“Some people think football is a matter of life and death. I don’t like that attitude. I can assure them it is much more serious than that.” ബില്‍ ഷാന്‍ക്ലിയുടെ പ്രശസ്തമായ വാക്കുകള്‍ക്ക് ആഴം വളരെ കൂടുതലാണ്. ഒരു കവിത പോലെ മനോഹരം എന്ന് വിശേഷണമുള്ള കാല്പന്തു കളി ചരിത്രത്തില്‍ അവശേഷിപ്പിച്ചു പോയിട്ടുള്ള കറുത്ത പാടുകള്‍ ഒരു പുനര്‍വായനക്ക് വിധേയമാക്കാതെ മിക്കപ്പോഴും നമ്മള് ഒഴിവാക്കുകയാണ്.ഫുട്ബോള്‍ ആനന്ദത്തോടൊപ്പം കണ്ണുനീരും ,വിദ്വേഷവും ,അസഹിഷ്ണുതയും , വംശീയതയും നിറഞ്ഞു കവിയുന്ന പാനപാത്രമാണ് …
റിയോഡി ജനീറോയിലെ ഒരു ലോക്കല്‍ ബാറിലേക്ക് കടന്നു വരുന്ന ഒരമ്മയും അവരുടെ മകനും.സ്റ്റൂളില്‍ ഇരിക്കുന്ന വയസ്സായ മനുഷ്യനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അമ്മ കുട്ടിയെ അയാളെ പരിചയപ്പെടുത്തി കൊടുത്തു.”ആ ഇരിക്കുന്ന മനുഷ്യനെ കണ്ടല്ലോ , ഒരിക്കല്‍ ബ്രസീലിനെ മൊത്തം കണ്ണീരിലാഴ്ത്തിയ മനുഷ്യനാണത് ” സംഭാഷണം തുടങ്ങുമ്പോള്‍ തന്നെ ഇതെങ്ങോട്ടാണ് പോകുന്നതെന്ന് അറിയാവുന്നതിനാല്‍ അവരെ അവഗണിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ മനുഷ്യന്.അയാള്‍ക്കിത് ആദ്യത്തെ അനുഭവമായിരുന്നില്ല.പക്ഷെ അന്നയാള്ക്കത് അവഗണിക്കാന്‍ കഴിഞ്ഞില്ല.തകര്‍ന്ന ഹ്ര്യദയത്തോടെ തിരിഞ്ഞാ കുട്ടിയെ നോക്കുമ്പോള്‍ അയാള്‍ക്ക് ഉറപ്പായിരുന്നു തനിക്കിതില്‍ നിന്നും മോചനമില്ലെന്ന്.ആ കളിയെ പറ്റി കേട്ടിട്ട് പോലുമില്ലാത്ത ഒരു കുട്ടി.തലമുറയില്‍ നിന്നും തലമുറയിലേക്ക് ആ വിദ്വേഷവും വെറുപ്പും പടര്‍ത്തുകയാണ് ആ അമ്മ എന്നയാള്‍ക്ക് അറിയാമായിരുന്നു.അയാളെ തിരിച്ചറിയണമെങ്കില്‍ കാലചക്രം 1950 ലേക്ക് തിരിച്ചു വക്കണം.അവിടെ കാനറിപ്പട സ്വന്തം നാട്ടില്‍ കാല്‍പ്പന്തുകളിയില്‍ ലോകത്തിന്റെ നെറുകയില്‍ സ്വയം സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് .അതിഭാവുകത്വം നിറഞ്ഞ ഒരു തുടക്കമാണ് എന്നറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ,അയാളുടെ കഥ ഇങ്ങനെയല്ലാതെ പറയാന്‍ കഴിയില്ല എന്നതാണ് സത്യം.
