ഏഥൻസിലെ പട്ടാളവീര്യം

6

1896 ഗ്രീസിലെ ഏതൻസിൽ ആരംഭിച്ചു 2016 റിയോ വരെ എത്തി നിക്കുന്ന ആധുനിക ഒളിംപിക്സിൽ 30 തവണയാണ് ഇന്ത്യ പങ്കെടുത്തിട്ടുള്ളത്. ഇത്രയും ഒളിംപിക്സിൽ നിന്നും 26 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇവയിൽ 8 സ്വർണവും 2 വെള്ളിയും 1 വെങ്കലവും അടക്കം 11 മെഡലുകൾ ഹോക്കി ടീമിന്റെ സംഭാവന ആയിരുന്നു. ഇതടക്കം ബാക്കി ഉള്ള ഓരോ വ്യക്തിഗത മെഡലുകളും , നോർമൻ പ്രിച്ചാർഡ് അത്ലറ്റിക്സിൽ നേടിയ ഇരട്ട വെള്ളി മുതൽ ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരി നേടിയ ഏക വെങ്കല മെഡൽ വരെ നമ്മൾ ഭാരതീയർക്ക് അഭിമാന മുഹൂര്തങ്ങളായിരുന്നു.

ജനസമ്പത്തിൻറെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഒളിമ്പിക്സ് വേദികളിൽ എന്നും പിൻനിരയിൽ ആയിരുന്നു. ഒളിമ്പിക്സ് വേദികളിൽ നമ്മുടെ താരങ്ങൾ വിജയപീഠത്തിൽ അവരോധിക്കപ്പെടുന്നത് വളരെ അപൂർവ നിമിഷങ്ങളിലും. നാമോരുരുത്തരും അതിനായി കാത്തിരിക്കുകയും അത്തരം സന്ദർഭങ്ങളെ ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരം ഓർമകളിൽ ഏറ്റവും വിലപ്പെട്ടതായി എന്റെ ചിന്തകളിൽ ആദ്യം വരുന്നത് 2004 ഏഥൻസ് ഒളിംപിക്സിൽ ഇന്ത്യയുടെ ഷൂട്ടിംഗ് താരം രാജ്യവർധൻ സിംഗ് റാത്തോഡ് നേടിയ വെള്ളി മെഡലാണ്. തിരിച്ചറിവ് വന്നതിനു ശേഷമുള്ള ആദ്യ ഒളിമ്പിക്സ് ആയത് കൊണ്ട് മാത്രമല്ല ആ വെള്ളി മെഡൽ എനിക്ക് പ്രിയപ്പെട്ടതായതു. റാത്തോഡിലൂടെ ഇൻഡ്യക് ഒളിമ്പിക്സ് മെഡൽ ലഭിച്ചു എന്ന് ടോം സർ ക്ലാസ്സിൽ പറഞ്ഞപ്പോൾ വ്യക്തമായ ധാരണകൾ ഇല്ലായിരുന്നു എങ്കിലും ഭാരതീയൻ എന്ന കാരണം കൊണ്ട് ഞാനും അഭിമാനം കൊണ്ടു. അന്നൊക്കെ ഷൂട്ടിംഗ് എന്ന് കേൾക്കുമ്പോൾ ക്യാമറയും സിനിമയും ഒക്കെ മാത്രമായിരുന്നു മനസ്സിൽ. ഒളിമ്പിക്സ് വേദികളിൽ ഇവക്കു എന്ത് പ്രസക്തി എന്ന് കുറെ ആലോചിച്ചു. പിന്നീടാണ് തോക്കും പിടിച്ചു നിൽക്കുന്ന റാത്തോഡിന്റെ ചിത്രങ്ങൾ പത്രമാധ്യമങ്ങളിലൂടെ കണ്ടതും ഷൂട്ടിംഗ് ഇവെന്റിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കിയതും . അങ്ങിനെ ഒളിമ്പിക്സ് വേദിയിൽ നിന്നും എന്റെ മനസ്സിൽ ആദ്യം പതിഞ്ഞ ചിത്രം റാത്തോഡിന്റെതു ആയിരുന്നു.

