ജവഗൽ ശ്രീനാഥ് – മൈസൂർ എക്സ്പ്രസ്സ്‌

115

ആത്യന്തികമായി ക്രിക്കറ്റ് എന്നത് ബാറ്റും പന്തും തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെയാണ്. കളിയുടെ വിജയവും പരാജയവും നിർണയിക്കുന്നത് ബാറ്റ് കൊണ്ടെടുക്കുന്ന റണ്‍സിന്റെ അടിസ്ഥാനതിലായത് കൊണ്ടാകണം ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ദ ലഭിക്കുന്നത് ബാറ്റിങ്ങിനാണ്. എങ്കിലും കളിയിലെ വിജയം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുന്ന എല്ലാ ടീമുകളും ബാറ്റിങ്ങിന്റെ കൂടെ തന്നെ ബൌളിങ്ങിനും തുല്യ പ്രാധാന്യം നൽകാൻ ശ്രമിക്കാറുണ്ട്. ഈ കള്ളിയിൽ നിന്നും എപ്പോഴും പുറത്തു നിൽക്കുന്ന ടീം ഉറപ്പായും ഇന്ത്യൻ ക്രിക്കറ്റായിരിക്കണം..അല്ല എന്നും അങ്ങനെ തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ എല്ലാ കാലത്തും ബാറ്റിംഗ് പ്രതിഭകൾക്ക് ക്ഷാമമുണ്ടായിരുന്നില്ല. വിജയങ്ങൾക്ക് എല്ലായ്പ്പോഴും ഇന്ത്യ ആശ്രയിച്ചിരുന്നത് ബാറ്റിങ്ങ് ശക്തികളെയായിരുന്നു. ബൌളിംഗ് വിഭാഗത്തിൽ സ്പിൻ ബൌളിംഗ് എന്ന ആഭിചാര കലയുടെ ഉസ്താദ്മാർ ആദ്യ കാലത്ത് ഇന്ത്യൻ സ്പിന്നെർസ് ആയിരുന്നു. അത് കൊണ്ട് തന്നെ സ്പിന്നെർസിന് എറിയാൻ പാകത്തിൽ പന്തിനെ മയപ്പെടുത്തി എടുക്കുക എന്നതിൽ കവിഞ്ഞ് ഫാസ്റ്റ് ബൌളിംഗ് എന്ന ഒരു ജനുസ്സിന് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ സ്ഥാനങ്ങൾ ഉണ്ടായിരുന്നില്ല .

അങ്ങനെ ഇന്ത്യൻ ക്രിക്കറ്റ് തട്ടിയും മുട്ടിയും കാലം കഴിക്കുന്നതിനിടെയാണ് ഇടിമുഴക്കം പോലെ കപിൽ ദേവ് രാംലാൽ നിഖഞ്ച് അവതരിക്കുന്നത്. വലിയ ഒരു മാറ്റം തന്നെയാണ് കപിൽ ദേവ് ഇന്ത്യൻ ക്രിക്കറ്റിൽ കൊണ്ട് വന്നത്. അത് വരെ പുറമ്പോക്കിലായിരുന്ന ഫാസ്റ്റ് ബൌളിങ്ങിന് ഇന്ത്യൻ ക്രിക്കറ്റിലെ മുൻ നിരയിൽ തന്നെ സ്ഥാനം ലഭിക്കുന്നത് കപിൽ ദേവിന്റെ വരവോടെയാണ്. 1994 ൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുമ്പോഴേക്കും അയാളുടെ പിൻഗാമി ഇന്ത്യൻ ക്രിക്കറ്റിൽ പന്തെറിഞ്ഞു തുടങ്ങിയിരുന്നു. കൃത്യമായി പറഞ്ഞാൽ 1991 ഒക്ടോബർ 18 ന് പാകിസ്ഥാനെതിരെ. ജവഗൽ ശ്രീനാഥ് എന്നാണയാളുടെ പേര്. കപിൽ ദേവിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൌളർ. രാജ ഭരണത്തിന്റെ ഗതകാല സ്മരണകളിൽ ജീവിക്കുന്ന മൈസൂരിൽ നിന്നുള്ള ഈ ഫാസ്റ്റ് ബൌളർ ആയിരുന്നു കപിൽ ദേവിന് ശേഷം ഇന്ത്യൻ ബൌളിങ്ങിന്റെ എല്ലാ ഭാരവും തന്റെ ചുമലുകളിൽ വഹിച്ചു കൊണ്ട് നീണ്ട പന്ത്രണ്ടു വർഷം “മൈസൂർ എക്സ്പ്രസ്സ്‌ ” എന്ന വിളിപ്പേരിൽ ഒരിക്കലും കിതക്കാതെ ഓടികൊണ്ടിരുന്നത്.

