ഇന്ത്യൻ എയ്‌സ്‌

10

കൗമാര പ്രായം മുതൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയുക എന്നത് ഒരു കായിക താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ്. അതെസമയം തന്നെ വലിയ വെല്ലു വിളിയും. ഒരു രാജ്യത്തിൻറെ മുഴുവൻ പ്രതീക്ഷയും വിശ്വാസവും കാത്തു സൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തവും പേറി വലിയ മത്സര വേദികളിലേക്ക് പിച്ച വെക്കാറുള്ള പല താരങ്ങളും സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട് പോകാറുണ്ട്. ഭാവിയുടെ മികച്ച താരം എന്ന ലേബലോടെ കായികവേദികളിൽ അവതരിപ്പിക്കപ്പെടുന്ന പലരും ചെറു പ്രായത്തിൽ തന്നെ കരിയർ അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അദ്യകാലങ്ങളിലെ ഫോം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു പോയവർ.

ടെന്നീസ് കോർട്ടുകളിൽ അതുവരെ ശക്തമായ സാന്നിത്യം അറിയിക്കാൻ ഇന്ത്യൻ താരങ്ങൾക്കു കഴിയാതിരുന്നതിനാലാവാം , 1990 കാലഘട്ടത്തിൽ ഇന്ത്യൻ ടെന്നിസിലേക്കു ഒരു കൗമാര താരം കടന്നു വന്നത് അധികമാരും ശ്രദ്ധിക്കാതിരുന്നത്. ജൂനിയർ തലം മുതൽ ഇന്ത്യയെ പ്രതിനിധീനിക്കരിക്കാൻ നിയോഗിക്കപ്പെട്ട ആ താരം ഇന്നും തന്റെ 42-ആം വയസിലും ഇന്ത്യയുടെ അഭിമാന നക്ഷത്രമായി തിളങ്ങി നിക്കുന്നു. ഇന്ത്യൻ ടെന്നീസിന്റെ മുഖമാണ് ലിയാൻഡർ പേസ് എന്ന അഞ്ചടി ഉയരക്കാരൻ. മൂന്ന് ദശകത്തോളം ഒരു കായിക ഇനത്തിന്റെ മുൻനിരയിൽ മികച്ച പ്രകടനങ്ങളുടെ അകമ്പടിയോടെ ഉണ്ടാവുക എന്നുള്ളത് എത്രത്തോളം വെല്ലുവിളിയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇത്തരം വെല്ലുവിളികൾ എല്ലാം അതിജീവിച്ചു വിജയിച്ചു നിൽക്കുന്ന ചുരുക്കം ചില മഹാരഥന്മാരിൽ മുൻപന്തിയിലാണ് ഈ മനുഷ്യൻ. അർഹിക്കുന്ന അംഗീകാരം പലപ്പോളും ലഭിക്കാത്തപ്പോളും ആരോടും പരിഭവം ഇല്ലാത്ത പ്രതിഭ.

ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡബിൾ‍സ്‌ താരം ആയ പേസിന്റെ ജനനം ഒരു കായിക കുടുംബത്തിൽ ആയിരുന്നു. മ്യൂണിക് ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയ ഹോക്കി ടീമിലെ മധ്യനിര താരമായിരുന്നു അച്ഛൻ വീസ് പേസ്. ‘അമ്മ ജെന്നിഫർ ഇന്ത്യൻ വനിതാ ബാസ്കറ്റ്ബാൾ ടീം ക്യാപ്റ്റനും. കുടുംബത്തിന്റെ പിന്തുണ പേസിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ അദൃശ്യ ശക്തി ആയിരുന്നു.

