പെനൽറ്റി കോര്‍ണറിലെ അസ്തമിച്ച പ്രതീക്ഷകൾ……….ജുഗ്‌രാജ്‌ സിംഗ്‌

2

ഹോക്കി ഫീൽഡിൽ ഏറ്റവും പ്രധാനപ്പെട്ട റോൾ വഹിക്കുന്ന ഒന്നാണ് പെനാൽറ്റി കോർണർ.
മിക്കപ്പോഴും കളിയുടെ റിസൾട്ടിനെ തന്നെ കാര്യമായി സ്വാധീനിക്കാൻ പെനാൽറ്റി കോർണറുകൾക്കാകാറുണ്ട്.
ലഭിക്കുന്ന പെനാൽറ്റി കോർണറുകൾ മുതലെടുക്കാനായാൽ ഹോക്കിയിൽ ടീമിന്റെ വിജയം സുനിശ്ചിതമാണ്.
പക്ഷെ ഫീൽഡിൽ എത്ര മികച്ചവൻ ആയിരുന്നാലും പെനാൽറ്റി കോര്ണറുകൾ ലക്ഷ്യത്തിലെത്തിക്കാൻ ഒരു താരത്തിന് ആയിക്കൊള്ളണമെന്നില്ല.
ഡ്രാഗ് ഫ്ലിക് ചെയ്യുവാനും ലക്ഷ്യത്തിലേക്ക് കനത്ത ഷോട്ടുകൾ ഉതിർക്കുവാനും പ്രത്യേക കഴിവ് ആവശ്യമാണ്.

പെനാൽറ്റി കോർണർ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്ന നാമമാണ്‌ സുഹൈൽ അബ്ബാസ്.
പലപ്പോഴും ഒരു ആവറേജ് ടീമായിരുന്നിട്ടുകൂടി 1998 മുതൽ 2010 വരെയുള്ള കാലയളവിലെ പാകിസ്ഥാന്റെ പ്രധാന നേട്ടങ്ങളിളെല്ലാം അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.
ഹോക്കി ചരിത്രത്തിലെത്തന്നെ തന്നെ ഏറ്റവും മികച്ച ഡ്രാഗ് ഫ്ലിക്കർമാരിൽ ഒരാളായ സുഹൈലിന്റെ പെനാൽറ്റി കോർണർ കൺവേർഷൻ റേഷ്യോ 65% ആണ്.

അക്കാലയളവിൽ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ എതിരാളികൾ ഏറ്റവും ഭയപ്പെട്ടിരുന്നതും പെനാൽട്ടി കോര്ണറുകളെയായിരുന്നു.

ധൻരാജ്‌ പിള്ള, ദിലീപ്‌ ടർക്കി എന്നീ താരങ്ങളെല്ലാം ഏകദേശം അതേ സമയത്ത്‌ ഇന്ത്യൻ നിരയിൽ ഉണ്ടായിരുന്നുവെങ്കിലും ഒരു പെനൽട്ടി കോർണർ വിദഗ്ദ്ധന്റെ അഭാവം ഇന്ത്യ ശരിക്കും അനുഭവിച്ച സമയമായിരുന്നു അത്‌.
ബദ്ധ ശത്രുക്കളായ പാകിസ്ഥാന്റെ ശക്തിയും നമ്മുടെ ന്യൂനതയും ഒന്നാണെന്നുള്ളത്‌ ഇന്ത്യൻ ഹോക്കി ഫാൻസിനെ നന്നായി അലട്ടിയിരുന്നു.
അന്നത്തെ സുഹൈൽ അബ്ബാസിനെ പോലെ ഒരു താരം നമുക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാതിരുന്ന ഇന്ത്യൻ ഹോക്കി ആരാധകർ ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കില്ല.

