കാൽപന്ത് കളിയില്‍ നിരവധി മഹാരഥന്മാരെ ലോകത്തിന് സമ്മാനിച്ച ഫ്രാൻസില്‍ നിന്നു ഒരു ചെറുപ്പക്കാരൻ :- കിങ്ങ്സ്ലി കോമാൻ

767

കാൽപന്ത് കളിയുടെ മനോഹാരിത കാലുകളിലൊളിപ്പിച്ച നിരവധി മഹാരഥന്മാരെ ലോകത്തിന് സമ്മാനിച്ച രാജ്യമാണ് ഫ്രാൻസ്. സിനദിൻ സിദാനും തിയറി ഹെൻറിയും മിഷേൽ പ്ളാറ്റിനിയും ഒക്കെ ജന്മം കൊണ്ട ആ മണ്ണിൽ നിന്നും ഉദിച്ചുയരുന്ന മറ്റൊരു സൂര്യനാണ് കിങ്ങ്സ്ലി കോമാൻ എന്ന ഈ ചെറുപ്പക്കാരൻ . ചിലർ എത്ര കഴിവുള്ളവർ ആണെങ്കിലും ജനിച്ച സ്ഥലമോ വളർന്ന കാലമോ അവരെ അവരുടെ ഉയർച്ചയിൽ നിന്നും പിന്നോട്ട്വലിക്കും … ചിലർക്കിതെല്ലാ ഒത്ത് വന്നാലും കപ്പുകൾ കിട്ടാക്കനിയായി തന്നെ തുടരും. പക്ഷെ ഈ ചുരുണ്ട മുടിക്കാരന് അങ്ങനൊരുതരത്തിലും കാലത്തെ പഴിക്കേണ്ടി വരില്ല. കാരണം ഇൻഡ്യയിലോ മറ്റോ ജനിച്ചിരുന്നെങ്കിൽ ഏതെങ്കിലും എൻജിനീറിംങ്ങ് കോളേജിൻെറയോ മെഡിക്കൽ കോളേജിൻെറയോ വരാന്തയിൽ വരുത്തിവച്ച സപ്ളികൾ എണ്ണി കഴിഴേണ്ട ഈ പ്രായത്തിൽ ഒരു ഫ്രഞ്ച് ലീഗും ഒരു ഇറ്റാലിയൻ ലീഗും ഒരു ജർമൻ ലീഗുമാണ് നേട്ടങ്ങളുടെ പട്ടികയിൽ ഉള്ളത്‌.
.
.
പാരിസ് സെൻെറ ജർമനിൽ നിന്നും 2014 ൽ യുവൻെറസിലേക്കും അവിടെ നിന്ന് 2015ൽ ഏഴ് മില്യൺ യൂറോക്ക് ലോൺ അടിസ്ഥാനത്തിൽ ജർമൻ ഭീമന്മാരായ ബയേണിലേക്കും പറന്നുയർന്നപ്പോഴും പണമോ പ്രൗഡിയോ ആയിരുന്നില്ല ഈ പത്തൊൻപത് വയസുകാരനെ മുന്നോട്ട് നയിച്ചത് .കാൽപന്ത് കളി കളത്തിലിറങ്ങി കളിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ആയിരുന്നു. തൻെറ കഴിവ് ഈ ചെറു പ്രായത്തിൽതന്നെ സൈഡ് ബെഞ്ചിൽ കാഴ്ചയർപ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിഞ്ഞ ഈ വിങ്ങർ ഈ സീസണിൽ ഒരുപാട് ആഗ്രഹങ്ങളോടെയാണ് ബയേണിൽ വന്നത്. റോബനും റിബറിയും വിങ്ങുകളിൽ നിറഞ്ഞ് നിന്നെങ്കിലും ഈ സീസണിൽ 34 മത്സരങ്ങളിൽ ബയേണിനുവേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹത്തിന് ഇതുവരെ 6 ഗോളുകൾ നേടാൻ സാധിച്ചു . വിങ്ങുകളിൽ നിന്ന് അസാമാന്യ നിരീക്ഷണപാടവത്തോടെ കളി മെനയുന്ന ഈ 29ആം നമ്പറുകാരൻ തൻെറ കളിശൈലിയും മികവുകൊണ്ടും കോച്ച് ഗ്യാർഡിയോളയുടെ പ്രിയപ്പെട്ടവനായി .
.
.
