ലിറ്റില്‍ മാസ്റ്റര്‍

133

സുനില്‍ ഗവാസ്കര്‍ എന്ന മനുഷ്യനെ പറ്റി വിശദീകരിച്ചു കൊടുക്കേണ്ടി വരുക എന്നതിനപ്പുറം നാണക്കേട്‌ മറ്റൊന്നും ഉണ്ടാകാനിടയില്ല.അദ്ദേഹത്തിന്‍റെ ഇന്നിംഗ്സുകള്‍ നേരിട്ട് കണ്ടിട്ടല്ല ,വായിച്ചു പോന്ന കളിയെഴുത്തുകളില്‍ കൂടെ തെളിഞ്ഞു വന്ന തിളക്കമാര്‍ന്ന ഒരു ചിത്രമാണ് അദ്ദേഹത്തിന്റേത്.

നമ്മുടെ കാലഘട്ടത്തില്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്ക് എന്തായിരുന്നോ ഒരു പക്ഷെ അതിലേറെയായിരുന്നു അന്നത്തെ ഗവാസ്കര്‍.ഒരു പക്ഷെ കാലം ചെല്ലുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ,രാഹുല്‍ ദ്രാവിഡ് ,വി.വി.എസ് ലക്ഷ്മണ്‍ എന്നിവരെയൊക്കെ പുച്ഛിക്കുന്നവര്‍ക്ക് അവരുടെ ക്ലാസ് വിശദീകരിച്ചു കൊടുക്കേണ്ട ഒരവസ്ഥ വന്നാല്‍ അത് നമുക്ക് എത്ര മാത്രം ആസ്വദിക്കാന്‍ സാധിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ? ഇവിടെ ഗവാസ്കര്‍ എന്ന ഇതിഹാസത്തിന്‍റെ കളി കണ്ടു വളര്‍ന്ന ആ തലമുറക്ക് കൂടെ വേണ്ടി ,അദ്ദേഹത്തെ പറ്റി വായിച്ചറിവ് മാത്രമുള്ള എനിക്ക് പറയാതിരിക്കാന്‍ കഴിയുന്നില്ല ..ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പെര്‍ഫെക്റ്റ് ആയൊരു സ്റ്റാന്‍ഡ് ,ഒരു ഗവാസ്കര്‍ ഇന്നിംഗ്സ് ആരംഭിക്കുന്നത് അങ്ങനെയാണ്. അങ്ങനെ ക്രീസില്‍ എത്തികഴിഞ്ഞു ബാറ്റിംഗിന്റെ തുടക്കം തന്നെ കോപ്പി ബുക്കിനെ അതേപടി പകര്‍ത്തി കൊണ്ടാണ് .പിന്നീടുള്ളതെല്ലാം അനുകരിക്കെണ്ടതും എന്നാല്‍ മിക്കവര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്തതും തന്നെയായിരുന്നു. സാങ്കെതികമികവില്‍ അയാള്‍ക്ക് സമനായിട്ടുള്ള കളിക്കാര്‍ അപൂര്‍വമാണ് അന്നുമിന്നും.പ്രതിരോധം തന്നെ അടിസ്ഥാനമാക്കി പണി തീര്‍ത്തെടുത്ത ഒരു ബാറ്റിംഗ് ടെക്നിക്ക് കൂടെ മനോഹരമായ സ്ട്രെയിറ്റ് ഡ്രൈവുകള്‍ ,കട്ട് ഷോട്ടുകള്‍,ലേറ്റ് ഫ്ലിക്കുകള്‍ എന്നിങ്ങനെ ഗവാസ്കറിന്റെ പക്കല്‍ ഒരായുധപ്പുര തന്നെയുണ്ടായിരുന്നു.വി.വി.