ജഴ്‌സി വിശേഷങ്ങൾ

85

റഫറിക്കും, കാണികൾക്കും കളിക്കാരെ തിരിച്ചറിയുക- ഇതാണ് ജഴ്‌സി നമ്പറുകൾ ഉപയോഗിക്കുന്നതിനു പിന്നിലെ പ്രഥമമായ ലക്ഷ്യം. എന്നാൽ ജഴ്‌സി നമ്പറുകളുടെ പ്രസക്തി ഇതിൽ ഒതുങ്ങി കൂടുന്നില്ല. ജഴ്‌സി നമ്പറുകൾ ഒരു കളിക്കാരന്റെ പൊസിഷൻ, ശൈലി എന്നിങ്ങനെ പലതും സംസാരിക്കും. 1928ൽ നടന്ന ആഴ്‌സണൽ- ഷെഫീൽഡ് വെഡ്നെസ്‌ഡേ മത്സരത്തിലാണ് ആദ്യമായി ജഴ്‌സി നമ്പറുകൾ ഉപയോഗിച്ചത്. 1 മുതൽ 11 വരെയുള്ള ജഴ്‌സി നമ്പറുകൾ, അവരുടെ പൊസിഷനുകൾ അനുസരിച്ചു അന്ന് ഇരു ടീമുകളും ഉപയോഗിച്ചു. എന്നാൽ ഈ കാലത്തു ഓരോ കളിക്കാരനും നിശ്ചിത കാലത്തേക്ക് സ്‌ക്വാഡ് നമ്പറുകൾ കൊടുക്കുന്ന പതിവുണ്ടായിരുന്നില്ല. അതു വന്നത് 1954 ലെ ലോകകപ്പിലാണ്. ഓരോ കളിക്കാരനും സ്ഥിരമായി ഒരു നമ്പർ. പരമ്പരാഗത രീതിയിൽ ജഴ്‌സി നമ്പർ 1 ഗോൾ കീപ്പർക്കും, 2 ഉം, 3 ഉം വിങ്ങ് ബാക്കുകൾക്കും, 4 ഉം 5 ഉം സെന്റർ ബാക്കുകൾക്കും, 6 ഹോൾഡിങ്ങ് മിഡിന്, 8 ബോക്സ് റ്റു ബോക്സ് മിഡിന്, 7 ഉം, 11 ഉം ഇരു വശത്തെ വിങ്ങർമാർക്കും, 10 ക്ലാസ്സിക്ക്-10 പ്ലേയ് മേയ്കർക്കും, 9 സ്‌ട്രൈക്കർക്കും ആണ് അനുവദിച്ചിരുന്നത്. കാലാകാലങ്ങളായി വന്ന മാറ്റങ്ങൾ ഉണ്ടേലും, ഇന്നും ഒരു 70% ജഴ്‌സി നമ്പറുകളും ഇതേ രീതിയിൽ തന്നെ തുടർന്നു പോകുന്നു.

1974,1978, 1982 ലോകകപ്പുകളിൽ അർജന്റീന ടീം ഉപയോഗിച്ചത് വേറെ ഒരു രീതിയാണ്. ഓരോ കളിക്കാരന്റെയും പേരിന്റെ ആൽഫബെറ്റിക്കൽ ഓർഡർ അനുസരിച്ചു ജഴ്‌സി നമ്പർ നൽകുക. അന്നത്തെ ടീം ഗോളി അണിഞ്ഞത് 5 ആം നമ്പർ. ഒരാൾക്ക് മാത്രം ഈ നിയമമ ബാധകമായിരുന്നില്ല-സാക്ഷാൽ മറഡോണയ്ക്കു. 12 ആം നമ്പർ ജഴ്‌സി അണിയേണ്ടിയിരുന്നു ഡീഗോ പക്ഷെ 10 തന്നെ അണിഞ്ഞു. ചില നമ്പറുകൾ ചില ടീമുകളുടെ ഐഡന്റിറ്റി ആയി തീരുകയും ചെയ്തിട്ടുണ്ട്.

