ഇന്ത്യൻ ഫുട്ബോളിലെ നാഗചൈതന്യം നിങ്ങളുടെ പേരിന്റെ അർത്ഥമെന്താണ്?

0

ഇന്ത്യൻ ഫുട്ബോളിലെ നാഗചൈതന്യം

നിങ്ങളുടെ പേരിന്റെ അർത്ഥമെന്താണ്?

ഈ ചോദ്യം നാഗാലാൻഡുകാരനായ “ഇന്ത്യനോബാ”യോടു ചോദിച്ചാൽ അദ്ദേഹം പറയും ഇന്ത്യയെ നയിച്ചവൻ എന്ന്. ആ പേരിനും വിശേഷണത്തിനും അദ്ദേഹം കടപ്പെട്ടിരിക്കുന്നത് തന്റെ പിതാവായ “സുബോങ്വാദി ടാലിമേറാൻ നിഗദൻഗ്രി ആവോ” എന്ന ടാലിമേറാൻ ആവോയോടാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദേശീയ ഫുട്ബോൾ ടീം നായകനായിരുന്നു അദ്ദേഹം, മറ്റൊരു മഹത്തായ വിശേഷണം കൂടിയുണ്ട് അദ്ദേഹത്തിനു, ലോക കായിക മാമാങ്കമായ ഒളിംപിക്സിൽ ആദ്യമായി സ്വതന്ത്ര ഇന്ത്യയുടെ ത്രിവര്ണപതാകയും കൈയിലേന്തി ഇന്ത്യൻ സംഘത്തെ നയിച്ചവൻ !!!.

നാഗാലാൻഡിലെ ഒരു പുരോഹിതനായിരുന്ന സുബോൻഗ്വാദിയുടെയും പത്നി മാവോസംഗ്ല ചങ്കിലരിയുടെയും പന്ത്രണ്ടു മക്കളിൽ നാലാമനായി പിറന്ന ടാലിമേറാൻ ഫുട്ബോളിനേ സ്നേഹിച്ചുതുടങ്ങിയത് ഒട്ടും യാദൃശ്ചികമായായിരുന്നില്ല. മാതൃകയാക്കാൻ നാഗാലാൻഡിൽ നിന്നും ഒരു ഫുട്ബോൾ താരവും അവനുമുന്നിലില്ലാതിരുന്നിട്ടും അവന്റെ ബാല്യം ആ പന്തിനുള്ളിൽ നിറഞ്ഞുനിന്ന വായുവിനെ ശ്വസിച്ചു. തന്റെ സഹോദരങ്ങളെയും കൂട്ടി കീറിയ വസ്ത്രശകലങ്ങളും ചണവും ചേർത്തുകെട്ടിയ പന്തുമായി കളിക്കാനിറങ്ങിയ കാലം മുതൽക്കേ കളിയെ നെഞ്ചോടു ചേർത്തിരുന്നു അവൻ. നാഗാലാൻഡിലെ ജോഹാർട് സ്കൂളിൽ പഠിക്കുമ്പോളാണ് അവൻ ആദ്യമായൊരു ഫുട്ബോൾ ടീമിൽ കളിച്ചത്. പിന്നീട് ഗുവാഹത്തിയിലെ കോട്ടൺ കോളേജിൽ ചേർന്നപ്പോൾ തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ പരിശീലനം നടത്തിയിരുന്ന മഹാറാണി ക്ലബ്ബിനൊപ്പം ചേർന്നു പരിശീലനം നടത്തുവാനും അവനു സാധിച്ചു. അവന്റെ പ്രകടനം കണ്ട ക്ലബ്ബുകാർ ടാലിമേറാനേ തങ്ങളുടെ സംഘത്തിൽ ചേർത്തു.

