The Flying Fish – Michael Phelps

8

ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒളിമ്പ്യൻ ആരാണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?? ഈ ചോദ്യം സ്വയം ചോദിച്ചപ്പോൾ എന്റെ മനസ്സ് പോയത് 2008 ബീജിംഗ് ഒളിംപിക്സിലെ 200 മീറ്റർ ബട്ടർ ഫ്ലൈ മത്സരം നടക്കുന്ന സ്വിമ്മിങ് കോംപ്ലക്സിലേക്കാണ് . ക്യാമറകൾ മൈക്കൽ ഫെൽ‌പ്സ് എന്ന അമേരിക്കകാരനെ പൊതിഞ്ഞിരിക്കുകയാണ് . .ആ ഒളിംപിക്സിൽ തുടർച്ചയായ നാലാം സ്വർണം ലക്‌ഷ്യം വച്ചുളള അദ്ദേഹത്തിന്റെ മത്സരത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു , കരിയറിൽ പത്തു സ്വർണം എന്ന ലോകത്തിൽ മറ്റാർക്കും പ്രാപ്യമായിട്ടിലാത്ത, എന്നാൽ തന്റെ തൊട്ടരികിൽ നിൽക്കുന്ന സുവർണ നേട്ടം .ഫെൽ‌പ്സ് തികച്ചും ശാന്തനായിരുന്നു , ഇയർഫോണിലെ ഗാനമാസ്വദിച്ചികൊണ്ടു അയാൾ സ്റ്റാർട്ടിങ് പ്ളാറ്ഫോമിന്റെ അരികിലേക്കെത്തി .തയാറെടുപ്പുകൾക്കു ശേഷം അയാൾ പ്ലാറ്റഫോമിൽ പൊസിഷൻ സെറ്റ് ചെയ്തു . ബസർ മുഴക്കത്തിന് പിന്നാലെ 8 താരങ്ങളും വെള്ളത്തിലേക്ക് ഊളിയിട്ടു , ഏവരെയും പിന്നിലാക്കി ഒരു മത്സ്യത്തിന്റെ മെയ്‌വഴക്കത്തോടെ അയാൾ കുതിച്ചു. 50 മീറ്റർ പിന്നിട്ടതിനു ശേഷം തന്റെ സ്വതസിദ്ധമായ ശൈലിയിൽ മലക്കം മറിഞ്ഞു സന്തുലിതമായി കാലുകൾ പോയിന്റിൽ ചവിട്ടി ആഴത്തിലേക്കൂളിയിട്ടു കൊണ്ടയാൾ വേഗം വർധിപ്പിച്ചു .100 മീറ്റർ അടുക്കനായപ്പോൾ അയാൾക്ക് മറ്റുള്ളവരെക്കാൾ മികച്ച ലീഡുണ്ട് . എന്നാൽ ഈ സമയം അയാളുടെ ‘സ്വിമ്മിങ് ഗൂഗിൾസിൽ ‘ വെള്ളം കയറാൻ തുടങ്ങിയിരുന്നു .100 മീറ്റർ കഴിഞ്ഞു അടുത്ത ലാപ്പിലേക്കു കുതിക്കുമ്പോൾ അയാൾക്ക് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല ,ഓപ്പോസിറ്റ് ലെയിനിന്റെ ടച്ചിങ് പോയിന്റിലേക്കു എത്ര ദൂരമുണ്ടെന്നോ , അല്ലെങ്കിൽ തന്റെ തൊട്ടു പിറകിൽ ഉള്ള