1991 ൽ പാകിസ്ഥാനെതിരെ ഏകദിനത്തിലും അതേ വർഷം തന്നെ ഓസീസിനെതിരെ ടെസ്റ്റിലും ശ്രീനാഥ് ഇന്ത്യക്ക് വേണ്ടി അരങ്ങേറി. അവിടന്നങ്ങോട്ട് ഒന്നര പതിറ്റാണ്ടോളം ഇന്ത്യൻ ഫാസ്റ്റ് ബൌളിങ്ങിന്റെ മുഖമായിരുന്നു മൈസൂരിൽ നിന്നുള്ള ഈ എഞ്ചിനീയർ. ഒരിക്കലും ബാറ്റ്സ്മാനെ വിറപ്പിക്കുന്ന, എതിർ ടീമുകൾ ഭയത്തോടെ കാണുന്ന ബൌളർ ഒന്നുമല്ലായിരുന്നു ശ്രീനാഥ്. പകരം, തന്റെ പരിമിതികൾ മനസ്സിലാക്കി ഏറ്റവും നല്ല രീതിയിൽ ബൌൾ ചെയ്തിരുന്ന ശ്രീനാഥിനെ ഒരിക്കലും വില കുറച്ചു കാണാനാകില്ലായിരുന്നു ഒരു ബാറ്റ്സ്മാനും. തന്റേതായ ദിവസത്തിൽ ആരെയും വിറപ്പിക്കുന്ന ശ്രീനാഥ് കളിക്കുന്ന കാലത്ത് ഇന്ത്യക്ക് ഒരു മികച്ച രണ്ടാം ഫാസ്റ്റ് ബൌളർ കൂടിയുണ്ടായിരുന്നെങ്കിൽ പല സമനിലകളുടെയും, പാതി വഴിക്ക് അറച്ചു നിന്ന വിജയങ്ങളുടെയും കണക്കുകൾ ഒരുപാട് കുറഞ്ഞേനെ. ഇൻകട്ടെർസും, ഇൻ സ്വിങ്ങേർസുമായിരുന്നു ശ്രീയുടെ വജ്രായുധങ്ങൾ. കരിയറിന്റെ അവസാന കാലങ്ങളിൽ തന്റെ ബൌളിങ്ങിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. റണ്‍ അപ്പ് കുറച്ച്, ബൌളിങ്ങിന്റെ വേഗം കുറച്ച് ശ്രീ എറിഞ്ഞിരുന്ന ലെഗ് കട്ടെർസ് മികച്ച റിസൾട്ട്‌ തന്നിരുന്നു. ഇന്ത്യയുടെ 2003 ലോക കപ്പിലെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഈ പ്രകടനങ്ങൾ കൂടിയായിരുന്നു.

