The Lightning Kid :- viswanathan anand

393

വർഷം 1994 ഇന്റൽ റാപിഡ് ഗ്രാൻഡ് പ്രിക്‌സ് അരങ്ങേറുന്ന സമയം,വേദി മോസ്കൊ .ആദ്യ റൗണ്ടിൽ സോവിയറ്റ് – ഇസ്രായേൽ പ്ലേയർ ആയ ഇല്യ സ്‌മിറിൻ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ നേരിടുന്നു . ആദ്യ രണ്ടു ഗെയിമുകൾ സമനിലയിൽ കലാശിച്ചതിനാൽ മത്സരം ടൈ – ബ്രേകറിലേക്കു കടന്നു .ടോസ്സിൽ സ്മിറിന് വെള്ളക്കരു ലഭിക്കുന്നു,കൂടാതെ ടൈം അഡ്വാൻറ്റേജ് ആറു മിനിറ്റു സമയവും ,അപ്പുറത്തു പ്രതിരോധത്തിന്റെ കറുത്തകരുവും, 5 മിനുറ്റുമായി ആനന്ദും . ‘കിങ്ങ് പോൺ ഓപ്പണിങ് ‘ അഥവാ രാജാവിന്റെ മുന്നിലുള്ള പടയാളിയെ 2 കളം മുന്നോട്ടു നീക്കി(e4 ) സ്‌മിറിൻ കളിയാരംഭിച്ചു.തന്റെ കാലാളിനെ രണ്ടു കളം മുന്നോട്ടു നീക്കി ആനന്ദ് അതിനെ ചെറുക്കുന്നു (e5 ). പിന്നോട്ടില്ല എന്നു വ്യക്തമാക്കി എതിരാളി കുതിരയെ മുന്നോട്ടു നീക്കുന്നു(Nf 3 ) . തന്റെ അശ്വാരൂഢനെ മുന്നോട്ടു നീക്കി ആനന്ദ് അതിനു മറുപടി നൽകുന്നു (Nf 6 ) .അടുത്തതായി തന്റെ രാജ്ഞിയുടെ കാലാളിനെ മുന്നോട്ടു നീക്കി സ്‌മിറിൻ ആക്രമിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നു (d 4 ). കൂടുതൽ ആക്രമണങ്ങൾക്കു അയാളെ വിടാതെ ആനന്ദ് തന്റെ കുതിരയെ ഉപയോഗിച്ചു കാലാളിനെ നീക്കം ചെയ്യുന്നു (Nxe 4 ). ആനന്ദിന്റെ കാലാളിനെ വീഴ്ത്തി സ്‌മിറിൻ തന്റെ ഉദ്ദേശം വ്യക്തമാക്കുന്നു (Nxe 5 ). ഇപ്പോഴത്തെ സന്ദർഭത്തിൽ സ്മിറിനു നഷ്ടമായിരിക്കുന്നത് ഏതാണ്ട് 11 സെക്കന്റുകളും ആനന്ദിന് 8 സെക്കന്റുകളും . അടുത്ത നീക്കത്തിന് മുന്നോടിയായി ആനന്ദ് ചിന്താകുലനാണ് . അയാളുടെ ഗെയിം ക്ളോക്കിൽ സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു , അതിനൊപ്പം മങ്ങുന്ന വിജയസാധ്യതയും . കമന്ററി ബോക്സിൽ ചെസ്സിൽ നിപുണരായ മൗറിസ് ആഷ്‌ലിയും ,ഡാനിയേൽ കിങ്ങും അസഹിഷ്ണുതരാകുന്നു .” റാപിഡ് ചെസ്സിൽ ഒരു നീക്കത്തിന് ആനന്ദ് ഇത്ര സമയം എടുക്കുന്നത് കണ്ടിട്ടില്ല” എന്ന് ആഷ്‌ലി പറഞ്ഞു തുടങ്ങുന്നു.