ഒരു ഇന്നിംഗ്സ് എങ്ങനെ തുടങ്ങണം എന്നറിയണമെങ്കിൽ വിരാടിനെ നോക്കൂ

0

ട്രിനിനാഡുകാരനായ അമ്പയർ ജോയൽ വിൽസനെ അയാൾ ആകാംക്ഷയോടെ നോക്കിനിന്നു.ആ ചെറുപ്പക്കാരൻ്റെ പേരറിയില്ല.ശരീരത്തിൽ­ ബംഗ്ലാദേശിൻ്റെ ദേശീയപതാക പെയിൻ്റ് ചെയ്തിരുന്നു.ക്രിക്ക­റ്റ് രക്തത്തിൽ അലിഞ്ഞുചേർന്ന കോടിക്കണക്കിന് ബംഗ്ലാദേശികളിൽ ഒരുവൻ ! അയാളുടെ ടീം ഇന്ത്യൻ മണ്ണിൽ ആദ്യമായി ഒരു ടെസ്റ്റ് കളിക്കുകയാണ്.ടീമിനെ ആർപ്പുവിളിച്ച് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ബംഗ്ലാദേശ് വിട്ട് ഹൈദരാബാദിൽ എത്തിയിരിക്കുന്നത്..­..

മെഹദി ഹസൻ്റെ പന്തിൽ വിരാട് കോഹ്ലി വിക്കറ്റിനു മുമ്പിൽ കുടുങ്ങി എന്ന് വിൽസൻ വിധിച്ചുകഴിഞ്ഞു.ഒറ്റ­നോട്ടത്തിൽ ഒൗട്ട് തന്നെ.ഇന്ത്യൻ ക്യാപ്റ്റൻ ഡി.ആർ.എസ്സിൻ്റെ സഹായം തേടിയിരിക്കുകയാണ്.തേ­ഡ് അമ്പയർ ഒൗട്ട് എന്ന സന്ദേശം ഫീൽഡ് അമ്പയർക്ക് കൈമാറണം.വിൽസൻ്റെ ചൂണ്ടുവിരൽ ഒരിക്കൽക്കൂടി ഉയരണം.ഇത്രയുമായിരുന്നു വികാരഭരിതനായ ആ ബംഗ്ലാദേശ് ആരാധകന് വേണ്ടിയിരുന്നത്.അയാളുടെ ചൂണ്ടുവിരൽ തികച്ചും യാന്ത്രികമായി ഉയർന്നുകഴിഞ്ഞിരുന്നു­ !

ആശിച്ചത് സംഭവിച്ചില്ല.അയാളുടെ­ നെഞ്ചു പിളർത്തിക്കൊണ്ട്, വിൽസൻ സ്വന്തം തീരുമാനം മാറ്റി.വിരാട് വീണ്ടും ബാറ്റ് ചെയ്യും ! രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെങ്ങും­ ഒരു ശംഖിൻ്റെ നാദം മുഴങ്ങി.ആ ശംഖ് പ്രശസ്തമാണ്.അതിൻ്റെ ഉടമ നമുക്ക് സുപരിചിതനാണ്-സുധീർകു­മാർ.സച്ചിൻ തെൻഡുൽക്കറുടെ ഏറ്റവും വലിയ ആരാധകൻ !

സുധീറിൻ്റെ ശരീരത്തിൽ ”മിസ് യൂ ടെൻഡുൽക്കർ” എന്ന് എഴുതിയിട്ടുണ്ട്.സച്ചിൻ ഇന്ന് ക്രിക്കറ്റിൽ ഇല്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അയാൾക്ക് സാധിച്ചിട്ടുമില്ല.പ­ക്ഷേ അയാൾക്ക് ഇന്ന് ആനന്ദം പകരുന്നത് വിരാടിൻ്റെ ബാറ്റിംഗാണ്.സച്ചിനു വേണ്ടി ഒരുപാട് ഉപയോഗിച്ച ശംഖ് ഇന്ന് ശബ്ദിക്കുന്നത് വിരാടിനു വേണ്ടിയാണ് !