നമ്മുടെ കഥാനായകന് ചക് ദേ ഇന്ത്യയില്‍ ഷാരൂഖ് ഖാന് അവതരിപ്പിച്ച കബീര്‍ ഖാനുമായുള്ള സാമ്യം അവിടെ തീരുന്നു.കബീര്‍ ഖാന് അവസാനം ഒരു മോചനമുണ്ട് ,തിരക്കഥ എഴുതിയയാളുടെ കാരുണ്യത്തില്‍ ലഭിച്ച ഒരു മോചനം .അല്ലെങ്കില്‍ എന്തിനാണ് കബീര്‍ ഖാനെ തേടി പോകുന്നത്.പോകേണ്ടത് മിര്‍ രഞ്ജന്‍ നേഗിയെ തേടിയല്ലേ.കബീര്‍ ഖാന് പിറവിയെടുക്കുന്നത് മിര്‍ രഞ്ജന്‍ നെഗിയില് നിന്നാണ്.1982 ലെ ഏഷ്യന്‍ ഗെയിംസ് ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെതിരെ 7 ഗോള്‍ വഴങ്ങിയ രഞ്ജന്‍ നേഗി .പാകിസ്താന് ചാരനെന്ന് വരെ വിളിക്കപ്പെട്ട നേഗി ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും മാത്രമല്ല ,തന്റെ സാധാരണ ജീവിതത്തില്‍ നിന്നു വരെ ബഹിഷ് ക്ര്യതനാക്കപ്പെട്ടു.ഏഴു ഗോള്‍ പാളിപ്പോയ പ്രതിരോധത്തിന്റെ സംഭാവനയായിരുന്നു എന്നത് മറച്ചു വക്കപ്പെട്ടു .ക്രൂരമായ മാധ്യമ വിചാരണക്ക് വിധേയനാക്കപ്പെട്ട അയാള്‍ അന്ന് മുതല്‍ പോയിടത്തെല്ലാം വേട്ടയാടപ്പെട്ടു .അയാളുടെ പേരിലെ മിര്‍ എന്ന വാക്കിനു മുസ്ലിം ബന്ധമുണ്ടോ എന്ന് വരെ അന്വോഷിച്ചു നടന്നവരും മത്സര ദിവസം അയാള്‍ പാക്കിസ്ഥാന് ഹൈക്കമ്മീഷന് ഓഫീസില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടെന്നു വരെ പറഞ്ഞു പരത്തിയവരും രഞ്ജന്‍ നേഗിയുടെ ജീവിതം ദുരിത പൂര്‍ണമാക്കിയിരുന്നു . നെഗിക്ക് പക്ഷെ ഒരു തിരിച്ചു വരവുണ്ടായിരുന്നു.16 കൊല്ലത്തിനു ശേഷം അയാള്‍ 98 ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പിംഗ് കോച്ചായി തിരിച്ചു വന്നു..മോയിസര് ബര്‍ബോസ ,അതാണ് നമ്മുടെ കഥാനായകന്റെ പേര്.ദുരന്തനായകന് എന്ന് വിളിച്ചാല്‍ പോലും അതൊരു തീക്ഷ്ണത കുറഞ്ഞ വിശേഷണമായി പോകും.മോചനമില്ലാതെ ജീവിതകാലം മുഴുവനും അലഞ്ഞു നടന്ന ബാര്‍ബോസക്ക് സാമ്യം മഹാഭാരതത്തിലെ അശ്വത്ഥാമാവുമായാണ്.വ്യത്യാസം ഇത്ര മാത്രം ,ചെയ്യാത്ത തെറ്റിന്റെ ശാപഭാരം പേറിയാണ് ബര്‍ബോസ അലഞ്ഞത്. പൊട്ടിയൊലിച്ചു കൊണ്ടിരുന്ന വ്രണങ്ങളില്‍ ഇടക്കിടക്ക് ഉപ്പും മുളകും തേച്ചു കൊണ്ടവര്‍ മോചനമില്ലാത്തവനായി അയാളെ അലയാന്‍ പറഞ്ഞു വിട്ടപ്പോള്‍ ഫുട് ബോള്‍ മഹാന്മാരുടെ വാഴ്ത്തുപാട്ടുകളുടെ മാത്രം കഥയല്ല എന്നോര്മ്മിപ്പിക്കപ്പെടുകയാണ് ..
