മഹേന്ദ്ര സിംഗ് ധോണി -ദി ഫിനിഷര്‍

126

മഹേന്ദ്രസിംഗ് ധോണി എന്ന ഇതിഹാസ സമാനനായ ക്രിക്കറ്ററുടെ നേട്ടങ്ങളെ അവഗണിക്കാന്‍ ,അതിനെ വില കുറച്ചു കാണാന്‍ അയാളുടെ കാലഘട്ടത്തില്‍ ജീവിക്കുന്ന തലമുറക്ക് കഴിയില്ല ..പുച്ഛത്തോടെ മാറ്റി നിര്‍ത്തേണ്ട ഒരു പേരല്ല അയാളുടേത്..

ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതുപോലൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ + ഫിനിഷര്‍ ഉണ്ടായിട്ടില്ല എന്നത് പരമമായ സത്യമാണ്.അവഗണിക്കാനാകില്ല അയാളെ ,അയാളുടെ ഫിനിഷിംഗ് മികവിനെ ..രണ്ടു ലോകകപ്പുകളും ഒരു ചാമ്പ്യന്‍സ് ട്രോഫിയും അയാളുടെ മികച്ച ക്യാപ്റ്റന്‍സിയുടെ അടയാളങ്ങള്‍ തന്നെയാണ്. അണ്‍ ഓര്‍ത്തോഡോക്സ് എന്ന വാക്കിന്‍റെ നിര്‍വചനം തന്നെയാണ് അയാളുടെ ശൈലിയെങ്കിലും അയാള്‍ ലോക ക്രിക്കറ്റില്‍ ഉണ്ടാക്കിയിട്ടുള്ള ഇമ്പാക്റ്റ് അവഗണിക്കാന്‍ കഴിയുന്നതല്ല.

ആദം ഗില്‍ക്രിസ്റ്റിനെ പോലൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്നത് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളുടെയും സ്വപ്നം തന്നെയായിരുന്നു.ന്യുസിലാന്റ്റ് ഒരു ബ്രെണ്ടന്‍ മക്കല്ലത്തിലും സൌത്ത് ആഫ്രിക്ക മാര്‍ക്ക് ബൌച്ചറിലും ഒരു പരിധി വരെ ആശ്വാസം കണ്ടെത്തിയപ്പോഴും ഗില്ലി ലോകക്രിക്കറ്റില്‍ സ്ര്യഷ്ടിച്ച ഒരു ബെഞ്ച്‌ മാര്‍ക്കിനടുത്ത് എത്താന്‍ കഴിയുന്ന ഒരു കളിക്കാരന്‍ ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും സ്വപ്നമായി തന്നെ അവശേഷിച്ചു.പക്ഷെ മഹേന്ദ്ര സിംഗ് ധോണിയുടെ ഉദയം ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റി മറിച്ചു.ഝാര്‍ക്കണ്ഠിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരത്തേക്ക് അയാള്‍ എത്തിപ്പെട്ടത് ഒരു ഗോഡ് ഫാദറുടെയും പിന്തുണയില്ലാതെ തന്നെയാണ്. ലോകോത്തര ഫാസ്റ്റ് ബൌളര്‍മാരെ പോലും അടിച്ചൊതുക്കാന്‍ കഴിവുള്ള ഒരു മധ്യനിര ബാറ്റ്സ്മാന്‍ അതും ഒരു വിക്കറ്റ് കീപ്പര്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയുടെ സ്വപ്നം അയാളില്‍ പൂര്‍ണത കൈവരിച്ചു.ചികഞ്ഞു നോക്കിയാല്‍ ക്ലാസ് അയാളില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല ,മനോഹരമായ സ്ട്രോക്കുകള്‍ അയാളുടെ ആവനാഴിയില്‍ ഉണ്ടായിരിക്കില്ല ,ഈ കുറവുകള്‍ എല്ലാം മറികടക്കുന്ന ഒരു ക്രിക്കറ്റര്‍ ആയി ധോണി മാറിയത് അദ്ഭുതകരമായ കാഴ്ചയാണ്.ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ തലമുറക്ക് ശേഷം നമ്മള്‍ കണ്ട വിസ്മയ കാഴ്ചയാണ് ധോണി എന്ന ക്രിക്കറ്റര്‍.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ പ്രകടമാക്കുന്ന പോരാട്ട വീര്യവും മനക്കട്ടിയും അയാളെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മികച്ച ബാറ്റ്സ്മാന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന മൈക്കല്‍ ബെവന്റെ ഒപ്പം തന്നെ പ്രതിഷ്ഠിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.പ്രതിഭയുടെ അളവിന്റെ കണക്കെടുത്തല്ല ഞാന്‍ ബെവനെയും ധോനിയെയും ഏകദിനക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ ഒപ്പം ഇരുത്തുന്നത് .പ്രതിഭ കൊണ്ട് മാത്രം ഒരു കളിയും ജയിക്കാനാകില്ല ..ഒരു മത്സരം ഏതു സാഹചര്യത്തിലും ജയിക്കാന്‍ കഴിവുള്ള 2 ബാറ്റ്സ്മാന്മാര്‍.രണ്ടു വ്യത്യസ്തമായ രീതികള്‍..2 ശൈലികള്‍ ..ബെവന്റെത് ഒരു ക്ലിനിക്കല്‍ സമീപനമാണെങ്കില്‍ കാല്‍കുലെറ്റഡ് അസ്സോള്‍ട്ട് എന്ന രീതിയാണ് ധോണി ഉപയോഗിക്കുന്നത്. സമകാലീന ക്രിക്കറ്റില്‍ ഇക്കാര്യത്തില്‍ എബി ഡിവില്ലിയേഴ്സ് മാത്രമാണ് ധോനിയെ അതിശയിക്കുന്ന ഒരേയൊരു ബാറ്റ്സ്മാന്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ധോനിയല്ലാതെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പതിവ് രീതികളില്‍ നിന്നും ഇന്ന് വരെ വ്യതിചലിച്ചു കണ്ടിട്ടില്ല..ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പൊതുവേ ചില നടപ്പ് രീതികള്‍ ഒരു ബെഞ്ച്‌ മാര്‍ക്ക് പോലെ സെറ്റ് ചെയ്തു വച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സായിദ് കിര്‍മാനിയും കിരണ്‍ മോറെയും എല്ലാം നിശ്ചയിക്കപ്പെട്ട പരിധിക്കുള്ളിലായിരുന്നു. ഇത്രയും മതി എന്ന ആ ക്ര്യത്യമായ അളവ് കോലിന് അപ്പുറത്തേക്ക് ഉയര്‍ന്ന ഒരേയൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന് തന്നെയാകണം മഹേന്ദ്രസിംഗ് ധോണി ഓര്‍മിക്കപ്പെടുക.

