മായാജാലക്കാരെ എല്ലാവർക്കും ഇഷ്ടമാകുന്നതെന്തുകൊണ്ടാണ് ?

0

മായാജാലക്കാരെ എല്ലാവർക്കും ഇഷ്ടമാകുന്നതെന്തുകൊണ്ടാണ് ?,

ഒരിക്കലും സാധിക്കില്ലെന്നു നാം വിശ്വസിക്കുന്ന കാര്യങ്ങൾ അവൻ ഒരു നിമിഷാർദ്ധം കൊണ്ടു നമ്മുടെ കണ്മുന്നിൽ സാധ്യമാക്കുന്നു. അവന്റെ ചെയ്തികളിലെ പിഴവുകൾ കണ്ടുപിടിക്കുവാൻ വേണ്ടി കണ്ണിമയ്ക്കാതെ കാത്തിരിക്കുന്ന പ്രേക്ഷകർ ഒടുവിൽ വിസ്മയത്തോടെ തോൽവി സമ്മതിച്ചു അവന്റെ പ്രകടനത്തെ അനുമോദിക്കുന്നു.

ഇതുതന്നയായിരുന്നു 1911 ജൂലൈ ഇരുപത്തിയൊമ്പതാം തീയതി കൽക്കട്ട ഫുട്ബോൾ ഗ്രൗണ്ടിലെ പതിനായിരക്കണക്കിനു കാണികളുടെയും അവസ്ഥ. മത്സരത്തിന്റെ മുക്കാൽ പങ്കും ഒരു ഗോളിനു പിന്നിട്ടുനിന്ന അവരുടെ പ്രിയ ടീം അവസാന അഞ്ചു മിനിറ്റുകളിൽ നേടിയ രണ്ടു ഗോളുകളുടെ പിൻബലത്തിൽ IFA ഷീൽഡിൽ മുത്തമിടുമ്പോൾ ആഹ്ലാദത്തെക്കാൾ അവിശ്വസനീയതയായിരുന്നു ഓരോ കാഴ്ചക്കാരന്റെ മുഖത്തും തെളിഞ്ഞത്.
ഫുട്ബോളിൽ മികച്ച പരിശീലനം നേടിയ ബ്രിട്ടീഷ്‌ ക്ലബ്ബുകളുടെ മുന്നിൽ വന്യമൃഗങ്ങളോടെറ്റുമുട്ടി മരണം വരിക്കുന്ന ഗ്ലാഡിയേറ്റർമാരേ പോലെ പൊരുതി തോൽക്കുന്ന ഇന്ത്യൻ ക്ലബ്ബുകളെ മാത്രം കണ്ടു ശീലിച്ച അവർക്കു ഒരു പുത്തനുണർവ്വായിരുന്നു മോഹൻ ബഗാൻ എന്ന അവരുടെ പ്രിയ ക്ലബ്ബിന്റെ തിളക്കമാർന്ന വിജയം.