1997 ൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിന്റെ നാലാം ഇന്നിങ്ങ്സിൽ 21 റണ്‍സ് വഴങ്ങി ആറ് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാരെ അരിഞ്ഞിട്ട ശ്രീയുടെ പ്രകടനം അന്ന് കളി കണ്ട ആരും മറക്കാൻ ഇടയില്ല. 67 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്ന് 236 വിക്കറ്റുകളാണ് ശ്രീനാഥ് എറിഞ്ഞിട്ടത്. സാധാരണ മണിക്കൂറിൽ 149 കി.മീ വേഗതയിലാണ് ശ്രീ നാഥ് പന്തെറിഞ്ഞിരുന്നത്. ഇന്ത്യയുടെ 1997 ലെ സിംബാബ്‌വേ പര്യടനത്തിനിടെ സിംബാബ്‌വേ നായകൻ അലിസ്റ്റെർ കാംബെൽ 157 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞതായി വെളിപ്പെടുത്തി.അന്നത്തെ ശ്രീയുടെ പ്രകടനത്തെക്കുറിച്ച് അയാൾ ഇങ്ങനെ പറഞ്ഞു : “We then moved on to our second game against India, at Boland Bank Park. In all 236 was quite a decent score, as it wasn’t the easiest of pitches to bat on, and Srinath I think bowled the quickest that any of our guys had ever seen. He bowled a really quick spell early on, even quicker than Allan Donald; he was timed at 157 km/h, a good 10 km/h faster than Donald was bowling throughout the tournament. Grant Flower was hit on the thigh pad, and when he came off he said he thought he had broken his leg”. ശ്രീനാഥ് എന്ന താരം ആരായിരുന്നുവെന്നും, അനുകൂല സാഹചര്യങ്ങളിൽ തന്റെ പ്രകടനങ്ങൾ എത്രത്തോളം അപകടകാരിയായിരുന്നു എന്നും ക്രിക്കറ്റിലെ ന്യൂ ജനറേഷൻ ആരാധകർക്ക് ഇതിലൂടെ പെട്ടെന്ന് മനസ്സിലാക്കാം.!!!.പാകിസ്ഥാനെതിരെ 1999 ൽ കൊൽക്കത്തയിൽ രണ്ടാം ഇന്നിങ്ങ്സിൽ 86 റണ്‍സിന് എട്ടു പാകിസ്താൻ വിക്കറ്റുകൾ പിഴുതതാണ് ശ്രീനാഥിന്റെ ടെസ്റ്റിലെ മികച്ച പ്രകടനം. ഇന്ത്യക്ക് വേണ്ടി ലോക കപ്പുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ശ്രീയാണ്. നാല് ലോകകപ്പുകളിൽ നിന്ന് 44 വിക്കറ്റുകളാണ് സമ്പാദ്യം. 229 ഏകദിനങ്ങളിൽ നിന്ന് 315 വിക്കറ്റുകൾ നേടിയ ശ്രീനാഥ് മാത്രമാണ് കപിൽ ദേവിന് ശേഷം 300 വിക്കറ്റുകൾ നേടിയ ഒരേയൊരു ഇന്ത്യൻ ഫാസ്റ്റ് ബൌളർ.