കോട്ടൺ കോളേജിൽ മുന്നേറ്റനിരയിൽ കളിച്ചിരുന്ന ടാലിമേറാൻ മഹാറാണി ക്ലബ്ബിലെത്തിയതോടെ പ്രതിരോധനിരയിലേക്കു ചുവടുമാറ്റി. പക്ഷേ മഹാറാണിയിലെ ടാലിമേറാന്റെ കരിയറിനു അധികം ആയുസ്സുണ്ടായിരുന്നില്ല. മകനെ ഒരു ഡോക്ടറാക്കണമെന്നുള്ള തന്റെ അച്ഛന്റെ ആഗ്രഹം സാധിക്കാനായി ടാലിമേറാൻ കൊൽക്കൊത്തയിലേക്കു വണ്ടി കയറി അവിടെ വൈദ്യശാസ്ത്രത്തിൽ ബിരുദപഠനം ആരംഭിച്ചു.

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നുവെങ്കിലും കാല്പന്തുകളിയോടുള്ള ആവേശം അവനിൽ ഒരു കനലായി നീറിക്കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ യാദൃശ്ചികമായി അവൻ തന്റെ സുഹൃത്തും പഴയ മഹാറാണി സഹതാരവുമായിരുന്ന. ശരത് ദാസിനെ കണ്ടുമുട്ടി. ബഗാൻ താരമായിരുന്ന ശരത് വഴി മോഹൻ ബഗാനിലെത്തിയ ടാലിമേറാൻ ബഗാൻ പ്രതിരോധത്തിന്റെ അവസാന വാക്കായ ശൈലൻ മന്നയോടൊപ്പം കൂട്ടുചേർന്നു മികച്ച പ്രകടനങ്ങൾ നടത്തുവാൻ തുടങ്ങി. വൈകാതെ തന്നെ ബഗാൻ നായകനായി നിയോഗിതനായ ടാലിമേറാനേ 1948 ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനായും തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ മാനിച്ച കോളജ് ടാലിമേറാന് ഒളിമ്പിക്സിൽ പങ്കെടുക്കാനായി ഒരു വർഷത്തെ അവധിയും അനുവദിച്ചു നൽകി.

പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ലണ്ടനിലെത്തിയ ഇന്ത്യൻ ടീമിന്റെ കരുത്ത് ശൈലൻ മന്നയും ടാലിമേറാനും ചേർന്നു നയിച്ചിരുന്ന പ്രതിരോധനിരയായിരുന്നു. ആദ്യ മത്സരത്തിൽ നഗ്നപാദരായി കളിച്ച ഇന്ത്യയെ തോല്പിക്കാൻ കരുത്തരായ ഫ്രാൻസിന് നന്നായി വിയർക്കേണ്ടി വന്നു. 89ആം മിനുട്ടിൽ നേടിയ ഗോളിനു ഫ്രാൻസ് വിജയിച്ചുവെങ്കിലും കളിയിലുടനീളം മികവു പുലർത്തിയത് ഇന്ത്യയായിരുന്നു. മത്സരത്തിൽ ഇന്ത്യക്കനുകൂലമായി ലഭിച്ച രണ്ടു പെനാൽറ്റികൾ ലക്ഷ്യം കണ്ടിരുന്നുവെങ്കിൽ ഒരുപക്ഷെ മത്സരഫലം തന്നെ മറ്റൊന്നായേനേ. ഒളിംപിക്സിനു ശേഷം ഹോളണ്ടിൽ പര്യടനം നടത്തിയ ടാലിമേറാനും സംഘവും അവിടെവച്ചു ഹോളണ്ടിലെ പ്രബല ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാമിനേ 5-2 നു തകർത്തു. പിന്നീട് ഇംഗ്ലണ്ടിലും പര്യടനം നടത്തിയ ടീം ഒരു മത്സരത്തിൽ പോലും പരാജയം രുചിച്ചില്ല. ഈ പ്രകടനങ്ങളെ തുടർന്നു ആർസെനൽ ക്ലബ്ബിൽ നിന്നും ടാലിമേറാനു ഓഫർ വന്നെങ്കിലും പഠനം പൂർത്തീകരിക്കാൻ താല്പര്യപ്പെട്ട അദ്ദേഹം അതു നിരസിച്ചു.

