1990കളില്‍ കൊല്‍ക്കത്തയിലാണ് ഈ സംഭവം അരങ്ങേറുന്നത്.മോഹന്‍ ബഗാന് ക്ളബ്ബിനു വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഒരു ഇടംകൈയന്‍ ബാറ്റ്സ്മാന് ഇറങ്ങിയിട്ടിട്ടുണ്ട്.കുറച്ചുമുമ്പ് നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ഒാസ്ട്രേലിയന്‍ പര്യടനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഹങ്കാരിയെന്നു ദുഷ്പേരു കേള്‍പ്പിച്ച പയ്യന്.ഒന്നും ചെയ്യാനാകാതെ ടീമിനു പുറത്താവുകയും ചെയ്തു.ബഗാന്‍െറ നിതാന്തവൈരികളായ ഇൗസ്റ്റ് ബംഗാളാണ് എതിരാളികള്‍.അര്‍ദ്ധസെഞ്ച്വറി നേടിയ ഇടംകൈയനെ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ കണക്കിന് അപമാനിച്ചു.കുപിതനായ അയാള്‍ ഒരു ക്യാച്ചെടുത്ത ശേഷം പന്ത് ഉയര്‍ത്തി എറിഞ്ഞു.അയാളെ പരിഹസിച്ചു കൊണ്ടിരുന്ന കാണികള്‍ക്കിടയിലാണ് അത് ചെന്നുപതിച്ചത്.ഇതോടെ രംഗം കൂടുതല്‍ പ്രക്ഷുബ്ദമായി.കാണികള്‍ മൈതാനത്തിലേക്ക് ആ കളിക്കാരനെ ഉന്നം വച്ച് കല്ലുകള്‍ എറിഞ്ഞു.ഒടുവില്‍ ഈ പ്രശ്നത്തില്‍ നിന്ന് ഒഴിവാകാന്‍ ആ യുവതാരത്തിന് മാപ്പെഴുതി നല്‍കേണ്ടി വന്നു.
ഇത്തരമൊരു കഥയുടെ ക്ളൈമാക്സ് നമുക്ക് ഉൗഹിക്കാം.പിന്നീട് മൈതാനത്തിലിറങ്ങിയപ്പോഴെല്ലാം കൊല്‍ക്കത്തക്കാര്‍ അയാളെ വേട്ടയാടിയിരിക്കും എന്ന് ഊഹിച്ചെടുത്തെങ്കില് നിങ്ങള്‍ക്ക് തെറ്റി.പിന്നീട് അയാള്‍ ഈഡന് ഗാര്‍ഡന്‍സില്‍ കളിക്കാനിറങ്ങിയപ്പോഴെല്ലാം ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ ഒരേസ്വരത്തില്‍ വിളിച്ചു-”ദാദ!”.അയാള്‍ ബംഗാള്‍ കടുവയായി,കൊല്‍ക്കത്തയുടെ രാജകുമാരനുമായി !! അതെ.സൗരവ് ചണ്ഡിദാസ് ഗാംഗുലി കൊല്‍ക്കത്തക്കാര്‍ക്ക് ഒരു വികാരമാണ്,ആവേശമാണ്…. ഭ്രാന്ത് എന്നു വിശേഷിപ്പിക്കാവുന്ന തരം ആരാധനയ്ക്ക് പാത്രമാണ്….
