വിരലും കണ്ണുകളും പോകുന്നത് അയാളിലേക്കാണ്. മാഞ്ചസ്റ്ററിന്റെ ലോക്കൽ ഹീറോ മാർകസ് റാഷ്ഫോർഡ്

4

വേഗതയിലുള്ള കളി, പ്രതിഭ, സാങ്കേതികതയും പ്രൊഫഷനിലിസവും ശരിയായ അളവിൽ ചേരുമ്പോഴുള്ള പൂർണത, എന്നിവയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ മറ്റ് ഫുട്ബാൾ ലീഗുകളിൽ നിന്ന് ഒരുപാട് ഉയരത്തിൽ നിർത്തുന്നത് എന്ന് തോന്നുന്നു. ഏറ്റവും കൂടുതൽ കാണികൾ ഈ ഫുട്ബാൾ ഉത്സവത്തിൽ ആകൃഷ്ടരാകുന്നതും മറ്റൊന്നും കൊണ്ടല്ല. ടീമുകളുടെയും താരങ്ങളുടെയും കാര്യത്തിൽ മറ്റു ലീഗുകളിലെ ചിലത് അപവാദങ്ങൾ ആണെങ്കിൽകൂടി ടീമുകൾ തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ തോതിൽ കാണുന്നത് പ്രീമിയർ ലീഗിൽ മാത്രമാണ്. അത് കൊണ്ട് തന്നെ തികച്ചും മത്സരാത്മകമാണ് ഓരോ മതസരങ്ങളും ഇവിടെ. കളിക്കളത്തിലെ താരങ്ങളുടെ ഓരോ മികച്ച നീക്കത്തിനും ഏറ്റവും മികച്ച അംഗീകാരം ലഭിക്കുന്നു. നവ താരങ്ങളെ ലോകം ഏറ്റവും കൂടുതൽ അറിയുന്നത് ഈ ലീഗിൽ നിന്നുയർന്ന് വരുമ്പോഴാണ്. 2015-2016 സീസണിലും ഈ പതിവ് തെറ്റിക്കുന്നില്ല. ഒരുപക്ഷേ ഭാവി ഫുട്ബാളിന്റെ പ്രതീക്ഷയായി ഏറ്റവും കൂടുതൽ താരങ്ങളുടെ പ്രതിഭ വെളിച്ചത്ത് വന്നത് ഈ സീസണിലാണ് എന്ന് പറയാം. അലക്സ് ഇവോബി(ആർസനൽ), നഥാൻ അകെ(ചെൽസി ),എംഗൊള കാന്റെ(ലെയ്സ്റ്റർ സിറ്റി), റീസ് ഒക്സ്ഫൊർദ്(വെസ്റ്റ്‌ ഹാം), റൂബൻ ലൊഫ്റ്റസ്(ചെൽസീ ),മാർകസ് റാഷ്ഫോർഡ്(മാ.യുണൈറ്റഡ്‌), ജോ ഗോമെസ്(ലിവർ പൂൾ), ആന്റണി മാർഷ്യൽ(മാ.യുണൈറ്റഡ്‌), ജോഷ്‌ ഒനോമ(ടോട്ടനം), മുഹമ്മദ്‌ എല്നെനി(ആർസനൽ), ഡിമരൈ ഗ്രേ(ലെയ്സ്റ്റർ സിറ്റി),പട്ടിക നീളുകയാണ്..ഈ പറഞ്ഞതിൽ അവസാനിക്കുന്നില്ല അത്. ആരാധകരുടെയും ഫുട്ബോൾ ലോകത്തിന്റെയും പ്രതീക്ഷകളും.

