വെസ്റ്റ്ഇന്‍ഡീസിനെ കണ്ടു പഠിക്കാം ..

127

പ്രിയപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് ,ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു .ക്രിക്കറ്റ് വെറും യാന്ത്രികമാകുന്ന ഈ കാലഘട്ടത്തിലും ഈ ഗെയിമിനെ സ്നേഹിക്കുന്ന ഞങ്ങളെപോലുള്ള സാധാരണ മനുഷ്യരെ നിങ്ങള്‍ ആനന്ദിപ്പിക്കുന്നു.നിങ്ങള്‍ ജയിച്ചതില്‍ ഇന്ത്യക്കാര്‍ക്ക് പോലും ദുഖമുണ്ടാകും എന്ന് തോന്നുന്നില്ല.കാരണം നിങ്ങള്‍ ജീവിക്കുന്നത് ഞങ്ങളുടെ ഹ്ര്യദയങ്ങളിലാണ്‌. സ്വന്തം ടീമിനെ തോല്‍പിച്ച് ടൂര്‍ണമെന്റില്‍ നിന്നും പറഞ്ഞയച്ചിട്ടു പോലും ഗാലറികള്‍ ആരവം മുഴക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ്.നിഷ്കളങ്കമായ നിങ്ങളുടെ ചിരിയും ന്ര്യത്തച്ചുവടുകളും ഞങ്ങളുടെ മനസ്സ് നിറക്കുന്നു .ഒരു ബോളിവുഡ് സിനിമയില്‍ കാണുന്ന വര്‍ണപൊലിമയാര്‍ന്ന ഡാന്‍സ് നമ്പറുകളെക്കാള്‍ നിങ്ങള്‍ ഹ്ര്യദയത്തില്‍ ഉള്‍കൊണ്ട് ചെയ്യുന്ന ന്ര്യത്തം ഞങ്ങളെ രസിപ്പിക്കുന്നുണ്ട് .അഹങ്കാരവും താന്‍ പോരിമയും തമ്മിലടിയും മാത്രം കൈ മുതലായുള്ള ഒരു കൂട്ടം സൂപ്പര്‍ താരങ്ങളെ മാത്രം കണ്ട്‌ ശീലിച്ച ഞങ്ങളെപോലുള്ളവര്‍ക്ക് ഇത് പുതിയൊരു അനുഭവമാണ് .കണ്ട്‌ പഠിക്കട്ടെ താര കുമാരന്മാര്‍ ,അസൂയപെടട്ടെ അവരെ അന്ധമായി ആരാധിക്കുന്നവര്‍ .അവര്‍ക്കൊരിക്കലും നിങ്ങളെ അനുകരിക്കാനാവില്ല .ബി.സി.സി.ഐ കൊടുത്ത പിന്തുണ പോലും സ്വന്തം ക്രിക്കറ്റ് ബോര്‍ഡ് കൊടുത്തില്ല എന്ന് പറയുന്ന നായകന്റെയുള്ളില്‍ പ്രതിഷേധമാണ്.വേതനം കൂട്ടി ചോദിച്ചപ്പോള്‍ അത്യാഗ്രഹികള്‍ എന്ന് വിളിച്ചപമാനിക്കപ്പെട്ടവരുടെ മൊത്തം പ്രതിഷേധം .അയാളുടെ പ്രസ്താവനയുടെ പേരില്‍ അയാളെ താക്കീത് ചെയ്യാന്‍ കാട്ടിയ ആവേശത്തിന്റെ നൂറിലൊന്നു പോലും ഒരു നല്ല വാക്ക് പറയാന്‍ ക്രിക്കറ്റ് മേലാളന്മാര്‍ കാട്ടിയില്ല എന്നത് ലജ്ജാവഹമാണ്.

