തിയേറ്റര്‍ ഓഫ് ഡ്രീംസ്

419

Theatre of dreams…ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം സർ.ബോബി ഷാൾട്ടന്റെ ഈ വാക്കുകളിൽ നിറയുന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമാണ്. സ്വപ്നങ്ങളുടെ ഈ നാടകശാലയിൽ ഒരു നൂറ്റാണ്ടിലേറെയായി ഫുട്ബോൾ വസന്തം വിരുന്നെത്തിയിട്ട്. കാൽപ്പന്തിന്റെ ലോകത്ത് മാഞ്ചസ്റ്റർ നഗരം അടയാളപ്പെടുത്തിയത് എന്നും ഓൾഡ് ട്രാഫോഡ് എന്നായിരുന്നു. ഓരോ മാച്ചിലും നിറഞ്ഞു കവിയുന്ന ഗ്യാലറികൾ തന്നെ സാക്ഷ്യം..

ന്യൂട്ടൺ ഹീത്ത് FC മാഞ്ചസ്റ്റർ യുണൈറ്റഡ് ആയതിനു പിന്നാലെ ചാമ്പ്യൻസിന് ചേർന്ന ഒരു മൈതാനം അത്യാവശ്യമായിത്തീർന്ന സന്ദർഭത്തിൽ അന്നത്തെ ക്ലബ് ഉടമ ആയിരുന്ന ജോൺ ഹെൻറി ഡേവിസ് ആണ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് തെരഞ്ഞെടുക്കുന്നത്. 80,000 കാണികളെ ഉൾക്കൊളളാവുന്ന തരത്തിൽ ഒരു ലോകോത്തര സ്റ്റേഡിയം. അതിന് മേൽനോട്ടം വഹിക്കാൻ തെരഞ്ഞെടുത്തതാകട്ടെ, ഗുഡ്സൺ പാർക്ക്, ആൻഫീൽഡ്, ആഴ്സണലിന്റെ ഹൈബറി സ്റ്റേഡിയം, സ്റ്റാംഫോർഡ് ബ്രിഡ്ജ് എന്ന് തുടങ്ങി ഇംഗ്ലണ്ടിലെ ഒട്ടുമുക്കാലും സ്റ്റേഡിയങ്ങളുടെയും ശില്പിയായ Archibal Leitch എന്ന സ്കോട്ലന്റുകാരനെ. അങ്ങനെ 1910 ഫെബ്രുവരി 19 ന് ബദ്ധവൈരികളായ ലിവർപൂളിനെതിരെ പന്തുതട്ടിക്കൊണ്ട് ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിന് തുടക്കമായി. എന്നാൽ മത്സരത്തിൽ 4-3 ന്റെ തോൽവി വഴങ്ങാനായിരുന്നു നിയോഗം. പിന്നീടങ്ങോട്ട് യുണൈറ്റഡിന്റെ കുതിപ്പുകൾ ഒരുപാടു കണ്ടു ലോകം ഈ മൈതാനത്ത്. 1911, 15 വർഷങ്ങളിലെ FA കപ്പ് ഫൈനൽ പോരാട്ടങ്ങൾക്കും ഓൾഡ് ട്രാഫോർഡ് വേദിയായി. 1926 ലെ FA കപ്പ് സെമി കാണാൻ 76,962 പേർ എത്തിയതാണ് ഇപ്പോഴും തുടരുന്ന റെക്കോഡ്.