എതിരാളിയുമായി എത്ര ദൂര വ്യത്യാസമുണ്ടെന്നോ അയാള്ക്ക് ഒരു ഊഹവുമിലായിരുന്നു . പക്ഷെ പിന്നെ കണ്ടത് ഒരു പ്രതിഭയുടെ അപാര മനഃസാന്നിധ്യമായിരുന്നു . തന്റെ ഓരോ സ്ട്രോക്‌സും ഫെൽപ്‌സ് എണ്ണി തുടങ്ങി ഒന്ന് ,രണ്ടു ,മൂന്നു …. അങ്ങനെ ഒരിഞ്ചു പിഴവ് വരാതെ, മുന്നിൽ ഒന്നും കാണാതെ ബാക്കിയുള്ള നൂറു മീറ്റർ ‘സ്‌ട്രോക്സ് കൗണ്ടിങ്’ ടെക്നിക്കിലൂടെ മറികടന്ന് മൈക്കിൾ ഫെൽപ്‌സ് ആ ഒളിംപിക്സിലെ തന്റെ നാലാം സ്വർണ്ണം നേടുകയും ,കരിയറിലെ പത്താം സ്വർണം എന്ന റെക്കോർഡ് എഴുതി ചേർക്കുകയും ചെയ്തു . ഇത് മൈക്കിൾ ഫ്രെഡ് ഫെൽ‌പ്സ് II , ബൾട്ടിമോറിലെ മെരിലാൻഡിൽ ജനിച്ച, ഏഴാം വയസുവരെ പഞ്ച ഭൂതങ്ങളിൽ നാലാമതായ ജലത്തെ ഭയന്ന ,എന്നാൽ പിന്നീട് അതെ ജലത്തിന്റെ ഉറ്റ തോഴനായി മാറിയ അമേരിക്കക്കാരൻ .
പ്രായത്തിൽ കവിഞ്ഞ ശരീര വളർച്ച ഉണ്ടായിരുന്ന ഫെൽപ്‌സ് ,ബോബ് ബൊമാൻ എന്ന പരിശീലകന്റെ കണിൽ പെടുന്നതോടെയാണ് പൂർണമായും നീന്തൽ രംഗത്തേയ്ക്ക് തിരിയുന്നത് . അത്യപൂർവമായ പ്രതിഭ അദ്ദേഹം ഫെൽപ്പ്‌സിൽ കണ്ടു , അവന്റെ മാതാപിതാക്കളുമായി സംസാരിച്ച ശേഷം അയാൾ അവനെ ബാൾട്ടിമോർ അക്വാ അക്കാഡമിയിലേക്കു കൊണ്ടുപോയി . അമിത വളർച്ച മാത്രമാണ് അവന്റെ ദുർബലമായ വശം എന്ന് മനസിലാക്കിയ അദ്ദേഹം തന്റെ ചിട്ടയും അതി കഠിനവുമായ പരിശീലനമുറകളും അവനെ ശീലിപ്പിച്ചു . അവന്റെ കഴിവിൽ മറ്റാരെകാളും വിശ്വാസമായിരുന്നു ബോബിനു . ഇപ്പോഴും ജൂനിയർ ലെവലിൽ ഏതാണ്ട് പന്ത്രണ്ടോളം ദേശീയ റെക്കോർഡുകൾ ഈ മുപ്പത്തൊന്നുകാരന്റെ പേരിൽ തന്നെയാണ് .രണ്ടായിരത്തിൽ തന്റെ പതിനഞ്ചാം വയസ്സിൽ(ഇതും ദേശീയ തലത്തിൽ ഒരു റെക്കോർഡാണ് ,ഒളിംപിക്സ് നീന്തൽ ടീമിൽ അംഗമാവുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺ കുട്ടി ) സിഡ്നി ഒളിംപിക്സിന് യോഗ്യത നേടിയെങ്കിലും ,ഫൈനലിൽ അഞ്ചാമതായാണ് ഫെൽ‌പ്സ് ഫിനിഷ് ചെയ്തത് .