ഈ കിരീട വിജയം പെട്ടെന്ന് വെസ്റ്റ് ഇന്‍ഡീസിനെ കരുത്തുറ്റ ഒരു ടീമാക്കുമെന്നോ ,വിശ്വ വിജയികളാക്കുമെന്നോ കരുതരുത് .കാരണം അവര്‍ ഇനിയും തോല്‍ക്കും ബംഗ്ലാദേശിനോടും സിബാംബ് വെയോടും വരെ.പിന്നീട് പെട്ടെന്നൊരു ദിവസം അവര്‍ ഇന്ത്യയെയും ഓസ്ട്രേലിയയും തോല്‍പിച്ചേക്കും .അതാണ് വെസ്റ്റ് ഇന്‍ഡീസ് .അവര്‍ കളിക്കുന്നത് ഹ്ര്യദയം കൊണ്ടാണ് .കാപട്യമില്ലാത്ത ,നാട്യങ്ങളില്ലാത്ത ഒരു കൂട്ടം പച്ച മനുഷ്യരാണവര്‍ .അവര്‍ നഷ്ടങ്ങളെക്കുറിച് ചിന്തിച്ച് ആകുലരാകുന്നില്ല .എന്തുകൊണ്ടെന്നാല്‍ അവരുടെ ജീവിതം തന്നെ നഷ്ടങ്ങളുടെ കഥയാണ് പറയുന്നത് . പരിശീലനത്തിനിടെ തെറ്റായ ഒരു ഷോട്ട് കളിച്ച വെസ്റ്റ് ഇന്‍ഡീസിലെ ഒരു കുട്ടിയെ തിരുത്താന്‍ ചെന്ന ഒരു കോച്ചിന്റെ കഥ സി.എല്‍.ആര്‍ ജെയിംസ് എന്ന പ്രസിദ്ധനായ എഴുത്തുകാരന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.നീ കളിച്ചത് സാങ്കേതികമായി തെറ്റായ ഒരു ഷോട്ട് ആണെന്ന് പറഞ്ഞ കോച്ചിനോട് ആ ബാലന്‍ പറഞ്ഞ മറുപടി ഇതായിരുന്നു . “ശരിയായിരിക്കാം ,പക്ഷെ നിങ്ങള്‍ ആദ്യം പന്ത് എവിടെയാണ് എന്ന് നോക്കൂ .” പന്ത് ബൌണ്ടറി കടന്നിരുന്നു .അതാണ് വെസ്റ്റ് ഇന്‍ഡീസ്‌ ക്രിക്കറ്റ് .കളിയുടെ സാങ്കേതികതയോ മറ്റു നൂലാമാലകളോ അവര്‍ക്ക് പ്രശ്നമല്ല .കളിക്കുക ,മനസ്സ് നിറഞ്ഞു കളിക്കുക ,കാണികളെ ആവേശ ഭരിതരാക്കുക.ഈ ടൂര്‍ണമെന്റ് വിജയം അവര്‍ ഒരുപാട് അര്‍ഹിച്ചിരുന്നു,ഒരുപാട് ആഗ്രഹിച്ചിരുന്നു.എഴുപതുകളിലെ സുവര്‍ണ കാലത്തിനു ശേഷം ക്രിക്കററ് ലോകത്തിന്റെ താഴെക്കിടയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവര്‍ ..2004 ഇല്‍ ഐ.സി .സി യുടെ ചാമ്പ്യന്‍സ് ട്രോഫി ,2012 ടി-ട്വെന്റി ലോകകപ്പ് ഇവ മാറ്റി നിര്‍ത്തിയാല്‍ ഒന്നും എടുത്തു പറയാനില്ലാത്ത സമീപകാലം .അപ്രവചനീയത തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ്‌ ക്രിക്കറ്റിന്റെ മുഖമുദ്ര .ഒരു കാലത്ത് ഫാസ്റ്റ് ബൌളര്‍മാരുടെ ഫാക്ടറി എന്നറിയപ്പെട്ടിരുന്ന വിന്‍ഡീസ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് ലോകം കണ്ട എക്കാലത്തെയും മികച്ച പേസര്‍ മാരെയായിരുന്നു .ആന്‍ഡി റോബര്‍ട്ട് സ് ,ജോയല്‍ ഗാര്‍ണര്‍ ,മാള്‍ക്കം മാര്‍ഷല്‍ ,കോളിന്‍ ക്രോഫ്റ്റ് ,മൈക്കല്‍ ഹോള്‍ടിംഗ് എന്നിങ്ങനെ ഭീതിയോടെ മാത്രം ബാറ്സ്മാന്മാര്‍ കണ്ടിരുന്ന ഇതിഹാസങ്ങള്‍ .പിന്നീട് ഒരിടവേളക്കുശേഷം വാല്‍ഷും അംബ്രോസും വന്നു.അവരും ലോകോത്തര ബൌളര്‍മാര്‍ തന്നെയായിരുന്നു .ഇതിനിടെ ടീമിന്റെ നിലവാരം വളരെ താഴേക്ക്‌ പോയി .ബ്രയന്‍ ലാറ എന്ന ബാറ്റിംഗ് ഇതിഹാസത്തിന് പോലും അവരെ കര കയറ്റാനായില്ല.