വിരലും കണ്ണുകളും പോകുന്നത് അയാളിലേക്കാണ്. മാഞ്ചസ്റ്ററിന്റെ ലോക്കൽ ഹീറോ മാർകസ് റാഷ്ഫോർഡിലേക്ക്. കഴിഞ്ഞ രണ്ട് സീസണുകളിലായി വിളവെടുപ്പ് മോശമായ മാഞ്ചസ്റ്റർ യുണൈഡിന്റെ വരും വർഷങ്ങളിലെക്കുള്ള മുൻകരുതലുകളിൽ ഏറ്റവും മികച്ചതാണ്‌ ഈ പതിനെട്ടുകാരൻ. കഴിഞ്ഞ സീസണിനെക്കാൾ നല്ല രീതിയിലാണ് ഇക്കൊല്ലം യുണൈറ്റഡ്‌ കളിയാരംഭിച്ചത്. പക്ഷേ സീസൺ പകുതി ആയപ്പോഴേക്കും നായകൻ വെയ്ൻ റൂണി ഉൾപെടെ പതിമൂന്നോളം താരങ്ങൾ സൈഡ് ബെഞ്ചിൽ ഇരുന്നത് കോച്ച് ലൂയിസ് വാൻഗാലിന്റെ കിരീടമോഹങ്ങളിൽ നനവ്‌ പടർത്തി. പുതിയ താരങ്ങൾക്കായി വാൻഗാൽ യൂത്ത് അക്കാദമിയിൽ നടത്തിയ തിരച്ചിലുകൾ പുതിയ പ്രതിഭകൾ വെളിച്ചം കാണാൻ കാരണമായി. ഒരു പിടി യുവതാരങ്ങൾ ടീമിൽ ഇടം നേടി.ഫിബ്രവരിയിലാണ് അത് നടന്നത്. മിഡ്ജിലാൻഡിനെതിരായ മത്സരത്തിന്റെ ഏതാനും നിമിഷങ്ങൾക്ക് മുന്നേയാണ്‌ റാഷ്ഫോർഡിന് ടീമിലേക്കുള്ള സർപ്രൈസ് എന്ട്രി ലഭിക്കുന്നത്. പ്ലെയിംഗ് ഇലവനിലുള്ള ആന്റണി മാർഷ്യലിന് മത്സരത്തിന് തൊട്ട് മുന്നേയുള്ള പരിശീലനത്തിൽ പരിക്കേറ്റതോടെ വാൻഗാലിന്റെ വിരൽ നീണ്ടത് ‘നാട്ടിൻപുറത്തുകരനായ” റാഷ്ഫോർഡിന് നേരെയാണ്. കളിക്കാൻ കളവും, അത് വീക്ഷിക്കാൻ 70000 ത്തിൽ പരം വരുന്ന കാണികളുടെ ത്രസിപ്പിക്കുന്ന സ്റ്റേജും കിട്ടിയതോടെ ചെക്കൻ ഉഷാറായി. രണ്ടാം പകുതിയിൽ പന്ത്രണ്ട് നിമിഷങ്ങളുടെ ദൈർഘ്യത്തിൽ രണ്ടു തവണയാണ് റാഷ്ഫോർഡ്‌ എതിർ വല കുലുക്കിയത്‌. അരങ്ങേറ്റ മത്സരത്തിൽ, ഒരു കൌമാരക്കാരന് ആഘോഷിക്കാൻ ഇതില്പരം എന്ത് വേണം ഈ ലോകത്തിൽ. ആരാധകർ ഒരു പുതിയ ഹീറോയെ കിട്ടിയ ആവേശത്തിലായിരുന്നു. അവിടം കൊണ്ട് നിർത്താൻ റാഷ്ഫോർഡിന് ഉദ്ധേശമില്ലായിരുന്നു എന്ന് വേണം കരുതാൻ, അതേ ആഴ്ചയിൽ ആർസനലിതിരെ ഒരിക്കൽ കൂടി ഗോൾ വല രണ്ടു തവണ വിറപ്പിച്ച് റാഷ്ഫോർഡ്‌ വരവ് ഗംഭീരമാക്കി.