ശ്രീനാഥ് വിക്കറ്റുകളിൽ നല്ലൊരു ഭാഗവും വീണത്‌ ഇന്ത്യയിലെ ചത്ത്‌ വരണ്ട പിച്ചുകളിൽ നിന്നായിരുന്നു. അനുകൂല സാഹചര്യങ്ങളിൽ താൻ എത്രത്തോളം അപകടകാരിയാണ് എന്ന് പലപ്പൊഴും ശ്രീനാഥ് ഇന്ത്യയുടെ വിദേശ പര്യടനങ്ങളിൽ തെളിയിച്ചിരുന്നു. ബാറ്റ്സ്മാന്മാർക്ക് കളം നിറഞ്ഞാടാൻ പാകത്തിൽ പരുവപ്പെടുത്തിയ ഇന്ത്യൻ പിച്ചുകളിൽ ശ്രീനാഥ് “ചത്തെറിഞ്ഞ് ” വീഴ്ത്തിയ വിക്കറ്റുകൾക്ക് ഇരട്ടി മൂല്യമുണ്ട്. കരിയറിലുടനീളം ഇന്ത്യൻ ബൌളിങ്ങിന്റെ ഭാരം ഒറ്റയ്ക്ക് ചുമന്നിരുന്ന ശ്രീനാഥ്, തുടർച്ചയായ മത്സരങ്ങൾ മൂലം പലപ്പോഴും പരിക്കിന്റെ പിടിയിലായിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും പല നിയന്ത്രണങ്ങളും അയാൾ തന്റെ ബൌളിങ്ങിൽ വരുത്തിയിരുന്നു. ഇതെല്ലാം ശ്രീനാഥിന്റെ പ്രകടനങ്ങളെ ബാധിച്ചിരുന്നു എന്ന് വേണം കരുതാൻ. തന്റെ പ്രകടനങ്ങൾ അർഹിക്കുന്ന തരത്തിലുള്ള അംഗീകാരം കളിക്കുന്ന സമയത്തോ, അതിന് ശേഷമോ ശ്രീനാഥിന് ലഭിച്ചിട്ടില്ല. ക്രിക്കറ്റിൽ നാല് മാൻ ഓഫ് ദ മാച്ച് ലഭിച്ചാൽ അടുത്ത വർഷം തീർച്ചയായും ലഭിക്കുന്ന അർജുന അവാർഡിൽ മാത്രം ഒരിക്കലും ഒതുക്കപ്പെടെണ്ടതല്ല ശ്രീനാഥ് നേടിയെടുത്ത നേട്ടങ്ങൾ.

സഹീർ ഖാനും ഇർഫാൻ പത്താനും, നെഹ്രയും, ഇഷാന്ത് ശർമയും നമ്മുടെ ശ്രീശാന്തുമൊക്കെ കടന്നു വരുന്നതിന് മുൻപ് വളരെ ശുഷ്കമായിരുന്നു ഇന്ത്യൻ ഫാസ്റ്റ് ബൌളിംഗ്. ദേബാശിഷ് മൊഹന്തി,മനോജ്‌ പ്രഭാകർ, വെങ്കിടേഷ് പ്രസാദ്, അജിത്‌ അഗാർക്കർ തുടങ്ങിയവരായിരുന്നു ശ്രീനാഥിന് പങ്കാളിയായി അക്കാലങ്ങളിൽ ഇന്ത്യൻ ടീമിൽ പന്തെറിഞ്ഞിരുന്നത്. ഇവരെല്ലാം തന്നെ ദീർഘമായ ക്രിക്കറ്റ് വിഭാവങ്ങളില്ലാത്ത ശരാശരിക്കാരായിരുന്നു. തന്റെ കരിയറിന്റെ അവസാന കാലങ്ങളിലാണ് സഹീർ ഖാനും ഇർഫാൻ പത്താനും, നെഹ്രയുമെല്ലാം കടന്നു വരുന്നത്. ശ്രീനാഥ് കളമൊഴിഞ്ഞിട്ട്‌ പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും, (ഇടക്കൊരു സഹീർ ഖാൻ വന്നു എന്നല്ലാതെ) കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൌളർ എന്ന വിശേഷണമുള്ള ശ്രീനാഥിന് പകരമായി ഒരു താരം പോലും ഉയർന്നു വന്നിട്ടില്ല. ബൌളർമാർ പ്രത്യേകിച്ചും ഫാസ്റ്റ് ബൌളർമാർ “വിറക് വെട്ടുകാരും, വെള്ളം കോരികളുമാണ്” എന്ന ആ പഴയ മനോഭാവത്തിന് കാര്യമായ മാറ്റങ്ങൾ ഒന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ഉപബോധ മനസ്സിന് വന്നിട്ടില്ല എന്ന് ചുരുക്കം.

Share.

Comments are closed.