കറുത്തവന്റെ കരുത്തും നിഷ്കളങ്കതയും തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ്‌ ക്രിക്കറ്റിന്റെയും പ്രത്യേകത .അവരുടെ ക്യാപ്ടന്‍ ഡാരന്‍ സാമി എന്നും വിമര്ശന ശരങ്ങള്‍ മാത്രം എറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവനായിരുന്നു.അയാളുടെ ടീമിലെ സ്ഥാനം പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു .സാമി എന്നും ശാന്തനായിരുന്നു.തനിക്കു കഴിയും വിധം അയാള്‍ തന്റെ ടീമിനെ നയിച്ചു ,തല ഉയര്‍ത്തിപിടിച്ചു കൊണ്ട് തന്നെ .അയാള്‍ ഒരു ക്യാപ്റ്റന്‍ ആണെന്ന് പോലും പലപ്പോഴും തോന്നിയില്ല ,സാമി തന്റെ ടീമംഗങ്ങളില്‍ ഒരാളായിരുന്നു .അവരോടൊപ്പം ചിരിക്കുകയും കരയുകയും ന്ര്യത്തം ചെയ്യുകയും ചെയ്ത ക്യാപ്റ്റന്‍ .വിമര്‍ശനങ്ങളില്‍ മനം നൊന്ത് അയാള്‍ ഒരിക്കല്‍ പറഞ്ഞു .”ഈ ഭൂമിയിലേക്ക് കടന്നു വന്ന ഏറ്റവും മഹാനായ മനുഷ്യന്‍ ഒരു തെറ്റും ചെയ്തിരുന്നില്ല ,എന്നിട്ടും അദ്ദേഹം ക്രൂശിക്കപ്പെട്ടു .ഡാരന്‍ സാമി എന്ന ഞാന്‍ എന്തായാലും അദ്ദേഹത്തിന്റെ അടുത്തൊന്നും ഏത്താന്‍ യോഗ്യനല്ല,അതുകൊണ്ട് തന്നെ ഈ അനുഭവങ്ങള്‍ എന്നെ അമ്പരപ്പിക്കുന്നുമില്ല ” ..ഈ ടൂര്‍ണമെന്റില്‍ അയാള്‍ക്ക് എടുത്തു പറയാന്‍ ഒരു നിമിഷം പോലുമില്ലെന്ന് തോന്നുന്നു.എന്നിട്ടും സാമി അവരുടെ പ്രചോദനത്തിന്റെ ഉറവിടമായിരുന്നു . യഥാര്‍ത്ഥത്തില്‍ വിന്‍ഡീസ് ഒരു മികച്ച ടീമായിരുന്നോ ?പച്ചയായി പറഞ്ഞാല്‍ അല്ലായിരുന്നു.അവരെക്കാള്‍ നല്ല ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു . അവരെക്കാള്‍ മികച്ച പ്ലാനിംഗോടെ മത്സരങ്ങളെ സമീപിച്ചവരായിരുന്നു മറ്റുള്ള ടീമുകള്‍.മറ്റുള്ള ടീമുകളില്‍ നിന്നും അവരെ വേര്‍ തിരിച്ചു നിര്‍ത്തിയ ഒരേ ഒരു ഘടകം അവരുടെ ഒത്തൊരുമയായിരുന്നു .ഒരു ലക്ഷ്യത്തിനായി അവര്‍ ഒത്തൊരുമിച്ചു നിന്നു പൊരുതി .അവര്‍ക്കറിയാമായിരുന്നു ഒരു ജനത ഒരു പാട് പ്രതീക്ഷകളുമായി അവരെ കാത്തിരിക്കുന്നുണ്ടെന്ന്‍ .അവര്‍ക്ക് ജയിക്കാതെ പറ്റില്ലായിരുന്നു .ഭാഗ്യവും അവരുടെ കൂടെ നിന്നു.