2001 മുതലാണ് ഫെൽ‌പ്സ് ലോക ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത് .പങ്കെടുത്ത ആദ്യ ലോക ചാമ്പ്യൻ ഷിപ്പിൽ തന്നെ തന്റെ ഇഷ്ട ഇനങ്ങളിൽ ഒന്നായ 200 മീറ്റർ ബട്ടർഫ്‌ളൈയിൽ സ്വർണം നേടുമ്പോൾ അയാൾക്ക് പ്രായം 15 വർഷവും 9 മാസവും .തുടർന്ന് ഫെൽ‌പ്സ് പങ്കെടുത്ത എല്ലാ ചാമ്പ്യൻഷിപ്പിലും കുറഞ്ഞത് മൂന്നു സ്വർണമെങ്കിലും നേടിയിട്ടുണ്ട് .2007 ലെ ലോക ചാമ്പ്യൻഷിപ് ഒരു പക്ഷെ നീന്തൽ സ്നേഹികൾക്ക് മറക്കാനാവാത്ത ഓര്മയായിരിക്കും .പങ്കെടുത്ത ഏഴു ഇനങ്ങളിലും സ്വർണം വിളയിച്ച ഫെൽ‌പ്സ് ,അതിൽ അഞ്ചിനങ്ങളിലെ സമയത്തിലും ലോക റെക്കോർഡിട്ടു എന്നറിയുമ്പോൾ എത്ര അനായാസകരമാണ് അയാൾ ഇതെല്ലാം ചെയ്യുന്നത് എന്ന് നമ്മുക്ക് തോന്നിയേക്കാം .

<<<<<<<2004 ഏതെൻസ് ഒളിംപിക്സ് >>>>>>>>

ഒളിംപിക്സ് പരിശീലനത്തിന് മുന്നോടിയായി ഫെൽ‌പ്സ് കമ്മിറ്റിക്കു മുന്നിൽ ഒരപേക്ഷ സമർപ്പിച്ചു , ബോബ് ബോമാനെ ടീമിൽ കോച്ചായി ഉൾപ്പെടുത്തണം എന്നായിരുന്നു അത് , യാതൊരു നിസ്സംഗതയും കൂടാതെ തങ്ങളുടെ രാജ്യത്തിന്റെ പ്രതീക്ഷയായ അയാളുടെ അപേക്ഷ കമ്മിറ്റി അംഗീകരിച്ചു . ട്രിയൽസിൽ മികച്ച വിജയം കരസ്ഥമാക്കിയ ഫെൽ‌പ്സ് പിന്നീട് താൻ മത്സരിക്കാനിരുന്ന 200 മീറ്റർ ബാക്സ്ട്രോക് ഒഴിവാക്കി, 200 മീറ്റർ ഫ്രീസ്റ്റൈൽ തിരഞ്ഞെടുത്തു .തന്റെ ആരാധ്യ പുരുഷനായ ആസ്‌ട്രേലിയൻ ഇതിഹാസം ഇയാൻ തോർപ്പിനോടേറ്റുമുട്ടാൻ ആയിരുന്നു ഫെൽ‌പ്സ് ആ ഇനം തിരഞ്ഞെടുത്തത് . ആകെ എട്ടിനങ്ങളിൽ ആണ് മൈക്കിൾ ഫെൽ‌പ്സ് ആ ഒളിംപിക്സിൽ പങ്കെടുത്തത് (5 സിംഗിൾ ഇവെന്റ്സ് ,3 ഗ്രൂപ് ഇവെന്റ്സ് ).400 മീറ്റർ ഇന്റിവിജ്വൽ മെഡ്‌ലിയിൽ ലോക റെക്കോർഡ് തിരുത്തി സ്വർണം കരസ്ഥമാക്കി മൈക്കിൾ ഫെൽ‌പ്സ് തന്റെ ഒളിംപിക്സ് സ്വർണ വേട്ടയ്ക്ക് തുടക്കമിട്ടു . പിന്നീട് നടന്ന 200 മീറ്റർ ഫ്രീസ്റ്റൈൽ അറിയപ്പെട്ടത് “Race of the Century ” എന്നായിരുന്നു .