ഒരിക്കൽ ഒരു മത്സരശേഷം കോമാൻ പറയുകയുണ്ടായി, ” ബയേണിൻെറ കേളി ശൈലി തനിക്ക് വളരെ ഇണങ്ങുന്നതാണ് . കളിയിൽ എപ്പോൾ വേണമെങ്കിലും മാറ്റം കൊണ്ടുവരാൻ തനിക്ക് സാധിക്കും ” . ഒരു പത്തൊൻപത് വയസുകാരനിൽ നിന്നും ചെറിയവായിലെ വലിയ വർത്തമാനം എന്ന് പുച്ഛിച്ചവർ പക്ഷെ ഈ സീസണിലെ ബയേണിൻെറ കളി കണ്ടാൽ അത് തികച്ചും വാസ്തവമാണെന്ന് തിരിച്ചറിയും .വേഗതയും മികച്ച പന്തടക്കവും കൈമുതലായുള്ള കോമാന് കളി നിയന്ത്രിക്കുകയും സ്കോർ കാർഡിൽ മാറ്റം വരുത്തുകയും സാധ്യമാണ്. ചെറുപ്രായത്തിൽ വലിയ സാഹചരത്തിൽ പന്ത് തട്ടുമ്പോൾ ഒരു കളിക്കാരന് വിലങ്ങുതടിയാവുന്നത് മാനസികസമ്മർദ്ദമാണ്. പക്ഷെ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ആത്മധൈര്യം ചോരാതെ അനുഭവസ്ഥരെ പോലെ കളി മെനയാനുള്ള കോമാൻെറ കഴിവ് പ്രശംസാവഹമാണ്. ചാംമ്പ്യൻസ് ലീഗിൽ സെമിയിൽ പുറത്തായെങ്കിലും ക്യാർട്ടർ ഫൈനലിലെ യുവൻെറസുമായുള്ള മത്സരത്തിലെ അവസാന നിമിഷത്തിലെ നിർണായകമായ അസിസ്റ്റ് ഈ കഴിവ് ഊട്ടിയുറപ്പിക്കുന്നു.
.
.
ഈ സീസണിൽ ബുണ്ടസ് ലിഗിൽ മാത്രമായി നാലു ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയ കോമാൻെറ മികച്ച പ്രകടനങ്ങൾ ചാമ്പ്യൻസ് ലീഗിലും തെളിഞ്ഞ് നിന്നു. ഈ മികച്ച പ്രകടനങ്ങളോടെ ബുണ്ടസ് ലീഗയിൽ ഫ്രാങ്ക് റിബറിക്ക് ശേഷം ഒരു സീസണിൽ മൂന്നോ അതിലദികമോ അസിസ്റ്റുകൾ നൽകുന്ന ബയേൺ താരവുമായി കോമാൻ.വേഗതയെ തുറുപ്പ് ചീട്ടായ് ഉപയോഗിച്ച് കളി മെനയുന്ന ഈ ഫ്രഞ്ച് താരമാണ് ഈ സീസണിലെ ബുണ്ടസ്ലിഗയിലെ ഏറ്റം വേഗമേറിയ താരം എന്ന് പറയുമ്പോൾ ആരായാലും അതിശയിച്ചുപോകും .2016 ജനുവരിയിൽ ഹാംബർഗിനെതിരായ മത്സരത്തിലായിരുന്നു മണിക്കൂറിൽ 35.06 കിലോമീറ്റർ വേഗതയിൽ ഇദ്ദേഹം പന്തുമായ് പാഞ്ഞത്. ഒബമയാങ്ങ് ഒക്കെ നിറഞ്ഞാടുന്ന ഈ ലീഗിൽലെ പത്തൊൻപത് വയസുകാരൻ ഇങ്ങനൊരു റെക്കോർഡ് ഇട്ടങ്കിൽ അത് ഉള്ളിരിക്കുന്ന പ്രതിഭയുടെ മിന്നലാട്ടം തന്നെയാണ്. ഇതിനോടെപ്പം തന്നെ ലീഗിൽ പത്തൊൻപതോളം ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഇദ്ദേഹം ഫ്രാൻസ് വേണ്ടി ഈ വർഷം ബൂട്ട് അണിയാൻ അവസരം ലഭിച്ചപ്പോൾ അതിൽ ഗോൾ നേടുകയും ചെയ്തു.
.
.