ശരിയാണ് ചെസ്സ് ലോകത്തു വേഗതയും ,തന്ത്രവും കലർന്ന നീക്കത്തിന്റെ പര്യായമാണ് വിശ്വനാഥൻ ആനന്ദ് .ചെറുപ്പത്തിലേ അവന്റെ ചടുലമായ നീക്കങ്ങളും , അതിനൊത്ത തന്ത്രങ്ങളും പലർക്കും അത്ഭുതമായിരുന്നു . എന്നാൽ ആ കളിയിൽ എന്താണ് സംഭവിക്കുന്നത് എന്നു കമന്റേറ്റർമാർക്കും, കണ്ടുകൊണ്ടിരിക്കുന്ന കാണികൾക്കും വ്യക്തമല്ലായിരുന്നു . ക്ഷമ നശിച്ചു തുടങ്ങിയ ആഷ്‌ലി “ആനന്ദ് നിങ്ങൾ ഏതെങ്കിലും ഒരു കരുവിനെ നീക്കൂ ,ഒരു മിനിറ്റിൽ ഏറെ സമയം എടുക്കുന്നു അതും വെറും നാലാമത്തെ നീക്കത്തിന് ” എന്നു ഒച്ചയിട്ടു തുടങ്ങി . അപ്പുറത്തു ആനന്ദ് ശാന്തനായി ചിന്തിക്കുകയാണ് .ചുറ്റും അക്ഷമ പടരുന്നത് അദ്ദേഹം ശ്രദ്ധിച്ചു കാണില്ല . കുറച്ചു സമയത്തിനു ശേഷം ആനന്ദ് രാജ്ഞിയുടെ കാലാളിനെ ഒരു കളം മുന്നോട്ടു നീക്കുന്നു(d 6 ) . “അവസാനം ആനന്ദ് ഒരു കരുവിനെ നീക്കിയിരിക്കുന്നു , വിലപ്പെട്ട ഒരു മിനുട്ടും നാൽപ്പത്തിമൂന്നു സെകന്റുമാണ് അയാൾക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നത് ഇനി കളി തിരിച്ചു പിടിക്കുക എന്നത് ശ്രമകരമാണ് ” എന്ന രീതിയിൽ കമന്ററി തുടർന്നു . പക്ഷെ പിന്നീട് അവിടെ നടന്നത് ചെസ്സ് എന്ന കളിയുടെ വശ്യത വർണിക്കുന്ന മനോഹരമായ ഒരധ്യായമായിരുന്നു . അടുത്ത ‘ഒരു മിനുട്ട് 43 സെക്കൻഡിൽ’ ആനന്ദ് കളിയുടെ വിധിയെഴുതി . കളിയുടെ അവസാന നിമിഷങ്ങളിൽ കണ്ണു ചിമ്മാൻ പോലും അവസരം കൊടുക്കാതെ മിന്നൽ വേഗത്തിൽ ഉള്ള ആനന്ദിന്റെ ഓരോ നീക്കങ്ങളും കണ്ടു ആദ്യ പകുതി അയാൾ കളിക്കുന്ന രീതിയെ വിമർശിച്ച കമന്റേറ്റർമാർ തന്നെ ഈ സന്ദർഭത്തെ വർണിക്കാൻ വാക്കുകൾ കിട്ടാതെ ഉഴറി നടന്നു .ഒരു ഇന്ത്യകാരനെന്നല്ല , ഏതൊരു കളി പ്രേമിക്കും ശരീരത്തിൽ കൂടി വിറയൽ പടർന്നു പോകുന്ന അപൂർവ നിമിഷങ്ങളിൽ ഒന്നിനായിരുന്നു അവിടെയുള്ള കാണികൾ സാക്ഷ്യം വഹിച്ചത് .

