എന്‍റെ ഫേവറേറ്റ് ദ്രാവിഡ്‌ ഇന്നിങ്ങ്സ്

2

രാഹുൽ ദ്രാവിഡിന്റെ ടെസ്റ്റ് ഇന്നിങ്സുകളും ഏകദിനത്തിലെ പ്രശസ്തമായ പല ഇന്നിങ്ങ്സുകളും ഇവിടെ ഒട്ടുമിക്കവരും എഴുതിക്കഴിഞ്ഞു. പപ്പടം – പഴം – പായസം പിന്നെ പതിനാറു കൂട്ടം കറിയും വന്നുകഴിഞ്ഞു. ഇനി എന്തോന്ന് എടുത്ത് വിളമ്പുമെന്നായിരിക്കും വിചാരം. എല്ലാ സദ്യയും കഴിഞ്ഞ് തൊട്ട് കൂട്ടാൻ കുറച്ച് അച്ചാറില്ലെങ്കിൽ പിന്നെ എന്ത് സദ്യ. ഇത് ടച്ചിങ്സിനുള്ള അച്ചാറായി കൂട്ടിയാൽ മതി.

വെസ്റ്റിൻഡീസിനെതിരെ നാഗ്പൂരിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ നാൽപ്പതോവർ പൂർത്തിയാകുമ്പോൾ 226 റൺസിനു മൂന്ന് വിക്കറ്റെന്ന അതിശക്തമായ നിലയിൽ. ക്രീസിൽ പുതിയ വിക്കറ്റ് കീപ്പിങ്ങ് സെൻസേഷൻ ഒരു റാഞ്ചിക്കാരൻ മുടിയൻ ചെക്കനും അപ്പുറത്ത് തുഴയ്ക്ക് പേരുകേട്ട മുട്ടിക്കളിക്കാരൻ ടെസ്റ്റ് പ്ലേയർ രാഹുൽ ദ്രാവിഡും. ഇയാള് അടിക്കണ്ട , സ്ട്രൈക്ക് ആ ചെറുക്കനു കൊടുക്കാൻ കണ്ടിരിക്കുന്ന കൊച്ചു പിച്ചടക്കം എല്ലാ കളി വിദഗ്ധന്മാരും മൊഴിയും.

നാൽപ്പത്തിരണ്ടാം ഓവറിൽ ഗെയിലിനെ സിക്സറടിച്ച് ധോണി പൊളിക്കുന്നു. 19 ബോളിൽ 21. അപ്പുറത്ത് നിൽക്കുന്ന ദ്രാവിഡിന്റെ ബാറ്റിങ്ങ് കണ്ട് ധോണി ഉറങ്ങിപ്പോകാഞ്ഞാൽ മതിയായിരുന്നെന്ന് ആൾക്കൂട്ടത്തിൽ നിന്ന് കമന്റ് വന്നത് ദ്രാവിഡ് കേട്ടെന്ന് തോന്നുന്നു. ഓവറിലെ അവസാന പന്ത് , ഫുൾ ലെങ്തിലെത്തിയ പന്ത് റിവേഴ്സ് സ്വീപ്പിൽ അതിർത്തി കടന്നു. ” എനിക്ക് സ്വീപ്പിൽ മാത്രമല്ലെടാ പിടി…അങ്ങ് റിവേഴ്സ് സ്വീപ്പിലുമുണ്ടെടാ പിടി…” അടുത്ത ഓവറിൽ ലോഫ്റ്റഡ് ഷോട്ടിന്റെ ഊഴം. പന്ത് മിഡ് വിക്കറ്റിനെ ലക്ഷ്യമാക്കി കുതിച്ചു.

നാൽപ്പത്തേഴാം ഓവർ. ജെറോം ടെയ്ലറിനെ നാലാം പന്തിൽ സിക്സറടിച്ച ധോണി അഞ്ചാം പന്തിൽ സിംഗിളെടുത്തപ്പൊ ടെയ്ലറൊന്ന് ആശ്വസിച്ചു. അടുത്ത പന്തിൽ ഒരു മുട്ട് നിലത്തൂന്നി പന്ത് കോരിയെടുത്ത് പോയിന്റിനു മുകളിലൂടെ സിക്സർ പറത്തിയിട്ട് കൂളായിട്ട് നിന്ന ദ്രാവിഡിനെ കണ്ട് കളി കണ്ട സകലരും നാഗവല്ലിയെ കണ്ട നകുലനെപ്പോലെ വിളിച്ചു കാണും…” ജാമീ…”..യെവടെ, ദുർഗാഷ്ടമി വരാൻ പോണതേയുള്ളു. ഈ ബാറ്റുണ്ടല്ലോ , അത് ഫ്രണ്ട് ഫുട്ടിൽ നിലത്തൂന്നി ഡിഫൻഡ് ചെയ്യാൻ മാത്രമല്ല അന്തസായി ആഞ്ഞുവീശി പന്ത് അതിർത്തി കടത്താനുമറിയാം ഈ തേവള്ളിപ്പറമ്പിൽ രാഹുൽ ദ്രാവിഡിന്.