ഇയാൻ തോർപ്പിനും ,ഡച്ച് താരം പീറ്റർ വാൻ ഹെൻ ഹൂഖൻ ബാൻഡിനും പിറകിൽ മൂന്നാമതായാണ് ഫെൽ‌പ്സ് ഫിനിഷ് ചെയ്തത് . വിഷമമുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ” ഞാൻ എന്തിനു വിഷമിക്കണം?? ലോകം കണ്ട ഏറ്റവും മികച്ച ഫ്രീസ്റ്റൈൽ താരങ്ങളോട് ഏറ്റു മുട്ടിയാണ് മൂന്നാം സ്ഥാനം നേടിയത് ,ഞാൻ അതിൽ അഭിമാനിക്കുന്നു ” എന്നാണ് ഫെൽ‌പ്സ് പറഞ്ഞത് . ബാക്കിയുള്ള എല്ലാ സിംഗിൾ ഇവെന്റിലും സ്വർണം കരസ്ഥമാക്കിയ ഫെൽ‌പ്സ് ആ ഒളിംപിക്‌സിൽ ആകെ ആറു സ്വർണവും രണ്ടു വെങ്കലവും നേടുകയുണ്ടായി (5 സ്വർണം – സിംഗിൾസ് , 1 സ്വർണം ഗ്രൂപ് ,1 വെങ്കലം സിംഗിൾസ് ,1 വെങ്കലം -ഗ്രൂപ് )
>>>>>>>>>2008–ബീജിംഗ് ഒളിംപിക്സ് >>>>>>>>>>>

ലോകം ഒളിംപിക്സിൽ നിന്നും നീന്തൽ കുളത്തിലേക്ക് ചുരുങ്ങിയ നിമിഷങ്ങൾ സമ്മാനിച്ച ,ഫെൽ‌പ്സ് ഐതിഹാസിക പദവി അരക്കിട്ടുറപ്പിച്ച വര്ഷം . ട്രയൽസിൽ 400 മീറ്റർ ഇന്റിവിജ്വൽ മെഡ്‌ലിയിൽ തന്റെ തന്നെ ലോക റെക്കോർഡ് ഭേദിച്ചുകൊണ്ട്അയാൾ ലക്‌ഷ്യം വ്യക്തമാക്കിയിരുന്നു . അവിടെ എട്ടു സ്വർണ മെഡലുകൾ നേടാൻ ഉള്ള സാധ്യതയെ കുറിച്ച് ആരാഞ്ഞുകൊണ്ടുള്ള ചോദ്യത്തിന് ” മറ്റുള്ള മത്സരങ്ങളെ പോലെ തന്നെ ഞാൻ ഇതിനെയും കാണുന്നു ,എനിക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ഞാൻ പ്രവർത്തിക്കും ” എന്ന് ഫെൽ‌പ്സ് പറഞ്ഞത് വെറുതെയായിരുന്നില്ല. 400 മീറ്റർ ഇന്റിവിജ്വൽ മെഡ്‌ലിയിൽ സ്വർണം നേടി തുടങ്ങിയ ഫെൽപ്സിന്റെ രണ്ടാമത്തെ ഇനം 4 * 100 മീറ്റർ റിലേ ആയിരുന്നു . ആദ്യ പാദം നീന്തിയ ഫെൽ‌പ്സ് മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലായിരുന്നു (കൂടാതെ ആദ്യ പാദം നീന്തിയെത്തിയ സമയം 47.51 sec അമേരിക്കൻ ദേശീയ റെക്കോർഡും ) ഫെൽ‌പ്സ് നൽകിയ വ്യക്തമായ മുൻതൂക്കത്തിന്റെ പിൻബലത്തിൽ ബാക്കി നീന്തി തീർക്കേണ്ട ചുമതല മാത്രമാണ് മറ്റുള്ളവർക്ക് ഉണ്ടായിരുന്നത് .