എസ് ലക്ഷ്മണെ പോലെ ,സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ തന്‍റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബൌളിംഗ് നിരക്കെതിരെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കെട്ടഴിച്ച കളിക്കാരന്‍ തന്നെയായിരുന്നു ഗവാസ്കര്‍.അയാള്‍ക്ക് നേരിടേണ്ടി വന്നത് ഭീഷണമായ ഒരു ബൌളിംഗ് ആക്രമണത്തെയായിരുന്നു എന്ന വ്യത്യാസവുമുണ്ട്. ആന്‍ഡി റോബര്‍ട്ട്സ്,മൈക്കല്‍ ഹോള്‍ഡിംഗ് ,മാല്‍ക്കം മാര്‍ഷല്‍,ജോയല്‍ ഗാര്‍നര്‍ എന്നിവര്‍ അടങ്ങിയ വെസ്റ്റ് ഇന്ത്യന്‍ പേസ് ബാറ്ററി ,ഡെന്നിസ് ലില്ലി,ജെഫ് തോംസണ്‍,ഇമ്രാന്‍ ഖാന്‍,ബോബ് വില്ലിസ് എന്നിങ്ങനെ ലോകോത്തര പേസര്‍മാരോട് മുട്ടി നിന്ന ഒരു ബാറ്റ്സ്മാന്‍ ഒരദ്ഭുതം തന്നെയാണ്.അവരെ പൂര്‍ണമായും അയാള്‍ ഡോമിനേറ്റ് ചെയ്തെന്നു പറയുന്നില്ല.ലോകത്തിലൊരു ബാറ്റ്സ്മാനും ,അയാള്‍ എത്ര മികച്ചവനായാലും ഉന്നതനിലവാരമുള്ള വന്യമായ ഒരു പേസ് ആക്രമണത്തെ പൂര്‍ണമായും ഡോമിനേറ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തന്നെ കരുതുന്നു.അക്കാലത്തെ വെസ്റ്റ് ഇന്‍ഡീസ് ,പാക്കിസ്ഥാന്‍,ഓസ്ട്രേലിയ ടീമുകളോടുള്ള പ്രകടനം കണക്കിലെടുത്താല്‍ ഗവാസ്കര്‍ വളരെ മുന്നിലാണ്. ഗുണ്ടപ്പ വിശ്വനാഥ് ഒരു മാന്ത്രികനെ പോലെ അനായാസമായി ബൌളിംഗ് നിരകളെ മനോഹരമായ സ്ട്രോക്ക് പ്ലെയിലൂടെ കീഴടക്കിയപ്പോള്‍ സുനില്‍ ഗവാസ്കര്‍ ഒരു സര്‍ജന്റെ സൂക്ഷ്മതയോടെ ബൌളിംഗ് ലൈനപ്പുകളെ കീറി മുറിച്ചിരുന്നു.വെസ്റ്റ് ഇന്‍ഡീസിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പാക്കിസ്ഥാനിലും ന്യുസിലാന്റിലും മികച്ച ബൌളിംഗ് നിരകളെ നേരിട്ട് ടെസ്റ്റ്‌ സെഞ്ച്വറികള്‍ നേടിയ ഈ മനുഷ്യനെ ഇന്ത്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഏറ്റവും ആദ്യം തന്നെ പ്രതിഷ്ഠിക്കണം. അന്നത്തെയൊക്കെ ഇന്ത്യന്‍ ടീമിന്‍റെ ഒരു നിലവാരമനുസരിച്ച് വിജയത്തേക്കാള്‍ പരാജയം ഒഴിവാക്കുന്നത് തന്നെയായിരുന്നു കൂടുതല്‍ പ്രാധാന്യമര്‍ഹിച്ചിരുന്ന സംഗതി എന്നതും കണക്കിലെടുക്കണം.ഇനി ഗവാസ്കറുടെ പ്രധാനപ്പെട്ട കുറച്ചു ഇന്നിംഗ്സുകള്‍ ഒന്ന് നോക്കാം.