നാൽപ്പത്തിയെട്ടാം ഓവർ. ആദ്യ പന്തിൽ ഫോറടിച്ച ധോനി അടുത്ത പന്തിൽ ആഞ്ഞു വീശുന്നു. കിട്ടിയില്ല. കാലിൽ തടഞ്ഞ പന്ത് ലെഗ് ബൈ ഓടിയെടുത്ത് ദ്രാവിഡിനു സ്ട്രൈക്ക് കൈമാറുന്നു. ” എടാ പയ്യനേ, ബ്രാവോ എറിയുന്നത് സ്ലോ ബോളാണ്. നീ ഇങ്ങനെ ആക്രാന്തം കാണിക്കണ്ട. ദിങ്ങനെ വെയ്റ്റ് ചെയ്ത് ദിങ്ങനെ ലെഗ് സൈഡിലോട്ട് മാറി ദിങ്ങനെ ഷോട്ട് അടിച്ചാൽ …” എക്സ്ട്രാ കവറിനു മുകളിലൂടെ പന്ത് അതിർത്തി കടന്നു. അടുത്ത പന്ത് സിംഗിളെടുത്ത് സ്ട്രൈക്ക് കൊടുത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന ദ്രാവിഡിനെ സാക്ഷിയാക്കി ധോണി ബ്രാവോയുടെ അഞ്ചാം പന്ത് ഗാലറിയിലെത്തിച്ചു. അനിയന്മാരെ അടി പഠിപ്പിക്കുന്ന ഒരു വീരത്തിലെ തല അജിത് സ്റ്റൈൽ…

ഒടുവിൽ അൻപതാം ഓവറെറിയാൻ ബ്രാവോ എത്തുമ്പോൾ ദ്രാവിഡിനു ഫിഫ്റ്റിയിലേക്ക് ഏഴു റൺ ദൂരം . മൂന്നാം പന്തിൽ യോർക്കറിനു ശ്രമിച്ച ബ്രാവോയ്ക്ക് പിഴച്ചു. . .മൊട കണ്ടാൽ എടപെടാൻ റെഡിയായി നിന്ന ദ്രാവിഡിന്റെ ബാറ്റിൽ നിന്ന് മൂന്നാം സിക്സ്…തൊട്ടടുത്ത പന്തിൽ സിംഗിളെടുത്ത് ഫിഫ്റ്റി. അവസാന പന്തിലെ ബൗണ്ടറിയോടെ കൊട്ടിക്കലാശം നടത്തിയപ്പോൽ 11.5 ഓവറിൽ പാർട്ണർഷിപ് 119 റൺ. 154.28 സ്ട്രൈക്ക് റേറ്റ് ഇന്ത്യൻ നിരയിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റും.

ചന്ദർപോൾ സെഞ്ചുറി അടിച്ചിട്ടും ഇന്ത്യയുടെ സ്കോറിനു 14 റൺ അകലെ വച്ച് കീഴടങ്ങിയപ്പൊ ഞാനടക്കമുള്ള കളി പണ്ഡിതന്മാരു യാതൊരുളുപ്പുമില്ലാതെ മൊഴിഞ്ഞു. ” ഹൊ ദ്രാവിഡില്ലാർന്നേൽ കാണാരുന്നു..”..അതാണു ദ്രാവിഡ്..അതാവണമെടാ ദ്രാവിഡ്

ടെസ്റ്റിൽ ഇന്നത്തെ കൊച്ചുപിള്ളേർക്ക് ഡിവില്ലിയേഴ്സ് മാത്രം കളിച്ചുകാണിച്ചു പരിചയമുള്ള ബ്ലോക്കത്തോൺ ഇന്നിങ്ങ്സിന്റെ തലതൊട്ടപ്പനായ ( 39(196), 21(140),23(127) ദ്രാവിഡ് ഒരിക്കൽ പറഞ്ഞിരുന്നു ടെക്നിക് കൈവശമുള്ളവനു ഫോർമാറ്റ് ഒരിക്കലും ഒരു പ്രശ്നമല്ലെന്ന്. അത് വെറും വാക്ക് മാത്രമല്ലെന്ന് തെളിയിച്ച ഇതുപോലെയുള്ള ഇന്നിങ്ങ്സുകളാണ് എനിക്ക് കാണാനിഷ്ടം

Rahul Vaidyan
Share.

Comments are closed.