1969’ൽ തമിഴ് നാട്ടിലെ മയിലാടുതുറൈയിൽ കൃഷ്ണമൂർത്തി – സുശീല ദമ്പതികളുടെ മകനായി ജനനം . വൈകാതെ അവർ ചെന്നൈയിലേക്ക് താമസം മാറി . അമ്മ സുശീല ചെസ്സിലും ,സിനിമകളിലും അതീവ താല്പര്യമുള്ള വ്യക്തിയായിരുന്നു . അതു ഏറെ കുറെ അങ്ങനെയൊക്കെ തന്നെ ആനന്ദിലേക്കും കൈമാറപ്പെട്ടു . ആറാം വയസിലാണ് സുശീല തന്റെ മകനെ ചെസ്സിന്റെ ലോകത്തിലേക്കു കൂട്ടി കൊണ്ടു പോകുന്നത് , അങ്ങനെ ബാലപാഠങ്ങൾ തന്റെ ആദ്യ ‘ഗുരുവിൽ’ നിന്നും ആനന്ദ് സ്വായത്തമാക്കി .വളരെ വേഗം തന്നെ ചതുരംഗ പലകയിലെ 64 കളങ്ങളിലെ നയതന്ത്രജ്ഞതയും , തന്ത്രങ്ങളും ആനന്ദിനെ സ്വാധീനിച്ചു തുടങ്ങി , ഒരിതിഹാസത്തിന്റെ പിറവി അവിടെ തുടങ്ങുകയായിരുന്നു .1984 ൽ നാഷണൽ സബ് -ജൂനിയർ ചാമ്പ്യൻഷിപ് വിജയിച്ചു ആനന്ദ് തന്റെ വരവറിയിച്ചു ,തൊട്ടടുത്ത വർഷം ഏഷ്യൻ ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടി ആനന്ദ് ലോക ശ്രദ്ധ ആകർഷിച്ചു തുടങ്ങി . തന്റെ പതിനഞ്ചാം വയസിൽ ‘ ഇന്റർനാഷണൽ മാസ്റ്റർ ‘ എന്ന പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി അദ്ദേഹം മാറി .അതിനകം തന്നെ മിന്നൽ നീക്കങ്ങളുമായി ആനന്ദ് ഏവരെയും അത്ഭുധപെടുത്താൻ തുടങ്ങിയിരുന്നു ജർണലിസ്റ്റും, ചെസ്സ് നിരീക്ഷകനുമായ ആയ വി കമേശ്വരൻ ആ കുട്ടിയെ ആദ്യമായി ‘Lightning Kid ‘ എന്നഭിസംബോധന ചെയ്തു.1987 ൽ ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻ ഷിപ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ആനന്ദ് മാറി .തൊട്ടടുത്ത വർഷം, തന്റെ പതിനെട്ടാം വയസ്സിൽ ഇന്ത്യയുടെ ആദ്യ ‘ ഗ്രാൻഡ്മാസ്റ്റർ ‘ പദവിയും പദ്മ ശ്രീയും അദ്ദേത്തെ തേടിയെത്തി .

