ആഷസ് ഓര്‍മകള്‍

444

ടി-20 യിലെയും, ഏകദിനങ്ങളിലെയും കാടനടികളും ചത്ത ബൌളിങ്ങും, കണ്ണഞ്ചിപ്പിക്കുന്ന റണ്‍ ചേസുമെല്ലാം കണ്ടു മനസ്സ് മടുത്ത യഥാർത്ഥ ക്രിക്കറ്റ് പ്രേമികൾക്ക് ഈ കളിരൂപത്തിന്റെ ആത്മാവായ ടെസ്റ്റ്‌ ക്രിക്കറ്റിലെ സുന്ദര നിമിഷങ്ങൾ മധുചഷകം പോലെ ആസ്വദിക്കാവുന്ന ദിവസങ്ങളാണ് ആഷസ് മത്സരങ്ങള്‍ . ഏകദേശം 130 ൽ പരം വർഷങ്ങളുടെ കഥ പറയാനുണ്ട് ആഷസിന്. അതിനും വർഷങ്ങൾക്കുമുൻപ്‌ 1861 മുതൽ ഇംഗ്ലണ്ട്- ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരങ്ങൾ കളിച്ചു തുടങ്ങിയിരുന്നു.എന്നാൽ 1882 മുതലാണ്‌ സീൻ മൊത്തം ‘കളർ ‘ ആയി മാറിയത്. 1882 ൽ ഇംഗ്ലണ്ടിലെ ഓവലിൽ നടന്ന ടെസ്റ്റിൽ ആവേശ്വോജ്ജലമായ പോരാട്ടത്തിന്‌ ശേഷം ഓസ്ട്രേലിയ കളി ജയിക്കുന്നു. ഇംഗ്ലണ്ടിലെ മണ്ണിൽ കംഗാരുക്കളുടെ ആദ്യ ജയമായിരുന്നു അത്.

ഇംഗ്ലീഷ് ടീമിന്റെ ആ പരാജയത്തിന് ശേഷം, ബ്രിട്ടീഷ് പത്രമായ ‘ദി സ്പോർട്ടിംഗ് ടൈംസി’ൽ പരിഹാസ രൂപത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. പത്ര പ്രവർത്തകനായ റെജിനാൾഡ്‌ ഷേർലി ബ്രൂക്ക് ആയിരുന്നു ആ ട്രോളിങ്ങിന് പിന്നിൽ. ഇന്ന് കാണുന്ന പോലുള്ള “ട്രോളിങ്ങും, ചൊറിയുമെല്ലാം” അന്നത്തെ കാലത്തും ശക്തമായി നിലനിന്നിരുന്നുവെന്ന് അതിലെ വരികൾ വായിച്ചാൽ മനസിലാകും. എന്തൊക്കെയായാലും ആ പരസ്യം ഇന്നത്തെ കാലത്ത് പറയുന്ന പോലെ വൈറൽ ആയി മാറി അക്കാലത്ത്. “..ശവദാഹത്തിന് ശേഷം ചിതാഭസ്മം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതാണ്” എന്ന് പറഞ്ഞു കൊണ്ടാണ് ആ ചരമക്കുറിപ്പിലെ വാക്കുകൾ അവസാനിക്കുന്നത്. ആഭിജാതരായ ഇംഗ്ലീഷ് ക്രിക്കറ്റിനും അതിന്റെ ആരാധകർക്കും അത് എത്രത്തോളം കൊണ്ട് കാണുമെന്നു നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ .

അങ്ങനെ അടുത്ത വർഷം (1883) ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയൻ ടൂറിന്റെ സമയമായി. ഇംഗ്ലീഷ് നായകൻ ഇവോ ബ്ലിഗ് “ചിതാഭസ്മം” വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ചു. അതോടു കൂടി മാധ്യമങ്ങൾ അതേറ്റെടുത്തു. ചിതാഭസ്മം വീണ്ടെടുക്കാനുള്ള പോരാട്ടമായി അവർ ആ പരമ്പരയെ വ്യാഖാനിച്ചു. മൂന്നു ടെസ്റ്റ്‌ മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റ്‌ ഓസീസ് ഒമ്പത് വിക്കറ്റിന് ജയിച്ചു വീണ്ടും വമ്പ് കാട്ടിയെങ്കിലും, പിന്നീട് നടന്ന രണ്ടു ടെസ്റ്റുകളിലും ജയിച്ചു ഇംഗ്ലീഷ് ടീം തനതായ കരുത്ത് കാട്ടിയാതോടെ ഇംഗ്ലണ്ട് “ആഷസ്” തിരിച്ചെടുത്തതായി പത്രങ്ങൾ വാഴ്ത്തി. തീർന്നില്ല, ഇംഗ്ലണ്ടിന്റെ വിജയത്തിൽ ആവേശം കൊണ്ട മെൽബണിലെ ഏതാനും ഇംഗ്ലീഷ് വനിതകൾ, ഇംഗ്ലണ്ട് ജയിച്ച മൂന്നാം ടെസ്റ്റിൽ ഉപയോഗിച്ച ബെയിൽസുകൾ കത്തിച്ചു ചാരമാക്കി “ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ചിതാഭസ്മം” എന്നു സങ്കൽപ്പിച്ച് ഒരു ചെപ്പിലടച്ചു ഇംഗ്ലീഷ് നായകന് സമ്മാനിച്ചു. ആ (വനിതകളിൽ ഒരാളെ ഇംഗ്ലീഷ് നായകൻ പിന്നീട് വിവാഹവും ചെയ്തു!!). അങ്ങനെ അന്ന് മുതൽ ഇംഗ്ലണ്ട്- ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരങ്ങൾ ആഷസ് പരമ്പരയെന്ന പേരിൽ പിൽക്കാലത്ത്‌ അറിയപ്പെട്ടു.ഒരു തവണ ഇംഗ്ലണ്ടിലാണ് മത്സരമെങ്കിൽ അടുത്ത തവണ ഓസ്ട്രേലിയയിലാവും മത്സരങ്ങൾ. ഇവോ ബ്ലിഗിന്റെ മരണശേഷം, 1927 ൽ അദ്ധേഹത്തിന്റെ ഭാര്യ ഫ്ലോറിൻസ് ചരിത്രപ്രധാനമായ ആ “ചിതാഭസ്മ ചെപ്പ് ” MCC(Marylebone Cricket Club)ക്ക്‌ കൈമാറി. ലോർഡ്‌സിലെ ക്രിക്കറ്റ് മ്യൂസിയത്തിലാണ് ഇപ്പോഴത്‌ സൂക്ഷിച്ചിരിക്കുന്നത്.കൂടെ 1882 ടെസ്റ്റ്‌ മാച്ചിലെ സ്കോർ കാർഡും. ചിതാഭസ്മ ചെപ്പിൽ ഏതാനും വരികൾ ആലേഖനം ചെയ്തിട്ടുണ്ട്.

When Ivo goes back with the urn, the urn;
Studds, Steel, Read and Tylecote return, return;
The welkin will ring loud,
The great crowd will feel proud,
Seeing Barlow and Bates with the urn, the urn;
And the rest coming home with the urn.
ഇതാണ് ആലേഖനം ചെയ്യപ്പെട്ട ആ വരികൾ. ഓസ്ട്രേലിയയുമായുള്ള ക്രിക്കറ്റ് മത്സരങ്ങൾ എത്രത്തോളം വൈകാരികതയോടെയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് കാണുന്നതെന്ന് ഈ വരികൾ പറയുന്നു.

ആഷസിൽ ഇതുവരെ 32 പരമ്പരകൾ ഓസ്ട്രേലിയ ജയിച്ചപ്പോൾ 31 സീരിസുകളിൽ ഇംഗ്ലണ്ടിനു ജയിക്കാനായി. ആഷസിലെ നിലവിലെ ജേതാക്കളും ഓസ്ട്രേലിയ തന്നെ . ഇപ്പോൾ നടക്കുന്ന ആഷസ് ജയിക്കാനായാൽ ഇംഗ്ലണ്ടിനു ഓസ്ട്രേലിയക്ക് ഒപ്പമെത്താം.5028 റണ്‍സുമായി ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാൻ ആണ് ആഷസ് ചരിത്രത്തിലെ റണ്‍ വേട്ടക്കാരിൽ മുന്നിൽ. കൂടുതൽ വിക്കറ്റുകൾ കൊയ്തത് മറ്റാരുമല്ല. ഷെയിൻ വോണ്‍ തന്നെ. 195 വിക്കറ്റുകളാണ് വോണിന്റെ കീശയിലുള്ളത്.

ആഷസിൽ എന്നും മികച്ച പോരാട്ടങ്ങൾ ആണ് നടന്നിട്ടുള്ളത്. വാക്ക് കൊണ്ടും, നോക്ക് കൊണ്ടുമെല്ലാം യുദ്ധം ജയിക്കാനുള്ള ശ്രമങ്ങൾ എല്ലായ്പ്പോഴും നമുക്കിവിടെ കാണാം.ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റുകളിൽ ഒന്നായ ആഷസിനെ “സ്പൈസി”യായി നില നിർത്തുന്നതും ഇത്തരം കലാപരിപാടികൾ ആണെന്ന കാര്യത്തിൽ സംശയമില്ല. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ് ക്രിക്കറ്റ് തിരിച്ചു വരവിന്റെ പാതയിലാണെന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ ഇത്തവണത്തെ ആഷസ് പൊടി പാറുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. കാത്തിരിക്കാം ക്രിക്കറ്റിലെ മനോഹര നിമിഷങ്ങൾക്കായി..!!!

Share.

Comments are closed.