മരതക ദ്വീപിലെ അപൂർവ്വ രത്നം

122

പതിഞ്ഞ താളത്തിൽ തുടങ്ങി, പെരുവിരൽ മുതൽ ശിരസ്സ്‌ വരെ അതി രുദ്ര താളത്തിന്റെ ഊർജജ പ്രവാഹം തീർക്കുന്ന ഒരു പഞ്ചാരി മേളം പോലെ മനോഹരവും സർഗാത്മകവുമായാണ് കുമാർ സംഗക്കാര ഈ ലോക കപ്പിൽ നിറഞ്ഞാടുന്നത്. തന്റെ കരിയറിലുടനീളം സ്വന്തം ടീമിലെയും, മറ്റു ടീമുകളിലെയും സമകാലീന താരങ്ങളുടെ നിഴലിലായിരുന്നു സംഗക്കാര എന്ന ശ്രീലങ്കൻ ബാറ്റിങ്ങ് ഇതിഹാസത്തിന്റെ ക്രിക്കറ്റ് ശോഭ. തുടരൻ സെഞ്ച്വറികൾ അടിച്ചു കൊണ്ട് അവസാന മാച്ചുകൾ കളിച്ചു കൊണ്ടിരിക്കുന്ന സംഗയുടെ ക്രിക്കറ്റ് കരിയറിന് ഇപ്പോൾ തിളക്കം കൂടുകയാണ്, പൊൻവെട്ടത്താൽ തിളങ്ങുന്ന ത്രിസന്ധ്യ പോലെ..!!!

ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ കുറിച്ചോർക്കുമ്പോൾ സാധാരണ ഒരു ക്രികറ്റ് ആസ്വാദകന്റെ മനസ്സിലെത്തുന്ന ചില പേരുകളുണ്ട്. അർജുന രണതുംഗ, അരവിന്ദ ഡിസിൽവ, മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ്, റോഷൻ മഹാനാമ, സനത് ജയസൂര്യ തുടങ്ങിയവർ. ഇവരിലടയിൽ പെട്ടെന്ന്, കുമാർ സംഗക്കാരയുടെ പേര് കയറിവരില്ല. കാരണം, ശ്രീലങ്കൻ ക്രിക്കറ്റിൽ ഇവർ കൊണ്ടുവന്ന മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും ഇടയിൽ തിളക്കമില്ലാതെ കിടക്കുകയായിരുന്നു സംഗയുടെ നേട്ടങ്ങൾ. ശരിയാണ്, ക്രിക്കറ്റിലെ വലിയ പേരുകൾക്കിടയിലേക്ക് ശ്രീലങ്കയുടെ പേരും എഴുതുപിടിപ്പിച്ചത് നേരത്തെ പറഞ്ഞ താരങ്ങൾ തന്നെയാണ്. വംശീയ പോരിലും, അഭ്യന്തര യുദ്ധങ്ങളിലും പെട്ട്, ആത്മവിശ്വാസം നഷ്ടപെട്ട ഒരു ജനതക്ക്, ആശ്വസിക്കാനും, സന്തോഷിക്കാനും, പിന്നെ ലോകത്തിന്റെ മുൻപിൽ ആത്മാഭിമാനത്തോടെ ഉയർത്തി പിടിക്കാനും ക്രിക്കറ്റും, പിന്നെ ഒരു ലോക കിരീടവും നേടിക്കൊടുത്തത് സംഗയുടെ മുന്ഗാമികളായ ഈ താരങ്ങളാണ്. അർജുന രണതുംഗയുടെ ചുണക്കുട്ടികൾ 1996 ൽ ലോക കിരീടം നേടുമ്പോൾ മാറ്റിമറിച്ചത് അന്നത്തെ ക്രിക്കറ്റ് കീഴ്വഴക്കങ്ങളെയും, വഴി തെളിച്ചത് ആധുനിക ക്രിക്കറ്റിലെ പുതിയ വഴികളുമായിരുന്നു.