1983 ലെ വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനം .ആദ്യ ടെസ്റ്റ്‌ കാന്‍പൂരില്‍ .മാല്‍ക്കം മാര്‍ഷല്‍ ,മൈക്കല്‍ ഹോള്‍ഡിംഗ് ,വിന്‍സ്റ്റന്‍ ഡേവിസ് എന്നിവരടങ്ങുന്ന ലോകോത്തര ബൌളിംഗ് നിര.ഇന്ത്യന്‍ പിച്ചുകളില്‍ പോലും ഭീതിദമായ അനുഭവമായിരുന്നു മാല്‍ക്കം മാര്‍ഷല്‍ എന്ന മഹാന്‍.ആദ്യ ടെസ്റ്റിലെ രണ്ടിന്നിംഗ്സിലും ഗവാസ്കര്‍ മാര്‍ഷലിനു മുന്നില്‍ വീണു ,ഇരട്ടയക്കം പോലും തികക്കാതെ.മാര്‍ഷലിന്റെ ഒരു ബൌണ്‍സര്‍ കൊണ്ട് ബാറ്റ് തെറിച്ചു പോയത് സുനില്‍ ഗവാസ്കര്‍ എന്ന ബാറ്റ്സ്മാന് നാണക്കേട്‌ തന്നെയായിരുന്നു. അയാളുടെ ഈഗോ അവിടെ മുറിപ്പെട്ടിരുന്നു.ആദ്യ ടെസ്റ്റിലെ ദയനീയ ഇന്നിംഗ്സ് പരാജയം പ്രതീക്ഷിച്ചത് പോലെ ഗവാസ്കറിന്‍റെ തലയ്ക്കു നേരെ വിമര്‍ശകരുടെ മുറവിളി ക്ഷണിച്ചു വരുത്തി.അയാളുടെ കാലം കഴിഞ്ഞെന്ന വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ട് അടുത്ത ടെസ്റ്റ്‌ കളിക്കാന്‍ ഡല്‍ഹിയില്‍ എത്തുന്ന ഗവാസ്കര്‍.മാര്‍ഷലും കൂട്ടരും ഇത്തവണയും ഷോര്‍ട്ട് പിച്ച് ആക്രമണം തന്നെ അഴിച്ചു വിടുന്നു.ഇത്തവണ പക്ഷെ സുനില്‍ തയ്യാറായിരുന്നു.സമയമെടുത്ത് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതില്‍ സമര്‍ത്ഥനായ ഗവാസ്കര്‍ അന്ന് പക്ഷെ ഷോര്‍ട്ട് പിച്ച് ഫാസ്റ്റ് ബൌളിംഗിനെതിരെ നിവര്‍ന്നു നിന്നു കൌണ്ടര്‍ അറ്റാക്ക് അഴിച്ചു വിട്ടു. ദേഹം രക്ഷിക്കാന്‍ ബൌണ്‍സറുകളെ ഒഴിവാക്കുന്ന രീതിയൊക്കെ മാറ്റി വച്ച് ഗവാസ്കര്‍ തകര്‍പ്പന്‍ ഹുക്ക് ഷോട്ടുകള്‍ കെട്ടഴിച്ചു. മാല്‍ക്കം മാര്‍ഷലാണ് കൂടുതല്‍ അടി വാങ്ങിയത് . ഈ ഇന്നിംഗ്സ് ഗവാസ്കര്‍ എന്ന ഈഗോയിസ്റ്റ് വിമര്‍ശകര്‍ക്കും വെസ്റ്റ് ഇന്ത്യന്‍ ഫാസ്റ്റ് ബൌളിംഗിനു പൊതുവിലും നല്‍കിയ മറുപടിയായിട്ടാണ് എനിക്ക് തോന്നുന്നത്.അപാരമായ ഫുട്ട് വര്‍ക്കും ഒന്നാന്തരം ടൈമിംഗും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു കിടിലന്‍ ഇന്നിംഗ്സ്.37 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയും 94 പന്തില്‍ സെഞ്ച്വറിയും (15 ബൌണ്ടറി,2 സിക്സര്‍ ) തികച്ച സുനില്‍ പരമ്പരയില്‍ 500 ലധികം റണ്‍സ് സ്കോര്‍ ചെയ്ത് ടോപ്‌ സ്കോറര്‍ പദവിയും നേടി.ഇതേ പരമ്പരയിലെ അവസാനത്തെ ടെസ്റ്റ്‌ ശ്രദ്ധേയമാകുന്നതും ഗവാസ്കര്‍ എന്ന മനുഷ്യന്റെ സാന്നിദ്ധ്യം കൊണ്ട് തന്നെയാണ്.നാലും അഞ്ചും ടെസ്റ്റുകളില്‍ മാര്‍ഷലിന്റെ മുന്നില്‍ വീണു പോയ ഗവാസ്കര്‍ ആറാം ടെസ്റ്റില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം താഴോട്ടിറങ്ങി.തന്‍റെ രണ്ടാമത്തെ ഓവറില്‍ തന്നെ ഗേയ്ക്ക്വാദ് ,വെംഗ്സാര്‍ക്കര്‍ എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മാല്‍ക്കം മാര്‍ഷല്‍ പറഞ്ഞയച്ചതോടെ ഗവാസ്കര്‍ ക്രീസിലെത്തി.