അങ്ങിനെയിരിക്കെ 2001-ഇൽ അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ത്യൻ ജൂനിയർ ടീം ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്മാരായത്‌.
ആ ടൂർണമെന്റിൽ‌ നിന്ന് ഉയർന്ന് കേട്ട രണ്ട്‌ പേരുകളായിരുന്നു ടൂർണ്ണമെന്റിന്റെ ടോപ്‌സ്കോറർ ദീപക്‌ ടാക്കൂറും, പെനൽട്ടി കോർണ്ണർ വിദഗ്ദ്ധൻ
ജുഗ്‌രാജ്‌ സിംഗും.
പെനൽട്ടി കോർണറിലെ മികവ്‌ 18 കാരൻ ജുഗ്‌രാജിന്റെ സീനയർ ടീമിലേക്കുള്ള വഴി എളുപ്പമാക്കികൊടുത്തു.
തൊട്ടടുത്ത വർഷം നടന്ന ചാമ്പ്യൻസ്‌ ട്രോഫിയിൽ മിന്നുന്ന പ്രകടനം നടത്തിയ യുവതാതത്തിന്‌ തന്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കാനായി.
അഞ്ച്‌ വർഷത്തിന്‌ ശേഷം ഇന്ത്യ യോഗ്യത നേടിയ ടൂർണ്ണമെന്റിൽ അഞ്ച്‌ ഗോളുകൾ നേടാനായെങ്കിലും ഗോൾ നേട്ടക്കാളേറെ ആരാധകരെ സ്വാധീനിച്ചത്‌ യുവതാരത്തിന്റെ പ്രതിഭയായിരുന്നു.
ഓരോ മത്സരം കൂടും തോറും അസാധ്യ മികവ്‌ പ്രകടിപ്പിച്ച ഈ പഞ്ചാബി താരം ഇന്ത്യൻ ടീമിന്റെ അഭിവാജ്യ ഘടകമായി മാറി.
അതേ വർഷം നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ടീം ഇന്ത്യ യുവ താരത്തിന്റെ മികവിൽ പതുക്കെ പഴയ പ്രതാപത്തിന്റെ പാതയിലേക്ക്‌ നീങ്ങുകയാണോ എന്ന തോന്നലുളവാക്കി.
അടുത്ത വർഷം നടന്ന ചാമ്പ്യൻസ്‌ട്രോഫിയിലായിരുന്നു ജുഗ്‌രാജ്‌ സിംഗ്‌ എന്ന താരത്തിന്റെ യഥാർത്ഥ കഴിവ്‌ പ്രകടമായത്‌.
ടൂർണ്ണമെന്റിലെ ആദ്യ കളിയിൽ ലോക ഒന്നാം നമ്പറുകാരായ നെതർലന്റിനോട്‌ അവസാന എട്ട്‌ മിനിറ്റുവരെ മൂന്ന് ഗോളിന്‌ മുന്നിൽ നിന്ന ഇന്ത്യ കളി അവസാനിക്കുമ്പോൾ 4-3 എന്ന് സ്കോറിന്‌ തോൽക്കുകയുണ്ടായി.
അവസാന മിനിറ്റുകളിൽ നാല്‌ ഗോളുകൾ വഴങ്ങിയെങ്കിലും നെതർലാന്റിനെ പോലൊരു ടീമിനോട്‌ പൊരുതാനായത്‌ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിയിരുന്നു.
അടുത്ത മത്സരങ്ങളിൽ ജർമനിയെ തോൽപിക്കുകയും, ഓസീസിനോടും അർജന്റീനയോടും തോൽക്കുകയും ചെയ്ത ഇന്ത്യയ്ക്ക്‌ നിർണായകമായ അവസാന ഗ്രൂപ്‌ മത്സരത്തിൽ നേരിടാനുള്ളത്‌ സുഹൈൽ അബ്ബാസിന്റെ പാകിസ്ഥാനെ.
ശക്തരായിരുന്നു പാക്‌ ടീം, ഏത്‌ നേരവും വലചലിപ്പിക്കാൻ കഴിവുള്ള സുഹൈൽ അബ്ബാന്റെ സാനിധ്യവും മുൻനിരക്കാർ എന്ന വിശേഷണവുമെല്ലാം അവർക്ക്‌ മത്സരത്തിന്‌ മുൻപേ തന്നെ മുൻതൂക്കം നൽകിയിരുന്നു.
