റൈസ് ഓഫ് ദി ഫോക്സസ്

1

2014 മേയ് 5 ലിസസ്റ്ററിനെ നീലക്കടലില്‍ കുളിപ്പിച്ച് നിര്‍ത്തിയ ദിവസമായിരുന്നു .കുറുക്കന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസം.ചാമ്പ്യന്‍ഷിപ്പ് വിജയവും പ്രീമിയര്‍ ലീഗ് പ്രവേശനവും ആഘോഷിക്കാന്‍ മെയ്‌ 5 നു ലിസസ്റ്ററില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ ആ ദിവസം അവര്‍ക്കെത്ര മാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് ആവേശത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.

നൈജല്‍ പിയേഴ്സന്‍റെ ടീം തികച്ചും ആധികാരികമായി തന്നെയാണ് 10 കൊല്ലത്തിനു ശേഷം പ്രീമിയര്‍ ലീഗിലേക്കുള്ള പുനപ്രവേശനം സാധ്യമാക്കിയത്. 2004 നു ശേഷം അവരുടെ ആദ്യവിജയം ലോക ഫുട്ബോളിനെ ഞെട്ടിച്ച ഒരു ത്രില്ലറിലൂടെ ആയിരുന്നു.1-3 നു പിന്നിട്ട ശേഷം കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 5-3 നു തകര്‍ത്തു വിട്ട പ്രകടനം ഞെട്ടിക്കുന്നതായിരുന്നു.2 ഗോള്‍ വ്യത്യാസത്തിനു പിന്നില്‍ നില്‍ക്കുന്ന ഒരു ടീം യുണൈറ്റഡിനെ തോല്‍പ്പിക്കുന്നത് അന്നാദ്യമായിട്ടായിരുന്നു.പിന്നീട് 2014 സീസണില്‍ മോശമായ പ്രകടനങ്ങള്‍ക്ക് ശേഷം അദ്ഭുതകരമായ വിധത്തില്‍ റെലഗേഷനില്‍ നിന്നും രക്ഷപ്പെട്ട ലിസസ്റ്റര്‍ 2015 നവംബര്‍ അവസാനിക്കാന്‍ പോകുന്ന ഈ സമയത്ത് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകളെയും ആര്‍സനല്‍,ലിവര്‍പൂള്‍ ,ചെല്‍സി തുടങ്ങിയ വമ്പന്മാരെയും മറികടന്നു ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.ആര്‍സനലിനെതിരെയുള്ള ഒരേയൊരു പരാജയം മാറ്റി നിര്‍ത്തിയാല്‍ തികച്ചും ഇമ്പ്രസ്സീവ് ആയ പ്രകടനം.സുഗമമായ ഒരു യാത്രയായിരുന്നില്ല ഇതെന്ന് ഓര്‍ക്കണം.2015 ജൂണില്‍ നിര്‍ഭാഗ്യകരമായ ചില വിവാദങ്ങളുടെ ബാക്കി പത്രമായി നൈജല്‍ പിയേഴ്സന്‍ പുറത്താക്കപ്പെടുകയും പകരം ക്ലോഡിയോ രാനിയെരി സ്ഥാനമേല്‍ക്കുകയും ചെയ്തു.അദ്ഭുതകരമായ ഈ കുതിപ്പിന് ചാലകശക്തിയാകുകയാണ് റാനിയെരി.ലോകഫുട്ബോളിനു പരിചിതമായ വമ്പന്‍ പേരുകള്‍ ഒന്നും തന്നെയില്ല ലിസസ്റ്റര്‍ നിരയില്‍.സ്റ്റോക്ക് സിറ്റിയുടെ കരുത്തനായ ഡിഫന്‍ഡര്‍ റോബര്‍ട്ട് ഹുത്ത് എന്ന പേര് പ്രീമിയര്‍ ലീഗ് ആരാധകര്‍ക്ക് ഒരുപക്ഷെ പരിചിതമായിരിക്കും .ക്യാപ്റ്റന്‍ കൂടിയായ ഡിഫന്‍ഡര്‍ വെസ് മോര്‍ഗന്‍,വിംഗര്‍ റിയാദ് മഹ്രെസ് ,സ്ട്രൈക്കര്‍ ജാമി വര്‍ഡി എന്നിങ്ങനെ ഒരു പിടി മികച്ച കളിക്കാരെ പരിചയപ്പെടുത്തുകയാണ് ലിസസ്റ്റര്‍ ലോകത്തിനു മുന്നില്‍ .അവസരങ്ങള്‍ ഉണ്ടാക്കുന്നതിലും ഗോള്‍ സ്കോര്‍ ചെയ്യുന്നതിലും മിടുക്കനായ മഹെസും ക്ലിനിക്കല്‍ ഫിനിഷറായ വര്‍ഡിയും പ്രതിരോധനിരകള്‍ കീറി മുറിക്കുകയാണ് ഈ സീസണില്‍.വര്‍ഡി 13 ഗോള്‍ നേടി ലീഗിലെ ടോപ്‌ സ്കോറര്‍ പദവിയില്‍ വിശ്രമിക്കുമ്പോള്‍ മഹ്രെസ് ഇതിനകം 7 ഗോളുകളും 6 അസ്സിസ്റ്റുകളും നല്‍കികഴിഞ്ഞു.13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലീഗില്‍ പക്ഷെ ലിസസ്റ്റര്‍ പരീക്ഷണങ്ങള്‍ നേരിടാന്‍ പോകുന്നതേയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം .അടുത്ത 6 മത്സരങ്ങള്‍ അവര്‍ക്ക് കളിക്കേണ്ടത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,മാഞ്ചസ്റ്റര്‍ സിറ്റി.ചെല്‍സി,ലിവര്‍പൂള്‍,എവര്‍ട്ടന്‍,സ്വാന്‍സീ എന്നിങ്ങനെ കരുത്തുറ്റ ടീമുകളുമായിട്ടാണ്.