പ്രധാന സംഭവത്തിലേക്ക് വരാം .1950 ലോകകപ്പ് .ലോകരാജ്യങ്ങള്‍ മുഖം തിരിച്ചു നിന്ന ആ ടൂര്‍ണമെന്റില്‍ 1950 മേയ് 22 നു നടന്ന ഡ്രോക്ക് ശേഷം ഗ്രൂപ്പുകളിലേക്ക് നോക്കുമ്പോള്‍ പങ്കെടുക്കുന്ന 15 ടീമുകളുടെ ലിസ്റ്റില്‍ ഇന്ത്യയുണ്ട്.ഗ്രൂപ്പ് മൂന്നില്‍ ഇറ്റലിയോടും സ്വീഡനോടും പരാഗ്വേയോടും ഒപ്പം നമ്മുടെ സ്വന്തം ഇന്ത്യ ,ശൈലെന്‍ മന്നയുടെ ഇന്ത്യന്‍ ടീം.. യാത്രാച്ചിലവിന്റെയും മറ്റും വിചിത്ര കാരണങ്ങള്‍ നിരത്തി ഒടുവില്‍ നമ്മള് പിന്മാറിയ ടൂര്‍ണമെന്റ്. ,ഒരു പക്ഷെ ഇന്ത്യന്‍ ഫുട് ബോളിന്റെ തലവിധി തന്നെ മാറ്റിയ തീരുമാനം . അവസാനം 13 രാജ്യങ്ങള്‍ മാത്രം പങ്കെടുത്ത ആ ലോകകപ്പിനോട് മറ്റു രാജ്യങ്ങള്‍ പുറം തിരിഞ്ഞു നിന്നെങ്കിലും ബ്രസീലുകാര്‍ക്ക് അതൊരു സ്വപ്നമായിരുന്നു.യൂള്‍സ് റിമെ ട്രോഫി ആഘോഷിക്കാന്‍ വേണ്ടിയാണ് മാരക്കാന സ്റ്റെഡിയം തന്നെ പണിതുയര്‍ത്തിയിരുന്നത് .ബ്രസീലിനു ഉറുഗ്വെക്കെതിരെ ഒരു സമനില മാത്രം മതിയായിരുന്നു ലോകകപ്പ് ഉയര്‍ത്താന്‍.ബ്രസീലുകാര്‍ ആഘോഷം തുടങ്ങിയിരുന്നു.തലേ ദിവസം തന്നെ സാവോപോളോയിലെ പ്രശസ്തമായ ഒരു പത്രം ബ്രസീല്‍ ടീമിന്റെ ഫോട്ടോ ലോകചാമ്പ്യന്മാര് എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്നു.ജേതാക്കളെ റിയോ നഗരം വലം വപ്പിക്കാനുള്ള കാര്‍ണിവല്‍ ഫ്ലോട്ട് റെഡിയായിരുന്നു..വിജയം ആഘോഷിച്ചു കൊണ്ടുള്ള എണ്ണമറ്റ ടീ ഷര്‍ട്ടുകള്‍ പ്രിന്റ് ചെയ്യപ്പെട്ടിരുന്നു.ഫ്രഞ്ചുകാരന് യൂള്‍സ് റിമെ ബ്രസീലിനെ പ്രശംസിച്ചു കൊണ്ടുള്ള പ്രസംഗം വരെ തയ്യാറാക്കിയിരുന്നു.വരേല എന്ന ഉറുഗ്വേയുടെ ക്യാപ്റ്റന്‍ മാത്രം ഇതൊക്കെ കണ്ടു അത്ര ശാന്തനായിരുന്നില്ല.ഈ പത്രം കണ്ടതോടെ നിയന്ത്രണം പോയ അദ്ദേഹം പത്രത്തിന്റെ കിട്ടാവുന്ന കോപ്പികള്‍ എല്ലാം വാങ്ങി ടോയ് ലറ്റിലിട്ടു അതിന്റെ മേല്‍ യൂറിനെറ്റ് ചെയ്താണ് കലിയടക്കിയത്.തന്റെ ടീമംഗങ്ങളെ കൊണ്ടത് ചെയ്യിക്കുകയും ചെയ്തു.എഴുതി തള്ളപ്പെടുന്ന ഓരോ ദുര്‍ബലര്‍ക്കും വേണ്ടിയുള്ള ഒരു സന്ദേശമായിരുന്നു അതെന്നു വേണമെങ്കില്‍ പറയാം .ഒരിക്കലും പോരാട്ടം നിര്‍ത്തരുത് .