കടലാസിലെ മുൻതൂക്കം 20 മിനിറ്റിനുള്ളിൽ രണ്ട്‌ ഗോളടിച്ച്‌ അവർ കാണിക്കുകയും ചെയ്തു.
പക്ഷേ ചരിത്രം കാത്തുവെച്ചത്‌ മറ്റൊന്നായിരുന്നു,
ജുഗ്‌രാജ്‌ സിംഗ്‌ എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഡ്രാഗ്‌ ഫ്ലിക്കറുടെ പിറവിക്കായിരുന്നു ആംസ്റ്റൽവീലിലെ ഹോക്കി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്‌.
തന്റെ കൈക്കുഴ കൊണ്ട്‌ പാക്‌ ഗോൾ മുഖം നിരന്തര വിറപ്പിച്ച ജുഗ്‌രാജ്‌ നേടിയ രണ്ട്‌ ഗോളുകളുടെ കരുത്തിൽ ഇന്ത്യ നാലിനെതിരെ ഏഴ്‌ ഗോളുകൾക്ക്‌ പാകിസ്ഥാനെ തോൽപിക്കുകയുണ്ടായി.
തനിക്ക്‌ ലഭിച്ച പെനാൽട്ടി കോർണറുകൾ ലക്ഷ്യത്തിലെത്തിച്ചതിലുപരി ഐക്കൺ താരം സുഹൈലിന്റെ രണ്ട്‌ ഉറച്ച ഗോൾ ഷോട്ടുകൾ അപകടകരമാം വിധം തടയുകയും ചെയ്ത ജുഗ്‌രാജ് ‌ “സുഹൈലിനെ പോലൊരുതാരത്തിന്റെ റോക്കറ്റ്‌ ഡ്രാഗ്‌ ഫ്ലിക്കുകൾക്ക്‌‌ മുൻപിലേക്ക്‌ ചെന്ന് തടയാൻ പേടിയില്ലേ” എന്ന മാധ്യമ പ്രവത്തകന്റെ ചോദ്യത്തിനോട്‌ പ്രതികരിച്ചത്‌ “നമ്മുടെ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഞാനെന്തിന്‌ പേടിക്കണം” എന്നായിരുന്നു.
രണ്ട്‌ തവണ ശരീരത്തിൽ അടികിട്ടി മത്സരത്തിനിടെ പുറത്ത്‌ പോകേണ്ടി വന്നിട്ടും കൂടുതൽ ശക്തനായാണ് അദ്ദേഹം ഗ്രൗണ്ടിലേക്ക്‌ പ്രവേശിച്ചത്‌.
ഫലം പത്ത്‌ വർഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം.
മത്സര ശേഷം സാക്ഷാൽ സുഹൈൽ അബ്ബാസ്‌ പറഞ്ഞത്‌ എന്റെ ചെറുപ്പകാലം ഞാൻ ജുഗ്‌രാജിൽ കാണുന്നു എന്നാണ്‌.
മികച്ച ഡിഫൻസിംഗ്‌ പാടവവും ഡ്രാഗ്‌ ഫ്ലിക്കിംഗിനുള്ള കഴിവും ജുഗ്‌രാജിനെ പെട്ടെന്ന് തന്നെ ഇന്ത്യൻ ഹോക്കി പ്രേമികളുടെ ആരാധ്യപുരുഷനാക്കി മാറ്റി.
പെട്ടെന്നുള്ള ഈ താരപ്പിറവിയിൽ ഇന്ത്യൻ ഹോക്കി ആരാധകർ ഒരുപാട് സന്തോഷിച്ചു, പ്രതീക്ഷിച്ചു.
അടുത്ത വർഷം നടക്കുന്ന ഏതൻസ്‌ ‌ ഒളിമ്പിക്സിലായിരുന്നു എല്ലാവരുടെ കണ്ണ്. ജുഗ്‌രാജിന്റേയും ധൻരാജ്‌ പിള്ളയുടേയുമൊക്കെ സാനിദ്ധ്യം ഇന്ത്യയ്‌ക്ക്‌ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത പ്രതീക്ഷ നൽകി.