മേൽ പറഞ്ഞത് പോലെ വേഗതയും – കുശാഗ്രതയും സമന്വയിപ്പിച്ച കേളീ ശൈലിയാണ് അദ്ദേഹത്തിന്റേത് . സങ്കീർണമായ നീക്കങ്ങൾ സെക്കൻഡുകൾ കൊണ്ടു മെനഞ്ഞെടുക്കാൻ ഉള്ള കഴിവ് , ആക്രമണത്തിന് മുൻതൂക്കം നൽകിയുള്ള കളി എന്നാൽ അതേ സമയം ടെക്നിക്കലി സോളിഡ് ആയിട്ടുള്ള പ്രതിരോധവും കൂടെ ചേരുമ്പോൾ അയാളെ ചെസ്സ് ലോകം കണ്ടതിൽ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി വിലയിരുത്തുന്നതിൽ തെല്ലും അതിശയോക്തി ഉണ്ടാവില്ല .ഉത്ഭവം ഇന്ത്യയിൽ ആണെങ്കിലും പിന്നീട് ചെസ്സ് വേരുപിടിച്ചതും ഇന്ന് കാണുന്ന തരത്തിൽ വളർച്ച എത്തിയതും മറ്റു രാജ്യങ്ങളിലായിരുന്നു പ്രത്യേകിച്ചും സോവിയറ്റു രാജ്യങ്ങളിലും യൂറോപ്പിലും .അതിൽ തന്നെ റഷ്യയുടെ/ സോവിയറ്റ് രാജ്യങ്ങളുടെ കുത്തക തകർക്കാൻ സാധിച്ചിട്ടുള്ളത് ബോബി ഫിഷർ എന്ന അസാധാരണ മാസ്റ്റർ മൈന്റിനാണ് . അതിനു ശേഷം സിംഹ ഭാഗം റഷ്യ അല്ലെങ്കിൽ മുൻപു സോവിയറ്റ് ഭാഗമായിരുന്ന രാജ്യങ്ങൾ ,ബാക്കി യൂറോപ്പും ഭരിച്ചു കൊണ്ടിരുന്ന ലോകത്തേക്കിറങ്ങി ചെന്നാണ് ആനന്ദ് തന്റെ നേട്ടങ്ങൾ കൊയ്തെടുത്തത് എന്നു മനസ്സിലാക്കുമ്പോൾ ആ നേട്ടങ്ങളുടെ മൂല്യം എത്രത്തോളം ഉണ്ടെന്നു നമ്മുക്ക് ഊഹിക്കാം .90 കളിൽ തുടങ്ങി 2016 ൽ എത്തി നിൽക്കുന്ന ‘വിഷിയുടെ’ ജൈത്രയാത്ര ഒരുപാട് തടസ്സങ്ങളെ ഭേദിച്ചും ,തോല്വികളിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടും, അസാധാരണ മനക്കട്ടിയും ,ഇച്ഛാശക്തിയും ആ കളിയോടുള്ള അടങ്ങാത്ത തൃഷ്ണയുടെയും കൂടെ ഫലമായിട്ടാണ് . അദ്ദേഹത്തിന്റെ തുടക്കം ഇതിഹാസം രചിച്ചു കഴിഞ്ഞിരുന്ന ഗാരി കാസ്പറോവ് , അനറ്റോളി കാസ്പറോവ് അടങ്ങുന്ന ലോകം ഏറ്റവും മികച്ച ചെസ്സ് കളിക്കാർ എന്നു കണക്കാക്കുന്ന താരങ്ങളോട് ഏറ്റുമുട്ടിയാണ് ,അതും കരിയറിന്റെ ബാല്യത്തിൽ . .എന്നും ക്രിക്കറ്റിന് മാത്രം വളക്കൂറുള്ള രാജ്യത്തു, മാധ്യമങ്ങളുടെ ഒരറ്റത്തെ കോളത്തിൽ എങ്കിലും ‘ചെസ്സ് ‘ എന്നു അച്ചടിച്ചത് അയാൾ കൊണ്ടു വന്ന മാറ്റമായിരുന്നു . അയാളുടെ വിജയങ്ങൾ ഇന്ത്യക്കു മാത്രമല്ല വേറെ പല രാജ്യങ്ങൾക്കും ചെസ്സ് എന്ന കളി പിന്തുടരാൻ പുതിയൊരൂർജം നൽകി .