വരവേറ്റത് കിംഗ് റിച്ചാര്‍ഡ് സിന്‍റെ പ്രസിദ്ധമായ സ്ലെഡ്ജ് “Man it don’t matter where you come in, the score is still zero!” .ഗവാസ്കര്‍ പ്രതികരിച്ചത് ആ പരമ്പരയിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് കെട്ടഴിച്ചു കൊണ്ടായിരുന്നു.മാര്‍ഷലിനും ഹോള്‍ഡിംഗിനുമൊപ്പം ആന്‍ഡി റോബര്‍ട്ട്സ് തന്‍റെ അവസാന ടെസ്റ്റ്‌ കളിക്കാന്‍ ഇറങ്ങിയതോടെ കരുത്ത് കൂടിയ ഒരു ബൌളിംഗ് നിരയെ ഒറ്റക്ക് തടഞ്ഞു നിര്‍ത്തുകയായിരുന്നു ഗവാസ്കര്‍.10 മണിക്കൂറിലധികം ക്രീസില്‍ നിന്നു കളിച്ച 236 റണ്‍സിന്‍റെ മാരത്തോണ്‍ ഇന്നിങ്ങ്സ് (മുപ്പതാം ടെസ്റ്റ്‌ സെഞ്ച്വറി )വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തില്‍ നിന്നും അകറ്റുകയും ഗവാസ്കറെ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ ലിസ്റ്റില്‍ ബ്രാഡ്മാന് മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

28 കൊല്ലം മുന്‍പാണ് ഗവാസ്കര്‍ തന്‍റെ അവസാന ടെസ്റ്റ്‌ ഇന്നിംഗ്സ് കളിച്ചത്.ബാംഗ്ലൂരിലെ ടെണിംഗ് ട്രാക്കില്‍ (ആദ്യ ദിവസം വസിം അക്രം 2 ഓവറും ഇമ്രാന്‍ 5 ഓവറും മാത്രമെറിഞ്ഞ പിച്ച് എന്ന് പറയുമ്പോള്‍ ബാക്കി ഊഹിക്കാമല്ലോ ).മിഷന്‍ ഇമ്പോസ്സിബിള്‍ ഏറ്റെടുത്ത ഗവാസ്കര്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍മാരെ സധൈര്യം നേരിട്ടെങ്കിലും 96 റണ്‍സില്‍ പുറത്താകുകയായിരുന്നു. 16 റണ്‍സിനു ഇന്ത്യ തോറ്റെങ്കിലും ഗവാസ്കര്‍ കളിച്ച ഇന്നിംഗ്സ് ചരിത്രത്തില്‍ ഇടം നേടി. 5 മണിക്കൂറിലധികം ക്രീസില്‍ നിന്നു പാക്കിസ്ഥാന്‍ സ്പിന്‍ ആക്രമണത്തെ പ്രതിരോധിച്ച സണ്ണിയുടെ വിരമിക്കല്‍ ഒരല്പം അദ്ഭുതകരമായിരുന്നു ,കാരണം അപ്പോഴും ആ ബാറ്റിംഗ് നിരയിലെ മികച്ചവന്‍ അയാള്‍ തന്നെയായിരുന്നു. എന്തിനു പടിയിറങ്ങുന്നു എന്ന ചോദ്യം ഉയര്‍ത്തി കൊണ്ട് അഭിമാനത്തോടെയാകണം ആ ബാറ്റിംഗ് ജീനിയസ് വിടവാങ്ങിയത്.നിലവാരമുള്ള സ്പിന്‍ ബൌളിംഗിനെ ബുദ്ധിമുട്ടുള്ള പിച്ചുകളില്‍ അനായാസം നേരിടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ കുലം ആരംഭിക്കുന്നത് അയാളില്‍ നിന്നല്ലെങ്കിലും സ്പിന്നിനെ നേരിടാനുള്ള മികവിന്‍റെ അങ്ങേയറ്റമായിരുന്നു അയാളുടെ ഇന്നിംഗ്സുകള്‍ പലതും.മുഹമ്മദ്‌ അസറുദ്ധീന്‍,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,ഗാംഗുലി,സെവാഗ് എന്നിവരിലൂടെ സഞ്ചരിച്ച ആ പാരമ്പര്യം അന്യം നില്‍ക്കുകയാണോ എന്നിപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. 1983 ലെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ഗവാസ്കര്‍ വെസ്റ്റ് ഇന്ത്യന്‍ പേസ് ബാറ്ററിയെ അതിന്റെ പൂര്‍ണ രൂപത്തില്‍ നേരിടുന്നത്.