വിരാട് അപ്പോൾ ഇരട്ട സെഞ്ച്വറിയോട് അടുക്കുകയായിരുന്നു.­പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് അത്യാവശ്യം സഹായം കിട്ടിത്തുടങ്ങിയിരു­ന്നു.ഇതു മുതലെടുത്ത് മെഹദിയും തൈജുൾ ഇസ്ലാമും പന്തെറിഞ്ഞു.പെട്ടന്നാണ് എം.ആർ.എഫ് ബാറ്റിൽ നിന്ന് എക്സ്ട്രാ കവർഡ്രൈവും ലെയ്റ്റ് കട്ടും പാഞ്ഞത്-”എന്നെ ആരും ഭരിക്കേണ്ട” എന്ന വിരാടിൻ്റെ പ്രഖ്യാപനം !

ടീമുകൾ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.സ്റ്റേഡിയത്തിൽ കളി കണ്ടുകൊണ്ടിരുന്നവരൊന്നും വലിയ രീതിയിലുള്ള ലഞ്ചിന് താത്പര്യപ്പെട്ടില്ല.­പെട്ടന്ന് ഭക്ഷണം കഴിച്ച് അവരെല്ലാം സ്വന്തം സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു.വള­രെ സ്പെഷൽ ആയ ഒരു കാര്യം വൈകാതെ സംഭവിക്കുമെന്ന് അവർക്കറിയാമായിരുന്നു­.പ്രതീക്ഷ തെറ്റിയില്ല.ലഞ്ചിനു തൊട്ടുപിന്നാലെ വിരാട് ഡബിൾ സെഞ്ച്വറി പൂർത്തിയാക്കി.തുടർച്ചയായ നാലു ടെസ്റ്റ് സീരീസുകളിൽ ഡബിൾ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ ബാറ്റ്സ്മാൻ! മറികടന്നത് സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും വന്മതിൽ രാഹുൽ ദ്രാവിഡിനെയും !!

കുറച്ചു മുമ്പ് മറ്റൊരു റെക്കോർഡും വിരാട് സ്വന്തമാക്കിയിരുന്നു­.ഒരു ഹോം സീസണിൽ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ താരം.അവിടെ പിന്നിലാക്കിയത് വീരേന്ദർ സെവാഗിനെയായിരുന്നു.ആ­ പട്ടികയിൽ കണ്ട വിരാടിൻ്റെ ബാറ്റിംഗ് ശരാശരിയ്ക്കും ഉണ്ടായിരുന്നു ഒരു ബ്രാഡ്മാൻ പരിവേഷം ! സ്കോട്ട് സ്റ്റെെറിസ് നർമ്മം കലർത്തിപ്പറഞ്ഞു-

”ബ്രാഡ്മാൻ്റെ അടുത്ത് പേര് വരുന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യുന്നത് ശരിയായ കാര്യങ്ങളാണ് എന്ന് കരുതാം….! ”

സത്യമാണ് സ്കോട്ടീ.ഇത് വിരാടിൻ്റെ കാലമാണ്.ഇപ്പോൾ തെറ്റായിട്ടൊന്നും അയാൾക്ക് പ്രവർത്തിക്കാനാവില്ല­….

ടെസ്റ്റിൻ്റെ ആദ്യദിവസം ഇന്ത്യ ആഗ്രഹിച്ചതുപോലെ നാണയം നിലത്തുവീണു.അപ്പോൾ മുതൽ കാത്തിരുന്നത് ഈ നിമിഷങ്ങൾക്കുവേണ്ടിയാണ്.സ്കൂൾകുട്ടികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി.അങ്ങകലെ ഉത്തരേന്ത്യയിൽ നിന്നുപോലും കുട്ടികൾ ഹൈദരാബാദിലേക്ക് വന്നെത്തി.എല്ലാവർക്കും കാണേണ്ടിയിരുന്നത് വിരാടിൻ്റെ ബാറ്റിംഗ്.മുത്തുകൾക്കും പവിഴങ്ങൾക്കും പേരുകേട്ട ഹൈദരാബാദിൽ വെച്ച് സമാനശോഭയുള്ള ഒരു ഇന്നിംഗ്സ് വിരാട് കളിക്കുമെന്ന് സകലരും ഉറച്ചുവിശ്വസിച്ചിരുന്നു.

