മാർക്ക് വോ-ജ്യേഷ്ഠൻെറ പകരക്കാരൻ

124
”എല്ലാ പന്തുകളും ബാറ്റിൻെറ മദ്ധ്യത്തിലാണ് വന്നു കൊള്ളുന്നത് എന്നായിരുന്നു മാർക്ക് വോയുടെ ധാരണ.എല്ലായ്പ്പോഴും അയാൾ റൺസിനുവേണ്ടി ഒാടാൻ ശ്രമിക്കും.ഒരു റൺഒൗട്ട് ഏതുനിമിഷവും കടന്നുവരാം.മാർക്കിനൊപ്പം ബാറ്റ് ചെയ്യുക എന്നത് എൻെറ പേടിസ്വപ്നമായിരുന്നു…! ”

മുൻ ഒാസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡീൻ ജോൺസ് ഒരിക്കൽ നർമ്മം കലർത്തിപ്പറഞ്ഞ വാക്കുകളാണിത്.സത്യത്തിൽ മാർക്ക് വോയുടെ ബാറ്റിങ് അത്ര ഭീകരമായിരുന്നോ? ഒരിക്കലുമല്ല.മാർക്ക് ഒരു ബാറ്റ്സ്മാൻ ആയിരുന്നില്ല ;ബാറ്റിംഗ് കലാകാരനായിരുന്നു… ! എതിർടീമുകൾ പോലും കാണാൻ കൊതിക്കുന്ന ഒരു ശൈലിയുടെ ഉടമ.

ന്യൂ സൗത്ത് വെയ്ൽസിലെ കാൻറർബറിയിലാണ് മാർക്ക് ജനിച്ചത്.നാലു മിനുട്ടുകൾക്കു മുമ്പേ സ്റ്റീവ് വോയും ഭൂമിയിലെത്തിയിരുന്നു… ഇരട്ടസഹോദരൻമാർ ക്രിക്കറ്റ് കളിച്ചു വളർന്നു.ചേട്ടനായ സ്റ്റീവ് നേരത്തെ തന്നെ ഒാസ്ട്രേലിയയുടെ ദേശീയ ടീമിലംഗമായി.വളരെ വൈകാതെ തന്നെ മാർക്കും ഏകദിനം കളിച്ചു.പക്ഷേ ഒരു ഒാസ്ട്രേലിയൻ ക്രിക്കറ്ററുടെ സ്വപ്നമാണ് ബേഗ്ഗി ഗ്രീൻ(ടെസ്റ്റ് അരങ്ങേറ്റത്തിന് സമ്മാനിക്കപ്പെടുന്ന പച്ചനിറമുള്ള തൊപ്പി).അത്തരത്തിലൊന്ന് നേടിയെടുക്കാനുള്ള മാർക്കിൻെറ കാത്തിരിപ്പ് പിന്നെയും നീണ്ടുപോയി.

ഒടുവിൽ മാർക്ക് കാത്തിരുന്ന സുദിനമെത്തി.ടെസ്റ്റ് ടീമിലേക്ക് വിളിവന്നു.1991ലെ ആഷസ് പരമ്പരയിൽ മോശം ഫോമിൻെറ പേരിൽ സ്റ്റീവിൻെറ സ്ഥാനം തെറിച്ചപ്പോൾ ആ ഒഴിവിലേക്കാണ് മാർക്ക് തിരഞ്ഞെടുക്കപ്പെട്ടത് !! ഒരുവശത്ത് ടെസ്റ്റ് കളിക്കാൻ പോകുന്നു എന്ന സന്തോഷം;മറുവശത്ത് ചേട്ടൻെറ സ്ഥാനം തെറിപ്പിച്ചിട്ടാണല്ലോ താൻ കളിക്കുന്നത് എന്ന നിരാശ…ഇതിലേതാണ് മാർക്കിനെ കൂടുതൽ ഭരിച്ചത് എന്നറിയില്ല.എന്തായാലും അരങ്ങേറ്റ ടെസ്റ്റിൽത്തന്നെ സെഞ്ച്വറിയടിച്ചാണ് മാർക്ക് എന്ന 25കാരൻ വരവറിയിച്ചത്.പിന്നീടുള്ള ഒരു പതിറ്റാണ്ട് അയാളുടെ കാലമായിരുന്നു.നമ്മളെ ആനന്ദിപ്പിക്കാൻ വേണ്ടി ക്രിക്കറ്റ് കളിച്ചവനായിരുന്നു മാർക്ക്.മറ്റൊന്നും അയാളെ അലട്ടിയിരുന്നില്ല.