~നമ്പർ 7- മാഞ്ചസ്റ്റർ യുണൈറ്റഡ്

സാധാരണഗതിയിൽ വലതു വിങ്ങർമാക്കായിരുന്നു നമ്പർ 7 കൊടുത്തിരുന്നത്. ഇടതു വിങ്ങർമാരും ഈ നമ്പർ ഉപയോഗിച്ച ചരിത്രം ഉണ്ട്. ഫിഗോ, ഓവർമാർസ്, ഗാരിഞ്ച, ഡേവിഡ് വിയ്യ, റൗൾ, ബെബറ്റോ, കനീജിയ തുടങ്ങിയവർ 7 ആം നമ്പർ ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ഈ നമ്പർ വരുടെ ചരിത്രത്തോട് ചേർത്തുപിടിക്കേണ്ട ഒരു നമ്പർ കൂടിയാണ്. ജോർജ് ബേസ്ഡ്, ബ്രയാൻ റോബ്സൺ, എറിക്ക് കണ്ടോണ, ഡേവിഡ് ബെക്കാം, ക്രിസ്റ്റിയാണോ റൊണാൾഡോ എന്നീ ക്ലബ് ഇതിഹാസങ്ങൾ 7 ആം നമ്പർ ആണ് ഉപയോഗിച്ചിരുന്നത്. യുണൈറ്റഡിന്റെ 7 ആം നമ്പർ ജഴ്‌സി ഒരു ഉത്തരവാദിത്വമാണ്.

~നമ്പർ 10- ബാഴ്‌സലോണ

പൊതുവെ 10 ആം നമ്പർ ജഴ്‌സി അണിഞ്ഞ താരങ്ങൾ എല്ലാ ടീമിലും കാണും. ഏതൊരു ടീമിന്റെയും ‘മെയിൻ-മാൻ ‘ എപ്പോഴും നമ്പർ 10 ആകും അണിയുക. പുഷ്‌കാസ്, സിദാൻ (ഫ്രാൻസിന് വേണ്ടി. യുവെയ്ക്കു 21 റയലിൽ നമ്പർ 5), ബാജിയോ, പ്ലാറ്റിനി എല്ലാം നമ്പർ 10 ഉപയോഗിച്ചവരാണ്.

എന്നാൽ എഫ്.സീ ബാഴ്‌സലോണയുടെ ചരിത്രം എടുത്തു നോക്കിയാൽ 10 ആം നമ്പർ ജഴ്‌സി അണിഞ്ഞത് എല്ലാം മഹാരഥന്മാരാണ്. ജാറി ലിറ്റ്മനൻ മാറ്റി നിർത്തിയാൽ, ബാഴ്‌സലോണയുടെ 10 ആം നമ്പർ താരങ്ങൾ എന്നും ഇതിഹാസങ്ങളുടെ പക്കലായിരുന്നു. ഡീഗോ മറഡോണ, റൊമാരിയോ, റിവാൾഡോ, റിക്ക്വൽമി, റൊണാൾഡീഞ്ഞ്യോ, മെസ്സി എന്നിവരായിരുന്നു ബാഴ്‌സയ്ക്ക് വേണ്ടി 10 ആം നമ്പർ ജഴ്‌സി അണിഞ്ഞ പ്രഗത്ഭർ.

~യൂവന്റസ്‌ -നമ്പർ 21

പ്രധാന കളിക്കാർ അധികം ഉപയോഗിക്കാത്ത ഒരു നമ്പർ ആണ് 21 എങ്കിലും യൂവന്റസ്‌ ചരിത്രത്തിൽ, ഈ നമ്പർ വളരെ പ്രധാനപ്പെട്ടതാണ്. ഡെൽപിയറോ എന്ന യൂവന്റസ്‌ ഇതിഹാസം തന്നെ ആദ്യം ഓർമ്മയിൽ വരുന്ന മുഖം. ആന്ദ്രേ പിർലോ & സിദാൻ മറ്റു 2 പേർ . യുവേയുടെ അടുത്ത ഇതിഹാസമാകാൻ തയ്യാറെടുക്കുന്ന പോളോ ഡിബാലയും സമീപകാലത്തു 21 ആം നമ്പർ ജഴ്‌സി എടുത്തു വലിയ ഉത്തരവാദിത്വം ചുമലിൽ ഏറ്റിയിരിക്കുകയാണ്.

~നമ്പർ 9- സ്‌ട്രൈക്കേഴ്‌സ്

നമ്പർ 9 എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക സ്‌ട്രൈക്കർമാരെയാണ്. ഇന്നും 9 ആം നമ്പർ സെന്റർ ഫോർവേഡുകൾ മാത്രമാണ് ഉപയോഗിക്കാറ്. റൊണാൾഡോ ലിമ, വാൻ ബാസ്റ്റൻ, ബാറ്റിസ്റ്റിയൂട്ട, എറ്റൂ, ഷിയറർ, സുവാരസ് എന്നിവരാണ് ഈ ജഴ്‌സി ഉപയിഗിച്ച പ്രമുഖർ.

ചില പ്രത്യേക ജഴ്‌സി നമ്പറുകളും നാം പലപ്പോഴായി കളിക്കാർ അണിഞ്ഞു കണ്ടിട്ടുണ്ട്. അവയിൽ ചിലതു.