തന്നെ കല്ലെറിഞ്ഞ ഈസ്റ്റ് ബംഗാള്‍ ക്ളബ്ബിനു വേണ്ടിയും പില്ക്കാലത്ത് ഗാംഗുലി ക്രിക്കറ്റ് കളിച്ചു ! അന്ന് പഴിപറഞ്ഞവര്‍ ഗാംഗുലിയുടെ ആരാധകരായി.ഈസ്റ്റ് ബംഗാളിന്‍െറ സ്വീകരണ മുറിയില്‍ ഗാംഗുലിയുടെ ചിത്രം വരെ പ്രദര്‍ശിപ്പിച്ചു ! ജന്മദേശത്ത് ഇത്രയും വലിയ ചലനങ്ങള്‍ സൃഷ്ടിച്ച എത്ര ക്രിക്കറ്റര്‍മാര്‍ വേറെ ഉണ്ടായിട്ടുണ്ടാവും? രോഹിത് ശര്‍മ്മ ശ്രീലങ്കയ്ക്കെതിരെ 264 റണ്‍സ് നേടിയപ്പോള്‍ കമന്റേറ്ററായി ഗാംഗുലി ഈഡനില്‍ ഉണ്ടായിരുന്നു.പക്ഷേ അന്ന് ഗാംഗുലി കമന്റേറ്റര്‍ ബോക്സില്‍ നിന്നും ഇറങ്ങി സ്റ്റേഡിയത്തില്‍ തന്നെ ഇരുപ്പുറപ്പിച്ചു.കാണികളോട് സ്നേഹപൂര്‍വ്വം പെരുമാറി.തങ്ങളുടെ മഹാരാജാവിനെ നേരിട്ടുകാണുന്നതിനേക്കാള് വലിയ ആനന്ദം അന്നാട്ടുകാര്ക്കില്ല താനും.
എന്തുകൊണ്ടാണ് ദാദയെ കൊല്‍ക്കത്തക്കാര്‍ ഇത്രയേറെ സ്നേഹിക്കുന്നത്? കര്‍ണ്ണാടകയില്‍ ഗുണ്ടപ്പ വിശ്വനാഥിന്‍െറ പിന്‍ഗാമികളായി രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ളെയും വന്നു.മുംബൈക്കാരനായ സുനില്‍ ഗാവസ്കറുടെ ബാറ്റിങ് പാരമ്പര്യം സച്ചിന് തെന്‍ഡുല്‍ക്കറും അജിന്‍ക്യ രഹാനെയും കോട്ടം തട്ടാതെ നിലനിര്‍ത്തി.എന്നാല്‍ കൊല്‍ക്കത്തയുടെ കാര്യം അങ്ങനെയല്ല.അവര്‍ക്ക് സ്നേഹിക്കാനും നെഞ്ചിലേറ്റാനും ഗാംഗുലി മാത്രമേയുള്ളൂ.പതിനാലാം വയസ്സില്‍ ഒഡിഷയ്ക്കെതിരെ സെഞ്ച്വറി നേടിക്കൊണ്ടാണ് ഗാംഗുലി ഈഡനുമായുള്ള ഹൃദയബന്ധത്തിന് തുടക്കമിടുന്നത്.
2001ല്‍ ഈഡന് ഗാര്‍ഡന്‍സിലേക്ക് ഒഴുകിയ കൊല്‍ക്കത്തക്കാര്‍ക്ക് ഒരുപിടി മോഹങ്ങളുണ്ടായിരുന്നു.തങ്ങളുടെ പ്രിയ പുത്രന് ഗാംഗുലി ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് കാണണം.തുടര്‍ച്ചയായി 16 ടെസ്റ്റ് ജയങ്ങള്‍ നേടിനില്‍ക്കുന്ന സ്റ്റീവ് വോയുടെ ഒാസീസ് ടീമിനെ ഇന്ത്യ തോല്‍പ്പിക്കണം.ഗാംഗുലിയുടെ ബാറ്റിങ്ങ് കാണാന്‍ കൊതിച്ചവര്‍ക്ക് വിരുന്നൊരുക്കിയത് ലക്ഷ്മണും ദ്രാവിഡുമാണ്.എങ്കിലും അവര്‍ നിരാശരായില്ല.സൗരവ് തങ്ങള്‍ക്ക് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകും എന്നവര്‍ വിശ്വസിച്ചു.അത് സത്യമായിരുന്നു.അവസാനദിവസം ചായയ്ക്കു പിരിയുമ്പോള്‍ ഒാസീസിന് 7 വിക്കറ്റുകള്‍ ബാക്കിയുണ്ടായിരുന്നു.