മൈക്കല്‍ ഹോള്‍ഡിംഗ്,ജോയല്‍ ഗാര്‍നര്‍,മാല്‍ക്കം മാര്‍ഷല്‍,ആന്‍ഡി റോബര്‍ട്ട്സ് എന്നീ നാല് മഹാരഥന്മാരും ചേര്‍ന്ന ഭീഷണമായ ആക്രമണത്തിന് മുന്നില്‍ ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ടെങ്കിലും ജോര്‍ജ് ടൌണിലെ മൂന്നാം ടെസ്റ്റില്‍ ഗവാസ്കര്‍ തന്‍റെ ക്ലാസ് ലോകത്തിനു ഒരിക്കല്‍ കൂടെ കാട്ടികൊടുത്തു.മഴ മൂലം തടസ്സപ്പെട്ട ആ ടെസ്റ്റില്‍ 147 റണ്‍സുമായി ഗവാസ്കര്‍ പുറത്താകാതെ നിന്നു.ഈ ടെസ്റ്റ്‌ പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകതയും ലോകപ്രശസ്തമായ വെസ്റ്റ് ഇന്ത്യന്‍ പേസ് ആക്രമണത്തെ അതിന്റെ പൂര്‍ണ രൂപത്തില്‍ ആദ്യമായിട്ടാണ് ഗവാസ്കര്‍ നേരിട്ടത് എന്നുള്ളത് തന്നെയായിരുന്നു.ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഗവാസ്കര്‍ പരാജയമായിരുന്നു .ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ നിരാശാജനകമായ പരമ്പരയായിരുന്നു ഇത് ഗവാസ്കറിനു.

1975 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരെയുള്ള കുപ്രസിദ്ധമായ ഒരിന്നിംഗ്സ് തന്നെയാണ് അയാളെപറ്റി അധികം വായിച്ചിട്ടില്ലാത്തവര്‍ക്ക് തെറ്റിധാരണകള്‍ക്ക് ഇടയാക്കുന്നത് എന്ന സംശയം എനിക്കുണ്ട്.ഗവാസ്കറിന്റെ കരിയറിലെ ഒരു കറുത്ത പാടായി അവശേഷിക്കുന്ന ആ ഇന്നിംഗ്സ് ഇന്നും ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്.എത്തിപ്പിടിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ടാര്‍ഗറ്റ് ആയിരുന്നു ഇംഗ്ലണ്ട് ഉയര്‍ത്തിയ 335 റണ്‍സ് എന്ന അദ്ദേഹത്തിന്‍റെ വിശദീകരണം ത്ര്യപ്തികരമല്ലായിരുന്നു.കാലങ്ങള്‍ക്ക് ശേഷം അന്ന് താന്‍ ഫോം ഔട്ട്‌ ആയിരുന്നു എന്ന മറ്റൊരു വിശദീകരണവും ഗവാസ്കര്‍ നല്‍കിയിരുന്നു. എന്നാല്‍ ടീം സെലക്ഷനില്‍ ത്ര്യപ്തനല്ലായിരുന്ന ഗവാസ്കര്‍ മദ്രാസിയായ ക്യാപ്റ്റന്‍ വെങ്കിട്ട രാഘവന് നല്‍കിയ ഒരു പാരയായിരുന്നു ആ ഇന്നിംഗ്സ് എന്ന ആരോപണമാണ് എനിക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്. ഈയോരിന്നിംഗ്സ് ഇന്നും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ചില കളിക്കാരും ആരാധകരും ഇപ്പോഴും ആയുധമായി ഉപയോഗിക്കുന്നു എന്നതില്‍ ഒട്ടും അദ്ഭുതമില്ല.