പിന്നാലെ 200 മീറ്റർ ഫ്രീസ്റ്റൈൽ , 200 മീറ്റർ ബട്ടർഫ്‌ളൈ ,4 * 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ,200 മീറ്റർ ഐ .എം എന്നിവയിൽ ഫെൽ‌പ്സ് സ്വർണം നേടി .ഇതിലെ 4 * 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഏഴു മിനുട്ട് മാർക്കിന് മുൻപ് ഫിനിഷ് ചെയ്യുന്ന ആദ്യ സംഘമായി അമേരിക്കൻ റ്റീം മാറി (6:58:56 ).ഏഴാം സ്വർണം ലക്ഷ്യമിട്ടു മത്സരിച്ച 100 മീറ്റർ ബട്ടർ ഫ്ലൈ മത്സരത്തിലായിരുന്നു ഫെൽ‌പ്സിനു ഏറ്റവും കനത്ത വെല്ലു വിളി നേരിടേണ്ടി വന്നത്. ദിവസങ്ങളായി തുടർന്ന് വരുന്ന മത്സരങ്ങളുടെ കാഠിന്യത്താൽ താരതമേന്യ ഏറെ തളർന്നാണ് അദ്ദേഹം ഈ ഇനത്തിൽ മത്സരിക്കാൻ എത്തിയത് .പോരാത്തതിന് ഫെൽപ്സിനു കനത്ത എതിരാളിയാവും എന്ന് കരുതപെട്ട സെർബിയൻ താരം മിലോറാഡ് കാവിക്കിന്റെ തലേ ദിവസത്തെ പ്രസ്താവനയും മത്സരം ചൂടുപിടിപ്പിച്ചു .” ഏഴാം സ്വർണം ലക്ഷ്യമിടുന്ന ഫെൽപ്സിനെ തോൽപ്പിക്കാൻ പറ്റിയാൽ അതായിരിക്കും മികച്ച നേട്ടം,അങ്ങനെയെങ്കിൽ ആൾക്കാർ എന്നെ ഓർത്തിരിക്കും ” എന്നായിരുന്നു കാവിക്കിന്റെ പ്രസ്താവന .മത്സരം തുടങ്ങി, നാലാം ലെയിനിൽ കാവിക്കും ,തൊട്ടടുത്ത് അഞ്ചാം ലെയിനിൽ ഫെൽപ്‌സും .തുടക്കം മുതൽക്കു തന്നെ കാവിക്കിനായിരുന്നു മുൻ‌തൂക്കം . ആദ്യ പാദം അവസാനിക്കുന്നതിനു തൊട്ടു മുൻപ് വരെ കാവിക്ക് മികച്ച ദൂരം ഫെൽപ്സിനെ പിന്നിലാക്കി എന്നാൽ ആദ്യ പാദം അവസാനിച്ചു രണ്ടാം പാദത്തിന്റെ തുടക്കത്തിൽ വെള്ളത്തിൻറെ ആഴത്തിൽ ഏറെ നേരം ശ്വാസമടക്കി പിടിച്ചുകൊണ്ടു വേഗത കൂട്ടുന്ന തന്റെ തനതു രീതിയുടെ പിന്ബലത്താൽ ഫെൽ‌പ്സ് ദൂരം കുറച്ചു എന്ന് തോന്നിച്ചെങ്കിലും അടുത്ത നിമിഷം മികച്ച രീതിയിൽ ‘വിങ്’ വിടർത്തികൊണ്ടു കാവിക്ക് ചടുലമായി മുന്നോട്ടു നീങ്ങി. 