ഒറ്റ നോട്ടത്തിൽ ‘മൈൻഡ് ഗെയിം ‘ ആണെന്ന് തോന്നുമെങ്കിലും മനസിന്റെ ബലത്തിനൊപ്പം മണിക്കൂറുകൾ താണ്ടാൻ കെൽപ്പുള്ള ശാരീരിക ബലം കൂടെ ആവശ്യമുള്ളതാണ് ഈ കായിക ഇനം . മുടങ്ങാതെ വ്യായാമം ചെയ്യുന്നവരാണ് ആനന്ദടക്കം ഭൂരിഭാഗം പേരും .മനസിനൊപ്പം ശരീരവും നന്നായിരുന്നാലേ നല്ല കളി പുറത്തെടുക്കാൻ കഴിയുകയുള്ളൂ എന്നിവർ സാക്ഷ്യപ്പെടുത്തുന്നു .ചില സമയങ്ങളിൽ ചെസ്സ് കഠിനമാണ് .2008 ൽ നടന്ന ചാമ്പ്യൻ ഷിപ് ഫൈന ലിലെ ആനന്ദ് vs ക്രാംനിക് മത്സരംതന്നെ ആണ് അതിനുള്ള ഉത്തമ ഉദാഹരണം .12 റൗണ്ടുകൾ ആണ് മത്സരത്തിൽ നിശ്ചയിച്ചിരുന്നത് , സമനില ആണ് ഫലം എങ്കിൽ ബ്ലിറ്സ് ഗെയിമുകൾ വേറെയും .ഒരു ഗെയിമിനുള്ള സമയം 120 മിനുട്ടാണ് .ഇതു 40 ആമത്തെ നീക്കം വരെയുള്ള ലിമിറ് ആണ് .അതിനു ശേഷം വീണ്ടും ഒരു മണിക്കൂർ കൂടുതൽ നൽകും .പിന്നീട് 60 ആമത്തെ നീക്കത്തിന് ശേഷം 15 മിനുറ്റ് വേറെ .അതും കഴിഞ്ഞു കളി തുടർന്നാൽ 61 ആമത്തെ നീക്കം മുതൽ പതിനഞ്ചു സെക്കൻഡുകൾ ഓരോ നീക്കത്തിനും അനുവദിക്കും .പതിനൊന്നു ദിവസങ്ങൾ അതിൽ രണ്ടു ദിവസം ഇടവിട്ടു ഒരു ദിവസം വിശ്രമം .ഇങ്ങനെ മനസിനും ശരീരത്തിനും ഒരു പോലെ ആയാസം അനുഭവ പെടുത്താൻ പോന്ന ഒന്നാണ് ചെസ്സ് . ചെസ്സ് ലോകത്തു ‘ഐസ് മാൻ ‘ എന്നാണ് ക്രാംനിക് അറിയപ്പെടുന്നത് ,തകർക്കാൻ പറ്റാത്ത പ്രതിരോധത്തിനുടമ. പ്രതിരോധത്തിൽ വരിഞ്ഞു മുറുക്കി എതിരാളിയെ സമർദ്ദത്തിലേക്കു തള്ളി വിടുന്ന വ്യക്തി .പതിനൊന്നു റൗണ്ട് നീണ്ട ‘ക്രൂരമായ ‘ കളിക്ക് ശേഷം കൃത്യം മൂന്നു തവണ ക്രാംനിക്കിന്റെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തിയ ആനന്ദിനെ വിജയി ആയി പ്രഖ്യാപിച്ചു . അതുപോലെ 2015 ൽ ലണ്ടൻ ചെസ്സ് ക്ലാസിക്കിൽ ആനന്ദ് വെസ്‌ലിൻ റ്റെസ്പ്ലൊവിനെ നേരിട്ടുകൊണ്ടിരിക്കുന്നു ,രാത്രി പത്തര കഴിഞ്ഞതോടെ കമന്റേറ്റർക്കു ബോക്സ് വിട്ടു പുറത്തു പോവേണ്ടി വന്നു . അദ്ദേഹം കാർ പാർക് ചെയ്യാൻ പത്തര വരെ മാത്രാമാണ് പാർക്കിങ്ങിൽ നിന്നും അനുവാദം വാങ്ങിച്ചിരുന്നത് എന്നതായിരുന്നു കാരണം !!!