കാരണം അത്രക്ക് മോശമായിരുന്നു ആ ഇന്നിംഗ്സ് ,പ്രത്യേകിച്ചും ലോകകപ്പ് പോലൊരു വേദിയില്‍ ലോകക്രിക്കറ്റിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയ കാര്യമോര്‍ക്കുമ്പോള്‍. ടീമംഗങ്ങളും മീഡിയയും രൂക്ഷമായി വിമര്‍ശിച്ചിട്ടും ഗവാസ്കറിനെതിരെ നടപടി ഒന്നുമുണ്ടായില്ല.അതവിടെ നില്‍ക്കട്ടെ അതായിരുന്നില്ല സുനില്‍ മനോഹര്‍ ഗവാസ്കര്‍,ആ ഒരിന്നിംഗ്സ് അയാളുടെ മഹത്വത്തെ തരിമ്പു പോലും കുറച്ചു കാട്ടുന്നുമില്ല.ഗവാസ്കര്‍ എന്ന ഈഗോയിസ്റ്റിനെ എന്നും അസ്വസ്ഥനാക്കിയിരുന്ന ആ ഒരിന്നിംഗ്സിനും ഏകദിനം കളിക്കാന്‍ അറിയില്ല എന്ന വിമര്‍ശനത്തിനും മറുപടി കൊടുക്കാതെ അയാള്‍ വിരമിക്കുമായിരുന്നോ ? ഇല്ലെന്നു എനിക്കുറപ്പുണ്ട് . 1975 ലെ നാണക്കേട്‌ 1987 ലെ ലോകകപ്പില്‍ അയാള്‍ കഴുകി കളഞ്ഞു എന്ന് കരുതുന്നില്ലെങ്കിലും അന്ന് ഗവാസ്കര്‍ ഉത്തരങ്ങള്‍ നല്‍കുക തന്നെ ചെയ്തു . ഗ്രൂപ്പില്‍ ഓസ്ട്രേലിയയെ മറികടന്നു ഒന്നാമതെത്താന്‍ 42.2 ഓവറില്‍ നിന്നും 222 റണ്‍സ് അടിച്ചെടുക്കുക എന്ന അന്ന് ശ്രമകരമായിരുന്ന ദൌത്യം ചുമലിലേറ്റി ക്രിസ് ശ്രീകാന്തിനൊപ്പം ഗവാസ്കര്‍ ക്രീസില്‍ എത്തുമ്പോള്‍ ഗവാസ്കര്‍ തന്നെയായിരുന്നു ആരാധകര്‍ക്ക് പേടിയുണ്ടാക്കിയ കാഴ്ച. അദ്ദേഹത്തിന്‍റെ ഏകദിനത്തിലെ മുന്‍കാല ചരിത്രം നല്‍കിയ ചിത്രം അതായിരുന്നു.പക്ഷെ സംഭവിച്ചത് മറിച്ചായിരുന്നു ആക്രമണ ബാറ്റിംഗിനു പേര് കേട്ട തന്‍റെ കൂട്ടാളിയെ ഒരറ്റത്ത് സാക്ഷി നിര്‍ത്തി ഗവാസ്കര്‍ അന്ന് കിവീസ് ബൌളിംഗ് നിരയെ നിര്‍ദ്ദയം ആക്രമിച്ചു.ഗ്രൌണ്ട് ഷോട്ടുകളുടെ അപ്പോസ്തലന്‍ അന്ന് പന്തിനെ നിലത്തു കൂടെ പോകാനേ അനുവദിച്ചില്ല.85 പന്തുകളില്‍ നിന്നും അയാള്‍ നേടിയ സെഞ്ച്വറി ,അതൊരു ഷോ തന്നെയായിരുന്നു.ക്ര്യത്യതയുടെ പര്യായമായിരുന്ന ഇവാന്‍ ചാറ്റ് ഫീല്‍ഡിനെ എക്രോസ് ദ ലൈന്‍ സ്ലോഗുകളും ലോഫ്റ്റഡ് ഷോട്ടുകളുമായി നേരിട്ട ഗവാസ്കര്‍ ഒരു വിസ്മയ കാഴ്ചയായിരുന്നു.