1970 രാജസ്ഥാനിലെ ജയ്സാൽമീറിൽ കേണൽ ലക്ഷ്മൺ സിഗ് റാത്തോഡിന്റെ മകനായി രാജ്യവർധൻ സിംഗ് റാത്തോഡ് ജനിച്ചു. കൈ വച്ച മേഖലയിൽ എല്ലാം കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു റാത്തോഡ്. ബാല്യകാലം മുതലേ ഷൂട്ടിങ്ങിനോട് ആഭിമുക്യം പ്രകടിപ്പിച്ചിരുന്ന റാത്തോഡ് തീവ്ര പരിശീലനത്തിലൂടെ ഷൂട്ടിങ്ങിലെ തന്റെ വൈദഗ്ത്യം കുറ്റമറ്റതാക്കി മാറ്റി. ചെറുപ്പത്തിൽ ക്രിക്കറ്റിനോടും താല്പര്യം പ്രകടിപ്പിച്ചിരുന്ന റാത്തോഡിനു 15-ആം വയസിൽ മധ്യപ്രദേശ് രഞ്ജി ട്രോഫി ടീമിലേക്കു സെലക്ഷൻ ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള പ്രവേശനത്തിന്റെ അടിസ്ഥാനം രഞ്ജി ട്രോഫിയിലെ പ്രകടനങ്ങൾ ആയിരുന്ന കാലത്തു സംസ്ഥാന ടീമിലേക്കു സെലക്ഷൻ കിട്ടിയെങ്കിലും അമ്മ അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിച്ചു. പിന്നീട് ക്രിക്കറ്റ് ഉപേക്ഷിച്ച റാത്തോഡ് ഉപരിപഠനത്തിനായി നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്ന്. അവിടുത്തെ വിദ്യാഭാസവും പരിശീലനവും അദ്ദേഹത്തിന്റെ കരിയറിനെ ഒരുപാട് സഹായിച്ചു. പഠന ശേഷം കാശ്മീരിൽ പോസ്റ്റിങ്ങ് ലഭിച്ചു തീവ്രവാദ പ്രവർത്തനങ്ങൾക്ക് എതിരെ പോരാടേണ്ടി വന്നപ്പോൾ തന്റെ ഷൂട്ടിംഗ് പാടവം മികവുറ്റതാക്കി മാറ്റാൻ റാത്തോഡിനു സാധിച്ചു.

പട്ടാളക്കാരൻ എന്ന നിലയിലും സ്പോർട്സ് താരം എന്ന നിലയിലും രാജ്യത്തിന് വേണ്ടി ആത്മാർത്ഥമായ സേവനങ്ങളിലൂടെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച റാത്തോഡിനെ തേടി എണ്ണിയാലൊടുങ്ങാത്ത അവാർഡുകളും അംഗീകാരങ്ങളും എത്തി

2004 ഏതൻസ് ഒളിംപിക്സിൽ പുരുഷവിഭാഗം ഡബിൾ ട്രാപ് ഇനത്തിൽ വെള്ളി മെഡൽ നേടിയത് മുതലാണ് കായികതാരം എന്ന നിലയിൽ റാത്തോഡ് ശ്രദ്ധിക്കപ്പെടുന്നത്. 2004-ഇൽ തന്നെ ഓസ്‌ട്രേലിയയിലെ ഷൂട്ടിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചു കൊണ്ട് ഒളിംപിക്സിലെ തന്റെ പ്രകടനം വെറും ഭാഗ്യം കൊണ്ട് ആയിരുന്നില്ല എന്ന് തെളിയിച്ചു. 2006-ലെ കോമൺ വെൽത് ഗെയിംസിലും തന്റെ ഫോം തുടർന്ന റാത്തോഡ് മെൽബണിൽ നിന്നും മടങ്ങിയത് സ്വർണ മെഡലണിഞ്ഞു ദേശിയ പാതകക്കു മുൻപിൽ തല ഉയർത്തിപ്പിടിച്ചു നിന്ന ശേഷമായിരുന്നു.