രണ്ടു ഫോർമാറ്റുകളിലും പതിനായിരം റൺസ് എന്ന നാഴികക്കല്ല് പിന്നിടാൻ കഴിഞ്ഞിട്ടില്ല.ഒരു ഡബിൾ സെഞ്ച്വറി പോലും നേടിയിട്ടില്ല.41.81 എന്ന ടെസ്റ്റ് ശരാശരിയും അത്ര ആകർഷകമല്ല.പക്ഷേ മാർക്ക് വിലയിരുത്തപ്പെടേണ്ടത് എത്ര റൺസ് സ്കോർ ചെയ്തു എന്നതിൻെറ പേരിലല്ല; മറിച്ച് എങ്ങനെ സ്കോർ ചെയ്തു എന്നതിൻെറ അടിസ്ഥാനത്തിലാണ്.ആഞ്ഞടിക്കാനല്ല,പന്തുകളെ സ്നേഹത്തോടെ തഴുകിവിടാനാണ് അയാൾ ആഗ്രഹിച്ചത്.അനാകർഷകമെങ്കിലും തികച്ചും ഇഫക്ടീവ് ആയ ശൈലിയിലൂടെ റൺസ് വാരിക്കൂട്ടിയ ചന്ദർപോളിനെയും പന്തിനെ വെറുപ്പോടെ തല്ലിയകറ്റിയ ക്ളൂസ്നറിനെയുമെല്ലാം മനസ്സറിഞ്ഞ് അംഗീകരിക്കുമ്പോൾത്തന്നെയും,മാർക്കിനെപ്പോലുള്ള മാന്ത്രികൻമാരോട് ഒരൽപ്പം കൂടുതൽ ഇഷ്ടം തോന്നിപ്പോകും ; നമ്മളിൽ പലർക്കും.

ലെഗ്സൈഡിലെ മാർക്കിൻെറ ബാറ്റിങ്ങിനെ വർണ്ണിക്കാൻ വിദഗ്ദർ വാക്കുകൾ കിട്ടാതെ വലഞ്ഞിട്ടുണ്ട്.ഫാസ്റ്റ് ബൗളറുടെ കൈയിൽ നിന്ന് മാർക്കിൻെറ നേരെ പാഞ്ഞെത്തുന്ന പന്ത്.പാഡിൽത്തട്ടും എന്ന് നാം ഉറപ്പിച്ചിരിക്കെ മാർക്കിൻെറ ബാറ്റ് അതിനെ വേലിക്കെട്ടിലേക്ക് തിരിച്ചുവിടുന്നത് കാണാം.സ്ക്വയർലെഗ് മുതൽ മിഡ് വിക്കറ്റ് വരെയുള്ള പ്രദേശങ്ങളിലേക്ക് പാഞ്ഞുപോയ വെളുത്തതോ ചുവന്നതോ ആയ എത്രയെത്ര പന്തുകൾ !! ബൗണ്ടറി കിട്ടുന്നു എന്നതിനേക്കാൾ അത് ചെയ്യുന്നതിലെ അനായാസതയാണ് നമ്മളെ വിസ്മയിപ്പിച്ചത്.