1911ലാണു വിജയങ്ങളുടെ കഥകൾ തുടങ്ങിയതെങ്കിലും അതിനും രണ്ടു ദശാബ്ദം മുന്നേ തന്നെ മോഹൻ ബഗാൻ ക്ലബ്‌ രൂപീകരിക്കപ്പെട്ടിരുന്നു. നോർത്ത് കൽക്കട്ടയിലെ ഫാരിയാഫുകുർ എന്ന സ്ഥലത്തെ യുവാക്കൾക്കു വേണ്ടി ഒരു കളിസ്ഥലം രൂപീകരിച്ചു നൽകാനായി അവിടത്തെ പ്രമാണിമാരും പണ്ഡിതൻമാരും ചേർന്നു മോഹൻ വില്ല എന്ന ബംഗ്ലാവിൽ നടത്തിയ ഒരു ഒത്തുചേരലിൽ തീരുമാനിക്കുകയും 1889 ഓഗസ്റ്റ് പതിനഞ്ചാം തീയതി ഭൂപേന്ദ്രനാഥ ബസുവിന്റെ അധ്യക്ഷതയിൽ മോഹൻ ബഗാൻ ക്ലബ്‌ രൂപീകരിക്കുകയും ചെയ്തു. ക്ലബ്ബിന്റെ ആദ്യ വാർഷികദിനത്തിൽ പ്രസിഡൻസി കോളെജ് പ്രഫസർ എഫ് ജെ റോവ് ആണ് ക്ലബ്ബിനു മോഹൻ ബഗാൻ അത്‌ലറ്റിക്‌ ക്ലബ്‌ എന്നു നാമകരണം ചെയ്തത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മേജർ ശൈലൻ ബസു ക്ലബ്ബിന്റെ മേധാവിത്വം ഏറ്റെടുത്തതോടെയാണ് ബഗാൻ വിജയകഥകൾ രചിച്ചു തുടങ്ങിയത്. നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിൽ പ്രമുഖ ആഭ്യന്തര ടൂർണമെന്റുകളായ കൂച് ബീഹാർ, ട്രേഡ്സ് കപ്പുകളിൽ വിജയികളായാണ് ബഗാൻ IFA ഷീൽഡിനു യോഗ്യത നേടിയത്. ശോഭ ബസാറിൽ നിന്നും ബഗാനിലെത്തിയ കാളീചരൺ മിത്രയായിരുന്നു ഈ വിജയങ്ങൾക്കു ചുക്കാൻ പിടിച്ചത്. ഷീൽഡ് വിജയത്തിനു ശേഷം ഒട്ടേറെ മാറ്റങ്ങൾ ക്ലബ്ബിനു സംഭവിച്ചു. ചാതുർവർണ്യത്തിനു മേലെ ഫുട്ബോൾ ബംഗാളികൾക്കിടയിൽ മറ്റൊരു മതമായി വ്യാപിക്കുകയായിരുന്നു ഇക്കാലത്ത. ഇന്ത്യൻ ഫുട്ബാളിന്റെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരമായിരുന്ന ഗോസ്ത പാലിന്റെ വരവോടെ ടീം മറ്റൊരു തലത്തിലേക്കുയർന്നു.

പിൽകാലത്ത് ഇന്ത്യൻ ദേശീയ ടീം നായകപദവി കൈയാളിയ ഗോസ്ത പാലിന്റെ നേതൃത്വത്തിൽ ടീം കൂടുതൽ നേട്ടങ്ങൾ കൈവരിച്ചു. 1915ൽ ആദ്യമായി കൽക്കട്ട ലീഗ് ഒന്നാം ഡിവിഷനിൽ കളിക്കാനിറങ്ങിയ ടീം രണ്ടു വർഷങ്ങൾക്കുള്ളിൽ ലീഗിലെ റണ്ണർസ് അപ്പായി. 1923ൽ IFA ഷീൽഡിലും റോവേഴ്സ് കപ്പിലും രണ്ടാം സ്ഥാനം നേടിയ ബഗാനു 1925ൽ ഡുറാന്റ് കപ്പിലും കലാശപ്പോരാട്ടത്തിൽ പരാജയം രുചിക്കേണ്ടി വന്നുവെങ്കിലും ഈ മൂന്നു ടൂര്ണമെന്റുകളിലും ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായിരുന്നു ബഗാൻ.