ജാക്ക് റസ്സലില്‍ തുടങ്ങിയാല്‍ അലക്സ് സ്റ്റുവര്‍ട്ട്, ആദം ഗില്‍ക്രിസ്റ്റ് ,മാര്‍ക്ക് ബൌച്ചര്‍, ആന്‍ഡി ഫ്ലവര്‍ ,ബ്രെണ്ടന്‍ മക്കല്ലം ,കുമാര്‍ സംഗകാര,ഡിവില്ലിയേഴ്സ് എന്നിങ്ങനെ അപാര നിലവാരം പുലര്‍ത്തിയവര്‍ ഒരുപാട് പേരുണ്ട്. ചരിത്രത്തില്‍ സംഗകാരയും ഡിവില്ലിയേഴ്സും വേറൊരു തലത്തിലാണ് വായിക്കപ്പെടുക എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ പേരുകള്‍ക്കൊപ്പം തന്‍റെ പേര് എഴുതി ചേര്‍ക്കുക എന്നത് ധോണിയെ സംബന്ധിച്ച് ഒട്ടും അനായാസമായ കാര്യമായിരുന്നില്ല. ശിവ് നാരായന്‍ ചന്ദര്‍ പോളിനെ പോലെ സ്റ്റാന്‍ഡില്‍ തുടങ്ങി സ്ട്രോക്കുകളിലൂടെ കടന്നു പോകുന്ന അണ്‍ ഓര്‍ത്തഡോക്സ് രീതികള്‍ കൊണ്ടയാള്‍ ഇവിടം വരെയെത്തിയത് മറ്റു പലരെയും പോലെ എന്നെയും വിസ്മയിപ്പിക്കുന്നു. അധികനാള്‍ അതിജീവനം സാധ്യമാകില്ല എന്ന് വിലയിരുത്തപ്പെട്ട ഒരു ബാറ്റിംഗ് ശൈലി ഉപയോഗിച്ച് അയാള്‍ ഏകദിന ക്രിക്കറ്റില്‍ കാട്ടിയ സ്ഥിരതയും ഫിനിഷിംഗ് പാടവവും പ്രശംസയര്‍ഹിക്കുന്നു.ഗില്ലിയുടെ കൈവശം ഉണ്ടായിരുന്ന സ്ട്രോക്കുകള്‍ ഒന്നും ഇല്ലാതെ തന്നെ അയാളുടെ അടുത്തെത്തി ,അയാളുമായി താരതമ്യം ചെയ്യപ്പെടുന്നു എന്നത് തന്നെ നേട്ടമാണ്..ഇത്രയും പറഞ്ഞത് മഹേന്ദ്രസിംഗ് ധോണി എന്ന വ്യക്തിയും അയാളുടെ നയങ്ങളും ഇന്ത്യന്‍ ക്രിക്കറ്റില്‍ എങ്ങനെയാണ് വായിക്കപ്പെടുക എന്ന വസ്തുതയിലേക്ക് കടക്കാതെയാണ്.ഒരല്പം നിഷ്പക്ഷമായി ക്രിക്കറ്റിനെ വിലയിരുത്തുന്ന ഒരാള്‍ക്ക് യോജിക്കാതിരിക്കാനാകുമോ ?

അതിവേഗത്തില്‍ ഓടിയടുക്കുന്ന ഏതൊരു ലോകോത്തര ഫാസ്റ്റ് ബൌളറും ക്രീസില്‍ നില്‍ക്കുന്ന ഒരിന്ത്യന്‍ ബാറ്റ്സ്മാനെ അല്പം ഭയത്തോടെ വീക്ഷിക്കുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട ക്രീസില്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്…

Share.

Comments are closed.