പക്ഷേ ഏറെ കാലം നീണ്ടില്ല ആ സന്തോഷവും, പ്രതീക്ഷയും..
2003 സെപ്തംബറിൽ ജലന്ധറിൽ വച്ചുണ്ടായ ഒരു കാറപടം എല്ലാം മാറ്റി മറിച്ചു.
ഗുരുതരമായ പരിക്ക്‌ പറ്റിയ ജുഗ്‌രാജിന്റെ കയ്യിലെ എല്ലുകൾ നുറുങ്ങി, ഒപ്പം ഒരു രാജ്യത്തിന്റെ പ്രതീക്ഷകളും..
ഏറെ നാളത്തെ ഇടവേളയ്‌ക്ക്‌ ശേഷം അദ്ദേഹം കളിക്കളത്തിലേക്ക്‌ തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും സുഹൈൽ അബ്ബാസിന്റെ പിൻഗാമിയായി പണ്ഡിതർ വിലയിരുത്തിയ ജുഗ്‌രാജ്‌ ആയിമാറാൻ അദ്ദേഹത്തിനായില്ല.

‌ എട്ട്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌‌ യോഗ്യത നഷ്ടമായതിലെ നാണക്കേട്‌ മറയ്‌ക്കാൻ കഴിഞ്ഞ ഒളിമ്പിക്സിന്‌ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ ഇറങ്ങിത്തിരിക്കുമ്പോൾ അവരുടെ മുൻപിലേക്ക്‌ വന്ന ഒരു പ്രധാന പ്രശ്നം പെനൽട്ടി കോർണ്ണറുകൾ തന്നെയയിരുന്നു., താരങ്ങളെ പെനൽട്ടി കോർണ്ണർ പരിശീലിപ്പിക്കാൻ ഒരു മികച്ച കോച്ച്‌ വേണമെന്ന ആവശ്യത്തിന്‌ മുൻപിലേക്ക്‌ ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ഡ്രാഗ്‌ ഫ്ലിക്കറെ തന്നെ അവർ ഇട്ട്‌ കൊടുത്തു.
അതിന്‌ ഗുണവും കണ്ടു, സമീപകാലത്തെ ഏറ്റവും മികച്ച പെനൽട്ടി കോർണർ കൺവേർഷൻ റേഷ്യോയോടെ ഇന്ത്യ ലണ്ടൻ ഒളിമ്പിക്സിന്‌ യോഗ്യത നേടി,

ദിവസങ്ങൾക്കപ്പുറം മറ്റൊരു ഒളിമ്പിക്സ്‌ വന്നെത്തുമ്പോൾ ഇന്ത്യൻ ഹോക്കി സംഘത്തിലെ വി.ആർ രഘുനാഥിനും, ഹർമൻപ്രീത്‌ സിംഗിനുമെല്ലാം കളി പകർന്നുനൽകിയത്‌ ജുഗ്‌രാജ്‌ സിംഗാണ്‌.
അവർ ഓരോ പെനൽട്ടി കോർണറുകൾ ലക്ഷ്യത്തിലേക്ക്‌ പായിക്കുമ്പോഴും നമുക്ക്‌ ഓർക്കാം ഈ മാന്ത്രികനെ.,
തകർന്നുപോയ തന്റെ സ്വപ്‌നങ്ങൾ ശിഷ്യരിലൂടെ യാഥാർത്ഥ്യമാക്കാൻ അദ്ദേഹത്തിനാകട്ടെ..

Share.

Comments are closed.