പിന്നീട് യൂറോപ്പിനെ കാത്തിരുന്നത് ദുരിതങ്ങളുടെ കാലമാണ്. 1939 രണ്ടാം ലോകമഹായുദ്ധം ജീവനും ജീവിതങ്ങളും കവർന്നെടുക്കുന്ന സമയം. ഇംഗ്ലീഷ് ആർമ്മിയുടെ ആവശ്യങ്ങൾക്കായി സ്റ്റേഡിയം വിട്ടുകൊടുത്തെങ്കിലും ഫുട്ബോൾ മുടക്കമില്ലാതെ തുടർന്നുപോന്നു. 1940 ഡിസംബറിൽ ആദ്യ ബോംബിങ്ങ്. 1941 മാർച്ച് 8ന് സ്റ്റേഡിയം വീണ്ടും തുറന്നെങ്കിലും വെറും 3 ദിവസത്തിനുള്ളിൽ ജർമ്മൻ സൈന്യം വീണ്ടും ബോംബുകൾ വർഷിച്ചു. ഇത്തവണ സ്റ്റേഡിയം ഏതാണ്ട് പൂർണ്ണമായും തകർന്നു. 10 വർഷത്തോളം നീണ്ടു നിന്ന പുനർനിർമ്മാണം. ഇക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ മെയ്ന് റോഡ് സ്റ്റേഡിയത്തിലായിരുന്നു യുണൈറ്റഡിന്റെ മത്സരങ്ങൾ. (വെറുതെ അല്ല, 5,000 പൗണ്ട് വാടകയും ടിക്കറ്റ് വിൽപ്പനയുടെ നിശ്ചിത ശതമാനവും കൊടുത്ത് തന്നെ. അവരുടെ കോട്ടക്കുളളിൽ Manchester is Red ബാനർ ഉയർന്നതും ഈ കാലത്ത് തന്നെ )
1949 ആഗസ്റ്റ് 24ന് ബോൾട്ടൺ വാണ്ടറേഴ്സിനെ തകർത്ത് യുണൈറ്റഡ്, പുതുക്കിപ്പണിത ഓൾഡ് ട്രാഫോർഡിനെ വീണ്ടും പ്രൗഢിയിലേക്ക് ഉയർത്തി. പിന്നീട് യുണൈറ്റഡിന്റെ മത്സരങ്ങളും മറ്റ് FA മാച്ചുകളും മുടക്കം കൂടാതെ നടന്നുപോന്നു.
1980 കളുടെ അവസാനം ഹിൽസ്ബൊറോ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിലെ എല്ലാ സ്റ്റേഡിയങ്ങളും ഓൾ സീറ്റർ ആക്കാൻ നിർബന്ധിതമായി. ഇത് കപ്പാസിറ്റി കുറയാൻ കാരണമായി എങ്കിലും കാണികളുടെ ആവറേജ് അറ്റന്റൻസിന്റെ കാര്യത്തിൽ ഒൾഡ് ട്രാഫോഡ് എന്നും ഒരുപാട് മുന്നിലായിരുന്നു.
90കൾ ഒരു ടീമെന്ന നിലയിൽ യുണൈറ്റഡിന്റെ മികച്ച പ്രകടനങ്ങൾ കണ്ടു. തുടർച്ചയായ ലീഗ് കിരീടങ്ങൾ . 99 ലെ ട്രെബിൾ നേട്ടം യുണൈറ്റഡിനെയും ഓൾഡ് ട്രാഫോഡിനെയും ഫുട്ബോൾ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചു. കപ്പുമായി തിരിച്ചെത്തിയ ഫെർഗൂസനെയും കുട്ടികളെയും സ്വീകരിക്കാൻ മാഞ്ചസ്റ്ററിന്റെ തെരുവുകളിൽ കാത്തുനിന്നത് മൂന്ന് ലക്ഷത്തിലധികം ആരാധകരാണ്. 2003 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മിലാൻ v ജൂവ് പോരാട്ടത്തിനും ഓൾഡ് ട്രാഫോഡ് വേദിയായി. കൂടാതെ ഇംഗ്ലണ്ട് നാഷണൽ ടീമിന്റെ മത്സരങ്ങളും. 2005 ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമായി കപ്പാസിറ്റി വീണ്ടും ഉയർന്നു. 2007 മാർച്ച് 31ന് യുണൈറ്റഡ് 4-1ന് ബ്ലാക്ക്ബേൺ റോവേഴ്സിനെ തകർക്കുമ്പോൾ 76,098 പേർ അത് കാണാൻ ഉണ്ടായിരുന്നു. ഈ ലീഗ് റെക്കോഡ് ഇന്നും അതുപോലെ നിൽക്കുന്നു. 2010 ഫെബ്രുവരി 10 ന് ഓൾഡ് ട്രാഫോഡ് ഒരു നൂറ്റാണ്ട് പിന്നിട്ടു. 2012 ഒളിംപിക്സിലെ പുരുഷ-വനിതാ വിഭാഗങ്ങളിലെ ഫുട്ബോൾ മത്സരങ്ങളും ഇവിടെ നടന്നു.

