സച്ചിന്റെ മികച്ച ഇന്നിങ്ങ്സുകള്‍: 98 vs പാകിസ്ഥാന്‍

150

സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകൾ എടുത്തു പറയുമ്പോൾ അതിൽ മുൻപന്തിയിൽ നിൽക്കുന്നതാണു 2003 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള ഇന്നിംഗ്സ്‌.

2003 മാർച്ച്‌ ഒന്നാം തീയതി സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്ട്‌ പാർക്കിലായിരുന്നു ആ മത്സരം.കളിക്ക്‌ മുന്നേതന്നെ വെല്ലുവിളികളും വാഗ്വാദങ്ങളുമായി ഒരു ഫൈനലിന്റെ മോടി ആ മത്സരത്തിനു ലഭിച്ചിരുന്നു.സച്ചിന്റെ വിക്കറ്റെടുക്കുമെന്നും ഇന്ത്യൻ ബാറ്റിംഗിനെ തകർക്കുമെന്നും വീമ്പിളക്കിയ എക്സ്‌ പ്രസ്സ്‌ ബോളർ ഷോയബ്‌ അക്തറായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.സച്ചിനും അക്തറും കൂടിയുള്ള ഏറ്റുമുട്ടലിനായിരുന്നു ഏവരും കാത്തിരുന്നത്‌.ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ സയീദ്‌ അന്വറിന്റെ സെഞ്ചുറി മികവിൽ 273 റൺസാണു അടിച്ചു കൂട്ടിയത്‌.നിലവിലുണ്ടായിരുന്ന ഏറ്റവും മികച്ച പേസ്‌ ബോളർമ്മാരുടെ സംഘമായിരുന്നു അന്നത്തെ പാകിസ്ഥാൻ ടീം.അക്രം-അക്തർ-വഖാർ പേസ്‌ ത്രയത്തോടും റസാഖിന്റേയും അഫ്രീദിയുടെയും ബോളിംഗ്‌ മികവിനേയും പരാജയപ്പെടുത്തി ആ മത്സരം സ്വന്തമാക്കുകയെന്നത്‌ ഒരു വെല്ലുവിളി തന്നെയായിരുന്നു.

ഇന്ത്യക്ക്‌ വേണ്ടി സ്ട്രൈക്‌ ചെയ്തത്‌ സച്ചിനായിരുന്നു.അക്രത്തിന്റെ മൂന്നാം പന്തിൽ തന്നെ മനോഹരമായ ബൗണ്ടറി നേടി സച്ചിൻ തുടങ്ങി.ആദ്യ ഓവറിൽ വന്നത്‌ 9 റൺസായിരുന്നു.അടുത്ത ഓവറിനായിട്ടായിരുന്നു ഏവരും കാത്തിരുന്നത്‌.എറിയാൻ വന്നത്‌ റാവൽപിണ്ടി എക്സ്പ്രസ്സ്‌ എന്നറിയപ്പെടുന്ന ഷോയബ്‌ അക്തർ.സച്ചിൻ അക്തറെ കശാപ്പ്‌ ചെയ്യുന്നത്‌ കാണാൻ ആരാധകർ കാത്തിരുന്നു.എന്നാൽ 150 കി.മി/മണിക്കൂർ വേഗത്തിലുള്ള പന്തുമായാണു അക്തർ സച്ചിനെ സ്വാഗതം ചെയ്തത്‌.എന്നാൽ സന്തോഷിക്കാൻ ഇന്ത്യൻ ആരാധകർക്ക്‌ അധികം കാത്തിരിക്കേണ്ടി വന്നില്ല.ആ ഓവറിലെ നാലാമത്തെ പന്ത്‌ അക്തർ എറിഞ്ഞത്‌ 150.9 വേഗതയിലയിരുന്നു.ആ ബോളിൽ സച്ചിൻ തന്റെ ക്ലാസ്‌ അക്തറിനു കാണിച്ചു കൊടുത്തു.രവി ശാസ്ത്രി കമന്ററിയിൽ പറഞ്ഞതു പോലെ ആ പേസ്‌ ഉപയോഗിച്ച്‌ സച്ചിൻ പന്തിനെ തഴുകി വിട്ടപ്പോൾ തേഡ്മാനു മുകളിലൂടെ തകർപ്പൻ സിക്സറായാണു അത്‌ അവസാനിച്ചത്‌.തുടർന്നുള്ള രണ്ട്‌ പന്തുകളും ബൗണ്ടറികളായിരുന്നു.ആ പന്തുകൾ വന്നതാകട്ടെ യഥാക്രമം 151.8,154.1 കി.മി/മണിക്കൂർ വേഗതയിലും.സച്ചിന്റെ ഓരോ ഷോട്ടിലും ആത്മവിശ്വാസം മുഴച്ചുനിന്നു.വേഗത്തിലൂടെ തന്നെ തകർക്കാനെത്തിയ അക്തറിന്റെ ഓവറിൽ 18 റൺസാണു സച്ചിൻ അടിച്ചു കൂട്ടിയത്‌.കളിക്ക്‌ മുൻപുള്ള വെല്ലുവിളി വേണ്ടെന്ന് ആ ഒരു നിമിഷമെങ്കിലും അക്തറിനു തോന്നിക്കാണും.

എല്ലാവരും ഏറ്റവും മികച്ചതെന്ന് പുകഴ്ത്തിയ പാക്‌ ബോളിംഗ്‌ നിരയിലെ എല്ലാവരും അടി കൊണ്ട്‌ വലഞ്ഞു.37 പന്തിൽ നിന്ന് 50 ലെത്തിയ സച്ചിൻ ആക്രമണ മൂഡിൽ തന്നെയായിരുന്നു കളിയിലുടനീളം.ഇന്ത്യൻ സ്കോർ 126 നിൽക്കെ സച്ചിൻ പേശിവലിവ്‌ കൊണ്ട്‌ വലഞ്ഞപ്പോൾ ഇന്ത്യൻ ആരാധകർ ഒന്നടങ്കം അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു.ദൈവം പോലും അന്ന് സച്ചിന്റെ കൂടെയായിരുന്നു.അല്ലെങ്കിൽ 2 പ്രാവശ്യം പിഴവുകൾ വരുത്തിയിട്ടും അതിൽ നിന്ന് രക്ഷപെടാൻ പറ്റില്ലായിരുന്നല്ലോ.ഈ മത്സരത്തിനിടയ്ക്കാണു സച്ചിൻ ഏകദിനത്തിൽ 12000 റൺസ്‌ എന്ന നാഴികക്കല്ല് പിന്നിടുന്നത്‌.പേശി വലിവ്‌ മൂർച്ചിച്ചതിനെത്തുടർന്ന് ഇന്നിംഗ്സിന്റെ അവസാനം സച്ചിൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.സേവാഗിനെ റണ്ണറാക്കിയാണു പിന്നെ സച്ചിൻ കളിച്ചത്‌.എന്നാൽ സെഞ്ചുറിക്ക്‌ 2 റൺ അകലെ 75 പന്തിൽ നിന്ന് 98 റൺസുമായി ആ ഇന്നിംഗ്സ്‌ അവസാനിക്കുമ്പോൾ ലോകകപ്പ്‌ ചരിത്രത്തിലെ തന്നെ മികച്ച ഇന്നിംഗ്സുകളിലൊന്നിനായിരുന്നു തിരശീല വീണത്‌

Share.

Comments are closed.