1950 ജൂലൈ 16 .ഏകദേശം രണ്ടു ലക്ഷത്തോളം കാണികള്‍ തിങ്ങി നിറഞ്ഞ മറക്കാന .1950 ലെ ലോകകപ്പിന് ആതിഥേയത്വം നേടിയപ്പോള്‍ ബ്രസീല്‍ എടുത്ത തീരുമാനമായിരുന്നു ഒരു പുതിയ സ്റ്റേഡിയ നിര്‍മാണം .ഏകദേശം രണ്ടു കൊല്ലം കൊണ്ട് പണി പൂര്‍ത്തിയായില്ലെങ്കില്‍ പോലും ഫിഫയുടെ അനുമതിയോടെ അവരതില്‍ ലോകകപ്പിനെ വരവേറ്റു.അന്ന് നാല് ടീമുകള്‍ ഉള്‍പ്പെട്ട റൌണ്ട് റോബിന് ലീഗിലെ അവസാന മത്സരമാണ് നടക്കുന്നത് .ഗോള്‍ വ്യത്യാസത്തിലും മുന്നിലായിരുന്നത് കൊണ്ട് ഒരു സമനില മാത്രം മതിയായിരുന്നു ബ്രസീലിനു കിരീടം ഉറപ്പിക്കാന്‍.ആദ്യ ഗോള്‍ ബ്രസീലിന്റെ വകയായിരുന്നു.ഉറുഗ്വെ ആ ഗോള്‍ മടക്കിയത് ഒരു സൂചനയായിരുന്നു.വിംഗിലൂടെ കുതിച്ചു വന്ന ഗിഗ്ഗിയ ബോക്സില്‍ കയറിയിട്ട് ഗോള്‍ പോസ്റ്റിനു സമാന്തരമായി ഓടി വന്ന ഷിയാഗ്ഗിനോക്ക് മറിക്കുന്നു .ചിയാഗ്ഗിനോയുടെ ഷോട്ട് വലയില്‍.79ആം മിനുട്ടില്‍ ഒരിക്കല്‍ കൂടെ ഗിഗ്ഗിയ വിംഗിലൂടെ കുതിച്ചു വരുന്നു. ചിയാഗ്ഗിനോ ഗോള്‍മുഖത്ത് കുതിച്ചെത്തുന്നു.ബാര്‍ബോസ എന്നും വലക്ക് മുന്നിലെ പൊസിഷനിംഗിനേക്കാള് തന്റെ instinct നെ ആശ്രയിച്ചിരുന്ന ഗോളിയായിരുന്നു.പതിവ് പോലെ ചിയാഗ്ഗിനോക്ക് ഒരു പാസ് പ്രതീക്ഷിച്ചു കൊണ്ട് ബാര്‍ബോസ തന്റെ ഇടതു വശം അവഗണിച്ചു കൊണ്ട് വലതു വശത്തേക്ക് നീങ്ങുന്നു .പാസ് കൊടുക്കുന്നതിനു പകരം ഗിഗ്ഗിയ ഷൂട്ട് ചെയ്യുന്നു.അബദ്ധം മനസ്സിലാക്കി ബാര്‍ബോസ ഇടതു വശത്തേക്ക് ഡൈവ് ചെയ്തെങ്കിലും പന്ത് വലയില്‍ കയറിയിരുന്നു. ബ്രസീല്‍ സമയം 4.33 P.M .79 കൊല്ലം നീണ്ടു നിന്ന ബര്‍ബോസയുടെ ജീവിത ചക്രത്തിലെ ഏറ്റവും മോശം നിമിഷമായിരുന്നു അത്.”Only three people have, with just one motion, silenced the Maracanã: Frank Sinatra, Pope John Paul II and me.”ഗിഗ്ഗിയയുടെ പ്രശസ്തമായ വാക്കുകള്‍ക്ക് അടിസ്ഥാനമായ ഗോള്‍. Maracanazo എന്ന പദം ചരിത്രത്തില്‍ ഇടം പിടിച്ചു.മറക്കാനയിലെ ആഘാതം എന്നാണു വിവക്ഷ. സാവോപോളോയിലെയും റിയോയിലെയും പത്രങ്ങള്‍ ഒരു ബലിയാടിനെ തിരയുകയായിരുന്നു.ഏറ്റവും എളുപ്പമുള്ളതിനെ അവര്‍ക്ക് എളുപ്പത്തില്‍ ലഭിച്ചു.കറുത്തവനായ ഗോളി.