75 മീറ്റർ പിന്നിടുമ്പോൾ കണ്ടത് കാവിക്കിന്റെ മികച്ച ലീഡായിരുന്നു . രണ്ടാം സ്ഥാനം എന്നുറപ്പിച്ചു കൊണ്ട് കമന്ററി പുറത്തു വന്നു തുടങ്ങി,കാണികളും ,ഫെൽപ്സിന്റെ അമ്മയും ,കോച്ചും ദുഃഖത്തോടെ മത്സരം കൈവിട്ടു എന്ന ചിന്തിച്ചു കൊണ്ട് കൈയടിച്ചു തുടങ്ങി . എന്നാൽ ഏതാണ്ട് 10 മീറ്ററിൽ താഴെ ബാക്കിയുള്ളപ്പോൾ അത് സംഭവിച്ചു ,പിറകിലായിരുന്ന ഫെൽ‌പ്സ് തന്റെ വിങ് പൂർണമായും വിടർത്തി സ്‌ട്രോക്കിന്റെ വേഗം പരമാവധി ഉയർത്തി കുതിച്ചു വന്നു.ടച്ചിങ് ലൈനിന്റെ രണ്ടു മീറ്റർ മാത്രം അകലെ ഉണ്ടായിരുന്ന കാവിക് തന്റെ സ്ട്രോക്ക് ചുരുക്കി അതിൽ തൊടാൻ ആഞ്ഞതും ക്യാമറയിൽ പതിഞ്ഞത് പിറകിൽ നിന്നും ടച്ചിങ് ലൈനിന്റെ അടുത്തേക്ക് സ്‌ട്രോക് ചുരുക്കാതെ അമാനുഷിക വേഗതയിൽ മിന്നൽ പോലെ വന്ന ഫെൽപ്സിന്റെ കയ്യാണ് .രണ്ടാം സ്ഥാനം എന്നുറപ്പിച്ച എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് നൂറിന്റെ ഒരംശത്തിൽ (1 / 100 ) ഫിനിഷ് ചെയ്തു കൊണ്ട് ഫെൽ‌പ്സ് ഒന്നാം സ്ഥാനത്തെത്തി എന്ന് കൂറ്റൻ സ്‌ക്രീനിൽ തെളിഞ്ഞു !!!!! ആ ഒളിംപ്സ്കിൽ പിറന്ന ഏറ്റവും മികച്ച നിമിഷമായിരുന്നു അത് !! പോരാട്ടവീര്യം എന്ന വാക്കിനെ നിർവചിക്കാൻ ഇതിലും മികച്ച സന്ദർഭങ്ങൾ ഒരു പക്ഷെ വേറെ ഉണ്ടാവേണ്ടതുണ്ടായിരിക്കാം !! ഇതിനെതിരെ കാവിക് പരാതി കൊടുത്തെങ്കിലും വീണ്ടുമുള്ള പരിശോധനയിൽ അദ്ദേഹത്തിന്റെ പരാതി തള്ളി .പിന്നീട് ഫെൽ‌പ്സ് പറഞ്ഞത് “കാവിക്കിന്റെ ആ വാക്കുകൾ എന്നെ കൂടുതൽ ഉത്തേജിപ്പിച്ചു കൊണ്ടേ ഇരുന്നു ,ജയത്തിനു വേണ്ടി അവസാനം വരെ പൊരുതും എന്ന് ഞാനുറച്ചിരുന്നു ” എന്നാണു . കാവിക്ക് പിന്നീട് ബ്ലോഗിൽ ഇങ്ങനെ കുറിച്ചു “എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണിത് .തോൽവി സമ്മതിക്കുന്നു ,അതിലെനിക്ക് ഒരു മടിയുമില്ല കാരണം തോറ്റത് ലോകം കണ്ട ഏറ്റവും മികച്ച നീന്തൽ താരത്തിനോടാണ് “. ഈ ഇനത്തിൽ വിജയിച്ചതോടെ ഒളിംപിക്സിൽ ഏഴു സ്വർണ്ണമെഡലോടെ ഫെൽ‌പ്സ് മാർക് സ്പ്ലിറ്സിന്റെ(മുൻ അമേരിക്കൻ നീന്തൽ താരം ) റെക്കോർഡിനൊപ്പമെത്തി .