ഇനിയവരുടെ കേളീശൈലി ഒന്ന് നോക്കാം.രാനിയെരി എന്ന മാനേജറെ നിയമിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞിരുന്നു എന്നതാണ് സത്യം.പഴഞ്ചന്‍ ശൈലിയുടെ ഉടമയായി കരുതപ്പെടുന്ന ഇദ്ദേഹം പക്ഷെ കടന്നു വന്ന ലീഗുകളുടെ എണ്ണം പലരും ശ്രദ്ധിച്ചിരുന്നില്ല.ഇറ്റാലിയന്‍ ലീഗില്‍ ഡിഫന്‍ഡറായി കളിച്ചു തീര്‍ത്ത 13 വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് അയാള്‍ക്കുണ്ട്.വലന്‍സിയ,യുവന്റസ്, ചെല്‍സി,മൊണാക്കോ എന്നിങ്ങനെ ലീഗുകള്‍ മിക്കതും താണ്ടി ഗ്രീസിലൂടെ ഒരിക്കല്‍ കൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെത്തി നില്‍ക്കുന്ന മാനേജിംഗ് കരിയര്‍. അദ്ദേഹം മേല്‍നോട്ടം വഹിച്ച മറ്റു പ്രധാന ക്ലബ്ബുകള്‍ ഇന്റര്‍ മിലാന്‍,റോമ,നാപ്പോളി, യുവന്റസ്,അത്ലറ്റിക്കോ മാഡ്രിഡ്‌ എന്നിവയാണ്.റാനിയെരിയുടെ രീതികള്‍ ഒരല്പം വ്യത്യസ്തമാണ് എന്ന് കാണാം .കണക്കുകള്‍ പ്രകാരം ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമേ പൊസഷനില്‍ ലിസസ്റ്റര്‍ മുന്നിട്ടു നിന്നിരുന്നുള്ളൂ.പാസ് കമ്പ്ലീഷന്‍ ആണെങ്കില്‍ വളരെ മോശവും.എന്നാല്‍ അവര്‍ കളിക്കുന്ന കടുത്ത പ്രസ്സിംഗ് ഗെയിം തന്നെയാണ് ഈ പൊസിഷനില്‍ അവരെ എത്തിച്ചിരിക്കുന്നത് .അപാരവേഗമുള്ള മഹ്രെസും വാര്‍ഡിയും ചേര്‍ന്ന് നടത്തുന്ന വേഗതയാര്‍ന്ന കൌണ്ടര്‍ അറ്റാക്കുകള്‍ നിര്‍ണായക ഘടകമാണ്.അതായത് പൊസഷന്‍ കയ്യടക്കി വച്ചുള്ള സേഫ് ഗെയിം അവര്‍ കളിക്കുന്നില്ല.മുന്നോട്ടു സദാസമയവും പ്രസ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു തന്ത്രം.എതിരാളികള്‍ ഇരമ്പിയാര്‍ത്തു വരുമ്പോള്‍ ലിസസ്റ്റര്‍ ശാന്തമായി നിന്നു പ്രതിരോധിക്കുന്നു.