പത്രങ്ങളിലെ വിമര്‍ശന കോളങ്ങള്‍ പെട്ടെന്ന് തന്നെ ഒരു പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ഇടയാക്കി.അവര്‍ക്കും വേണ്ടത് ഒരു ബലിയാടിനെ തന്നെയായിരുന്നു.തന്റെ വീട് കത്തിക്കാനുള്ള നീക്കം അറിഞ്ഞു ബാര്‍ബോസ ജീവനും കൊണ്ട് ഭാര്യയേയും കൂട്ടി രക്ഷപ്പെട്ടു.പ്രായമേറുന്തോറും അയാള്‍ ഒരു ഈസി ടാര്‍ഗറ്റ് ആയി മാറികൊണ്ടിരുന്നു.നല്ലപ്രായത്തില്‍ അയാളുടെ നേരെ നിന്നയാളെ അധിക്ഷേപിക്കാന്‍ മടിച്ചിരുന്നവര്‍ പോലും മധ്യവയസ്സു പിന്നിട്ട ബര്‍ബോസയെ ആക്രമിക്കാന്‍ ആരംഭിച്ചതോടെ പലായനം മാത്രമായിരുന്നു രക്ഷാമാര്‍ഗം.1963ല്‍ താനന്ന് കാവല്‍ നിന്ന ഗോള്‍ പോസ്റ്റ് ബാര്‍ബോസക്ക് സമ്മാനമായി ലഭിച്ചു.അയാളത് വീട്ടില്‍ കൊണ്ട് പോയി കത്തിക്കുകയും ചെയ്തു.ഒരു തരം എക്സോര്‍സിസം പോലെ. ദുര്‍വിധി പക്ഷെ വിട്ടോഴിഞ്ഞതുമില്ല.തിരിച്ചറിയപ്പെടാതിരിക്കാനുള്ള പലായനം തുടര്‍ന്ന് കൊണ്ടേയിരുന്നു.1994ലാണ് അയാളും ഭാര്യയും ഒരു ചെറിയ ടൌണില്‍ സെറ്റിലാകുന്നത്. അധികം വൈകാതെ ഭാര്യയുടെ മരണം അയാളെ കൂടുതല്‍ തളര്‍ത്തിയിരുന്നു.ജീവിതത്തിലെ അവസാനത്തെ 6 വര്‍ഷങ്ങള്‍ ബര്‍ബോസ അവിടെ ജീവിച്ചു തീര്‍ത്തു.
പിന്നീട് 1958ലും 62 ലും ബ്രസീല്‍ ലോകകപ്പ് നേടിയിരുന്നു .പെലെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി ,കറുത്ത വര്‍ഗക്കാരുടെ അഭിമാനമായി ഉയര്‍ന്നു നിന്നു.ബാര്‍ബോസക്ക് ആശ്വാസമാകും എന്ന് കരുതിയ ഈ വിജയങ്ങള്‍ പക്ഷെ 50 ലെ ദുരന്തത്തിന്റെ ആക്കം കൂട്ടുകയാണ് ചെയ്തത്.1950 എന്ന വര്‍ഷം ബ്രസീലുകാരന്റെ സംസാര വിഷയമാകുമ്പോള്‍ ബര്‍ബോസ ഒരു ദുര്‍നിമിത്തം പോലെ തന്നെ പരാമര്‍ശിക്കപ്പെട്ടു കൊണ്ടിരുന്നു. ബാര്‍ബോസ ജീവിതകാലം മുഴുവന്‍ ആയൊരു നിമിഷത്തെ കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്നു.ഗിഗ്ഗിന്‍സ് ആ പന്ത് പാസ് ചെയ്തിരുന്നെങ്കില്‍ ?തന്റെ കണക്കുകൂട്ടല്‍ ശരിയായിരുന്നെങ്കില്‍ ബ്രസീലിനു ആദ്യമായി ലോകകപ്പ് നേടിക്കൊടുത്തവന് എന്ന ജീവിതകാലം മുഴുവനും ഫുട്ബോള്‍ ഉള്ള കാലത്തോളം നില നില്ക്കുന്ന ഒരു നേട്ടത്തിന്റെ പ്രധാന ഭാഗമാകുമായിരുന്നു അയാള്‍ .1994 ലെ ബ്രസീല്‍ ലോകകപ്പ് ടീമിന്റെ പരിശീലനം കാണാന്‍ ബാര്‍ബോസ എത്തിയിരുന്നു .