മാര്‍ട്ടിന ഹിംഗിസ്

130

മാർട്ടിന ഹിംഗിസ്‌- ഈ വർഷം,അതായത്‌ ഈ 2015 ആരുടെയെങ്കിലും ഭാഗ്യ വർഷമാണെങ്കിൽ അത്‌ മാർട്ടിന ഹിംഗിസ്‌ എന്ന ടെന്നീസ്‌ രാജകുമാരിയുടേതാണു.ഈ വർഷം അഞ്ച്‌ കിരീടങ്ങൾ സ്വന്തമാക്കിയ ഹിംഗിസിനേക്കാൾ നേട്ടം വേറെ ആർക്കാണു ടെന്നീസ് ലോകത്ത് അവകാശപ്പെടാൻ കഴിയുക?


ഇന്ത്യൻ താരങ്ങളായ ലിയാണ്ടർ പേസിനും സാനിയ മിർസ്സയ്ക്കുമൊപ്പം ചേർന്നാണു ഈ അഞ്ച്‌ കിരീടങ്ങളുമെന്നത്‌ നമുക്കും അഭിമാനിക്കാൻ വകയുള്ള കാര്യമാണു. ഈ വർഷം നേട്ടങ്ങൾ ഒന്നൊന്നായി കൈവരിച്ചു കൊണ്ട്‌ മുന്നേറുന്ന മാർട്ടിനയുടെ ജന്മദിനമാണിന്ന്.ഈ ജന്മദിനം മറ്റേത്‌ വർഷത്തേക്കാളും മധുരമുള്ള ഒന്നായിരിക്കും ഹിംഗിസിനു.
കൃത്യമായി പറഞ്ഞാൽ 1980 സെപ്റ്റംബർ മാസം 30 ആം തീയതി ചെക്കോസ്ലോവാക്യയിലെ കൊസീസ്‌ എന്ന സ്ത്ഥലത്ത്‌ ടെന്നീസ്‌ താരമായ മെലാനിയുടേയും കരോൾ ഹിംഗിസിന്റേയും മകളായിട്ടായിരുന്നു മാർട്ടിനയുടെ ജനനം.ടെന്നിസിലേക്കുള്ള വഴിയിൽ അമ്മയായിരുന്നു ഹിംഗിസിനു കൂട്ട്‌.ചെറുപ്പം മുതൽ അമ്മ നൽകിയ തീവ്ര പരിശീലനത്തിൽ നിന്നാണു മാർട്ടിന ഹിംഗിസ്‌ എന്ന ടെന്നീസ്‌ പ്രതിഭ പിറവിയെടുക്കുന്നത്‌.തന്റെ പതിനാലാം വയസിൽ 1994 ലാണു അവർ പ്രൊഫഷനൽ ടെന്നീസിലേക്ക്‌ എത്തുന്നത്‌.അവിടെ തുടങ്ങുന്നു ഹിംഗിസിന്റെ ഉയർച്ചകൾ.ഹിംഗിസ്‌ പ്രൊഫഷണൽ ടെന്നീസിലെത്തിയ സമയം സ്റ്റെഫി ഗ്രാഫായിരുന്നു ടെന്നീസ്‌ ലോകം അടക്കി ഭരിച്ചിരുന്നത്‌.സ്റ്റെഫിയുടെ ആ ആധിപത്യം പതുക്കെ പതുക്കെ കുറഞ്ഞ്‌ ഇല്ലാതാവുകയായിരുന്നു.

വേൾഡ്‌ ടെന്നീസ്‌ റാങ്കിംഗിൽ ഒന്നാമതെത്താൻ മാർട്ടിന ഹിംഗിസിനു ഒരു വർഷം ധാരാളമായിരുന്നു.ഒന്നാം റാങ്കിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയാണു അന്ന് അവരെ തേടിയെത്തിയത്‌.ആ സമയത്ത്‌ തന്റെ കരിയറിന്റെ പീക്ക്‌ ഫോമിലായിരുന്നു ഹിംഗിസ്‌.1997,98,99 വർഷങ്ങളിലെ ഓസ്ട്രേലിയൻ ഓപ്പണും 2000ലെ ഫ്രഞ്ച്‌ ഓപ്പണും ഹിംഗിസ്‌ തന്റെ ഷോ കേസിലെത്തിച്ചു.ഇതിനിടയിൽ തന്നെ 1998 ൽ നാലു ഗ്രാൻസ്ലാം കിരീടങ്ങളും അവർ സ്വന്തമാക്കി.തൊട്ടതെല്ലാം പൊന്നായിരുന്ന കാലമായിരുന്നു അന്ന് മാർട്ടിനയുടേത്‌.