1. നമ്പർ 14 – യോഹാൻ ക്രൈഫ്

ഫുട്‍ബോൾ കണ്ട ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ യോഹാൻ ക്രൈഫ് ആദ്യം അണിഞ്ഞിരുന്നത് നമ്പർ 9 ആയിരുന്നു. 7 ആം നമ്പർ അണിഞ്ഞിരുന്ന തന്റെ സഹതാരത്തിനു ഒരിക്കൽ തന്റെ പ്രിയ നമ്പർ കിട്ടാത്തിരുന്നപ്പോൾ ക്രൈഫ് തന്റെ 9 ആം നമ്പർ ജഴ്‌സി അയാൾക്ക്‌ കൊടുത്തു. പകരം ബാസ്കറ്റിൽ നിന്നു ഒരു ജഴ്‌സി എടുത്തു- അതു നമ്പർ 14 ആയിരുന്നു. അങ്ങനെ ക്രൈഫ് പിന്നീട് 14 ആം നമ്പർ ജഴ്‌സിയിലേക്കു മാറി.

2.നമ്പർ 23- ഡേവിഡ് ബെക്കാം

യുണൈറ്റഡിൽ നിന്നു റയൽ വന്നപ്പോൾ ബെക്കാമിന് തന്റെ പ്രിയ 7 ആം നമ്പർ ജഴ്‌സി ലഭിച്ചില്ല. അദ്ദേഹം പകരം നമ്പർ 23 തിരഞ്ഞെടുത്തു. തന്റെ ഇഷ്ട്ട ബാസ്കറ്റ് ബോൾ താരമായിരുന്ന മൈക്കൽ ജോർദാന്റെ ജഴ്‌സി നമ്പർ.

3. ഡാനി ആൽവസ് -നമ്പർ 22

ഡാനി അണിഞ്ഞിരുന്നത് വലതു വിങ് ബാക്കുകൾ ഉപയോഗിക്കാറുള്ള 2 ആം നമ്പർ ജഴ്സിയാണ്. അസുഖത്തെ തുടർന്നു ആബിദാൽ ക്ലബ് വിട്ടപ്പോൾ ഉറ്റ സുഹൃത്തിന്റെ 22 ആം ജഴ്‌സി അണിഞ്ഞു ഡാനി. ചാവി പോയപ്പോൾ ചാവിയുടെ 6 ആം നമ്പർ ജഴ്‌സിയും ഡാനി അണിഞ്ഞു.

4. റൊണാൾഡീഞ്ഞ്യോ – നമ്പർ 80

ബാഴ്‌സയുടെ നമ്പർ 10 ആയിരുന്ന ഡീഞ്ഞ്യോ മിലാനിൽ എത്തിയപ്പോൾ അണിഞ്ഞത് നമ്പർ 80. 1980 എന്ന തന്റെ ജനന വർഷമാണ് ഡീഞ്ഞ്യോ ജഴ്‌സി നമ്പർ ആയി ഉപയോഗിച്ചത്. അങ്ങനെ ഒരു പതിവ് ബ്രസീലിൽ പണ്ട് ഉണ്ടായിരുന്നു. ജനിച്ച വർഷം ഉപയോഗിച്ചു ജഴ്‌സി നമ്പർ സെലക്ട് ചെയ്തവർ വേറെയും ഉണ്ട് . ഷെവ്ചെങ്കോ-76, ഫ്ലമീനി-84, എൽ ഷരാവേ -92

ചില കളിക്കാർ അണിഞ്ഞ നമ്പറുകൾ ചില ക്ലബ്ബുകൾ എന്നേക്കുമായി ബഹുമാനസൂചകമായി വിരമിപ്പിച്ചിട്ടുണ്ട്.

3- മാൾഡീനി- മിലാൻ
6- ബറേസി-മിലാൻ & ബോബി മൂർ-വെസ്റ് ഹാം
10- ബാജിയോ-ബ്രെസ്‌കിയ & മറഡോണ-നാപ്പോളി
14-ക്രൈഫ്-അയാക്സ്

~ചില നമ്പറുകൾ പറഞ്ഞാൽ നമുക്ക് ചില കളിക്കാരെ തന്നെ ഓർമ്മ വരും.

മാൾഡീനി-3 , ചാവി-6, ഡെൽപിയറോ-21, ക്രൈഫ്- 14 എന്നിവ ഉദാഹാരങ്ങൾ.

~ നമ്പർ 12 പൊതുവെ ഫാൻസിനു വേണ്ടിയുള്ളതാണ്.

Share.

Comments are closed.