അന്നത്തെ ഗോളി ക്ലോഡിയോ ടഫറെലുമായി സംസാരിക്കാനുള്ള ആഗ്രഹത്തോടെ. അന്നത്തെ അസിസ്റ്റന്റ് കോച്ച് മരിയോ സഗാലോയുടെ നിര്‍ദ്ദേശ പ്രകാരം ബാര്‍ബോസക്ക് അകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.തലകുനിച്ചു അപമാനിതനായി മടങ്ങുമ്പോള്‍ ആ ശാപം അയാളുടെ തലയില്‍ പതിച്ചിട്ട് 44 വയസ്സ് തികഞ്ഞിരുന്നു
രണ്ടായിരാമാണ്ടില്‍ മരണത്തോട് അടുത്തു കൊണ്ടിരുന്ന നാളുകളില്‍ അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു തന്നെ പൊതിഞ്ഞു നില്ക്കുന്ന കാര്‍മേഘപടലങ്ങള്‍ അകന്നു പോയിക്കാണണമെന്ന്.അതൊരു നടക്കാത്ത ആഗ്രഹമാണെന്ന് മനസ്സിലാക്കിയപ്പോള്‍ അയാള്‍ കുറ്റവും ശിക്ഷയും തമ്മിലുള്ള നീതികരിക്കാനാകാത്ത അകലത്തെ കുറിച്ച് ചിന്തിച്ചിരുന്നു.ഒരു കുറ്റത്തിനുള്ള എന്റെ നാട്ടിലെ പരമാവധി ശിക്ഷ 30 കൊല്ലമാണെന്നിരിക്കെ എന്തിനാണവര്‍ എന്നെ ചെയ്യാത്ത കുറ്റത്തിന് 50 കൊല്ലമായി ശിക്ഷിക്കുന്നതെന്ന ചോദ്യം അയാള്‍ നല്കിയ അവസാനത്തെ അഭിമുഖത്തില്‍ ചോദിച്ചു പോയിരുന്നു.മറുപടി കിട്ടിയില്ല.അതിനു വേണ്ടി കാത്തു നില്‍ക്കാതെ അയാള്‍ കടന്നു പോകുകയും ചെയ്തു. .ബ്രസീല്‍ ജനത അതുപോലെ ഒരു ലോകകപ്പും ആഗ്രഹിചിട്ടുണ്ടാകില്ല എന്നതാണ് ബര്‍ബോസയുടെ നാശത്തിന്റെ പിന്നിലെ പ്രധാന കാരണം.വംശീയത ആഴത്തില്‍ വേരൂന്നിയിരുന്ന ആ കാലഘട്ടവും അയാള്‍ക്ക് ഈ വിധി സമ്മാനിക്കുന്നതില്‍ ഒരു പങ്കു വഹിച്ചിരുന്നു.തൊലി കറുത്തവനോടുള്ള പുച്ഛവും അവഗണനയും അന്നുമുണ്ട്,ഇന്നുമുണ്ട്.2014 ജൂലൈ 8 നു ബെലെ ഡി ഹോറിസോണ്ടയിലെ ആ കറുത്ത രാത്രിയില്‍ ലോകത്തിനു മുന്നില്‍ ജര്മനിയാല് അപമാനിക്കപ്പെട്ട ബ്രസീല്‍ ടീം പോലും ഇതുപോലെ വേട്ടയാടപ്പെടുന്നില്ല.ന്യായമായും ബര്‍ബോസയുടെ ആത്മാവിനു വിലപിക്കാവുന്നതാണ്. അയാളുടെ മരണശേഷം പോലും അയാളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷനോ ആരാധകരോ തയ്യാറായില്ല എന്നതാണ് യഥാര്‍ത്ഥ ദുരന്തം.ജനിച്ചതിനു ശേഷം രണ്ടു തവണ മരിക്കേണ്ടി വന്ന മനുഷ്യന് സഹതാപ വാക്കുകള്‍ കൊണ്ട് നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടില്ലയെങ്കില് പോലും ബര്‍ബോസ ഒരു തിരുത്ത് അര്‍ഹിച്ചിരുന്നു.