1930കളുടെ ആദ്യപാദം മുതൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഇന്തോ ബ്രിട്ടീഷ് ക്ലബ്ബുകൾ തമ്മിലുള്ള മത്സരങ്ങളിലും അതിന്റെ പ്രതിധ്വനിയെത്തിയിരുന്നു. ബഗാനും ഇംഗ്ലീഷ് ക്ലബ്ബുകളുമായുള്ള മത്സരങ്ങൾ വീക്ഷിക്കാനും തങ്ങളുടെ ഇഷ്ടക്ലബ്ബിനു പിന്തുണ നൽകാനുമായി പതിനായിരക്കണക്കിനാളുകൾ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തി.
1935ൽ ആണ് ബഗാൻ താരങ്ങൾ മത്സരത്തിൽ ബൂട്ടുകളണിഞ്ഞു പങ്കെടുക്കാൻ തുടങ്ങിയത്. 1939ൽ ക്ലബ് രൂപീകരണത്തിന്റെ അൻപതാം വാർഷികത്തിൽ പ്രധാന ആറു കപ്പുകളും ഉയർത്തിയാണ് ബഗാൻ തങ്ങളുടെ ആരാധകരെ തൃപ്തിപെടുത്തിയത്.

ഗോസ്ത പാൽ വിരമിച്ചതിനു ശേഷം ബഗാന്റെ പ്രതിരോധം കാത്തുസൂക്ഷിക്കാനുള്ള ചുമതല വന്നുചേർന്നത് “ശൈലൻ മന്ന”യുടെ കാലുകളിലായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കേ കോണിന്റെ ആദ്യ പ്രതിനിധിയായി താലിമാൻ ഔ കൂടിയെത്തിയതോടെ ബഗാൻ പ്രതിരോധം ചൈന വന്മതിലിനേക്കാൾ ദൃഢമായി. സ്വാതന്ത്ര്യനന്തരം കൂടുതൽ വിജയങ്ങൾ നേടാൻ മോഹൻ ബഗാന് കരുത്തായതും ഈ പ്രതിരോധ നിരയായിരുന്നു. 1947ൽ ബദ്ധവൈരികളായ ഈസ്റ്റ്‌ ബംഗാളിനെ തോൽപിച്ചു ബഗാൻ വീണ്ടും IFA ഷീൽഡിൽ മുത്തമിട്ടു. തൊട്ടടുത്ത വർഷം ഒളിംപിക്‌സ് സെമിഫൈനൽ പ്രവേശനം സാധ്യമാക്കിയ ഇന്ത്യൻ ദേശീയടീമിന്റെ പ്രതിരോധം കാത്തതും ഇവരായിരുന്നു. ഇതുമാത്രമായിരുന്നില്ല ദേശീയ ഫുട്‍ബോളിൽ ബഗാന്റെ സംഭാവന. 1951, 62 വർഷങ്ങളിൽ ഇന്ത്യ ഏഷ്യൻഗെയിംസ് സ്വര്ണമെഡലുകൾ നേടിയപ്പോൾ ബഗാൻ ഇതിഹാസങ്ങളായിരുന്ന ശൈലൻ മന്നയും, ചുനി ഗോസ്വാമിയും ആയിരുന്നു നായകൻമാർ.

അൻപതുകളുടെ മധ്യത്തിൽ ബഗാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇതേത്തുടർന്ന് 1957ൽ “ടി. അബ്ദുൽ റഹ്മാൻ ” ടീമിന്റെ ഭാഗമായെത്തി ജേർണയിൽ സിങ്ങുമായി ചേർന്ന റഹ്മാൻ ബഗാന്റെ പ്രതിരോധം കാരിരുമ്പിനേക്കാൾ ദൃഢമാക്കി. 1959 ൽ സാക്ഷാൽ ലെവ് യാഷിന്റെ റഷ്യൻ ടീമുമായി ഒരു സൗഹൃദമത്സരം കളിക്കാനും ബഗാന് സാധിച്ചു.