ഒാൺസൈഡിലെ കളി ഗംഭീരമായിരുന്നു എന്നുവെച്‌ച് മാർക്കിൻെറ ഒാഫ്സൈഡ് ഗെയിം ദുർബലമായിരുന്നു എന്ന് കരുതേണ്ടതില്ല.ഫുൾലെങ്ത്ത് പന്തുകളിൽ കളിച്ചിരുന്ന ഫ്രണ്ട്ഫുട്ട് കവർഡ്രൈവുകൾ,ബാക്ക് ഒാഫ് എ ലെങ്ത്ത് ഡെലിവറികൾക്കെതിരെ പുറത്തെടുത്തിരുന്ന ബാക്ക്ഫുട്ട് പഞ്ചുകൾ…എല്ലാം അനുപമമായിരുന്നു.സ്പിന്നർമാർക്കെതിരെ മാർക്ക് ചിലപ്പോൾ അലസമായി പന്ത് വായുവിൽ ഉയർത്തിയെന്നുവരാം.പക്ഷേ പലതും ഗാലറിയിലാണ് പതിക്കുക ! ഒരിക്കൽ ഡാനിയേൽ വെറ്റോറിയ്ക്കെതിരെ ഇക്കാര്യം ചെയ്തപ്പോൾ പെർത്തിൻെറ വിഖ്യാതമായ മേൽക്കൂരയിൽനിന്നാണ് പന്ത് കണ്ടുകിട്ടിയത് !!

മാർക്കിൻെറ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് ഒരുപക്ഷേ ജമൈക്കയിൽ നേടിയ സെഞ്ച്വറി ആയിരിക്കാം.1995ലെ ഫ്രാങ്ക് വോറൽ ട്രോഫി.സ്വന്തം മണ്ണിൽ രണ്ടു പതിറ്റാണ്ടുകളായി ഒാസീസിനോട് കീഴടങ്ങാത്തവരായിരുന്നു വെസ്റ്റ് ഇൻഡീസ്.കർട്ലി ആംബ്രോസും കോർട്നി വാൽഷും നേതൃത്വം നൽകിയ വിൻഡീസിൻെറ ശക്തമായ ബൗളിംഗ് നിരയ്ക്കെതിരെ മാർക്കും സ്റ്റീവും അവസാനടെസ്റ്റിൽ ഉറച്ചുനിന്ന് പടവെട്ടി.അനിയൻെറ വക സെഞ്ച്വറിയും ചേട്ടൻെറ വക ഡബിൾ സെഞ്ച്വറിയും 231 റൺസിൻെറ കൂട്ടുകെട്ടും !! ടെസ്റ്റും പരമ്പരയും ഒാസീസ് ജയിച്ചു.ഒാഫ്സ്റ്റംമ്പിനു പുറത്ത് കുത്തി ഉയർന്ന പന്തുകളെ മാർക്ക് സ്ലിപ്പ് ഫീൽഡർമാർക്കു മുകളിലൂടെ തേഡ്മാൻ ബൗണ്ടറിയിലേക്ക് കോരിയെറിഞ്ഞത് അവിസ്മരണീയമായ കാഴ്ച്ചയായിരുന്നു.കാരണം അന്ന് ആ ഷോട്ട് ക്രിക്കറ്റ് ലോകത്തിന് അത്ര പരിചിതമായിരുന്നില്ല.

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളിൽ ഒരു ദുഃസ്വപ്നമായി എന്നും ഈ മനുഷ്യൻ ഉണ്ടായിരുന്നു.1996 ലോകകപ്പിൽ മാർക്കിൻെറ സെഞ്ച്വറി മികവിലാണ് ഒാസീസ് ഇന്ത്യയെ തോൽപ്പിച്ചത്.ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സച്ചിൻെറ വിക്കറ്റും എടുത്തു.അടുത്ത ലോകകപ്പിലും മാർക്ക് ഇന്ത്യയുടെ അന്തകനായി.ഇത്തവണ 83 റണ്ണുകളിൽ പ്രകടനം ഒതുങ്ങിയെങ്കിലും ഇന്ത്യയെ തകർക്കാൻ അത് ധാരാളമായി.ഇങ്ങനെയൊക്കെയാണെങ്കിലും മാർക്കിനെ ഇഷ്ടമായിരുന്നു ഇന്ത്യക്കാർക്ക്…