ഫുട്ബോള്‍ വെറുമൊരു ഗെയിമല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. ദേശീയതകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കളിയാണത്.വൈകാരികമായി ജനതകളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുള്ള കളി. ചിലപ്പോള്‍ ഫുട്ബോള്‍ വിദ്വേഷത്തിന്റെ കളി കൂടിയാണ്,മൈതാനങ്ങളില്‍,ഗാലറികളില്‍ മുഴങ്ങുന്ന വംശീയ അധിക്ഷേപങ്ങളും വെറുപ്പിന്റെ സ്വരങ്ങളും അവഗണിക്കാന്‍ കഴിയില്ല .ഇതെല്ലാം കൂടിക്കലര്‍ന്നു ഫുട്ബോള്‍ ഒഴുകുകയാണ്,ലോകകപ്പുകളിലൂടെ ,യൂറോ കപ്പുകളിലൂടെ ,കോപ്പ അമേരിക്കയിലൂടെ ,ലീഗുകളിലൂടെ .ലോകം ഒരൊറ്റ പന്തിലെക്ക് ചുരുങ്ങുന്ന മാമാങ്കങ്ങളില്‍ പെലെയും മാരഡോണയും ,ക്രൈഫും ,സിദാനും ,മെസ്സിയും ,റൊണാള്‍ഡോയും പ്രതിഭയുടെ ബലത്തില്‍ ആഘോഷിക്കപ്പെട്ടവരാണ്.ജോര്‍ജ് ബസ്റ്റിനെ പോലെ ,ഗാസയെ പോലെ പ്രതിഭയുണ്ടായിട്ടും ആഘോഷിക്കപ്പെടാതെ പോയവരും പ്രതിഭയോട് നീതി പുലര്‍ത്താതെ പ്രതിഭ ധൂര്‍ത്തടിച്ചു കളഞ്ഞവരും വേറെയുണ്ട്.ബര്‍ബോസ നമ്മള് നെഞ്ചിലേറ്റുന്ന ഈ ഗെയിമിന്റെ മറ്റൊരു മുഖത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് .അവഗണിക്കാനാണ് നമുക്ക് താല്പര്യം .നമുക്ക് വെള്ളിവെളിച്ചത്തിലേക്ക് നീങ്ങാം .മെസ്സിയുടെ പ്രതിഭയില്‍ അഭിരമിക്കാം ,റൊണാള്‍ഡോയുടെ ഗോള്‍ സ്കോറിംഗ് മികവിനെ ആരാധിക്കാം .ചരിത്രത്തിന്റെ താളുകള്‍ ഇടക്ക് മറിച്ചു നോക്കുമ്പോള്‍ കാണുന്ന ബര്ബോസമാരുടെ കഥകളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടിരിക്കാം .മരണത്തിനു ശേഷവും മോയസിര് ബാര്‍ബോസ ചരിത്രമുറങ്ങുന്ന മറക്കാനയില്‍ ഗതി കിട്ടാതെ അലയുന്നതിന്നിടയില് പിറുപിറുത്തു കൊണ്ടിരിക്കുകയാണ്.”ഞാന്‍ തെറ്റുകാരനായിരുന്നില്ല ,അവിടെ ഞങ്ങള്‍ 11 പേരുണ്ടായിരുന്നു ….”
- ഞാന്‍ തെറ്റുകാരനായിരുന്നില്ല ,അവിടെ ഞങ്ങള്‍ 11 പേരുണ്ടായിരുന്നു … - July 29, 2016
- ഒരിറ്റ് കണ്ണീരോട് അല്ലാതെ ആ നിമിഷം ഓർമ്മയിൽ വരില്ലാ……….. - July 20, 2016
- ബ്രയാൻ ലാറ-ട്രിനിനാഡിൻെറ രാജകുമാരൻ…. - May 2, 2016
- വെസ്റ്റ്ഇന്‍ഡീസിനെ കണ്ടു പഠിക്കാം .. - April 5, 2016
- അബ്ദുല്‍ റസാഖ് മടങ്ങുമ്പോള്‍ - February 6, 2016