കൃത്യതയോടുള്ള വേഗം, കളിക്കളത്തിൽ സ്വാഭാവികമായി പുറത്തെടുക്കുന്ന ബുദ്ധി അല്ലെങ്കിൽ കൗശല്യം, എനർജി ടാങ്കുപോലെ മൈതാനത്ത് അയാൾ കാണിക്കുന്ന ഊർജസ്വലത, ഒന്നാന്തരം പവർഫുൾ ഷോട്ടുകൾ, ആത്മവിശ്വാസം തുളുമ്പുന്ന മിന്നൽ നീക്കങ്ങൾ, പ്രതിഭ, പിന്നെ റാഷ്ഫോർഡിന്റെ ഇപ്പോഴത്തെ പ്രായം, ഇതൊക്കെയാണ് റാഷ്ഫോർഡിനെ ഫുട്ബാൾ ലോകത്ത് ചർച്ചാ വിഷയമാക്കുന്നത്. എല്ലാറ്റിലുമുപരി ഒരു മാഞ്ചസ്റ്ററുകാരൻ എന്ന ലേബൽ ഈ പതിനെട്ടുകാരനെ ആരാധകരുടെ കണ്ണിലുണ്ണിയാക്കുന്നു. യുണൈറ്റഡ്‌ അക്കാദമിയിൽ നിന്ന് പുതിയ അദ്ഭുതങ്ങൾ ഒന്നുമില്ലേ എന്ന വിമർശകരുടെ ചോദ്യങ്ങൾക്കും, ആരാധകരുടെ കാത്തിരിപ്പിനും ഉത്തരം നല്കാൻ എന്ത് കൊണ്ടും പ്രാപ്തനാണ് റാഷ്ഫോർഡ്‌.അഞ്ചാം വയസ്സിൽ പന്ത് തട്ടാൻ ആരംഭിച്ച റാഷ്ഫോർഡ്‌ തന്റെ ഏഴാം വയസ്സിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ അക്കാദമിയിൽ ചേരുന്നത്. അത് കൊണ്ട് തന്നെ ടീമിലെ താരങ്ങൾക്കെല്ലാം റാഷ്ഫോർഡിന്റെ പ്രതിഭയെക്കുറിച്ച് നേരത്തെ തന്നെ അറിയാം. “ഒരദ്ഭുത താരമായി അവൻ പരിണമിച്ചു കൊണ്ടിരിക്കുന്നു.ഞങ്ങൾ അവനിൽ വിശ്വസിക്കുന്നു. എന്നാലും അവൻ വളരെ ചെറുപ്പമാണെന്ന് കൂടി നമ്മൾ ഓർക്കണം”-ടീമിലെ സീനിയർ താരം യുവാൻ മാട്ട, യുണൈറ്റഡിന്റെ ഇതിഹാസ താരം പോൾ സ്കോൾസിനും റാഷ്ഫോർഡിനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ.” പതിനാല് വയസ്സ് മുതൽ എനിക്കവന്റെ കളിയെക്കുറിച്ചറിയാം, പ്രതിഭയുള്ള കളിക്കാരനാണെന്ന് നിങ്ങൾക്കെല്ലാം അറിയാം, കുറച്ചുകളികളെ കളിച്ചുവെങ്കിലും,ഒന്നാന്തരം”ഗോൾ സ്കോറർമാരുടെ ഗോൾ” ആണ് നിങ്ങൾ കാണുന്നതെങ്കിലും ഇതിനും അപ്പുറമാണ് റാഷ്ഫോർഡ്‌. നിങ്ങൾ അവനെ ഇനിയും കണ്ടിട്ടില്ല, റൊണാൾഡോയെ പോലെ തന്നെ ഫ്രീ കിക്കുകൾ അസാമാന്യമായി ഗോൾ വലയിലേക്ക് തൊടുക്കാൻ ഇവനാകും” ഇതിഹാസത്തിന്റെ വാക്കുകൾ അടിവരയിടുന്നത് റാഷ്ഫോർഡിന്റെ പ്രതിഭയുടെ ആഴമാണ്.

എന്തായാലും ഈ സീസണിലെ പ്രകടനങ്ങൾ ടീമിൽ സ്ഥിരം സാന്നിധ്യം നല്കാൻ റാഷ്ഫോർഡിന് തുണയാകും. ഒരു മികച്ച മാസ്സ് ഇന്ട്രോ ലഭിച്ചതോടെ ഇംഗ്ലീഷ് ഫുട്ബാൾ ലോകം റാഷ്ഫോർഡിൽ കാണുന്നത് അടുത്ത ഒരു സൂപർ താരത്തെയാണ്. ബെക്കാമിനും, മൈക്കേൽ ഓവനും, സ്റ്റീവൻ ജെറാർഡിനും, വെയിൻ റൂണിക്കും ശേഷം ഒരു സൂപ്പർ താരത്തിനുവേണ്ട അസംസ്കൃത പ്രതിഭയുടെയും മറ്റു ഘടകങ്ങളുടെയുമെല്ലാം ഒരു വലിയ നിക്ഷേപം റാഷ്ഫോർഡിൽ അവർ കാണുന്നു. പ്രീമിയർ ലീഗിലെ മത്സരത്തോടെ മുൻ നിര ബ്രാൻഡുകൾ “ചെക്കനെ നോട്ടമിട്ട്” കഴിഞ്ഞു. നൈക്കി പോലുള്ള ബ്രാൻഡുകൾ റാഷ്ഫോർഡുമായി പരസ്യകരാർ ഒപ്പിടാനുള്ള ചർച്ചകൾ നടത്തുന്നു. വരാനിരിക്കുന്ന യൂറോ കപ്പ്‌ വളരെ വലിയൊരു വേദിയാണ് റാഷ്ഫോർഡിന് ഒരുക്കിയിരിക്കുന്നത്, ദേശീയ ടീമിലേക്കുള്ള ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്ജ്സന്റെ ക്ഷണം റാഷ്ഫോർഡിന് തന്റെ വരവ് ലോകം മൊത്തം വിളിച്ചറിയിക്കാനുള്ള അവസരമാണ്. റാഷ്ഫോർഡിനെ ടീമിലെടുക്കാനുള്ള തീരുമാനം ഇംഗ്ലണ്ട്കോച്ചിന് ആദ്യം ഉണ്ടായിരുന്നില്ല. ഇവിടെയും പരിക്കാണ് റാഷ്ഫോർഡിന് ഭാഗ്യമായത് ഡാനി വെൽബെക്സിന്റെ കാൽ മുട്ടിലെ പരിക്കാണ് ഇത്തവണ യുണൈറ്റഡിന്റെ യുവതുർക്കിക്ക് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത് .