രാജ്യത്തിൻറെ അഭിമാന താരമായി വളരാൻ റാത്തോഡിനു അധിക സമയം വേണ്ടി വന്നില്ല. കായിക രംഗത്ത് രാജ്യത്തിൻറെ യശ്ശസുയർത്തിയ റാത്തോഡിനെ രാജീവ് ഗാന്ധി ഖേൽരത്‌നയും അർജുന അവാർഡും പത്മ പുരസ്കാരവും പ്രസിഡന്റിന്റെ വിശിഷ്ട സേവാമെഡലും നൽകി രാജ്യം ആദരിച്ചു. 2006 കോമൺവെൽത് ഗെയിംസിലും 2008 സമ്മർ ഒളിംപിക്സിലും ഇന്ത്യയുടെ ത്രിവർണ്ണ പതാക വഹിച്ചു ടീമിനെ നയിക്കാൻ റാത്തോഡ് നിയോഗിക്കപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് 25-ഓളം അന്താരാഷ്ട്ര മെഡലുകളാണ് ഡബിൾ ട്രാപ് ഇനത്തിൽ റാത്തോഡ് നേടിയത്.

ഒളിംപിക്‌സിന്റെ ജന്മ ദേശത്തു വെച്ച് നടന്ന ഒളിംപിക്സിൽ ഒരു ഇരട്ടക്കുഴൽ തോക്കുമായി നേടിയെടുത്ത മെഡലിന് ഒരുപാടു സവിശേഷതകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ നിർണായകമായൊരു മുഹൂർത്തമായിരുന്നു അത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഒരു ഇന്ത്യക്കാരൻ ഒളിംപിക്സിൽ നേടുന്ന ആദ്യ വെള്ളി മെഡൽ എന്നതിലുപരി ഷൂട്ടിംഗ് എന്ന ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടി ആയിരുന്നു അത്. പിന്നീട് നടന്ന രണ്ടു ഒളിംപിക്സിലും മെഡൽ പട്ടികയിൽ ഇടം പിടിക്കാൻ ഷൂട്ടർമാർ ഇന്ത്യയെ സഹായിച്ചു. 1 സ്വർണ്ണം അടക്കം 4 മെഡലുകളാണ് ഇത് വരെ ഇന്ത്യൻ ഷൂട്ടേർമാർ വെടിവെച്ചിട്ടത്.

ഷൂട്ടിങ്ങിലേക്കു ഒരുപാട് താരങ്ങളെ ആകർഷിക്കാൻ റാത്തോഡിന്റെ വെള്ളി മെഡൽ നേട്ടത്തിന് സാധിച്ചു (ബിന്ദ്രയുടെ സ്വർണമെഡൽ നേട്ടത്തെ ഒട്ടും വിലകുറച്ചു കാണുന്നില്ല ). അത്ലറ്റിക്സിൽ മറ്റു രാജ്യങ്ങൾക്കു മുൻപിൽ നമ്മുടെ താരങ്ങൾ പതറിപ്പോകുന്നു എങ്കിലും ഇതുപോലെ മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കുന്ന കായിക ഇനങ്ങൾക്ക് നമ്മൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി ഇരിക്കുന്നു. മികച്ച സ്വഔകര്യങ്ങൾ ഒരുക്കുകയാണെങ്കിൽ ചില ഇനങ്ങൾ എങ്കിലും നമുക്ക് സർവാധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 11 അംഗ ഷൂട്ടിംഗ് ടീമിനെയാണ് ഇന്ത്യ റിയോയിലേക്കു അയച്ചിരിക്കുന്നത്. 9 പുരുഷ താരങ്ങളും 3 വനിതാ താരങ്ങളും അടങ്ങുന്ന സംഘത്തിൽ നിന്നും എത്ര മെഡലുകൾ ലഭിക്കുന്നു എന്നത് ആകാംഷയോടെ കാത്തിരിക്കുന്നു. ഷൂട്ടിംഗ് സങ്കം ഉൾപ്പെടെ ഇന്ത്യക്കു വേണ്ടി റിയോയിൽ മത്സരിക്കാൻ ഇറങ്ങുന്ന എല്ലാ കായിക താരങ്ങൾക്കും വിജയാശംസകൾ നേരുന്നു.

ഒളിമ്പിക്സ് വേദികളിൽ നിന്നും ഇന്ത്യൻ ദേശീയഗാനം പലവുരു മുഴങ്ങട്ടെ…..
ഇന്ത്യൻ വിജയഭേരി എങ്ങും അലയടിക്കട്ടെ…
വന്ദേമാതരത്തിന്റെ ആരവം ഹിമാലയത്തെക്കാൾ ഉയരത്തിൽ എത്തട്ടെ…

Share.

Comments are closed.