ഓൾഡ് ട്രാഫോഡിനെക്കുറിച്ച് ഇനിയും ഒരുപാട് പറയാനുണ്ട്. നാല് പ്രധാന സീറ്റിങ്ങ് ഏരിയകൾ ( സ്റ്റാൻ്റുകൾ). നോർത്ത് സ്റ്റാന്റ് ഇപ്പോൾ അറിയപ്പെടുന്നത് സർ.അലെക്സ് ഫെർഗൂസൻ സ്റ്റാന്റ് എന്നാണ്. ഏറ്റവും അധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നതും ഈ 3 റ്റയർ ഏരിയക്കാണ്. കൂടാതെ റെഡ് കഫെ, മാഞ്ചസ്റ്റർ യുണൈറ്റഡ് മ്യൂസിയം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. സൗത്ത് സ്റ്റാന്റ് ആണ് മീഡിയ സ്റ്റുടിയോകളും എക്‌സിക്യൂട്ടീവ് സ്വീറ്റുകളും. റ്റി.വിയിൽ കളികാണുമ്പോൾ ഈ സൗത്ത് സ്റ്റാന്റിൽ നിന്നുള്ള വ്യൂ ആണ് നമുക്ക് ലഭിക്കുന്നത്.
പിന്നെയുള്ളത് രണ്ട് എൻഡുകൾ. അതിൽ സ്ട്രെറ്റ്ഫോർഡ് എൻഡ് ടീമിനെ ചങ്കുപറിച്ചു സ്നേഹിക്കുന്ന ആരാധകരുടെ ഏരിയ. ‘കിങ്ങ് ഓഫ് സ്ട്രെറ്റ്ഫോഡ് എൻഡ് ‘ ഡെന്നിസ് ലോയുടെ സ്റ്റാച്ച്യൂവും ഇവിടെ കാണാം. പഴയ K സ്റ്റാൻഡിൽ നിന്ന് ചേക്കേറിയ ഹാർഡ്കോർ ആരാധകർ ഉയർത്തുന്ന ചാന്റ്സ് ഓരോ മാച്ചിലും നിർണ്ണായകമാകാറുണ്ടെന്നത് കളിക്കാരും സമ്മതിക്കുന്നതാണ്. എതിർവശത്തുള്ള സ്കോർബോർഡ് എൻഡ് എവേ ഫാൻസിനും ഡിസേബിലിറ്റി സീറ്റുകളും ആയി ഒരുക്കിയിരിക്കുന്നു. കൂടാതെ ക്ലബ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് മെഗാ സ്റ്റോറും ഇവിടെ തന്നെ.

സൗത്ത് സ്റ്റാന്റിന്റെ മധ്യത്തിലായാണ് ഡഗ്ഔട്ട്. 1910 ലെ സ്റ്റേടിയത്തിലെ ബോംബിങ്ങ് അതിജീവിച്ച ഒരു ഭാഗമാണ് പഴയ പ്ലയേഴ്സ് ടണൽ. മ്യൂണിച്ച് ദുരന്തത്തിന് ശേഷം മ്യൂണിച്ച് ടണൽ എന്ന് നാമകരണം ചെയ്തു. സൗത്ത് സ്റ്റാന്റ് റിനവേഷൻ പ്രവർത്തനങ്ങൾ അധികം വൈകില്ല എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കപ്പാസിറ്റി ഒരു ലക്ഷം കടക്കും.

തിരിച്ചുവരവുകളുടെ കഥ ഒരു പാട് പറയാനുണ്ട് യുണൈറ്റഡിനും ട്രാഫോഡിനും. സ്വപ്നങ്ങളുടെ ഈ അരങ്ങിൽ ഒരു നൂറ്റാണ്ടിലേറെയായി സ്വപ്നങ്ങൾ പൂവിടുന്നു… ചിലപ്പോൾ ഉടഞ്ഞു വീഴുന്നു. മാഞ്ചസ്റ്റർ നഗരത്തിന്റെയും ഓരോ റെഡ് ഡെവിളിന്റെയും അഭിമാനമായി ഓൾഡ് ട്രാഫോഡ് തല ഉയർത്തി നിൽക്കുന്നു.

Theatre of dreams…. A perfect home for the comeback kings….

Share.

Comments are closed.