അടുത്ത ദിവസം നടന്ന 4 * 100 മീറ്റർ മെഡ്‌ലി റിലേയിൽ പ്രതീക്ഷിച്ച സ്വർണംകരസ്ഥമാക്കി ഫെൽ‌പ്സ് 112 വര്ഷം നീണ്ട മോഡേൺ ഒളിംപിക്സിൽ ആദ്യമായി എട്ടു സ്വർണം നേടുന്ന വ്യക്തി എന്ന സുവർണ നേട്ടത്തിനുടമയായി . റിലേയിൽ ആദ്യ മൂന്ന് രണ്ടു പാദവും മൂന്നാം സ്ഥാനത്തായിരുന്ന തന്റെ ടീമിനെ മൂന്നാം പാദത്തിൽ ഒരൊത്ത പ്രതിഭയുടെ കയ്യൊപ്പു പതിഞ്ഞ മാസ്മരിക പ്രകടനത്തോടെ അര സെക്കൻഡ് ലീഡോടെ നാലാം പാദത്തിൽ തന്റെ സുഹൃത്തായ ജേസൺ ലെസാക്കിന് കൈമാറി,അത് അനായാസമായി പൂർത്തിയാക്കേണ്ട ചുമതല മാത്രമേ ജേസൺ ലസാക്കിന് ഉണ്ടായിരുന്നുള്ളൂ . നേടിയ എട്ടു സ്വർണത്തിൽ ഏഴു സ്വർണവും ലോക റെക്കോർഡോടെയാണ് എന്നത് നേട്ടത്തിന്റെ മൂല്യം ഇരട്ടിയാക്കുന്നു . 100 മീറ്റർ ബട്ടർഫ്ലയിൽ മാത്രമാണ് ലോക റെക്കോർഡ് ഫെൽപ്സിനു .18 സെക്കന്റിനു നഷ്ടമായത് .ഇതിനെ കുറിച്ച് ഫെൽപ്സിനു പറയാനുള്ളത് ഇതാണ് “റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്,എന്തുതന്നെ ആയാലും . മനസ്സുവെച്ചാൽ ഒരാൾക്ക് എന്തും ചെയ്യാം അതിനു പരിമിതികളില്ല ”

>>>>>>>>>>>>2012 ലണ്ടൻ ഒളിംപിക്സ് >>>>>>>>>>>>>

തന്റെ സ്വർണ വേട്ട തുടർന്ന ഫെൽ‌പ്സ് 100 മീറ്റർ ബട്ടർ ഫ്ലൈ ,200 മീറ്റർ മെഡ്‌ലി ,4 *200 മീറ്റർ ഫ്രീസ്റ്റൈൽ ,4 * 100 മീറ്റർ മെഡ്‌ലി എന്നിവയിൽ സ്വർണവും,200 മീറ്റർ ബട്ടർഫ്‌ളൈ ,4 * 100 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിൽ വെള്ളിയും നേടി ഒളിമ്പിക് മെഡലുകളുടെ എണ്ണം 22 ആക്കി ഉയർത്തി (A total of 18 Gold Medals, 2 Silver Medals, 2 Bronze medals from 3 Olympics) ഇതിനു ശേഷം വിരമിച്ചെങ്കിലും 2014 ൽ മൈക്കിൾ ഫെൽ‌പ്സ് തിരിച്ചു വരവ് പ്രഖ്യാപിച്ചു .