ലോകമെമ്പാടും ആരാധകരുള്ള കായിക താരമാണ് ആനന്ദ് , നമ്മൾ ഇന്ത്യക്കാർ അതു മനസിലാക്കുന്നില്ല എന്നു മാത്രം . ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ കണ്ടു പിടിച്ച ‘കുഞ്ഞൻ ഗ്രഹത്തിന് ‘ 4598 വിശ്യാനന്ദ് ‘ എന്ന് പേരിടാൻ കാരണം, ആ ഗ്രഹത്തിന് പേരിടാൻ ചേർന്ന കമ്മിറ്റിയിൽ ഉള്ള മൈക്കിൾ രൂഡൻകോ എന്ന അമേരിക്കകാരന് ആനന്ദിനോടുള്ള കടുത്ത ആരാധനയാണ് .അനറ്റോളി കാര്പോവിനും ,അലക്സാണ്ടർ അർഖീനും ശേഷം ഒരു ചെസ്സ് താരത്തിന്റെ പേരിൽഉള്ള മൂന്നാമത്തെ ഗ്രഹം ആണിത് .ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു കായികതാരത്തിന്റെയും .കൂടാതെ റഷ്യൻ പ്രെസിഡെന്റ് ആയ വ്ലാദിമിർ പുട്ടിന്റെ സ്വകാര്യ ചായ സൽക്കാരത്തിന് ക്ഷണിക്കപ്പെട്ട ,അവിടെ വളരെ അധികം ബഹുമാനിക്കപ്പെടുന്ന കായിക താരങ്ങളിൽ ഒരാളാണ് ആനന്ദ് , ഏഴു വർഷം ലോക ചെസ്സ് ചാമ്പ്യനും. സിസിലിയൻ ഓപ്പണിങ് ഇഷ്ടപെടുന്ന ആനന്ദ് മൂന്നു ഫോർമാറ്റിൽ ലോക ചാമ്പ്യൻ ആയിട്ടുള്ള ഒരേ ഒരു വ്യക്തിയുമാണ് ,1886 ണ് ശേഷം ലോക ചെസ്സ് ചാമ്പ്യൻ പട്ടം നേടിയിട്ടുള്ള 16 പേരിൽ ഒരാൾ. ഫിഡെ റേറ്റിംഗ് ആയ 2800 കടന്ന നാലാമത്തെ താരവും .ലോകമെമ്പാടുമുളള മികച്ച ചെസ്സ് വിധികർത്താക്കളുടെ വോട്ടിങ്ങിലൂടെ ലഭിക്കുന്ന ‘ചെസ്സ് ഓസ്കാർ ‘ പുരസ്‌കാരത്തിന് ആറു തവണ അര്ഹനായിട്ടുള്ള ,ഇപ്പോൾ ലോക റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനത്തുള്ള ആനന്ദ് . ഒന്നാം സ്ഥാനത്തു,ആനന്ദിനെ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ചാമ്പ്യൻ ഷിപ്പുകളിൽ പരാജയപ്പെടുത്തിയ ‘ചെസ് പ്രോഡിജി’ എന്നറിയപ്പെടുന്ന നോർവെയുടെ മാഗ്നസ് കാൾസൺ ആണ് . ആനന്ദിനെതിരെ കളിക്കാൻ ഉദ്ദേശിക്കുന്ന രീതിയെക്കുറിച്ചു ചോദിച്ചപ്പോൾ കാൾസൺ പറഞ്ഞിതിങ്ങനെ ആണ് ” അദ്ദേഹത്തെ പരമാവധി പതുക്കെയാക്കുക എന്നതാണ് എന്റെ ലക്ഷ്യം ,അങ്ങനെ അദ്ദേഹത്തിൽ പിഴവുകൾ വരുത്തുക”. ഇരുവരും തമ്മിൽ വളരെ ആരോഗ്യപരമായ മത്സരമാണ് നിലവിൽ ഉള്ളത്. 2008 ചെസ്സ് ചാമ്പ്യൻ ഷിപ്പ് തയാറെടുപ്പിൽ ആനന്ദിനെ സാഹായിച്ചവരുടെ കൂട്ടത്തിൽ കാൾസണും ഉണ്ടായിരുന്നു .കളികളത്തിനകത്തും പുറത്തും നല്ലൊരു ബന്ധം രണ്ടുപേരും സൂക്ഷിക്കുന്നു .