ടെന്നിസിലെ അവസാന വാക്കായ ഗ്രാൻഡ്സ്ലാമുകളിൽ ഇത് വരെ 8 ഡബിൾ‍സ്‌ കിരീടങ്ങളും 10 മിക്സഡ് ഡബിൾ‍സ്‌ കിരീടങ്ങളും സ്വന്തമാക്കി കഴിഞ്ഞു. ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും പേസ് തന്നെ. 2010-ലെ വിംബിൾഡൺ നേട്ടത്തിലൂടെ 3 ദശാബ്ദത്തിൽ വിംബിൾഡൺ കപ്പ് ഉയർത്തുന്ന രണ്ടാമത്തെ താരമാവാൻ സാധിച്ചതും ചരിത്ര താളുകളിൽ സുവർണ ലിപികളാൽ ലേപനം ചെയ്യപ്പെട്ടു. 2015-ലെ വിംബിൾഡൺ വിജയം അതിനു മാറ്റ് കൂട്ടി. ഒരു ടെന്നീസ് താരത്തെ പൂർണ്ണനാക്കുന്നതിൽ നിർണായക നാഴികകല്ല് ആണ് കരിയർ സ്ലാമുകൾ. ഡബിൾസിലും മിക്സഡ് ഡബിൾസിലും ക്യാരിയർ സ്ലാം പൂർത്തിയാക്കിയ അപൂർവം ചില മഹാപ്രതിഭകളിൽ ഒരാളാണ് പേസ്. കായികപ്രേമികളായ ഓരോ ഇന്ത്യക്കാരനും ഇദ്ദേഹത്തെക്കുറിച്ചു ഓർത്തു അഭിമാനിക്കാൻ ഇതിൽപ്പരം എന്ത് വേണം.

ടെന്നീസ് എന്ന കായിക ഇനത്തിനും മുകളിൽ ഇന്ത്യൻ കായിക ചരിത്രത്തിൽ സ്ഥാനുമുണ്ട് ലിയാൻഡർ പേസിന്. 1952-ഇൽ ദാദാസാഹേബ് ജാവേദ് ഗുസ്തിയിൽ വെങ്കല മെഡൽ നേടിയതിനു ശേഷം തുടർച്ചയായ 40 വർഷത്തോളം ഒളിമ്പിക്സ് മെഡൽ അണിഞ്ഞു വിജയ പോഡിയത്തിൽ കയറാൻ ഇന്ത്യൻ താരങ്ങൾക്കു കഴിഞ്ഞിരുന്നില്ല. തുടർച്ചയായി ആചരിച്ചു പോരുന്ന ഒരു ചടങ്ങിനെന്ന പോലെ ഓരോ നാലുവര്ഷത്തിലും ഇന്ത്യൻ കായിക താരങ്ങൾ ഒളിമ്പിക്സ് വേദികളിൽ സന്ദർശനം നടത്തി മടങ്ങി. എന്നാൽ 1996 അറ്റ്ലാന്റയിൽ വച്ച് നടന്ന ഒളിംപിക്സിൽ ചരിത്രം തിരുത്താൻ ഉറച്ചു തന്നെ ആരുന്നു ആ 22 വയസുകാരൻ റാക്കറ്റും ഏന്തി ഇറങ്ങിയത്. 4 വര്ഷം മുൻപ് ബാഴ്‌സലോണയിൽ ക്വാർട്ടറിൽ കാലിടറിയതിനു പരിഹാരം ചെയ്യുവാൻ ഉള്ള ദൃഢപ്രതിജ്ഞയോടെ. ആ നിശ്ചയദാർഢ്യത്തിനു മുൻപിൽ കീഴടങ്ങാനേ എതിരാളികൾക്ക് നിര്വാഹമുണ്ടായിരുന്നുള്ളു. ഒടുവിൽ ഒളിമ്പിക്സ് വെങ്കല മെഡലുമായി സന്തോഷമടക്കാനാവാതെ വിതുമ്പിയപ്പോളും ആ ശിരസു ഉയർന്നു നിന്നു.