അസ്ത്രത്തിന്റെ കണിശതയുള്ള സ്ട്രെയിറ്റ് ഡ്രൈവുകള്‍ക്ക് പേര് കേട്ട മനുഷ്യന്‍ പന്ത് നിര്‍ദ്ദയം സൈറ്റ് സ്ക്രീനിനു മുകളിലൂടെ പറത്തുന്ന അവിശ്വസനീയമായ കാഴ്ച.1975 ല്‍ അവിശ്വസനീയതയോടെ അയാളെ കണ്ടിരുന്നവര്‍ക്ക് 1987 ലെ ആ ദിവസവും സമ്മാനിച്ചത് അതെ വിസ്മയമായിരുന്നു.മാസ്റ്ററുടെ ആ ബാറ്റിംഗ് കണ്ടു അതിശയിച്ചു അതാസ്വദിക്കാന്‍ കിരണ്‍ മോറെയോടൊപ്പം ഡ്രസ്സിംഗ് റൂമിന് വെളിയില്‍ വന്നിരുന്നു എന്ന ചന്ദ്രകാന്ത് പണ്ടിറ്റിന്‍റെ വാക്കുകളില്‍ എല്ലാമുണ്ട്. യൂട്യുബില്‍ ചിലപ്പോഴൊക്കെ ഈ ഇന്നിംഗ്സിന്‍റെ വീഡിയോ കണ്ടു നോക്കാറുണ്ട് .ഇതെങ്ങനെ അദ്ദേഹം സാധിച്ചെടുത്തു എന്ന അദ്ഭുതം ഓരോ തവണയും ബാക്കിയാകുന്നു.കരിയറിന്‍റെ അവസാന ഘട്ടത്തില്‍ ഒരു 38 വയസ്സുകാരന്‍ ലോകത്തോട്‌ വിളിച്ചു പറയുകയായിരുന്നു എനിക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന്.വ്യക്തിപരമായി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ഈഗോയിസ്റ്റ് ആണദ്ദേഹം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഒരു കമന്റെറ്റര്‍ എന്നാ നിലയിലോ ,ബി.സി.സി.ഐ വക്താവെന്ന നിലയിലോ മുംബെ ലോബിയുടെ തലതൊട്ടപ്പന്മാരില്‍ ഒരാളായ സുനില്‍ ഗവാസ്കറിനോട് ബഹുമാനം തീരെയില്ല .ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പക്ഷെ ,ടെസ്റ്റ്‌ ക്രിക്കറ്റില്‍ സുനില്‍ ഗവാസ്കറിനു തുല്യനായി ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇനി ജനിച്ചിട്ട്‌ വേണം ..

ഒരു ചോദ്യം ഇപ്പോഴേ പ്രതീക്ഷിക്കാം ,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓവര്‍ റേറ്റഡ് ആയിരുന്നില്ലേ എന്ന ചോദ്യം..അപ്പോഴേക്കും ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ഈ തലമുറയില്‍ പെട്ടവരില്‍ ഒരാളെങ്കിലും ബാക്കിയുണ്ടെങ്കില്‍ അയാള്‍ ഒരിത്തിരി ദേഷ്യത്തോടെ ,ഒത്തിരി അദ്ഭുതത്തോടെ ,ഒരുപാട് ആവേശത്തോടെ പക്ഷെ അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന് പറയും.ഞാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളി കണ്ടിട്ടുണ്ട് .ടെണ്ടുല്‍ക്കര്‍ എന്ന ജീനിയസ് കളിച്ചിരുന്നത് ഞങ്ങളുടെ കാലഘട്ടത്തിലായിരുന്നു .അയാള്‍ക്കപ്പുറം വരില്ല മറ്റൊരു താരോദയവും” ..

Share.

Comments are closed.