പക്ഷേ, പറഞ്ഞു മടുത്ത ആ കഥകളിൽ മുങ്ങി പോകേണ്ട ഒന്നല്ല സംഗയുടെ നേട്ടങ്ങൾ. കണക്കുകൾ എടുത്തു നോക്കുമ്പോൾ ആർക്കും മനസ്സിലാകും സംഗയുടെ നേട്ടങ്ങളുടെ മൂല്യം. ശ്രീലങ്കയുടെ എക്കാലത്തെയും വലിയ ബാറ്റിംഗ് ഇതിഹാസം തന്നെയാണ് ,ലോക ക്രിക്കറ്റിൽ ഒട്ടും പാടിപുകഴ്ത്തപെടാത്ത ഈ താരം. 2011 ലോക കപ്പ് ഫൈനലിൽ ധോണി സിക്സ് അടിച്ചു കിരീട നേട്ടം ആഘോഷിക്കുമ്പോൾ, വിക്കറ്റിനു പിന്നിൽ നിരാശ മറച്ചു പിടിച്ചു പുഞ്ചിരിക്കുന്ന, ഇന്ത്യൻ ടീം അംഗങ്ങളെ അഭിനന്ദിച്ചിരുന്ന സംഗയെ ആർക്കു മറക്കാൻ കഴിയും..?? ഈയൊരു പ്രതിച്ഛായ തന്നെയാണ് സംഗക്ക് തന്റെ കരിയറിൽ ഉടനീളം ഉള്ളത്..പരാജിതന്റെ, രണ്ടാം സ്ഥാനത് നിലക്കുന്നവന്റെ അല്ലേൽ പുരാണത്തിലെ കർണ്ണനെ പോലെ.!! 2007 ലെയും 2011 ലെയും ലോക കപ്പ് ഫൈനൽസ്, 2009 ലെയും 2012 ലെയും ടി-20 ലോക കപ്പ് ഫൈനൽസ്, ഇവിടങ്ങളിലെല്ലാം താൻ മികച്ച പ്രകടനം നടത്തിയിട്ടും സ്വന്തം ടീം തോല്ക്കുന്നത് കാണാനായിരുന്നു സംഗയുടെ വിധി.

2000 ൽ, ദക്ഷിണാഫ്രിക്കക്കെതിരെ തന്റെ 22-മത്തെ വയസ്സിലാണ് കുമാർ ചോക്ഷാനന്ദ സംഗക്കാര അന്താരഷ്ട ക്രികറ്റിന്റെ ക്രീസിൽ ഗാർഡ് എടുത്തു തുടങ്ങുന്നത്.പിന്നീടുള്ള പതിനഞ്ചു വർഷങ്ങളിൽ നാം കാണുന്നത് സംഗക്കാര ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാനായി വളരുന്നതാണ്. ആദം ഗിൽക്രിസ്റ്റ്, മാർക്ക്‌ ബുച്ചർ, മഹേന്ദ്ര സിംഗ് ധോണി, ബ്രണ്ടൻ മക്കുല്ലം എന്നീ സമകാലീന വിക്കറ്റ് കീപ്പർമാരെക്കാൾ എത്രയോ ഉയരത്തിലാണ് കുമാർ സംഗക്കാര എന്ന വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാന്റെ മഹത്വം.

ക്രിക്കറ്റിനെക്കൂടാതെ, ടെന്നീസ്, ബാഡ്മിൻന്റണ്‍, ടേബിൾ ടെന്നീസ്, സ്വിമ്മിംഗ് തുടങ്ങിയവയിലെല്ലാം സ്കൂൾ ജീവിത കാലത്ത് സംഗ മികവു കാണിച്ചിരുന്നു, നല്ലൊരു വയലിനിസ്റ്റ് കൂടിയായ സംഗ ക്രിക്കറ്റ് ഗൗരവമായി കളിച്ചു തുടങ്ങിയത് കോളേജ് കാലഘട്ടത്തിലാണ്. കോളേജ് ക്രിക്കറ്റിൽ മികച്ച വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാൻ ആയിരുന്ന സംഗക്കാരക്ക് 1996 ൽ മികച്ച ക്രിക്കറ്റർക്കുള്ള “ട്രിനിറ്റി ലയണ്” അവാർഡ്‌ ലഭിച്ചിരുന്നു. തുടർന്ന്, ശ്രീലങ്കൻ അഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം സംഗക്ക് ശ്രീലങ്കൻ എ ടീമിലേക്കുള്ള അവസരം തുറന്നു കൊടുത്തു.1999 ൽ സിംബാബ്‌വേ എ ടീമിനെതിരെ പുറത്താകാതെ നേടിയ 156 റണ്‍സ് ദേശീയ ടീമിലേക്കുള്ള ക്ഷണമാണ് സംഗക്ക് നല്കിയത്.

