലങ്ങളിൽ ഡിസ്നി കാർടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഫ്രീയായി നല്കി കുഞ്ഞുങ്ങളെ കയ്യിലെടുത്തുക്കൊണ്ടാണ് ബിഗ്‌ഫണ്‍ തുടക്കംക്കുറിച്ചത്. പക്ഷെ, കാര്യങ്ങൾ കുറച്ചുകൂടി കളർ ഫുൾ ആയതു 1987 ലെ വേൾഡ് കപ്പ്‌ ക്രിക്കറ്റ് സമയത്താണ്. ക്രിക്കറ്റിൽ മുഴുവനായി ഫോക്കസ് ചെയ്തുകൊണ്ടവർ പുതിയ വിപണന തന്ത്രങ്ങൾ നെയ്തു. ബിഗ്‌ഫണ്‍ ച്യൂയിംഗത്തിനോടപ്പം ക്രിക്കറ്റ് താരങ്ങളുടെ കാർഡ്‌ കളക്ഷൻ സീരീസുകൾ ഇറക്കി, കൂടാതെ കുട്ടികൾക്ക് കളക്റ്റ് ചെയ്തു സ്കോർ ചെയ്യാൻ ഓരോ ച്യൂയിംഗം കവറിന്റെ കൂടെ റണ്‍സ് അല്ലെങ്കിൽ വിക്കറ്റുകൾ പ്രസിദ്ധപ്പെടുത്തി. ഓഫർ കാലയളവിനുള്ളിൽ നിശ്ചിത സ്കോർ നേടാൻ കഴിഞ്ഞാൽ ആ മിട്ടായി കടലാസുകൾ ഡീലർക്ക് കൈമാറി ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാം. ഡയറികൾ, ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ കലണ്ടർ, ഓട്ടോഗ്രഫോടു കൂടിയ പോസ്ററുകൾ ഇതെല്ലാമായിരുന്നു സമ്മാനങ്ങൾ. എന്തൊക്കെയായാലും ഈ പരിപാടി സൂപർ ഹിറ്റ്‌ ആയിരുന്നു. ഇന്ത്യയിൽ ബബിൾഗം വിപണിയും ബിഗ്‌ഫണ്‍ എന്ന ബ്രാന്റും പുതിയ ഉയരങ്ങൾ നേടിയത് ഈ സമയത്താണ്.

ഞങ്ങൾ കുട്ടികളെ, ഈ സമ്മാനങ്ങളെക്കാൾ കൂടുതൽ ആകർഷിച്ചത് ക്രികറ്റ് കാർഡുകൾ തന്നെയായിരുന്നു. പുതിയ കാർഡുകൾ വേറെയാർക്കും കിട്ടുന്നതിനു മുന്നേ കൈക്കലാക്കാൻ കടക്കാരുമായി സൗഹൃദം സ്ഥാപിച്ചെടുക്കുമായിരുന്നു ഞങ്ങൾ. പുതിയ കാർഡുകൾ കയ്യിലെത്തികഴിഞ്ഞാൽ, ബാക്കിയുള്ളവർക്ക് നമ്മോടു അസൂയയായി, ആരാധനയായി..ഹോ , ഒന്നുംപറയണ്ട, പിന്നെ അന്നത്തെ സ്റ്റാർ ഓഫ് ദി ഡേ നമ്മൾ തന്നെ. എന്തുകൊണ്ടെന്നറിയില്ല, ഓർമ ശരിയാണേൽ ഏകദേശം 2002 നു ശേഷം ബിഗ്‌ഫണ്‍ ഞങ്ങളെ തേടി സ്കൂളിനു മുന്നിലെ കടകളിൽ വരാതായി.

ഒരുപാട് മധുരമുള്ളതായിരുന്നു ബിഗ്‌ഫണ്‍. ആ മാധുര്യം നിമിഷങ്ങളെയുണ്ടാകൂ. മധുരം കഴിഞ്ഞാലും, ഞങ്ങൾ അത് ആട് അയവിറക്കുന്ന പോലെ എപ്പോഴും ചവച്ചുകൊണ്ടിരിക്കും. കളിക്കുന്ന സമയത്ത് ബിഗ്‌ഫണ്‍ വായ്ക്കകത്ത് ഉണ്ടേൽ നമ്മൾ ജോണ്ടി റോഡ്സോ, സ്റ്റീവ് വോയോ, അല്ലേൽ നഥാൻ ആസിൽ, മിനിമം റോബിൻ സിംഗ് ആണെന്ന തോന്നലുണ്ടാക്കാൻ ബിഗ്‌ഫണ്‍ എന്ന മധുരകട്ടക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഒരിക്കൽ വീട്ടിലായിരുന്ന സമയത്ത്, മധുരം കഴിഞ്ഞ ബിഗ്‌ഫണ്‍ തുപ്പി കളയാനുള്ള മടി കൊണ്ട്, കുറച്ചു പഞ്ചസാര കൂടി വായിലിട്ടു ചവച്ചു ഞാൻ. ആഹ്..!! അന്ന് മനസ്സിലായി പഞ്ചസാര തരികളെക്കാൾ മാധുര്യമുള്ളതാണ് ബിഗ്‌ ഫണ്‍ എന്ന്..ഇപ്പോൾ അതിന്റെ ഓർമകളും..!!!

അന്ന് ശേഖരിച്ചിരുന്ന ആയിരത്തിൽപരം കാർഡുകൾ ഇപ്പോഴും ഞാൻ നിധിപോലെ സൂക്ഷിക്കുന്നു. എന്തും ഓർമകളായിമാറുമ്പോഴാണ് ചന്തം കൂടുക എന്നല്ലേ ചൊല്ല്. കുട്ടിക്കാലത്തെ എന്റെ ഈ ഓർമകൾക്ക് മഴവില്ലെനെക്കാൾ ചന്തമുണ്ട്. “Big-fun Loves Cricket, Lives Cricket” എന്നായിരുന്നു അവരുടെ ടാഗ് ലൈൻ. And, I still love both of them..!!

Share.

Comments are closed.