തകർച്ച തുടങ്ങുന്നു
————————————–
സിംഹാസനം നഷ്ടപ്പെട്ട രാജകുമാരിയായി മാറുകയായിരുന്നു 2001ൽ ഹിംഗിസ്.ഫോം നഷ്ടപ്പെട്ട് ഉഴറിയ ആ സമയത്ത്‌ കൂനിന്മേൽ കുരു പോലെ പരുക്കും അവരെ പിടികൂടി.കണ്ണങ്കാലിലേറ്റ പരുക്ക്‌ സുഖപ്പെടുത്തി 2002 ൽ അവർ തിരിച്ചു വന്നെങ്കിലും പഴയ ഫോമിന്റെ നിഴലാകാൻ പറ്റിയ പ്രകടനം പോലും പുറത്തെടുക്കാൻ കഴിയാതെ അവർ കോർട്ടിൽ പകച്ചു നിന്ന കാഴ്ച്ച ടെന്നീസ്‌ പ്രേമികൾക്ക്‌ ഏറെ വേദന സമ്മാനിച്ചു.എല്ലാ താരങ്ങളും മികച്ചവരായി തുടങ്ങുന്ന ആ ചെറു പ്രായത്തിൽ ,തന്റെ ഇരുപത്തിരണ്ടാം വയസിൽ കോർട്ടിൽ നിന്ന് വിരമിക്കാൻ ഹിംഗിസ്‌ നിർബന്ധിതയായി.തന്റെ അമ്മയെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റിയ ശേഷമാണു ഹിംഗിസിന്റെ തകർച്ച തുടങ്ങിയതെന്ന് എടുത്തു പറയേണ്ട കാര്യമാണു.

വീണ്ടും ടെന്നീസ്‌ കോർട്ടിലേക്ക്‌
——————————————————
ഏറെക്കാലം ടെന്നീസ്‌ ലോകത്ത്‌ നിന്ന് മാറി നിൽക്കാൻ ഹിംഗിസിനു കഴിയുമായിരുന്നില്ല.2005 ൽ അവർ വീണ്ടും ടെന്നീസ്‌ ലോകത്തേക്ക്‌ മടങ്ങിയെത്തി.മടങ്ങി വരവിൽ മഹേഷ്‌ ഭൂപതിയോടൊപ്പം ചേർന്ന് 2006 ലെ ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ്‌ ഡബിൾസ്‌ കിരീടവും അവർ സ്വന്തമാക്കി.പിന്നീടായിരിന്നു ഹിംഗിസിനെ ഏറ്റവും വേദനിപ്പിച്ച സംഭവ വികാസങ്ങൾ അരങ്ങേറിയത്‌.മയക്കു മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട്‌ ലോക ടെന്നീസ്‌ ഫെഡറേഷൻ ടെന്നീസ് കോർട്ടിൽ നിന്ന് ഹിംഗിസിനു 2 വർഷ വിലക്ക്‌ നൽകി.മാനസികമായി തകർന്ന അവർക്ക്‌ വീണ്ടും ടെന്നീസ്‌ കോർട്ടിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്നു.
വർഷങ്ങൾക്ക്‌ ശേഷം വീണ്ടും ഹിംഗിസ്‌ ടെന്നീസ്‌ ലോകത്തേക്ക്‌ മടങ്ങിയെത്തി.എന്നാൽ ആ വരവ്‌ നേട്ടങ്ങളുടെ കൂമ്പാരമാണു അവർക്ക്‌ സമ്മാനിച്ചത്‌.രണ്ടാം മടങ്ങി വരവിൽ പല കൂട്ടുകെട്ടുകളിലും കളിച്ച ഹിംഗിസ്‌ അവസാനം കളിക്കളത്തിൽ തനിക്ക്‌ പറ്റിയ പങ്കാളികളെ കണ്ടെത്തി.ഇന്ത്യയുടെ അഭിമാന താരങ്ങളായ ലിയാണ്ടർ പേസും സാനിയ മിർസ്സയുമായിരുന്നു അവർ. ഇന്ത്യൻ ജോഡികളുമായിച്ചേർന്ന് അഞ്ച്‌ കിരീടങ്ങളാണു ഹിംഗിസ്‌ ഈ വർഷം നേടിയത്‌.പേസിനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ നേടിത്തുടങ്ങിയ നേട്ടം ഇപ്പോൾ സാനിയായ്ക്കൊപ്പം യു.എസ്‌ ഓപ്പണിൽ നേടിയ കിരീടത്തിലെത്തി നിൽക്കുന്നു.
ടെന്നീസ്‌ ലോകത്ത്‌ മടങ്ങി വരവിന്റെ റാണി എന്ന് മാർട്ടിന ഹിംഗിസിനെ നമുക്ക്‌ വിശേഷിപ്പിക്കാം.മടങ്ങി വരവിൽ ഇതു പോലെയുള്ള അവിസ്മരണിയമായ നേട്ടങ്ങൾ കൈവരിക്കുന്ന ഒരാളെ ‘റാണി’എന്നല്ലാതെ എന്ത്‌ വിളിക്കാൻ!

Share.

Comments are closed.