പുജാരയുടെ പുറത്താവലാണ് വിരാടിന് ക്രീസിലേക്കുള്ള വഴിതുറന്നത്.മുരളി വിജയ് അപ്പോൾ 90കളിലായിരുന്നു.എന്നിട്ടും കാണികൾ ”കോഹ്ലി,കോഹ്ലി” എന്ന് ആർത്തുവിളിച്ചുകൊണ്ടി­രുന്നു.വിരാടിനെപ്പോ­ലുള്ള ഒരു സൂപ്പർസ്റ്റാറിനൊപ്പം­ കളിക്കുന്നവർ അത് അനുഭവിക്കാതെ നിവൃത്തിയില്ല. രവി ശാസ്ത്രിയുടെ സ്വരം മുഴങ്ങി-

”ഒരു ഇന്നിംഗ്സ് എങ്ങനെ തുടങ്ങണം എന്നറിയണമെങ്കിൽ വിരാടിനെ നോക്കൂ.എത്ര പോസിറ്റിവ് ആണ് അയാളുടെ കാൽവെയ്പ്പുകൾ.ആ കണ്ണുകളിൽ കാണുന്നത് ദൃഢനിശ്ചയമാണ്….”

തുടക്കത്തിൽ തന്നെ സിഗ്നേച്ചർ ഷോട്ടായ കവർഡ്രൈവ്.സ്ലോ ആയ പിച്ചിൽ ആ കവർഡ്രൈവ് കളിച്ച രീതി ! വിരാട് മറ്റൊരു തലത്തിലാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കിയ ഷോട്ട്.തൈജുളിനെതിരെയും ഒരു കവർഡ്രൈവ്.ലെഫ്റ്റ് ആം സ്പിന്നർമാർ ഒാവർ ദ വിക്കറ്റ് ബൗൾ ചെയ്യുമ്പോൾ ആ ഷോട്ട് എളുപ്പമല്ലെന്ന് സുനിൽ ഗാവസ്കർ ഒാർമ്മിപ്പിച്ചു.പണ്ട് പല കളിക്കാരെയും വെട്ടിലാക്കിയ ഒരു തന്ത്രമാണ് തൈജുൾ പയറ്റിയത്.അപ്പോഴും വിരാട് ബൗണ്ടറി നേടി !

ഒാസ്ട്രേലിയയിൽ മിച്ചൽ ജോൺസൻ്റെ അതിവേഗ പന്തുകളെ ക്രീസിനു പുറത്തുനിന്ന് നേരിട്ടവനാണ് വിരാട്.പിൻകാലിലേക്ക്­ ഭാരം ട്രാൻസ്ഫർ ചെയ്തുകൊണ്ട് കളിച്ച എത്രയെത്ര പുള്ളുകൾ! അങ്ങനെയുള്ള വിരാടിനെതിരെ ഫ്ലാറ്റ് ആയ ഹൈദരാബാദ് പിച്ചിൽ ഷോർട്ട്ബോളുകളെറിഞ്ഞ കമ്രുൾ ഇസ്ലാമും ശിക്ഷിക്കപ്പെട്ടു.

ബംഗ്ലാദേശിൻ്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായ കോർട്നി വാൽഷിന് ഇതെല്ലാം അസഹനീയമായിരുന്നു.എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് തിരിച്ചറിഞ്ഞ വെസ്റ്റ് ഇൻഡീസ് ഇതിഹാസം, തസ്കിൻ അഹമ്മദിനെ അടുത്തുവിളിച്ചു.തസ്­കിന് നല്ല വേഗത്തിൽ ബൗൾചെയ്യാൻ കഴിയും.പേസർമാരെ തുണയ്ക്കാത്ത ആ പിച്ചിൽ അയാൾ നന്നായി പന്തെറിഞ്ഞിരുന്നു.വാ­ൽഷ് കൊടുത്ത ഉപദേശങ്ങളെല്ലാം തസ്കിൻ ശ്രദ്ധയോടെ കേട്ടു.