ഇത് മര്‍ലോണ്‍ സാമുവല്‍സിന്‍റെ വിജയമാണ് .2012 ലെ ഫൈനലിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷം മങ്ങിപ്പോയ കരിയര്‍ വീണ്ടും പച്ച പിടിക്കുകയാണ്.ഒരു ബാധ്യത പോലെ പലപ്പോഴും തോന്നിപ്പിച്ച അലസ സമീപനവുമായി ഈ ടൂര്‍ണമെന്റിലും നിശബ്ദനായി അയാളുണ്ടായിരുന്നു.ഫൈനലിലും ആദ്യത്തെ മിനുട്ടുകളില്‍ കാട്ടിയ നിസ്സംഗത മാറികഴിഞ്ഞപ്പോള്‍ സാമുവല്‍സ് ഉണര്‍ന്നിരുന്നു.ബുദ്ധിപരമായി പേസ് ചെയ്ത് ഈ ചേസ് അയാള്‍ മുന്നില്‍ നിന്ന് നിയന്ത്രിച്ചു.വിജയം കാര്‍ലോസ് ബാരത് വെയിറ്റിന്റേതു കൂടെയാണ് .പലതവണ മടിച്ചു നിന്നതിനു ശേഷം അയാള്‍ ഇന്ന് പെയ്തിറങ്ങുകയായിരുന്നു.ഇതൊരു തുടക്കമാകട്ടെ കീരന്‍ പോള്ളാര്‍ഡിനെ പോലെ ,ഉദിച്ചുയരട്ടെ അയാളും.ഇടക്ക് വച്ചു വിന്‍ഡീസ് ക്രിക്കറ്റിനെ ഇട്ടെറിഞ്ഞു പണത്തിനു വേണ്ടി ടി-ട്വെന്റി ലീഗുകളിലേക്ക് ചേക്കേറാന്‍ വേണ്ടിയാണെങ്കില്‍ പോലും ഇന്നിന്‍റെ താരമാണയാള്‍ .റസ്സലും ,ബെന്നും,ബദ്രിയും ,രാംദിനും, ചാള്‍സിനും,സിമ്മന്‍സിനും,ബ്രാവോക്കും ഒരു പോലെ അവകാശപ്പെട്ടതാണീ വിജയം .ഇതൊരു ടീമിന്‍റെ വിജയമാണ്.എഴുതി തള്ളിയവര്‍ക്കും ,അവിശ്വാസത്തോടെ പറഞ്ഞയച്ചവര്‍ക്കും മേലെ പറന്നുയര്‍ന്നു നാട്ടില്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് വേണ്ടി മാത്രം പൊരുതി നോക്കിയവര്‍ .ഞങ്ങളൊരു വണ്‍ മാന്‍ ആര്‍മിയല്ല എന്നുറക്കെ ഓരോ കളിക്ക് ശേഷവും വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന ഡാരന്‍ സാമി .ക്രിസ് ഗെയിലിന്റെ ഭീമാകാരമായ നിഴല്‍ മൂടി നിന്ന ഒരു ടീമിന്‍റെ മനോവീര്യം ഉയര്‍ത്തുകയായിരുന്നു അയാള്‍. പറഞ്ഞു കൊണ്ടിരുന്ന അയാള്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയെന്നാല്‍ മിക്കപ്പോഴും ഗെയിലും പുറകെ ഓടുന്നവരും തന്നെയാണെന്ന് . പുറകെ ഓടിക്കൊണ്ടിരുന്നവരെ അയാള്‍ വലിച്ചു മുന്നിലേക്ക് നിര്‍ത്തി .ഫയറിംഗ് ലൈനിലേക്ക് .ഒളിച്ചോടാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ അവര്‍ പൊരുതാന്‍ തീരുമാനിച്ചു.സെമിയില്‍ മുന്നില്‍ നിന്ന ഇന്ത്യയുടെ 11 കളിക്കാരെയും അവര്‍ക്ക് വേണ്ടി ആര്‍ത്തു വിളിച്ചു കൊണ്ടിരുന്ന പതിനായിരങ്ങളെയും അവര്‍ ഭയന്നതേയില്ല .നേരെ വന്ന ഓരോ പന്തിനെയും അടിച്ചകറ്റുമ്പോള്‍ അവര്‍ കണ്ടത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ജനതയെ മാത്രമായിരുന്നിരിക്കണം .തീയില്‍ കുരുത്തവരുടെ മുന്നില്‍ താരകുമാരന്മാര്‍ വീണു പോയതില്‍ ആര്‍ക്കാണദ്ഭുതം ?ഫൈനലില്‍ വീണ്ടും ഗെയില്‍ വീണപ്പോള്‍ സാമിക്ക് കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ല.ഇത്തവണ അവര്‍ സ്വയം മുന്നോട്ടു വന്നു.പേരുകള്‍ മാറിയിരുന്നു.പക്ഷെ പോരാട്ടവീര്യം ഒട്ടും കുറഞ്ഞിരുന്നില്ല. എഴുതിതള്ളിയവര്‍ക്ക് ,ബലിയാടുകളാക്കാന്‍ പറഞ്ഞയച്ചവര്‍ക്ക് ,പരിഹസിച്ചവര്‍ക്ക് മുഖമടച്ചാണ് മറുപടി ..സാമി പറഞ്ഞത് പോലെ ഒരു പക്ഷെ ഈ ടീമിന് മുന്നില്‍ നാളെയുടെ വാതായനങ്ങള്‍ കൊട്ടിയടക്കപ്പെട്ടെക്കാം ..പക്ഷെ ഇന്ന് അവരുടെതാണ്.അവര്‍ സ്വയം മറന്നു സന്തോഷിക്കട്ടെ ..

Article Got Published in Madhyamam News Paper
sangeeth in madhyamam

 

Share.

Comments are closed.