അതിനിടെ പന്ത് ലഭിക്കുന്ന സമയമാണ് ലിസസ്റ്റര്‍ വിജയങ്ങളുടെ കാതല്‍. പന്ത് സ്വന്തം ഹാഫില്‍ വച്ചു കിട്ടുന്ന ഉടനെ എതിരാളികളുടെ ഫുള്‍ ബാക്കുകള്‍ ആക്രമണത്തില്‍ പങ്കു ചേരുമ്പോള്‍ ഒഴിച്ചിടുന്ന ശൂന്യമായ സ്ഥലങ്ങളിലേക്ക് മിന്നുന്ന വേഗത്തില്‍ കയറിയെത്തുന്ന മഹ്രെസ് അല്ലെങ്കില്‍ വര്‍ഡി ,കൂടെ ആക്രമണത്തില്‍ അതിവേഗം പങ്കു ചേരുന്ന ലിസസ്റ്റര്‍ ഫുള്‍ ബാക്കുകള്‍ ഇന്ധനശക്തി പകരുന്നു.ഫോര്‍വേഡുകളില്‍ ഒരാള്‍ ബോക്സിലേക്ക് കുതിക്കുന്നു.വിംഗുകളില്‍ നിന്നു വരുന്ന ക്രോസ്സുകള്‍ ഗോളുകളില്‍ കലാശിക്കുകയും ചെയ്യുന്നു.ഇത്തവണ പ്രീമിയര്‍ ലീഗില്‍ പലതവണ കണ്ടുകഴിഞ്ഞ ദ്ര്യശ്യമാണ്.ഇതെങ്ങനെ വിജയകരമായി മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്ക് നേരെ അല്ലെങ്കില്‍ ലിവര്‍പൂളിനും എവര്‍ട്ടനും നേരെ പ്രയോഗിക്കുന്നു എന്നതിനനുസരിച്ചാകും ലിസസ്റ്ററിന്റെ ഇനിയുള്ള കുതിപ്പ് .ഇത്തരമൊരു ആക്രമണത്തിനെതിരെ മാഞ്ചസ്റ്റര്‍ ടീമുകള്‍ vulnerable ആണെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.കഠിനാധ്വാനികളായ ഒരു കൂട്ടം കളിക്കാര്‍ ,തന്ത്രശാലിയായ ഒരു കോച്ച് ,പുറകില്‍ ആരവങ്ങളോടെ ലിസസ്റ്റര്‍ സിറ്റി ഒന്നടങ്കം അണിനിരക്കുന്നു ..പരമ്പരാഗത ശക്തികളുടെ ആധിപത്യത്തെ നിവര്‍ന്നു നിന്നവര്‍ വെല്ലുവിളിക്കുകയാണ്.ആദ്യ നാല് സ്ഥാനങ്ങളില്‍ ഒന്നെന്ന റിയലിസ്റ്റിക് ആയ ലക്ഷ്യം ഈ സീസണില്‍ നേടിയ ശേഷം അടുത്ത സീസണില്‍ ലീഗ് കിരീടം തന്നെ ലക്ഷ്യം വക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

Share.

Comments are closed.