കളി സമനിലയിലാകും എന്നുറപ്പിച്ചിരിക്കെ ഗാംഗുലി സച്ചിനെ പന്ത് ഏല്പിച്ചപ്പോള് സകലരും അമ്പരന്നു.പക്ഷേ 3 വിക്കറ്റുകള്‍ വീഴ്ത്തിയ സച്ചിന് കളിയുടെ ഗതി തിരിച്ചു.ഇന്ത്യ ജയിച്ചു.മറ്റു പ്രകടനങ്ങളോടൊപ്പം ഗാംഗുലിയുടെ ക്യാപ്ടന്‍സിയും കൊല്‍ക്കത്തക്കാര്‍ ആഘോഷമാക്കി.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ തുടക്കത്തില്‍ ഇന്ത്യന്‍ ടീമിന്‍െറ പ്രകടനം മോശമായപ്പോള്‍ ചില ആരാധകര്‍ രോഷം പൂണ്ട് ഗാംഗുലിയുടെ കോലം കത്തിച്ചു.അതിവൈകാരികതയുള്ള ചില കൊല്‍ക്കത്തക്കാരും സൗരവിനെ ചീത്തവിളിച്ചു.എന്നാല്‍ അവര്‍ തന്നെ കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ടീമിന്‍െറയും ഗാംഗുലിയുടെയും ഉന്നമനത്തിനു വേണ്ടി പൂജകള്‍ നടത്തി.ഫുട്ബോള്‍ കളിച്ചിരുന്ന സ്ഥലങ്ങളില്‍ പോലും ഗാംഗുലിയെ മനസ്സില്‍ പ്രതിഷ്ഠിച്ച് അവര്‍ ക്രിക്കറ്റ് കളിച്ചു.ആ ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെ എത്തുകയും ചെയ്തു.
ഗാംഗുലി മുൻകൈയെടുത്താണ് ഇന്ത്യൻ ടീമിൻെറ പരിശീലകസ്ഥാനത്ത് ഗ്രെഗ് ചാപ്പലിനെ കൊണ്ടുവന്നത്.അവസാനം അതേ ചാപ്പൽ ഗാംഗുലിയുടെ ടീമിലെ സ്ഥാനവും നഷ്ടമാക്കി.ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇൗഡൻ ഗാർഡൻസിൽ ഏകദിനം കളിക്കാൻ ചെന്നു.ഗാംഗുലിയെ തഴഞ്ഞ ഇന്ത്യൻ ടീമിനെ അവർ കൂവി.ദക്ഷിണാഫ്രിക്കയ്ക്ക് കാണികൾ പിന്തുണയും നൽകി ! ഇത് കണ്ട് ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ഗ്രേയം സ്മിത്ത് അമ്പരന്നുപോയി.1996 ലോകകപ്പ് സെമിയിൽ ഇന്ത്യ തോൽക്കുന്നത് കാണാൻ വയ്യാതെ കളി തടസ്സപ്പെടുത്തിയതും ഇതേ കൊൽക്കത്തക്കാരായിരുന്നു.പക്ഷേ വർഷങ്ങൾ കടന്നുപോയതിനൊപ്പം ഗാംഗുലി അവർക്ക് ടീമിനേക്കാൾ വലുതായി മാറിയിരുന്നു…ടീമില്‍ നിന്ന് പുറത്തായപ്പോള്‍ കളിച്ചു വളര്‍ന്ന മണ്ണിലേക്ക് ദാദ മടങ്ങിയെത്തി.ഈഡനില്‍ യുവതാരങ്ങളേക്കാള്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കി ദാദ പരിശീലിച്ചു.ടീമിലെ സ്ഥാനം തിരിച്ചുപിടിച്ചു.വിമര്‍ശകര്‍ക്ക് ചുട്ട മറുപടി കൊടുത്തു.ഗ്രെഗ് ചാപ്പലിനെതിരെ വാചകങ്ങളുടെ ചാട്ടുളികളെറിഞ്ഞു….