ആദ്യ പതിനേഴ് ബുണ്ടസ്ലീഗ മത്സരങ്ങളിൽ ഒൻപതെണ്ണത്തിൽ ഇടതുവിങ്ങിലും എട്ടെണ്ണത്തിൽ വലതുവിങ്ങിലുമാണ് കളിച്ചതെങ്കിലും ഫുൾ ബാക്കിനെ കബിളിപ്പിച്ച് വേഗതയോടെ പന്തുമായ് മുന്നേറുന്ന രീതിയിൽ മാറ്റങ്ങൾ ഉണ്ടായതെയില്ല. ”Its special quality to be able to pass a player on both sides ” എന്ന ജർമൻ കോച്ച് ജോക്കിം ലോയുടെ വാക്കുകൾ വിരൽ ചൂണ്ടുന്നത് കോമാൻെറ ഈ പ്രകടനങ്ങളെയാണ്.
ഒരുപക്ഷേ യുവൻെറസിന് കോമാൻെറ ട്രാൻസ്ഫർ നീക്കം ക്ഷീണം ഇപ്പോൾ ചെയ്തില്ലായിരിക്കാം . പക്ഷെ ബയേണിന് എന്നും മുതൽക്കൂട്ടാകും ഈ ചെറുപ്പക്കാരൻ എന്നത് ഈ പ്രകടനങ്ങൾ അടിവരയിട്ടുറപ്പിക്കുന്നു.അടുത്ത കൊല്ലം കാർലോ ആൻചെലോട്ടലി എന്ന പ്രതിഭാശാലിയുടെ കീഴിൽ അണിനിരക്കുമ്പോൾ കോമാനിൽ നിന്നും ഇതിലും മികച്ച പ്രകടനങ്ങൾ തീർച്ചയായും പ്രതീക്ഷിക്കാം. സെൻെറ ജർമൻെറ സൈഡ് ബെഞ്ചിൽ നിന്നു നാലുവട്ടം അടുപ്പിച്ച് ബുണ്ടസ് ലീഗ ചാംമ്പ്യന്മാരായി നിൽക്കുന്ന ബയേണിൻെറ ഒഴിച്ചുകൂടാനാവാത്ത വിങ്ങറായി ഒറ്റ സീസൺ കൊണ്ട് ഇദ്ദേഹം വളർന്നെങ്കിൽ ഭാഗ്യത്തിനും പ്രതിഭയ്ക്കും അപ്പുറം കഠിനാധ്വാനംത്തിൻെറയും അർപ്പണബോധത്തിൻെയും കഥയുണ്ട്. ഇരുപതോളം ക്ളബുകളിൽ നിന്ന് നൂറ്റിയൻപതിലദികം കളിക്കാർ മിനിമം ഇരുപത് മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഈ സീസണിൽ ബുണ്ടസ് ലീഗയിൽ , അവരിൽ വളരെ ചെറിയവനാണ് അനുഭവസമ്പത്ത് കൊണ്ട് കോമാൻ, പക്ഷെ പ്രകടനങ്ങൾ കൊണ്ട് ലീഗയിലെ മികച്ചവരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ കാണും. റോബൻ – റിബറി സഖ്യം ഇനി എത്ര നാൾ കാണും എന്നുറപ്പില്ലാത്ത സാഹചരത്തിൽ ഈ ഫ്രഞ്ച്മാൻ എന്തുകൊണ്ടും ബയേണിന് മുതൽക്കുട്ടാണ്.ഈ വർഷത്തെ ഫ്രാൻസിൻെറ യൂറോ സ്‌ക്വാഡ് കണ്ട് പലരും കണ്ണുതള്ളയപ്പോൾ അതിനൊരു കാരണക്കാരനും ഈ പ്രതിഭയാണ്.
.
.

2015-2016 സീസണിൽ ബയേൺ എന്ന ക്ളബ് മാത്രമല്ല ഫുഡ്ബോൾ ലോകം ഒന്നടങ്കം എന്തു നേടി എന്ന് ചോദ്യം വരുമ്പോൾ കിങ്സിലി കോമാൻ എന്ന പത്തൊൻപത് വയസുകാരൻെറ അത്ഭുതാവഹമായ കുതിപ്പിനെ ഒഴിവാക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല. ടേബിളിൽ കോളം വരച്ച് മികച്ച താരത്തെ കണ്ടെത്തുന്നവരുടെ കണക്കിൽ കോമാൻ ആരുമല്ലായിരിക്കും…. പക്ഷെ കാൽപന്ത് കളിയെ അടുത്തറിയുന്നവർക്കും നെഞ്ചോട് ഏറ്റിയവർക്കും കടന്നുപോയ വർഷത്തെ ഏറ്റം വലിയ സമ്മാനങ്ങളിലൊന്ന് ഈ പ്രതിഭയായിരിക്കും എന്നത് തീർച്ച.

Share.

Comments are closed.