തിരികെ ഇന്ത്യയിലെത്തിയ ടാലിമേറാൻ ബഗാന് വേണ്ടി കളിക്കവെ തന്റെ ബിരുദപഠനവും പൂർത്തിയാക്കി. ഇതോടെ കൊൽക്കത്തയോടും ബഗാനോടും വിട പറഞ്ഞ അദ്ദേഹം ആസ്സാമിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. ഫുട്ബോളിൽ ബൂട്ടു ധരിച്ചു മാത്രം പങ്കെടുക്കണമെന്ന് നിയമം നിലവിൽ വന്നതും ഒരുപക്ഷെ ഫുട്ബോളിൽ നിന്നും വിട്ടുനിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. കാരണം ഒളിംപിക്സിനു ശേഷം ബൂട്ടു ധരിക്കാത്തതെന്തേയെന്നുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം അഭിപ്രായപ്പെട്ടത് “ഞങ്ങൾ കളിച്ചത് ഫുട്ബോളാണ് ബൂട്ട് ബോളല്ല” എന്നായിരുന്നു. 1963ൽ നാഗാലാ‌ൻഡ് സംസ്ഥാനരൂപീകരണ ശേഷം സംസ്ഥാന ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഡയറക്ടർ സ്ഥാനത്തു നിയമിതനായ അദ്ദേഹം 1978ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.

തന്റെ സമൂഹമായ നാഗന്മാർക്കു വേണ്ടി പൂർണമായും അർപ്പിച്ചൊരു ജീവിതമായിരുന്നു ടാലിമേറന്റേതു. മികച്ച പ്രതിഫലവും പ്രാക്ടീസ് ചെയ്യാനുള്ള അവസരവും വാഗ്ദാനം ചെയ്തുള്ള മോഹൻ ബഗാന്റെ ക്ഷണം നിരസിക്കാൻ അദ്ദേഹത്തിനു രണ്ടാമതൊന്നാലോചിക്കേണ്ടി വരാതിരുന്നതും അതുകൊണ്ടാണ്. പക്ഷേ നാഗാലാൻഡുകാരെക്കാൾ ടാലിമേറന്റെ ഫുട്ബോൾ പ്രതിഭയെ ആഘോഷിച്ചത് മോഹൻ ബഗാനും കൽകട്ടയുമായിരുന്നു. 2002ൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി മോഹൻ ബഗാൻ രത്ന പുരസ്‌കാരം നൽകപ്പെട്ടത് ടെലിമെറനായിരുന്നു. ആസ്സാമിലാകട്ടെ കല്യാബോറിലെ ഔട്ഡോർ സ്റ്റേഡിയവും കോട്ടൺ കോളേജിലെ ഇൻഡോർ സ്റ്റേഡിയവും അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തിട്ടുണ്ട്. നാഗാലാൻഡിൽ നടക്കുന്ന സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ടാലിമെറന്റെ ജന്മശതാബ്‌ദിയാഘോഷിച്ച 2018ൽ തപാൽ വകുപ്പ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്തു പോസ്റ്റൽ സ്റ്റാമ്പ്‌ പുറത്തിറക്കി.

ജീവിതത്തിലും കായികരംഗത്തും ഒരുപോലെ വിജയിച്ച ടാലിമേറന്റെ ഒരേയൊരു ദുഃഖം ഫ്രാൻസിനെതിരെ രുചിച്ച പരാജയമായിരുന്നു. 1998ൽ തന്റെ എൺപതാം വയസ്സിൽ ലോകത്തോട് വിട പറയുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ പൂർത്തീകരിക്കപ്പെടാതെകിടന്ന ഒരേയൊരു സ്വപ്നവും ഒരുപക്ഷെ അതു മാത്രമായിരിക്കാം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഫുട്ബോൾ ടീം നായകന്റെ സ്വപ്നം പൂർത്തീകരിക്കാൻ എന്നെങ്കിലും നമുക്കാകുമോ ?

കാത്തിരിക്കാം നമുക്ക് അദ്ദേഹത്തിന്റെ ആത്മാവിനൊപ്പം, ആ നല്ല നാളുകൾക്കായി…

Share.

Comments are closed.