ടെന്നീസ് കോർട്ടറിൽ നിന്നും പേസ് നേടിയെടുത്ത ആ വെങ്കലമെഡൽ ഇന്ത്യൻ കായികരംഗത്തിന് ഒന്നാകെ ഒരു പുത്തൻ ഉണർവ്വ് നൽകി. നമ്മുടെ കായിക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒരു നേട്ടമായിരുന്നു അത്. തുടർന്നുള്ള ഒളിംപിക്സുകളിലെല്ലാം ഇന്ത്യൻ സംഘത്തെ ഉത്തേജിപ്പിക്കാൻ തക്ക ചാലകശക്തിയായി പേസിന്റെ മെഡൽ മാറി. പിന്നീട് നടന്ന ഓരോ ഒളിമ്പിക്സിലും ടീമിന്റെ പ്രകടനങ്ങൾ ഒന്നിനൊന്നിന്‌ മെച്ചപ്പെട്ടു. മെഡലുകളുടെ എണ്ണം വർധിച്ചു വന്നു. ഇന്ത്യ കാലങ്ങളോളം കാത്തിരുന്ന ഒരു തുടക്കമായിരുന്നു പേസിലൂടെ പൂർത്തീകരിച്ചത്. ഇന്ത്യൻ കായിക താരങ്ങളെ ആവേശം കൊള്ളിച്ച ഉണർത്തുപാട്ടായി അത് മാറി.

പേസിന്റെ നേട്ടം ഇന്ത്യൻ ടെന്നിസിനും ഊർജം പകർന്നു. ടെന്നിസിനോട് ഇന്ത്യയിൽ ജനപ്രീതി വർധിച്ചു വന്നു. നിരവധി താരങ്ങൾ ഉയർന്നു വന്നു. അവരിൽ പലരും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകർഷിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. ഗ്രാൻഡ്സ്ലാം വേദികളിൽ നിന്നും ഇന്ത്യൻ വിജയകഥകൾ രേഖപ്പെടുത്തി തുടങ്ങി. ഡേവിസ് കപ്പിൽ ഇന്ത്യൻ മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു. ഇതിനിടക്ക്‌ ഒളിംപിക്സുകൾ പലതും കടന്നു പോയെങ്കിലും ടെന്നീസ് കോർട്ടിൽ നിന്നും വീരഗാഥകളൊന്നും മുഴങ്ങിക്കേട്ടില്ല. റിയോ ഒളിമ്പിക്സ് അതിനു വിരാമമിടുമെന്നു പ്രത്യാശിക്കാം.

മികച്ച പ്രകടനം പുറത്തെടുക്കാനായാൽ റിയോയിലെ ടെന്നീസ് കോർട്ടിൽനിന്നും മെഡൽ കൊണ്ടുവരാൻ പ്രതിഭയുള്ള താരങ്ങളാണ് ഇപ്പോൾ നമുക്ക് ഉള്ളത്.

ലോകറാങ്കിങ്ങിൽ 1-ആം സ്ഥാനത്തു ഉള്ള സാനിയ മിർസയും , 10-ആം സ്ഥാനത്തുള്ള രോഹൻ ബൊപ്പണ്ണയും നമ്മുടെ സുവർണ്ണ പ്രതീക്ഷകളാണ്. എങ്കിലും തുടർച്ചയായ 7-ആം തവണ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുന്ന ലിയാൻഡർ പേസ് ഒരു മെഡൽ വിജയത്തിൽ പങ്കാളി ആയാൽ അതൊരു കാവ്യനീതി ആകും.
42-ആം വയസിലും കണ്ണുകളിൽ മങ്ങലേൽക്കാത്ത നിശ്ചയദാർഢ്യത്തിന്റെ തിളക്കം മെഡൽ പ്രഭയിൽ ശോഭനമാക്കാൻ കഴിയട്ടെ…..
ഇന്ത്യൻ എയ്സുകൾ എതിരാളികളുടെ പ്രതിരോധം തകർക്കുന്ന മിന്നല്പിണരുകളായി മാറട്ടെ…..
അതിനായി പ്രതീക്ഷയോടെ , പ്രാർത്ഥനയോടെ കാത്തിരിക്കാം…..

Share.

Comments are closed.