1960 മുതലായിരുന്നു മോഹൻ ബഗാന്റെ സുവർണകാലഘട്ടത്തിന്റെ ആരംഭം. ചുനി ഗോസ്വാമി, ശൈലൻ മന്ന, ജേർണയിൽ സിംഗ്, മരിയപ്പ കെംപയ്യ മുതലായ ഇതിഹാസതാരങ്ങളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ ഫുടബോളിലെ ഏതാണ്ടെല്ലാ കിരീടങ്ങളും ബഗാന്റെ ഷെൽഫിലെ സ്ഥിരതാമസക്കാരായിരുന്നു. 1970കളിൽ പിന്നിലേക്കു പോയെങ്കിലും സുബ്രതോ ഭട്ടാചാര്യയുടെ നേതൃത്വത്തിൽ ടീം ശക്തമായി തിരികെ വന്നു. ഈസ്റ്റ്‌ ബംഗാളിൽ നിന്നും പി കെ ബാനർജിയെ പരിശീലകസ്ഥാനത്തെത്തിക്കാൻ കഴിഞ്ഞതും വീഴ്ചയിൽ നിന്നും കര കയറാൻ ബഗാനെ സഹായിച്ചു.

1977 സെപ്റ്റംബർ 24 ബഗാന്റെ ചരിത്രത്തിലെ മറക്കാനാകാത്തൊരു തീയതിയാണ്. ബ്രസീലിയൻ ഇതിഹാസങ്ങളായ “പെലെ”, “കാർലോസ് ആൽബർട്ടോ “മുതലായ വൻതാരങ്ങൾ അണിനിരന്ന ന്യൂയോർക്ക് കോസ്മോസ് ക്ലബ്ബിനെ ബഗാന്റെ ചുണക്കുട്ടികൾ 2-2 സമനിലയിൽ തളച്ചത് ആ ദിവസമാണ്. ബഗാൻ ഗോൾവല കാത്ത ശിബാജി ബാനർജിയുടെ പ്രകടനം സാക്ഷാൽ പെലെയുടെ പോലും അഭിനന്ദനങ്ങൾ നേടിയെടുത്തു. 1989ൽ ക്ലബ്ബിന്റെ നൂറാം വാർഷിക ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ രാജീവ്‌ ഗാന്ധി ബഗാനെ ഇന്ത്യയുടെ ദേശീയ ക്ലബ്‌ എന്നാണ് വിശേഷിപ്പിച്ചത്. ഇതിനിടെ 1984 ൽ ബഗാൻ തങ്ങളുടെ പുതിയ തട്ടകമായ സാൾട്ട് ലേക്കിലേക്കു മാറുകയും ചെയ്തിരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യൻ ഫുട്ബോൾ രംഗം സമൂലമായ മാറ്റങ്ങൾക്കു വിധേയമായി. ദേശീയ ലീഗിന്റെ കടന്നുവരവോടെ നൂറു വർഷങ്ങളായി ഇന്ത്യൻ കളിക്കാരെമാത്രം കളിപ്പിച്ചിരുന്ന ബഗാന്റെ ചരിത്രത്തിലെ ആദ്യ വിദേശതാരമായി 1991ൽ ചീമ ഒക്കേരി ബഗാൻ നിരയിലെത്തി. കുരുമുളകിന്റെ നാട്ടിൽ നിന്നും ബംഗാളികളുടെ പ്രിയപ്പെട്ട കാലൊ ഹിരൻ ആയി മാറിയ IM വിജയൻ മറീനേഴ്‌സ് മുന്നേറ്റനിരയിലെത്തിയതും ആ വർഷമായിരുന്നു. 1998ൽ മലയാളിയായ പരിശീലകൻ ശ്രീ ടി.കെ ചാത്തുണ്ണിയുടെ കീഴിൽ ബഗാൻ തങ്ങളുടെ ആദ്യ ദേശീയ ലീഗ് കിരീടം സ്വന്തമാക്കി. തൊണ്ണൂറുകളുടെ അവസാനത്തിലാണ് ബഗാന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശതാരമായ ജോസ് ബാരെറ്റോ സാൾട്ട് ലേക്കിലെത്തിയത്.

