മൈക്കല്‍ അതര്‍ട്ടന്‍ vs അലന്‍ ഡൊണാള്‍ഡ്

1

കഴിഞ്ഞ ലോകകപ്പിലെ വഹാബ് റിയാസ്-ഷെയിന്‍ വാട്സന്‍ പോരാട്ടം ആഘോഷിക്കപ്പെട്ടപ്പോഴാണ് പഴയൊരു കിടിലന്‍ പോരാട്ടത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ന്നത്.1998 ,നോട്ടിംഗ് ഹാം ടെസ്റ്റ്‌. 40 മിനുട്ട് നേരം നീണ്ടു നിന്ന ആ പോരാട്ടത്തിന്‍റെ ഒരു വശത്ത് ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൌളര്‍മാരില്‍ ഒരാള്‍ അലന്‍ ഡൊണാള്‍ഡ് ,മറ്റേ അറ്റത്ത് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ മൈക്കല്‍ അതര്‍ട്ടന്‍.

ഒരു ഫ്ലാറ്റ് ബാറ്റിംഗ് വിക്കറ്റില്‍ 247 റണ്‍സ് മാത്രം ജയിക്കാന്‍ വേണമായിരുന്ന ഇംഗ്ലണ്ടിന്റെ മുന്നില്‍ ഒരേയൊരു തടസ്സമേ ഉണ്ടായിരുന്നുള്ളൂ .അലന്‍ ഡോണാള്‍ഡ് അഴിച്ചു വിട്ടെക്കാവുന്ന ഒരു കൊടുങ്കാറ്റ്.ഒരു പക്ഷെ ജീവനില്ലാത്ത മറ്റൊരു ടെസ്റ്റ്‌ എന്ന പേരില്‍ അറിയപ്പെടുമായിരുന്ന ആ ടെസ്റ്റ്‌ ചരിത്രത്തില്‍ ഇടം പിടിച്ചത്.ഒരേയൊരു തീരുമാനത്തിന്‍റെ പേരിലാണ്.ഡൊണാള്‍ഡിന്റെ വേഗതയാര്‍ന്ന ബൌണ്‍സര്‍ അതര്‍ട്ടന്‍റെ ഗ്ലൌസില്‍ തട്ടി ബൌച്ചര്‍ കയ്യിലൊതുക്കിയെങ്കിലും അമ്പയര്‍ ഔട്ട്‌ കൊടുത്തില്ല.തന്‍റെ വിക്കറ്റിന്റെ മൂല്യം മനസ്സിലാക്കിയിട്ടെന്ന പോലെ അതര്‍ട്ടന്‍ ക്രീസില്‍ തന്നെ നിന്നു.

“യൂ ആര്‍ എ *ക്കിംഗ് ചീറ്റ് “എന്ന് അതര്‍ട്ടന്റെ മുഖത്ത് നോക്കി ദേഷ്യത്തോടെ വിളിച്ചു കൊണ്ട് ഡൊണാള്‍ഡ് തിരിഞ്ഞു നടന്നു.പെട്ടെന്ന് തന്നെ ലെഗ് ഗള്ളി,ഷോര്‍ട്ട് ലെഗ് എല്ലാം അണിനിരന്നപ്പോള്‍ റോക്കറ്റ് സയന്‍സ് ഒന്നും പഠിച്ചിരിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു ഒരു ബാറ്റ്സ്മാന് വരാന്‍ പോകുന്നത് എന്താണെന്ന് ഊഹിക്കാന്‍.യുദ്ധം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അര്‍ഹിച്ച വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ പ്രകോപിതനായ ഡൊണാള്‍ഡ് (അമ്പയര്‍ക്ക് നേരെ ദേഷ്യം തീര്‍ക്കാനുള്ള സാധ്യതയില്ലാത്തതിനാലും കൂടിതന്നെയാകാം )അതര്‍ട്ടന് നേരെ പിന്നീട് അഴിച്ചു വിട്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഭീഷണമായ ആക്രമണം ആയിരുന്നു .പൂര്‍ണ ബോധത്തോടെ തയ്യാറായി നിന്നിട്ടും ആ 40 മിനുട്ടുകള്‍ 40 മണിക്കൂറുകള്‍ പോലെയാണ് അതര്‍ട്ടണ് അനുഭവപ്പെട്ടത്.ഫീല്‍ഡില്‍ ചുറ്റുമുള്ളത് സൌത്ത് ആഫ്രിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അഗ്രസ്സീവ് ആയൊരു കൂട്ടം കളിക്കാര്‍ ആയിരുന്നു. ഓരോ പന്തിനു ശേഷവും ചീത്തവിളി കൊണ്ട് അഭിഷേകം ചെയ്യുന്ന ഡാരില്‍ കള്ളിനനും റോഡ്സും ബൌച്ചറും അടങ്ങിയ സംഘം.

