ഡാനിയൽ വെറ്റോറി– സാധാരണക്കാർക്കിടയിലെ അസാധാരണൻ

130

ഡാനിയൽ ലൂകാ വെറ്റോറി..എണ്ണം പറഞ്ഞ ടോപ്‌ ക്ലാസ്സ്‌ സ്പിന്നർമാർക്ക് അതി ദാരിദ്ര്യം നേരിടുന്ന ഈ ലോക കപ്പിൽ ഒരു മഹാ മേരു തന്നെയാണ് ഈ നാമധേയം. ഒരു സ്പിൻ മജീഷ്യൻ ഒന്നും അല്ല വെറ്റോറി.പകരം, കൃത്യതയാർന്ന ബൌളിങ്ങും, വേഗതയിൽ കൊണ്ടുവരുന്ന തന്ത്രപരമായ മാറ്റങ്ങളും ഈ ബൌളറെ വ്യത്യസ്ഥനാക്കുന്നു. ടോപ്‌ സ്പിൻ ബൌളിങ്ങിൽ മോശമല്ലാത്ത സ്ഥാനമുണ്ട് വെറ്റോറിക്ക്.വെറ്റോറിക്ക് മുൻപ് സ്പിൻ ബൌളിങ്ങിൽ യാതൊരു വിധത്തിലുള്ള പാരമ്പര്യവും ന്യൂസിലാണ്ട് ക്രിക്കറ്റിനില്ല. പകരം,വേഗത്തിന് പര്യായമെന്നപോലെ ഒരു കൂട്ടം ഫാസ്റ്റ് ബൗളെർസ് ആ ടീമിനെന്നും ഒരു മുതൽക്കൂട്ടായിരുന്നു. റിച്ചാർഡ്‌ ഹാഡ്ലീ,ഇവാൻ ചാറ്റ്ഫീൽഡ്, ഡാനി മോറിസണ്‍, വില്ലീവാട്സണ്‍,ക്രിസ് ഹാരിസ്, ജെഫ് ആലട്ട്, ഷെയിൻ ബോണ്ട്‌ എന്നീ ന്യൂസിലാണ്ട് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൌളർമാർക്കിടയിൽ നിങ്ങൾക്ക് ഒരു സ്പിൻ ബൌളറെ കാണാൻ കഴിയില്ല, വെട്ടോറിയെ കൂടാതെ.

1997 -ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു വെറ്റോറിയുടെ ടെസ്റ്റ്‌ ക്രിക്കറ്റിലെ അരങ്ങേറ്റം. അതേ വർഷം ശ്രീലങ്കക്കെതിരെ ഏകദിന ക്രിക്കറ്റിലും ഡാനി കളിച്ചു തുടങ്ങി. ടെസ്റ്റ്‌ ക്രിക്കറ്റിൽ ന്യൂസിലാണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റർ എന്ന ബഹുമതി ഇപ്പോഴും വെറ്റോറിയുടെ പേരിലാണ്. ശാരശരി ക്രിക്കറ്റർമാരെ വെച്ച് പലപ്പോഴും അദ്ഭുതങ്ങൾ കാണിച്ചിട്ടുള്ള ന്യൂസിലാണ്ട് ക്രിക്കറ്റിലെ അസാധാരണനായ കളിക്കാരാൻ കൂടിയാണ് വെറ്റോറി. 2000′ ൽ ഒസീസിനെതിരെയുള്ള ടെസ്റ്റ്‌ മാച്ചിൽ 87 റണ്‍സിനു ഏഴു വിക്കറ്റ് നേട്ടമാണ് വെറ്റോറിയുടെ ടെസ്റ്റിലെ മികച്ച പ്രകടനം. ആ ടെസ്റ്റിൽ മൊത്തം 12 വിക്കറ്റുകൾ ഡാനി നേടിയിരുന്നു. ഒരു നല്ല ബാറ്റ്സ്മാൻ കൂടിയാണ് വെറ്റോറി. വാലറ്റത്തിന്റെ അതിജീവങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്‌ മിക്കപ്പോഴും ഇദ്ദേഹമാണ്. കൂടാതെ, ടെസ്റ്റ്‌ ക്രിക്കറ്റിൽ 300 വിക്കറ്റും, 3000 റണ്‍സും നേടിയ ലോകത്തിലെ എട്ടു കളിക്കാരിൽ ഒരാൾ ഓക് ലാൻഡിൽ നിന്നുള്ള ഈ ഓൾ റൌണ്ടറാണ്.