ബാറ്റിംഗ് മാത്രമായിരുന്നില്ല മാർക്കിൻെറ കളിത്തട്ട്.ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്ലിപ്പ് ഫീൽഡർമാരിലൊരാളായിരുന്നു അയാൾ.ബാറ്റിൻെറ എഡ്ജിൽത്തട്ടിയ പന്തുകൾ മാർക്കിൻെറ ഇടത്തോട്ടും വലത്തോട്ടും താഴോട്ടും മുകളിലേക്കുമെല്ലാം പറക്കും.പന്ത് മാർക്കിനെ കടന്നുപോയെന്ന് സംശയം തോന്നും.ബാറ്റ്സ്മാൻ അമ്പരന്നുനിൽക്കെ, നിമിഷനേരം കൊണ്ട് മാർക്ക് പന്ത് കൈപ്പിടിയിലൊതുക്കി ചിരിച്ചുകൊണ്ട് മുകളിലേക്കെറിയുന്നത് കാണാം !! സ്ലിപ്പിൽ മാത്രമല്ല,കവറിലും മിഡ്വിക്കറ്റിലും ചോരാത്ത കൈകളുമായി മാർക്ക് നിന്നു.ഡൈവ് ചെയ്ത് ഒറ്റക്കൈയ്യൻ ക്യാച്ചുകളെടുത്തു.ഏറ്റവും കൂടുതൽ സ്ലിപ്പ് ക്യാച്ചുകളുടെ ലോകറെക്കോർഡ് ഏറെക്കാലം മാർക്കിൻെറ പേരിലായിരുന്നു.ഭേദപ്പെട്ട ഒരു ബൗളറുമായിരുന്നു.

ഇരട്ടകളിൽ ആരായിരുന്നു കേമൻ എന്നതിനെക്കുറിച്ച് ചർച്ചകൾ ഒരുപാട് നടന്നിട്ടുണ്ട്. ജന്മസിദ്ധമായ പ്രതിഭയിൽ മാർക്ക് മുന്നിട്ടുനിൽക്കുമ്പോൾ സാങ്കേതികത്തികവിലും മനക്കരുത്തിലും സ്റ്റീവ് ആയിരുന്നു കേമൻ എന്ന് വിദഗ്ദർ വിലയിരുത്തുന്നു.ഭൂരിപക്ഷം പേരും സ്റ്റീവിനെയാണ് മികച്ചവനായി കണക്കാക്കുന്നത്.മറിച്ചു ചിന്തിക്കുന്നത് ഇയാൻ ചാപ്പലിനെപ്പോലെ ചുരുക്കം ചിലർ മാത്രം.എന്തായാലും ചേട്ടനേക്കാൾ സ്റ്റൈലിഷ് ആയിരുന്നു മാർക്ക്.ലോകകപ്പുമായി ഈ സഹോദരങ്ങൾ നിൽക്കുന്ന ചിത്രം ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സുനിറയ്ക്കും…

ചില വിവാദങ്ങളും മാർക്കിൻെറ കരിയറിൽ ഉണ്ടായിട്ടുണ്ട്.മോശമായി കളിക്കാൻ പാക് നായകൻ സലിം മാലിക് തനിക്ക് പണം വാഗ്ദാനം ചെയ്തെന്ന മാർക്കിൻെറ വെളിപ്പെടുത്തൽ കോളിളക്കമുണ്ടാക്കി.പിച്ചിൻെറ സ്വഭാവം പറഞ്ഞുകൊടുത്തതിന് ഒരു വാതുവെയ്പ്പുകാരൻ തനിക്കും മാർക്കിനും പണം തന്നുവെന്ന ഷെയ്ൻ വോണിൻെറ ഏറ്റുപറച്ചിൽ ആ വലിയ കരിയറിന് കളങ്കമായി.എങ്കിലും മാർക്ക് ബാറ്റ് ചെയ്യുമ്പോൾ ഈവക കാര്യങ്ങളെല്ലാം ഒാർക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.മനസ്സുനിറഞ്ഞ് അതാസ്വദിക്കാനേ സാധിച്ചിരുന്നുള്ളൂ….

കളിയിൽ ജയവും റൺസും എല്ലാം വേണ്ടതുതന്നെ.പക്ഷേ എല്ലാറ്റിനും അപ്പുറം ക്രിക്കറ്റ് എന്ന ഗെയ്മിന് ഒരു സൗന്ദര്യതലമുണ്ട്.അതിനെ സംരക്ഷിക്കാൻ കാലാകാലങ്ങളിൽ മാർക്ക് വോമാർ ജന്മമെടുക്കണം…എങ്കിൽ മാത്രമേ കളിയ്ക്ക് പൂർണ്ണതയുണ്ടാകൂ…

Share.

Comments are closed.