ബംഗ്ലാദേശ് പുതിയ പന്തെടുത്തു.വെ­ട്ടിത്തിളങ്ങുന്ന ചുവന്ന പന്തുമായി തസ്കിൻ വിരാടിനു നേരെ ഒാടിയടുത്തു.എന്താണ് സംഭവിക്കുന്നത് എന്നറിയാൻ വാൽഷ് ബൗണ്ടറിയ്ക്ക് തൊട്ടപ്പുറത്ത് ഇരുന്നു.തസ്കിൻ്റെ പന്ത് 140 കി.മി വേഗത്തിലാണ് വിരാടിനു നേർക്ക് എത്തിയത്.ഏതാനും നിമിഷങ്ങൾക്കകം അത് വാൽഷിൻ്റെ അടുത്തേക്ക് പാഞ്ഞെത്തി ! എത്ര ശ്രമിച്ചിട്ടും വാൽഷിന് നിരാശ മറച്ചുവെയ്ക്കാനായില്ല.വിരാട് തികച്ചും ”അൺസ്റ്റോപ്പബിൾ ” ആണെന്ന് വാൽഷിൻ്റെ മുഖഭാവം വിളിച്ചുപറഞ്ഞു.വാശിയോടെ എറിഞ്ഞ പന്തുകൾ എല്ലാം വേലിക്കെട്ടിലേക്ക് പറന്നപ്പോൾ തസ്കിൻ്റെ ചുണ്ടിലൊരു പുഞ്ചിരി മൊട്ടിട്ടു.ആരാണ് കൂടുതൽ കേമൻ എന്ന് മനസ്സിലാക്കിയപ്പോൾ പിറവിയെടുത്ത ചിരി!

വിരാടിൻ്റെ ബാറ്റിൻ്റെ മദ്ധ്യത്തിൽ പന്ത് തട്ടിയപ്പോൾ ബംഗ്ലാദേശ് സ്കിപ്പർ മുഷ്ഫിഖുർ റഹീം എൽ.ബി.ഡബ്ല്യൂവിന് അപ്പീൽ ചെയ്ത് എല്ലാവരെയും ഞെട്ടിച്ചു.അമ്പയറുടെ­ തീരുമാനം പുനഃപരിശോധിച്ച് സ്വയം പരിഹാസ്യനാവുകയും ചെയ്തു.കഴിഞ്ഞ സീരീസിൽ ഇംഗ്ലണ്ടിൻ്റെ ജോണി ബെയർസ്റ്റോയും ഇക്കാര്യം പ്രവർത്തിച്ചിരുന്നു.­(ഇംഗ്ലണ്ട് ഡി.ആർ.എസ് ഉപയോഗിക്കാഞ്ഞതുകൊണ്ട് അത് ശ്രദ്ധിക്കപ്പെട്ടില്ല).വിരാടിനെതിരെ കളിക്കുമ്പോൾ എന്തുകൊണ്ടാണ് ചിലർ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നത്? അതിന് ഒരുത്തരമേയുള്ളൂ.വിരാ­ട് ടീമിൻ്റെ നെടുംതൂണാണ്.ഏതുവിധേന­യും ആ വിക്കറ്റ് നേടിയേ തീരൂ….

സഞ്ജയ് മഞ്ജരേക്കർ പറയുന്നു-”സച്ചിൻ തെൻഡുൽക്കർ എപ്പോഴും കാഴ്ച്ചക്കാരേക്കാൾ മുന്നിലായിരുന്നു.സച്ചിൻ 15-20 റണ്ണുകളിലാണ് ബാറ്റ്ചെയ്യുന്നത് എന്ന് ഡ്രെസ്സിംഗ് റൂമിലുള്ളവർ വിചാരിക്കും.സത്യത്തി­ൽ ആ സമയത്ത് അയാൾ നാൽപ്പതുകളിൽ എത്തിയിട്ടുണ്ടാവും! അത് വലിയ കളിക്കാരുടെ ലക്ഷണമാണ്.അതാണ് വിരാടിലും കാണുന്നത് ! ”

കേവലം 130 പന്തുകളിൽ വിരാട് സെഞ്ച്വറി പൂർത്തിയാക്കി എന്ന വസ്തുത സഞ്ജയ് പറഞ്ഞതിനെ ശരിവെയ്ക്കുന്നു.കുറ­ഞ്ഞത് ഒരു ഡബിൾ സെഞ്ച്വറിയെങ്കിലും എപ്പോഴും ലക്ഷ്യമിടുന്നതിനാൽ സെഞ്ച്വറികൾ ആഘോഷിക്കാൻ വിരാട് മറന്നുതുടങ്ങിയിരിക്കുന്നു! ഭക്ഷണം കഴിക്കുക,ഉറങ്ങുക,സെഞ്ച്വറിയടിക്കുക…ഇതാ­ണ് വിരാടിൻ്റെ ദിനചര്യ! സെഞ്ച്വറികൾ നിസ്സാരമാണെന്ന് തോന്നിപ്പിക്കുന്നതാണ് അതിലും ഭീകരം….