സ്ലെഡ് ജിംഗ് ..ഓരോ പന്തിനു ശേഷവും ഡൊണാള്‍ഡ് ആതര്‍ട്ടന്റെ ടെക്നിക്കിനെ പരിഹസിച്ചു,അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു.അയാളുടെ പന്തുകള്‍ക്കെന്ന പോലെ വാക്കുകള്‍ക്കും അതര്‍ട്ടന് മറുപടി ഉണ്ടായിരുന്നില്ല.കാണികളുടെ ആരവം മൂലം പലതും ശരിക്ക് കേട്ടിരുന്നില്ല . സ്പീഡോ മീറ്ററില്‍ 90 മൈല്‍ രേഖപ്പെടുത്തിയ ഒരു പന്ത് അതര്‍ട്ടന്റെ ഷോള്‍ഡറിന്റെ അളവെടുത്തു .അധിക്ഷേപം കൂടി വരുന്തോറും മൈക്ക് ആതര്‍ട്ടന്‍ കൂടുതല്‍ കരുത്തോടെ ക്രീസില്‍ ഉറച്ചു നിന്നു.ഒരക്ഷരം പോലും ഉരിയാടാതെ ഡൊണാള്‍ഡിന്റെ വെര്‍ബല്‍ വോളികളെയും അതിവേഗ പന്തുകളെയും നേരിടുമ്പോള്‍ ഒരു യോഗിയുടെ ക്ഷമയും അപാരമായ മനക്കട്ടിയുമാണ്‌ അയാള്‍ അന്ന് പ്രകടമാക്കിയത്. പെര്‍ഫ്യൂം ബോളുകള്‍ മുഖത്തിന്‌ അടുത്ത് കൂടെ മൂളിപ്പറന്നു കൊണ്ടിരുന്നപ്പോഴും എപ്പോള്‍ വേണമെങ്കിലും അലിഞ്ഞു പോകുമെന്നറിഞ്ഞിട്ടും അലിയാന്‍ വിസമ്മതിക്കുന്ന ഒരു ഐസ് കട്ടയെ പോലെ മൈക്ക് അതര്‍ട്ടന്‍ ക്രീസില്‍ പിടിച്ചു നിന്നു.

മൈക്ക് ആതര്‍ട്ടന്‍ ഒരു മഹാനായ ബാറ്റ്സ്മാന്‍ ഒന്നുമല്ല.എന്നാല്‍ ഇംഗ്ലണ്ട് കണ്ട മികച്ച ബാറ്റ്സ്മാന്‍മാരുടെ ഗണത്തില്‍ തന്നെ പെടുത്തണം അയാളെ.ഒരു ബാറ്റ്സ്മാന്റെ ടെക്നിക്കും ഗ്രിറ്റും സര്‍വൈവ് ചെയ്യാനുള്ള കഴിവും ചോദ്യം ചെയ്യപ്പെട്ട ആ ദിവസം അതര്‍ട്ടന്‍ പോരാട്ട വീര്യത്തിന്റെ അങ്ങേയറ്റം വരെ ചെന്നിരുന്നു. ഒരേയൊരു സ്പെല്‍ അതിജീവിക്കുക ,അത് ചെയ്‌താല്‍ ഈ ടെസ്റ്റ്‌ കൈപ്പിടിയില്‍ ഒതുങ്ങും എന്ന തിരിച്ചറിവ് തന്നെയാണ് അയാളെ ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.ഒരറ്റത്ത് നിന്നും ആ കാഴ്ച കണ്ടു കൊണ്ടിരുന്ന നാസര്‍ ഹുസൈന്റെ വാക്കുകളില്‍ ആ പിച്ചില്‍ നിന്നും അത്തരമൊരു ആക്രമണം കെട്ടഴിക്കാന്‍ ഒരുപക്ഷെ ഡൊണാള്‍ഡിന് മാത്രമേ കഴിയുമായിരുന്നുള്ളൂ.ഒരു ഫാസ്റ്റ് ബൌളറെ ഏറ്റവും കാര്യക്ഷമമായി നേരിടാനുള്ള മാര്‍ഗം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുന്നതാണെന്ന തിയറി അനുഗ്രഹിച്ചതു കൊണ്ട് നാസര്‍ ഹുസൈന്‍ ഒരറ്റത്ത് സമാധാനത്തോടെ നില്‍ക്കുന്നുണ്ടായിരുന്നു. അവിചാരിതമായി ഡൊണാള്‍ഡിന്റെ ഒരോവറില്‍ അതര്‍ട്ടന്‍ ഒരു സിംഗിള്‍ എടുക്കുന്നതോടെ ഹുസൈന്‍ ഫയറിംഗ് ലൈനില്‍ എത്തിപ്പെട്ടു.ആദ്യ പന്ത് തന്നെ ഹുസൈന്‍ എഡ്ജ് ചെയ്തു .പക്ഷെ അനായാസമായി എടുക്കേണ്ട ക്യാച്ച് ബൌച്ചര്‍ നിലത്തിട്ടു .ആ ഒരു നിമിഷം തന്നെയായിരുന്നു ഒരു പക്ഷെ ആ ടെസ്റ്റിന്റെ വിധിയും നിര്‍ണയിച്ചത്.

ഇതേ സംഭവം തന്നെ വഹാബ്-വാട്സന്‍ സംഭവത്തിലും നടന്നത് ഓര്‍ക്കുക .98 റണ്‍സിന്‍റെ തികച്ചും കാം & കമ്പോസ്ഡ് ആയൊരു ഇന്നിംഗ്സ് കളിച്ചു ആതര്‍ട്ടന്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു ..കളിക്ക് ശേഷം അതര്‍ട്ടന്‍ ഡൊണാള്‍ഡിനെ ഒരു ഡ്രിങ്ക് കഴിക്കാന്‍ ക്ഷണിച്ചു. ഡൊണാള്‍ഡ് ആദ്യം മടിച്ചെങ്കിലും മഞ്ഞുരുകാന്‍ അധികം സമയമെടുത്തില്ല.ശാന്തനായി ഡൊണാള്‍ഡ് ആവശ്യപ്പെട്ടത് ഒന്ന് മാത്രം അതര്‍ട്ടന്‍ പന്ത് എഡ്ജ് ചെയ്യുമ്പോള്‍ ഇട്ടിരുന്ന ആ ഗ്ലൌസ് .ഒരു എപ്പിക് ബാറ്റില്‍ അവിടെ അവസാനിച്ചു എങ്കിലും രണ്ടു പേര്‍ ക്രിക്കറ്റ് ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു…

Share.

Comments are closed.