കരിയറിലുടനീളം എന്നും മികച്ച പ്രകടങ്ങൾ സ്ഥിരമായി പുറത്തെടുത്ത സംഗയാണ് ടെസ്റ്റ്‌ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 8000,9000,11000,12000 റണ്‍സുകൾ നേടിയ താരം. ഡബിൾ സെഞ്ച്വറികളുടെ കണക്കെടുപ്പിൽ 11 ഡബിൾ സെഞ്ച്വറികളുമായി സാക്ഷാൽ ബ്രാഡ്മാന്റെ തൊട്ടുപിന്നിലാണ് ഈ ശ്രീലങ്കൻ ഇതിഹാസത്തിന്റെ സ്ഥാനം.കൂടാതെ, 38 സെഞ്ച്വറികളും, 58.66 ശരാശരിയിൽ 12000 ൽ പരം റണ്‍സുകളും അലങ്കാരമാകുന്നു. ഏകദിനത്തിലും ഒട്ടും മോശമല്ല സംഗ. തുടരെ നാല് സെഞ്ച്വറികളുമായി ഈ ലോകകപ്പിൽ ബാറ്റ് വീശികൊണ്ടിരിക്കുന്ന സംഗ 14000 ൽ പരം റണ്‍സുകളുമായി നില്ക്കുന്നത് ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കരിന്റെ പിന്നിൽ മാത്രം..!! വിക്കറ്റിനു മുന്നിലും, പിന്നിലും ഒരു പോലെ മികച്ച പ്രകടനം നടത്താൻ സംഗക്ക് കഴിയുന്നുണ്ട്. അതാണ്‌ ഈ താരത്തെ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാക്കി മാറ്റുന്നത്. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയതിന്റെ റെക്കോർഡ്‌ ഈ ഇടങ്കയ്യൻ ബാറ്റ്സ്മാനാണ് .402 ക്യാച്ചുകളും 99 സ്റ്റമ്പിങ്ങ്സും ആണ് ഏകദിന ക്രിക്കറ്റിൽ വിക്കറ്റിനു പിന്നിൽ സംഗയുടെ സമ്പാദ്യം.

ഈ ലോക കപ്പോടെ കുമാർ സംഗക്കാര എന്ന ക്രിക്കറ്റർ ക്രീസിൽ നിന്നും വിടവാങ്ങും. രാഹുൽ ദ്രാവിഡ്‌, ലക്ഷ്മണ്‍, സച്ചിൻ ടെണ്ടുൽക്കർ, ജാക്വസ് കാലിസ് എന്നീ അടുത്ത കാലത്ത് വിടവാങ്ങിയ ജെന്റിൽ മാൻ ക്രിക്കറ്റർമാരുടെ കൂട്ടത്തിലാണ് സംഗക്കാരയുടെയും സ്ഥാനം. 2012 ൽ ICC വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ ബഹുമതി നൽകി സംഗക്കാരയെ ആദരിച്ചു. 2011 MCC Spirit of Cricket Cowdrey Lecture,ൽ സംഗക്കാര നടത്തിയ പ്രസംഗം ക്രിക്കറ്റ് ലോകത്തിന്റെ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു, കൂടാതെ MCC spirit of cricket cowdrey lectureൽ പ്രസംഗിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റർ എന്ന ബഹുമതിയും സംഗക്കാണ്. ശ്രീലങ്കൻ ക്രിക്കറ്റിന്റെ ചരിത്രവും, അഴിമതിയും പ്രധാന വിഷയമായ ,ഒരു മണിക്കൂറോളം നീണ്ട ആ പ്രസംഗം ശ്രീലങ്കൻ ക്രിക്കറ്റിൽ വിവാദങ്ങൾക്ക്‌ വഴിവെച്ചിരുന്നു. കളിക്കളത്തിൽ എന്നും പുഞ്ചിരിയോടുകൂടിയും സൗമ്യനുമായി കാണപ്പെടുന്ന സംഗയുടെ വിടവാങ്ങൽ ഒരു തീരാ നഷ്ടം തന്നെയായിരിക്കും ലോക ക്രിക്കറ്റിനും, ശ്രീ ലങ്കൻ ക്രിക്കറ്റിനും.

Share.

Comments are closed.