പക്ഷേ, റാഷ്ഫോർഡിന് ഇത്ര നേരത്തെ നാഷണൽ ടീമിൽ എടുക്കുന്നത് ശരിയല്ലെന്നും, റാഷ്ഫോർഡ്‌ ഇനിയും പാകപ്പെടേണ്ട പ്രതിഭയാണെന്നും വിശ്വസിക്കുന്നവരും ഉണ്ട്. യുണൈറ്റഡിന്റെ അക്കാദമി ഡയരക്ടർ നിക്കി ബട്ടിനും പല ആരാധകരും അങ്ങനെ കരുതുന്നു. പ്രതിഭയോടപ്പം കഠിനാദ്ധ്വാനവും വേണമെന്നത് ഒരു ക്ലീഷേ ഡയലോഗ് ആണെങ്കിലും, കഠിനാധ്വനമില്ലാതെ പ്രതിഭയ്ക്ക് ഒട്ടും അസ്തിത്വമില്ല എന്നത് ഒരു പ്രപഞ്ചസത്യമാണ്. അത് കൊണ്ടായിരിക്കണം തന്റെ പ്രതിഭയെ കഠിനാദ്ധ്വാനം കൊണ്ട് രാകിയെടുക്കുന്നത് വരെ സമയം റാഷ്ഫോർഡിന് നലകണമെന്ന് ഒരു പക്ഷം വാദിക്കുന്നത്. അവരുടെ ആകുലതകളെ തെറ്റെന്നു പറയാൻ പറ്റില്ല. പക്ഷേ, സമ്മർദങ്ങളെയും, കുന്നോളമുള്ള പ്രതീക്ഷകളെയും മറികടക്കാൻ താൻ പ്രാപ്തനാനെന്നു ആദ്യ മത്സരത്തിൽ തന്നെ റാഷ്ഫോർഡ്‌ തെളിയിച്ചതാണ്. അതിനു ശേഷം റാഷ്ഫോർഡ്‌ കളിച്ച പത്തോളം കളികൾ അയാളുടെ മുകളിൽ ഒരു ക്ലബും അതിന്റെ ആരാധകരും അർപ്പിക്കുന്ന പ്രതീക്ഷകളെ ശരിവെക്കുന്നു. എന്തായാലും റാഷ്ഫോർഡിന് അന്താരാഷ്‌ട്ര ഫുട്ബാളിൽ അരങ്ങേറുന്നതിനുള്ള വേദി ഒരുങ്ങികഴിഞ്ഞു. യൂറോയിൽ പ്ലെയിംഗ് ഇലവനിൽ കളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും, മെയ് 27 നു ഓസ്ട്രേലിയക്കെതിരായ സൗഹൃദമത്സരത്തിൽ റാഷ്ഫോർഡ്‌ കളിച്ചേക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഈ ഫുട്ബോൾ സീസണിൽ ഉയർന്ന് വന്ന താരങ്ങളിൽ ഏറ്റവും മികച്ച താരം റാഷ്ഫോർഡ്‌ ആണോ എന്നതിന് ഉത്തരം രണ്ടുണ്ടായേക്കാം. പക്ഷേ, ഈ താരങ്ങളിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് റാഷ്ഫോർഡിനോളം മികച്ച റിസൾട്ട് ഉണ്ടാക്കിയവർ കുറവാണ്. ഇനി തെളിയിക്കേണ്ടത് കാലവും അതിനോടപ്പം ഉരുളുന്ന പന്തുമാണ്..നടുക്കത്തോടെ വിറച്ച് നിശബ്ദമാകാൻ ഗോൾ വലകളും, ആ നിശബ്ദതയെ ആരവങ്ങൾ കൊണ്ട് പൊതിയാൻ ഗാലറികളും കാത്തിരിക്കുകയാണ് റാഷ്ഫോർഡിന്റെ സൂപ്പർ താരത്തിലേക്കുള്ള പരിണാമം പൂർത്തിയാകാൻ.

Share.

Comments are closed.