ബൗണ്ടറികളെ പ്രശംസിക്കുമ്പോൾ മറന്നുപോകരുതാത്ത ഒരു മേഖലയാണ് വിരാടിൻ്റെ ഒാട്ടം.ഒരു പന്തിനെ അയാൾ തേഡ്മാനിലേക്ക് ഗൈഡ് ചെയ്ത സംഭവം ശ്രദ്ധിക്കുക.അത്രയൊന്നും അകലെയല്ലാത്ത ഫീൽഡറുടെ കൈയ്യിൽ പന്ത് കിട്ടിയ സമയത്താണ് വിരാട് രണ്ടാം റൺ ഒാടിത്തുടങ്ങിയത്.എന്നിട്ടും അനായാസമായി അയാാളത് ഒാടിത്തീർത്തു.തൻ്റെ കാലുകളുടെ വേഗതയിൽ അയാൾക്ക് അത്രയും വിശ്വാസമുണ്ട്.ഇത്തരത്തിൽ ഒാടിയെടുത്ത എത്രയെത്ര നിർണ്ണായകമായ റണ്ണുകൾ!

മത്സരം പുരോഗമിക്കുന്നതിനിടെ­ ഒരു അഭിപ്രായവോട്ടെടുപ്പ്­ നടന്നിരുന്നു.വിരാട് ട്രിപ്പിൾ സെഞ്ച്വറി നേടുമോ എന്ന ചോദ്യത്തിന് ‘യെസ്’ എന്ന ഉത്തരം പറഞ്ഞത് 66% പേർ.മുൻ കിവീസ് ബൗളർ സൈമൺ ഡൂളും അങ്ങനെ ചിന്തിച്ചവരിൽ പെടുന്നു.ഈ വോട്ടെടുപ്പ് നടക്കുമ്പോൾ വിരാടിൻ്റെ സ്കോർ കഷ്ടിച്ച് 150 കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ എന്ന് മനസ്സിലാക്കണം.എന്നി­ട്ടും ഇത്ര പേർ വിരാട് ട്രിപ്പിൾ നേടും എന്ന് കരുതിയെങ്കിൽ അത് അത്രയും ഉയർന്ന നിലവാരം അയാൾ പുലർത്തുന്നതുകൊണ്ടുമാത്രമാണ്….

ഈ ഇന്നിംഗ്സിന് എന്തെങ്കിലും കുറ്റങ്ങൾ കണ്ടെത്താൻ ശരിക്കും പ്രയാസപ്പെടണം.ഒരു ക്യാച്ച് അവസരം പോലും കൊടുത്തില്ല.അങ്ങിങ്ങായി ഒന്നോ രണ്ടോ ലീഡിംഗ് എഡ്ജുകൾ.വളരെക്കുറച്ച് എൽ.ബി.ഡബ്ല്യൂ അപ്പീലുകൾ.പോരായ്മകൾ ഇവിടെ തീരുന്നു.ഇതൊന്നുമില്ലാത്ത നല്ലൊരു ഇന്നിംഗ്സ് കാണിച്ചുതരാമോ എന്ന് ചോദിച്ചാൽ നമ്മൾ വിയർക്കുകയും ചെയ്യും.ഇന്ത്യയെ ചൊറിയാനുള്ള ഒരവസരവും പാഴാക്കാത്ത മുൻ ഇംഗ്ലിഷ് ക്യാപ്റ്റൻ മൈക്കൽ വോൻ പോലും വിരാടിനെ പ്രശംസ കൊണ്ട് പൊതിയുന്നത് അതുകൊണ്ടാണ്.വിജയ് സെഞ്ച്വറി നേടിയതിനു പിന്നാലെ ഒൗട്ടായപ്പോൾ വിരാട് ഡബിൾ സെഞ്ച്വറി എത്തുന്നത് വരെ സമചിത്തത കൈവിട്ടില്ല.അതാണ് വ്യത്യാസം.വളരെ നല്ല കളിക്കാരനും ഇതിഹാസവും തമ്മിലുള്ള അന്തരം!