വളരെ ലളിതമായ വ്യക്തിത്വമാണ് ആനന്ദിന്റേതു .ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള അദ്ദേഹം ചെന്നൈ വെള്ളപ്പൊക്കത്തിൽ സ്വന്തം ഭവനം ആളുകൾക്ക് തുറന്നു കൊടുത്തിരുന്നു . ഒരിക്കൽ പോലും വിവാദമുണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു . 2008 ലെ ചാമ്പ്യൻ ഷിപ്പിൽ കിട്ടിയ മെഡൽ അദ്ദേഹം ചാരിറ്റി പ്രവർത്തനത്തിന് വേണ്ടി ലേലം ചെയുകയുണ്ടായത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ വേണ്ടുന്ന വിധത്തിൽ വിശ്വനാഥൻ ആനന്ദ് എന്ന ‘വിഷി ‘ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളത് വിസ്മരിക്കപെടാൻ പാടിലാത്ത വസ്തുതയാണ് .എങ്കിലും നമ്മുടെ നാട്ടിൽ അദ്ദേഹത്തിനും , ചെസ്സ് എന്ന കായിക ഇനത്തിനും വേണ്ടത്ര പരിഗണനയും , ഉത്തേജനവും കിട്ടുന്നുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു .ചെസ്സ് എന്ന കളി പിന്തുടരുന്ന /പിന്തുടരാൻ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും മുന്നിൽ ഉള്ള ആദ്യ പ്രചോദനം ആനന്ദ് ആയിരിക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പു .ഇപ്പോഴും കളിയോടുള്ള അടങ്ങാത്ത ആവേശം സൂക്ഷിക്കുന്ന , ധ്യാൻ ചന്ദിന് ശേഷം ഇന്ത്യൻ കായിക ലോകം കണ്ട ഏറ്റവും മികച്ച കായിക താരത്തിന് ,എത്തി പിടിക്കാന് നേട്ടങ്ങളൊന്നും ബാക്കിയിലെങ്കിലും താങ്കൾക്ക് ഇഷ്ടമുള്ള കാലത്തോളം കളി തുടരുക , ഞങ്ങളുടെ രാജ്യത്തിനും ചെസ്സ് ഇഷ്ടപെടുന്ന തലമുറയ്ക്കും വഴി കാട്ടിയായി മുന്നിൽ ഉണ്ടാവുക .ഇനി നടക്കാൻ പോകുന്ന മത്സരങ്ങളിൽ താങ്കളിൽ നിന്നും ആ ‘മാന്ത്രിക വാക്കു’ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു . .

“Checkmate , mate !!!! ”

NB :- 80 കളുടെ അവസാനത്തിൽ ഒരിക്കൽ കേരളത്തിലേക്ക് ട്രെയിനിൽ യാത്ര ചെയുമ്പോൾ സഹയാത്രക്കാരൻ ആനന്ദിന്റെ തൊഴിൽ അന്വേഷിച്ചു .താൻ ചെസ്സ് കളിക്കാരൻ ആണ് എന്നായിരുന്നു ആനന്ദിന്റെ മറുപടി .അത്ഭുതത്തോടെ അദ്ദേഹം ആരാഞ്ഞു “താങ്കളുടെ അച്ഛൻ വല്യ ബിസിനെസ്സ്കാരൻ ആയിരിക്കുമല്ലേ ” .അല്ല എന്നു ആനന്ദ് മറുപടി പറഞ്ഞു . ആ യാത്രികൻ തന്റെ മുന്നിൽ ഇരിക്കുന്ന വ്യക്തിയെ മനസിലാവാതെ തുടർന്നു ” ഈ കാലത്തു ചെസ്സ് കൊണ്ടു ജീവിക്കാൻ പറ്റില്ല ,അങ്ങനെ കഴിയുന്ന ഒരേ ഒരാൾ വിശ്വനാഥൻ ആനന്ദ് ആണ് !!”

Share.

Comments are closed.