പക്ഷേ ഒരു സ്വകാര്യ ദുഃഖം ഗാംഗുലിയുടെ മനസ്സില്‍ അവശേഷിച്ചിരുന്നു.ഈഡനില്‍ ഒരു അന്താരാഷ്ട്ര സെഞ്ച്വറിയില്ല.കൊല്‍ക്കത്തക്കാരും അത് ഏറെ ആശിച്ചിരുന്നു.2007ല്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ആ മോഹവും സാക്ഷാത്കരിക്കപ്പെട്ടു.ഒാഫ്സൈഡിലെ ദൈവത്തെ കൊല്‍ക്കത്തക്കാര്‍ അന്ന് നേരിട്ടു കണ്ടു.മൊഹമ്മദ് സമിയോ സൊഹൈല്‍ തന്വീറോ ഡാനിഷ് കനേറിയയോ എന്ന വ്യത്യാസമില്ലാതെ ചേതോഹരമായ കവര്‍ഡ്രൈവുകളും സ്ക്വയര്‍കട്ടുകളും ലെയ്റ്റ്കട്ടുകളും ദാദയുടെ ബാറ്റില്‍ നിന്ന് പാഞ്ഞു.ഇടയ്ക്ക് അക്തറുടെ ഒരു ബൗണ്‍സറില്‍ നിന്ന് കഷ്ടിച്ച് ഒരു രക്ഷപ്പെടല്‍.പക്ഷേ അന്ന് അങ്ങനെ കീഴടങ്ങാനാകുമായിരുന്നില്ല ദാദയ്ക്ക്.കനേറിയയുടെ പന്തിനെ മിഡ് ഒാഫിലൂടെ പായിച്ച് ഗാംഗുലി മൂന്നക്കം കടന്നപ്പോള്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു !! കണ്ണീരിറ്റുന്ന ആഹ്ളാദം ! ഏറെക്കാലമായി കാത്തിരുന്ന് കിട്ടിയ സെഞ്ച്വറിയുടെ സന്തോഷം ഗാംഗുലിയുടെ ഏകാഗ്രതയെ ബാധിച്ചിരിക്കാം.സ്പിന്നര്‍മാര്‍ക്കെതിരെ ക്രീസ് വിട്ട് ദാദ ലോഫ്റ്റഡ് ഷോട്ട് കളിക്കുമ്പോള്‍ സാധാരണ പന്ത് ഗാലറിയിലാണ് പതിക്കുക.സെഞ്ച്വറി തികച്ചതിനു പിന്നാലെ ഗാംഗുലി ഇത് ചെയ്തപ്പോള്‍ കാണികള്‍ ആര്‍ത്തുവിളിച്ചു.പക്ഷേ വളരെവേഗം അവര്‍ നിശബ്ദരായി.കാരണം പന്ത് ചെന്നു വീണത് ലോങ് ഒാഫ് ഫീല്‍ഡറുടെ കരങ്ങളിലായിരുന്നു ; ഗാലറിയിലല്ല ! എങ്കിലും നിറഞ്ഞ കൈയടികളോടെ അവര്‍ ദാദയെ യാത്രയാക്കി.11 വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റിന്‍െറ മെക്കയായ ലോര്‍ഡ്സില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ കിട്ടിയ കൈയ്യടികളേക്കാള്‍ മധുരതരമായി ഇത് ഗാംഗുലിയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ടാവാം...
എെ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻെറ ജീവനാഡിയായിരുന്നു ഗാംഗുലി.ദാദ ഇല്ലെങ്കിൽ കൊൽക്കത്ത ടീമും ഇല്ലെന്നു പറഞ്ഞ ഷാരൂഖ് ഖാൻ ഒടുവിൽ ഗാംഗുലിയെ തഴഞ്ഞു.ഇതോടെ ഈഡനിലെ ഇരിപ്പിടങ്ങളിൽ ആളൊഴിഞ്ഞു.ഗാംഗുലിയുടെ ആരാധകർ സ്റ്റേഡിയത്തിനു വെളിയിൽ പ്രതിഷേധിച്ചു.ഗാംഗുലിയ്ക്കു വേണ്ടി കിരീടം നേടുമെന്ന് ഷാറൂഖിന് പറയേണ്ടിവന്നു.