സ്കോർകാർഡുകൾ ചിലപ്പോൾ കള്ളം പറയാറുണ്ട്.Kohli LBW B Taijul എന്ന് കണക്കുകളിൽ കാണാം.സത്യത്തിൽ വിരാട് തൻ്റെ ഇന്നിംഗ്സ് സ്വയം അവസാനിപ്പിക്കുകയായിരുന്നു.ഇറാസ്മസ് ഒൗട്ട് വിധിച്ചപ്പോൾ പങ്കാളിയായ സാഹയ്ക്ക് പറയാനുള്ളത് കേൾക്കുക പോലും ചെയ്യാതെ വിരാട് ക്രീസ് വിടുകയായിരുന്നു! ഡി.ആർ.എസ് ഉപയോഗിച്ചിരുന്നുവെങ്കിൽ വിരാട് രക്ഷപ്പെടുമായിരുന്നു­ എന്ന് റീപ്ലേകൾ വ്യക്തമാക്കിയപ്പോഴേക്കും അയാൾ കാണികളെ അഭിവാദ്യം ചെയ്ത് പവലിയനിൽ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു….

ഇന്ത്യയുടെ സ്കോർ 495ൽ എത്തിയിരുന്നു.രണ്ടു റിവ്യൂസ് അവശേഷിച്ചിരുന്നു.ഇനി­ ഇറങ്ങാനുള്ളത് അശ്വിൻ,ജഡേജ തുടങ്ങിയവരും.വിരാട് ഒരു റിവ്യൂ പാഴാക്കിയിരുന്നെങ്കി­ൽ ആരും അയാളെ കുറ്റപ്പെടുത്തില്ലായിരുന്നു.ഒൗട്ട് ആണെന്ന് 100% ഉറപ്പുണ്ടെങ്കിലും പങ്കാളിയോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ അമ്പയറുടെ തീരുമാനത്തെ വെല്ലുവിളിക്കുന്ന ബാറ്റ്സ്മാൻമാരുടെ ലോകത്ത് ഇത്തരം വിരാട് കോഹ്ലിമാർ ഒരു അപൂർവ്വത തന്നെയാണ്.ടീം മാത്രമാണ് തനിക്ക് പ്രധാനം എന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു അയാൾ….

വിരാട് ഒൗട്ടായതിൻ്റെ നിരാശ രവി ശാസ്ത്രി മറച്ചുവെച്ചില്ല.അദ്ദേഹം പറഞ്ഞു-

”ഡ്രെസ്സിംഗ് റൂമിൽച്ചെന്ന് ആ റീപ്ലേ കാണുമ്പോൾ വിരാട് എന്തുകരുതും എന്നാണ് ഞാൻ ചിന്തിക്കുന്നത്…..­”

ഉത്തരം നിസ്സാരമാണ്.അയാൾ ചിന്തിച്ചത് 20 ബംഗ്ലാദേശ് വിക്കറ്റുകളെക്കുറിച്ചായിരിക്കും.എങ്ങനെ ഈ മാച്ച് ജയിക്കാം എന്നതിനെപ്പറ്റിയാവും­ അയാൾ ആലോചിച്ചത്.നഷ്ടമായ റണ്ണുകൾ വിരാടിൻ്റെ ഉറക്കം നഷ്ടപ്പെടുത്തില്ല…­.

സംശയമുള്ളവർക്ക് സൗമ്യ സർക്കാറിൻ്റെ ഒൗട്ടിൻ്റെ വീഡിയോ ആവർത്തിച്ചുകാണാം.പന്ത് സർക്കാരിൻ്റെ ബാറ്റിൽത്തട്ടിയോ എന്ന് ക്യാച്ച് എടുത്ത സാഹയ്ക്കുപോലും നിശ്ചയമില്ലായിരുന്നു­.പക്ഷേ വിരാടിന് തീർച്ചയായിരുന്നു.സർക്കാരിൻ്റെ ബാറ്റിൽ ബോൾ ഉരസുന്ന ശബ്ദം അൾട്രാ എഡ്ജ് ടെക്നോളജി പിടിച്ചെടുക്കുന്നതിനു മുമ്പേ തന്നെ വിരാട് തിരിച്ചറിഞ്ഞിരുന്നു.­ഡി.ആർ.എസ് ഉപയോഗിക്കപ്പെട്ടു.സർ­ക്കാർ ഒൗട്ട്! വിരാടിൻ്റെ കണ്ണുകളും കാതുകളും എപ്പോഴും ടീമിനു വേണ്ടി ഉണർന്നിരിക്കുന്നു !

സുധീറിൻ്റെ ശംഖ് ഇനിയും ശബ്ദിച്ചേ തീരൂ….

Share.

Comments are closed.