ക്രിക്കറ്റിന്റെ പിതാവ് – വില്ല്യം ഗിൽബെർട്ട് ഗ്രേസ്

132

ക്രിക്കറ്റിന് ഒരിക്കലും”W.G” എന്ന വില്ല്യം ഗിൽബെർട്ട് ഗ്രേസിനെ മറക്കാൻ സാധിക്കില്ല.

ഇംഗ്ലണ്ടിലെ സായിപ്പന്മാരുടെ വെറുമൊരു വേനൽക്കാല വിനോദം എന്ന ചെറിയ കള്ളിയിൽ നിന്നും ക്രിക്കറ്റിനെ ലോകമെങ്ങും അറിയപ്പെടുന്ന കായിക രൂപമാക്കി മാറ്റിയത് ആ മനുഷ്യനാണ്. ഒരു ഡോക്ടർ കൂടിയായിരുന്ന അദ്ദേഹമാണ് ക്രിക്കറ്റിന്റെ ആദ്യ കാലങ്ങളിൽ സാമ്പത്തികമായും അല്ലാതെയും ക്രിക്കറ്റിനെ സഹായിച്ചിരുന്നത്. ഇന്നത്തെപ്പോലെ പരസ്യ വരുമാനവും സ്പോണ്‍സർമാരും ഇല്ലാതിരുന്ന ആ പഴയകാലത്ത് ഗ്രേസ് പല ടൂർണമെന്റുകളും സംഘടിപ്പിച്ചു. സ്വന്തം കീശയിലെ പണം ചിലവഴിച്ചു കൊണ്ട് ഇംഗ്ലണ്ട് ടീമിന്റെ വിദേശ പര്യടനങ്ങൾ നടത്തി. കളിക്കാരുടെ വേതനം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം മുന്നില് നിന്നു

ഒരു മികച്ച ഓൾ റൌണ്ടർ ആയിരുന്നു W.G. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അദ്ധേഹത്തിന്റെ റെക്കോർഡുകൾ അവിസ്മരണീയമാണ്. നീണ്ട 41 വർഷങ്ങളിൽ അദ്ദേഹം 44 സീസണുകളിൽ കളിച്ചു.!! ആദ്യ കാലങ്ങളിൽ മെറിൽബോണ്‍ ക്രിക്കറ്റ് ക്ലബിന് വേണ്ടിയും പിന്നീട് ഗ്ലസ്റ്റർഷെയർ കൌണ്ടി ക്രിക്കറ്റ് കബ്ലിനു വേണ്ടിയും കരിയറിന്റെ അവസാന കാലങ്ങളിൽ ലണ്ടൻ കൌണ്ടി ക്രിക്കറ്റ് കബ്ലിനു വേണ്ടിയും അദ്ദേഹം പാഡണിഞ്ഞു. മൊത്തം 878 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് അദ്ദേഹം നേടിയത് 54211 റണ്‍സാണ്. 124 സെഞ്ച്വറികളും 254 അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 344 ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉയർന്ന സ്കോർ. 2,809 വിക്കറ്റുകളും കൂടാതെ 887 ക്യാച്ചുകളും അദ്ധേഹത്തിന്റെ കരിയറിനെ അതുല്യമാക്കുന്നു 22 ടെസ്റ്റ്‌ മാച്ചുകളിൽ അദ്ദേഹം ഇംഗ്ലണ്ടിനു വേണ്ടി കളിച്ചു. 32.29 ശരാശരിയിൽ 1,098 റണ്‍സ് അദ്ദേഹം നേടി.