ന്യൂസിലാണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ്‌ മത്സരങ്ങൾ(113) കളിച്ചതും, ഏറ്റവും കൂടുതൽ ഏകദിന മതസരങ്ങൾ(291) കളിച്ചതും ഈ ഇടങ്കയ്യൻ സ്പിന്നർ ആണ്. കൂടാതെ ടെസ്റ്റിലും ഏകദിനത്തിലും 300 വിക്കറ്റുകൾ നേടിയ ഒരേയൊരു ന്യൂസിലാണ്ട് ക്രിക്കറ്ററും വെറ്റോറി അല്ലാതെ വേറെയാരുമല്ല. നാല് വർഷത്തോളം ബ്ലാക്ക്‌ ക്യാപസിന്റെ നായകനായ വെറ്റോറിക്ക് പക്ഷെ, തൻറെ മുൻഗാമിയായ സ്റ്റീഫൻ ഫ്ലെമിങ്ങിനെപ്പോലെ ടീമിന് കൂടുതൽ വിജയങ്ങൾ നല്കാൻ കഴിഞ്ഞില്ല. എന്നാലും നായകനെന്ന നിലയിൽ തരക്കേടില്ലാത്ത പ്രകടനമായിരുന്നു വെറ്റോറിയുടേത്. മുഖഭാവം കൊണ്ടും, ശരീര പ്രകൃതി കൊണ്ടും ശാന്തനാണ് വെറ്റോറി. പക്ഷെ, താൻ അത്രകണ്ട് ശാന്തനല്ലെന്നും, എത്രത്തോളം അപകടകാരിയാണ് എന്നും അദ്ധേഹത്തിന്റെ ബൌളിംഗ് കണക്കുകൾ പറയും.291 ഏകദിനങ്ങളിൽ നിന്ന് 302 വിക്കറ്റും, 113 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്ന് 362 വിക്കറ്റും ആണ് ഡാനിയുടെ സമ്പാദ്യം . ബംഗ്ലാദേശിനെതിരെ 2007 ൽ ഏഴു റണ്‍സിനു അഞ്ചു വിക്കറ്റ് നേട്ടമാണ് വണ്‍ഡേയിലെ മികച്ച പ്രകടനം.

2011 ൽ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച വെറ്റോറിയെ വീണ്ടും ലോകക്കപ്പിനുള്ള ദേശീയ ടീമിലേക്ക് സെലെക്ടർമാർ തിരിച്ചു വിളിച്ചത് വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെയാണ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോക കപ്പ് വേറെ ആർക്കും കൊടുക്കാതെ നേടുക..!! അതിനു വേണ്ടി ഏറ്റവും സന്തുലിതമായ ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോൾ, അവരുടെ എക്കാലത്തെയും മികച്ച കളിക്കാരൻ ഇല്ലാതെ എങ്ങിനെ ടീം പൂർണ്ണമാകും..?? മികച്ച ഓൾ റൌണ്ടർ എന്നും ന്യൂ സിലാണ്ട് ക്രിക്കറ്റിന്റെ സവിശേഷതയാണ്. എന്നിട്ടും, ശരാശരിയിൽ മുകളിൽ നിൽക്കുന്ന ,ടോപ്‌ ക്ലാസ്സ്‌ പ്രകടനങ്ങൾ എന്തുകൊണ്ടോ ഇതുവരെ ന്യൂസിലാണ്ട് ക്രിക്കറ്റിൽ സംഭവിച്ചിട്ടില്ല. തുടർച്ചയായ വിജയങ്ങളിലൂടെ ലോക കപ്പിലേക്ക് ഇരമ്പി അടുക്കുകയാണ് ബ്ലാക്ക്‌ ക്യപ്സ്. കളിയെല്ലാം നിർത്തി വീട്ടിലിരുന്ന തന്നെ ടീമിൽ തിരിച്ചെടുത്തതിനെ വളരെ ഭംഗിയായി നീതീകരിക്കുന്നുണ്ട് ഡാനി. അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ കളിയിൽ പത്തോവറിൽ പത്തു റണ്‍സിനു നാല് വിക്കറ്റുകളാണ് ഈ വെറ്ററൻ താരം നേടിയത്. ഈ ലോക കപ്പിൽ ഇതുവരെ 12 വിക്കറ്റുകളുമായി വിക്കറ്റ്‌ വേട്ടയിൽ മുൻനിരയിൽ തന്നെയുണ്ട്‌ വെറ്റോറി. ഇത്തവണ ലോകക്കപ്പിൽ ബ്ലാക്ക്‌ ക്യപ്സിന്റെ പ്രയാണത്തെ സ്വപ്ന തുല്യം എന്നെ പറയാൻ കഴിയൂ. ഈ ലോക കപ്പിലെ ഏറ്റവും ബാലൻസ്ഡ് ആയ ടീം വെറ്റോറിയുടെ ന്യൂസിലാണ്ട് ആണ്. ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്ന് വെട്ടോറിയും തകർപ്പൻ പ്രകടനങ്ങളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നു. മികച്ച പ്രകടങ്ങൾ ആവർത്തിച്ച്, ചരിത്രത്തിൽ ആദ്യമായി ലോക കപ്പ് നേട്ടത്തിലേക്ക് ചിറകടിച്ചുയരാൻ കിവീസിനു കഴിയട്ടെ..!!! കാരണം, ക്രിക്കറ്റ് ലോകത്തിനു പുതിയ ഒരു ചാമ്പ്യനെ വേണം. അത് ന്യൂസിലാണ്ടോ , ദക്ഷിണാഫ്രിക്കയോ ആരുമാകട്ടെ ,ഒരു കായിക വിനോദമെന്ന നിലയിൽ ക്രിക്കറ്റിന്റെ വളർച്ചക്ക് അനിവാര്യമാണത്.

Share.

Comments are closed.