ഒട്ടേറെ പരിശീലകർ വന്നു പോയെങ്കിലും പുതിയ സഹസ്രാബ്ദം ബഗാന് ഒട്ടും തന്നെ മധുരമുള്ളതായിരുന്നില്ല. വര്ഷങ്ങളായി കൈമാറിവന്ന പ്രതിരോധത്തിലെ മേൽകൈ നഷ്ടപ്പെട്ടതും ബെംഗളൂരു FC പോലെയുള്ള പുതിയ പ്രൊഫഷണൽ ക്ളബ്ബുകൾ വന്നതും ബഗാന് തിരിച്ചടിയായി. ഇതിനിടയിൽ ദേശീയലീഗിനു പകരം കൂടുതൽ പ്രൊഫഷണലായ ഐ ലീഗ് അവതരിപ്പിക്കപ്പെട്ടു. ബെംഗളൂരു FC യെ പരാജയപ്പെടുത്തി ബഗാൻ 2014ൽ തങ്ങളുടെ ആദ്യ ഐ ലീഗ് കിരീടം സ്വന്തമാക്കി.

തങ്ങളുടെ പ്രിയപ്പെട്ട ആരാധകരെയും ഇതിഹാസ താരങ്ങളെയും മറക്കാൻ ഒരിക്കലും ബഗാന് സാധിച്ചിരുന്നില്ല. ആരാധകരുടെ പ്രിയപ്പെട്ട മറീനേഴ്‌സ് ആയിരുന്നു എന്നും ബഗാൻ. ഹോം ഗ്രൗണ്ടായ സാൾട്ട് ലേകിൽ അവർക്കായി ക്ലബ്ബിന്റെ സുവർണ നിമിഷങ്ങളുടെ സ്മരണകൾ നിറഞ്ഞ ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്. ഗോസ്ത പാലും ചുനി ഗോസ്വാമിയും ശൈലൻ മന്നയുമൊക്കെ അവിടെ അവരെ വരവേൽക്കുന്നു. 2001മുതൽ എല്ലാ വർഷവും പൂർവ്വകാല പ്രതിഭകളെ സമഗ്ര സംഭാവനകൾ കണക്കിലെടുത്തു “മോഹൻ ബഗാൻ രത്ന” പുരസ്‌കാരം നൽകി ആദരിക്കുന്നു. എങ്കിലും ബഗാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആദരം ലഭിച്ചിട്ടുള്ളത് 1911ലെ ചരിത്രവിജയം നേടിയെടുത്ത അവരുടെ പ്രിയപ്പെട്ട “ഇമ്മോർട്ടൽ ഇലവനാണ് ” ബഗാൻ IFA ഷീൽഡ് നേടിയ ജൂലൈ 29 അവർ “മോഹൻ ബഗാൻ ഡേ” ആയി ഇന്നും ആഘോഷിക്കുന്നു.

ഇന്ത്യയിലെ മാത്രമല്ല ലോകത്തിൽ തന്നെ ഏറ്റവുമധികം ചരിത്രമുള്ളോരു ക്ലബ്ബാണ് മോഹൻ ബഗാൻ. ബാഴ്സലോണ, ലിവർപൂൾ മുതലായ യൂറോപ്യൻ വന്പന്മാരെക്കാളും മുന്നേ മറീനേഴ്‌സ് പന്തു തട്ടാൻ തുടങ്ങിയിരുന്നു. ഇക്കാലമത്രയും കാലത്തിനൊത്തു സഞ്ചരിക്കാനും അവർക്കു സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ഫുടബോളിലെ പുതുവസന്തമായ ഇന്ത്യ സൂപ്പർ ലീഗിൽ ഹരിശ്രീ കുറിക്കാനുള്ള തയ്യാറെടുപ്പിലാണവർ. ഇന്നിന്റെ വേഗത്തോടു കിടപിടിക്കുവാൻ ഇന്ത്യൻ ഫുടബോളിലെ മായാജാലക്കാർക്കു കഴിയുമോ ?…

കഴിയണമേയെന്നു തന്നെയാണ് പ്രാർത്ഥന. കാരണം അവരുടെ മാത്രമല്ല, ഇന്ത്യൻ കാല്പന്തുകളിയുടെകൂടി ആവശ്യമാണത്.

Share.

Comments are closed.