ക്രിക്കറ്റിലെ ഇന്ന് കാണുന്ന പല ഷോട്ടുകളും ആവിഷ്കരിച്ചതും അത് വിജയകരമായി ക്രീസിൽ നടപ്പാക്കുന്നതിലും ഗ്രേസ് വിജയിച്ചിരുന്നു.താനൊരു “ബോണ്‍ ക്രിക്കറ്റർ” അല്ലായിരുന്നു എന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം ഒരിക്കൽ പറഞ്ഞു. കൃത്യമായ പരിശീലനവും കോച്ചിങ്ങുമാണ് ഒരു ക്രിക്കറ്ററെ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ താൻ ജനിച്ചതു ക്രിക്കറ്റ് അന്തരീക്ഷമുള്ള കുടുംബത്തിലായിരുന്നു എന്നത് തന്നിലെ ക്രിക്കറ്ററെ വളർത്താൻ സഹായകമായിട്ടുണ്ടെന്നും “ക്രിക്കറ്റിലെ കൊളോസസ്” കൂട്ടിച്ചേർത്തു. ക്രിക്കറ്റിനെ അതിന്റേതായ രൂപത്തിൽ എന്നും നില നിന്നു കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ക്രിക്കറ്റ് മുഴുവനായും ഒരു പ്രൊഫഷനൽ ഗെയിം ആയി മാറുന്നതിൽ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നു.” വാതുവെപ്പും, പന്തയവും മറ്റ് എല്ലാ വിഷ വിത്തുകളും ഈ കളിയെ പിന്തുടരും. കളിയോടുള്ള സ്നേഹം എന്നതിലുപരി അത് കൂടുതൽ പണത്തെ സംബന്ധിക്കുന്ന ഒന്നായി മാറും”. ഒരു പ്രവാചകനെ പോലെ നൂറു വർഷങ്ങൾ മുൻപ് അദ്ദേഹം പറഞ്ഞ ആ വാക്കുകൾ !!

ഒരുപാട് കഥകൾ W.G യെക്കുറിച്ച് ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രചരിച്ചിരുന്നു. അതിൽ ഒന്ന്.: ഒരിക്കൽ ഒരു ഫസ്റ്റ് ക്ലാസ് മാച്ചിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതായിരുന്നു അദ്ദേഹം. അദ്ദേഹതിന്റെ ബാറ്റിങ്ങ് കാണാൻ വേണ്ടി മാത്രം നൂറു കണക്കിന് ആരാധകർ തിങ്ങി നിറഞ്ഞിരിക്കയാണ് ഗ്രൗണ്ടിൽ. എന്നാൽ ഏവരെയും നിരാശരാക്കി കൊണ്ട് നേരിട്ട ആദ്യ പന്തിൽ തന്നെ W.G ക്ലീൻ ബൌൾഡ്..!! എന്നാൽ അമ്പയർ ഔട്ട്‌ വിളിച്ചിട്ടും അദ്ദേഹം ക്രീസ് വിട്ടില്ല.!! കാരണമന്വേഷിച്ച ബൌളറോടും അമ്പയറോടും ഇങ്ങനെ പറഞ്ഞത്രേ ” നിങ്ങളുടെ രണ്ടു പേരുടെയും പ്രകടനം കാണാനല്ല, എന്റെ കളി കാണാൻ ആണ് ഇത്രേം പേർ ഇവടെ വന്നിരിക്കുന്നത്..” !!!

മഹാനായ ആ ക്രിക്കറ്ററുടെ, ക്രിക്കറ്റിന്റെ പിതാവിന്റെ ജന്മദിനമാണിന്ന്.(1848 ജൂലായ്‌ 18 നു ആണ് അദ്ദേഹം ജനിക്കുന്നത്.1915 ഒക്ടോബർ 23 നു അദ്ദേഹം കാലത്തിന്റെ പവലിയനിലേക്ക് വിട വാങ്ങി.) ഹാപ്പി ബർത്ത് ഡേ ഗ്രേറ്റ് വില്ല്യം ഗിൽബെർട്ട് ഗ്രേസ് !!. ക്രിക്കറ്റിനെ സ്നേഹിച്ചതിന് നന്ദി..!! ഇല്ലായിരുന്നുവെങ്കിൽ മനോഹരമായ ഈ കളിരൂപം ഒരു പക്ഷെ പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ അവസാനിച്ചേനെ. അങ്ങ് സ്നേഹിച്ചതിന്റെ ഒരംശം പോലുമാവില്ലെങ്കിലും, ഞങ്ങളും ഈ കളിയെ സ്നേഹിക്കുന്നു. കാരണംക്രിക്കറ്റ് തരുന്ന സന്തോഷം അത്രമേൽ വലുതാണ്‌. ലോകാവസാനം വരെയും ക്രിക്കറ്റിന്റെ കൂടെ താങ്കളുടെ അദൃശ്യ സാന്നിധ്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു…!!

Share.

Comments are closed.