ശരിയാണ്,അപ്പോഴേക്കും തൻെറ ബാറ്റിങ്ങിലെ മാന്ത്രികസ്പർശം ഗാംഗുലിയ്ക്ക് കൈമോശം വന്നിരുന്നു.അവശേഷിച്ചിരുന്നത് പോരാട്ടവീര്യം മാത്രമായിരുന്നു.ഇംഗ്ളിഷ് ക്രിക്കറ്റർമാർ പവിത്രമായി കാണുന്ന ലോർഡ്സ് മൈതാനത്തിൻെറ ബാൽക്കണിയിൽ ജഴ്സി ഊരി ചുഴറ്റാൻ കാണിച്ച ആ ചങ്കൂറ്റം…അതുകൊണ്ടാണ് പുണെ വാരിയേഴ്സിൻെറ ക്യാപ്ടനായി ഗാംഗുലി ഈഡനിലെത്തിയത്.
ഹോംഗ്രൗണ്ടിൽ എവേ മത്സരം കളിക്കേണ്ട ഗതികേടിലായി അന്ന് കൊൽക്കത്ത.പുണെയുടെ നീല ജഴ്സി അണിഞ്ഞ് കാണികളെത്തി.കളിക്കുന്നത് എതിർടീമിനു വേണ്ടി ആയാൽപ്പോലും ദാദ അവർക്കെന്നും ദാദ തന്നെ.അന്ന് അത്ര മികച്ച ഇന്നിങ്സൊന്നുമല്ല ഗാംഗുലി കളിച്ചത്.എങ്കിലും അദ്ദേഹം പുറത്തായി മടങ്ങുമ്പോൾ ഷാറൂഖ് ഖാനു വരെ അഭിനന്ദിക്കേണ്ടി വന്നു.കോഴവിവാദത്തിൽ മനംമടുത്ത ആരാധകരുടെ ആവേശം തിരിച്ചുപിടിച്ച ആളല്ലേ? വിദേശത്ത് ഇന്ത്യക്ക് ടെസ്റ്റുകൾ ജയിക്കാമെന്ന് തെളിയിച്ച ക്യാപ്ടനല്ലേ?? അഭിനന്ദിക്കാതിരിക്കാനാവുമോ??
എങ്കിലും മനസ്സ് പറയുന്നതിന് വിരുദ്ധമായി ഒന്നും ഗാംഗുലി ചെയ്യുമായിരുന്നില്ല.സച്ചിന്‍െറ അവസാന ടെസ്റ്റിന് വേദിയാകാന്‍ കൊല്‍ക്കത്തയും മുംബൈയും തമ്മില്‍ കടിപിടിയായിരുന്നു.പക്ഷഭേദം കാണിക്കാതെ ഗാംഗുലി മുംബൈ ആണ് അനുയോജ്യമായ വേദി എന്ന് പറഞ്ഞു.പക്ഷേ അതൊന്നും കൊല്‍ക്കത്തക്കാര്‍ക്ക് ദാദയോടുള്ള ഇഷ്ടം കുറച്ചില്ല.ഈഡനില്‍ ഗാംഗുലി പവലിയന് ഇല്ലാത്തതെന്താണ് എന്ന് ഒരിക്കല്‍ രവി ശാസ്ത്രി ചോദിച്ചു.ദാദയുടെ മറുപടി ശാസ്ത്രിയെ ഇളിഭ്യനാക്കി-”മുഴുവന്‍ സ്റ്റേഡിയവും എന്‍േറതാണ് രവീ!!”.
കാലം കടന്നുപോകും.ബംഗാള്‍ നല്ല ക്രിക്കറ്റര്‍മാരെ സൃഷ്ടിക്കുമായിരിക്കും.പക്ഷേ അവര്‍ക്കെല്ലാം ദാദയ്ക്കു പിറകിലേ സ്ഥാനമുണ്ടാകൂ.വംഗദേശത്തിന്‍െറ ഹൃദയത്തുടിപ്പാണ് ദാദ…..