റിയോ ഒളിംപിക്സിൽ അയാളുടെ പോരാട്ടം ഒരിക്കൽ കൂടി കാണാനുള്ള അവസരമാണ് നമ്മുക്ക് കിട്ടുന്നത് .ഒന്നും വെട്ടിപിടിക്കാനോ ,എന്തെങ്കിലും തെളിയിക്കാനോ വേണ്ടിയൊന്നുമല്ല ,”നീന്തൽ ” എന്ന കായികയിനത്തോടുള്ള അടങ്ങാത്ത അഭിനിവേശവും തന്റെ രാജ്യത്തിന് വേണ്ടി ഒരിക്കൽ കൂടെ ‘യുദ്ധം’ ജയിക്കാനുള്ള നിശ്ചയധാർഢ്യവും ആണ് അയാളെ അവസാനമായി ഈ വഴിയിൽ എത്തിച്ചിരിക്കുന്നത് .ഇതിഹാസം ഒരു തവണ രചിക്കപ്പെട്ടു കഴിഞ്ഞത് തന്നെയാണ് .പുതിയതായി ചേർക്കാൻ പ്രത്യേകിച്ചൊന്നുമില്ലെങ്കിലും നീന്തിയെടുക്കുന്ന ഓരോ മെഡലും ആഡംബരമായി കൂടെ ചേർക്കാം എന്ന് മാത്രം . ഇനി അഥവാ ഒരിക്കൽക്കൂടി മെഡലുകൾ കൊണ്ട് ആഴത്തിൽ നിന്നും വന്നില്ല എങ്കിൽ തന്നെ, എഴുതപ്പെട്ടു കഴിഞ്ഞതിന്റെ മൂല്യവും , പകർന്നു തരുന്ന പാഠങ്ങളും , പ്രചോദനത്തിന്റെ ശബ്ദവും മുഴങ്ങി കേട്ട് കൊണ്ടേ ഇരിക്കും . എന്നിരുന്നാലും ഈ തവണയും മൈക്കിൾ ഫെൽ‌പ്സ് എന്ന ഇതിഹാസ പുരുഷൻ നീന്തൽ കുളത്തിൽ നിന്നും സ്വർണം വാരിയെടുക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ,പ്രത്യാശിക്കുന്നു .

All the best Michael Phelps!!!

NB :- ഒരു പ്രതിഭയെ അമേരിക്ക പോലുള്ള രാജ്യങ്ങൾ കണ്ടെത്തുകയും ,ശരിയായ രീതിയിൽ പാകപ്പെടുത്തി രാജ്യത്തിന് വേണ്ടി പൊന്നു വിളയിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്ന അല്ലെങ്കിൽ അവരുടെ കഴിവ് നേരായ രീതിയിൽ ചൂഷണം ചെയ്‌തെടുക്കുന്ന വിധത്തിലേക്ക് വളർത്തി കൊണ്ട് വരുന്ന പ്രവർത്തി ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ, അതും ഒരുപാട് പ്രതിഭകൾ അവസരവും,വേണ്ട പ്രോത്സാഹനവും കിട്ടാത്തത് കൊണ്ട് മാത്രം അതെങ്ങനെ വിനിയോഗിക്കണം എന്നറിയാതെ നിൽക്കുന്ന പ്രതിഭകൾ ഉള്ള രാജ്യത്തിന് മാതൃകയാണ് .അനാവശ്യ രാഷ്ട്രീയവും , ചുവപ്പു നാടകളും , കുതി കാൽ വെട്ടും അവസാനിപ്പിച്ചു പ്രതിഭാധനരെ സമയത്തിന് കണ്ടെത്തി നേർവഴിക്കു കൊണ്ടുവരാൻ സാധിച്ചാൽ നമ്മുക്കും ഒളിംപിക്സിൽ വീമ്പു പറയാന് കുറെയേറെ മെഡലുകൾ കിട്ടും .സർക്കാരിന്റെ മേൽ മാത്രം പഴി ചാരുന്നതിൽ അർത്ഥമില്ല .ഒളിംപിക്സിന് മാസങ്ങൾക്കു മുൻപ് മാത്രമാണ് അവരും ,ജനങ്ങളായ നമ്മളും ആ ‘നീല കുറിഞ്ഞിയെ ‘ കുറിച്ചോർക്കുന്നതു . ദീർഘവീക്ഷണത്തോടെ അല്ലാതെയുള്ള എല്ലാ പ്രവർത്തിയും കതിരിൽ വളം വയ്ക്കുന്നതിന് തുല്യമാണ് .

“You can’t put a limit on anything. The more you dream, the farther you get.”—Michael Phelps

Share.

Comments are closed.