ഉസ്മാന്‍ ഖവാജ

4

ഞാനെന്താണ് ഇതില്‍ കൂടുതല്‍ ചെയ്യേണ്ടത് ? ചോദിക്കുന്നത് ഉസ്മാന്‍ ഖവാജയാണ് ഉസ്മാന് തീര്‍ച്ചയായും നിരാശപ്പെടാനുള്ള അവകാശമുണ്ട് .

കഴിഞ്ഞ ഒക്ടോബറിനു ശേഷം 50 റണ്‍സില്‍ കുറവെടുത്തു ഒരു ഫോര്‍മാറ്റിലും അയാള്‍ പുറത്തായിട്ടില്ല .ടെസ്റ്റില്‍ 174, 9*, 121, 144 & 56, ബിഗ്‌ ബാഷില്‍ 109*, 62, 104* & 70. ഓസ്ട്രേലിയന്‍ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് ഒരു കാരണവും പറയാനില്ല എന്നതാണ് രസകരം. വെറും നാല് മത്സരങ്ങളില്‍ നിന്നും 172.5 ശരാശരിയില്‍ 345 റണ്‍സ് അടിച്ചെടുത്തു റണ്‍ വേട്ടയില്‍ രണ്ടാമത് നില്‍ക്കുമ്പോഴും ഈ സീസണിലെ ബിഗ്‌ ബാഷ് ഇലവന്‍ തിരഞ്ഞെടുത്തപ്പോഴും ഒഴിവാക്കപ്പെടുന്നു.

അനീതിയുടെ വാള്‍മുനകള്‍ തുടര്‍ച്ചയായി കുത്തിയിറക്കപ്പെടുമ്പോഴും ഉസ്മാന്‍ ഖവാജ റണ്‍ വേട്ട തുടരുകയാണ്.ഉസ്മാന്‍ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു എന്ന് പറയുകയല്ല ,അയാള്‍ ഇനിയും പരീക്ഷിക്കപ്പെടാനുണ്ട് . ഓസ്ട്രേലിയക്ക് പുറത്തുള്ള യഥാര്‍ത്ഥ ലോകത്തിലേക്ക് അയാള്‍ തുറന്നു കാട്ടപ്പെടാന്‍ പോകുന്നതേയുള്ളൂ .ഇന്ത്യയും ഇംഗ്ലണ്ടും ശ്രീലങ്കയും എല്ലാം കാത്തിരിക്കുകയാണ്.എന്തൊക്കെയായാലും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കിം ഹ്യുസിന്റെ വാക്കുകളില്‍ ഉസ്മാന്‍റെ ക്ലാസ് മറ്റെല്ലാ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാരെക്കാള്‍ ഒന്ന് രണ്ടു പടി മുകളിലാണ് .ഒരു ഫോമിലുള്ള ബാറ്റ്സ്മാനെ പോലും ഒഴിവാക്കി ഉസ്മാന്‍ ഖവാജയെ ഉള്‍പ്പെടുത്തണം എന്ന ഹ്യുസിന്റെ വാക്കുകളോട് പക്ഷെ എല്ലാവരും യോജിച്ചെന്നു വരില്ല.അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെയും കെയിന്‍ വില്ല്യംസന്‍റെയും സ്റ്റീവന്‍ സ്മിത്തിന്റെയും തലത്തിലേക്ക് ഉയര്‍ത്തപ്പെടണമെങ്കില്‍ അയാള്‍ ഇനിയും പരീക്ഷിക്കപ്പെടെണ്ടതുണ്ട് ..but he belongs to that level ..

പെട്ടെന്ന് ഓര്‍മയിലേക്ക് വരുന്നത് സെസ്ക് ഫാബ്രിഗാസ് തന്നെയാണ്. സാവിയും ,സെര്‍ജിയോ ബുസ്കട്ടസും ഇനിയസ്റ്റയും സാബി അലോണ്‍സോയും അടങ്ങുന്ന സ്പാനിഷ് സുവര്‍ണ നിര സ്പെയിന്‍റെ മധ്യനിര അടക്കി വാഴുമ്പോള്‍ സൈഡ് ബഞ്ചിലിരുന്നു ദീര്‍ഘ നിശ്വാസം വിടാന്‍ മാത്രം വിധിക്കപ്പെട്ടവന്‍. പിറന്നു വീണ കാലത്തെ മാത്രമേ അയാള്‍ക്ക് പഴിക്കാന്‍ കഴിയൂ .മഹാരഥന്‍മാരുടെ സമകാലീനനായി ജനിച്ചു വീണ ശപിക്കപ്പെട്ട ഒരു ജന്മമായി ഫാബ്രിഗാസ് തന്‍റെ നല്ലകാലത്തിന്‍റെ ഭൂരിഭാഗവും ചിലവിട്ടു കഴിഞ്ഞു.

പ്രതിഭ മാത്രം മതിയാകുമോ വിജയിക്കാന്‍ എന്ന ചോദ്യം ഉയര്‍ന്നു വരുന്നത് ഇവിടെയൊക്കെയാണ് . വിന്സന്റ് ടെല്‍ബോസ്ക് അനുഭവിച്ച ആശയകുഴപ്പവും കുറ്റബോധവും റോഡ് മാര്‍ഷ് എന്ന ചീഫ് സെലക്ടര്‍ അനുഭവിച്ചറിയുകയാണ്. ഒഴിവു കഴിവായി അയാള്‍ ഷോണ്‍ മാര്‍ഷിന്‍റെ ഗതികേട് ചൂണ്ടിക്കാണിക്കുന്നുണ്ട് .182 റണ്‍സിന്‍റെ കിടിലന്‍ ഇന്നിംഗ്സ് കളിച്ചതിനു ശേഷം അടുത്ത ടെസ്റ്റില്‍ ഖവാജക്കു വേണ്ടി വഴി മാറി കൊടുക്കേണ്ടി വന്ന നിര്‍ഭാഗ്യവാനായ അതെ ഷോണ്‍ മാര്‍ഷ് . എന്താണ് ഞാന്‍ ഇനി ചെയ്യേണ്ടത് എന്ന് ഖവാജ മുന്നില്‍ നിവര്‍ന്നു നിന്നു ചോദിക്കുമ്പോള്‍ റോഡ്‌ മാര്‍ഷിനു പക്ഷെ ഉത്തരമില്ല. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന് സമ്മതിക്കുകയല്ലാതെ വേറെ വഴിയുമില്ല.ഉസ്മാന് ഭാഗ്യദോഷമാണ്.അയാളേക്കാള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ എന്ന് കണ്ണുമടച്ചു പറയാവുന്ന കളിക്കാര്‍ കുറവാണ്.പക്ഷെ ഇതൊരു സെറ്റ് ആയികഴിഞ്ഞ ടീമാണ്.ആരെ ഒഴിവാക്കും എന്ന ധര്‍മ സങ്കടത്തില്‍ സെലക്ടര്‍മാരെയും അതിലേറെ സമ്മര്‍ദ്ദത്തില്‍ ഇപ്പോള്‍ ടീമിലുള്ള കളിക്കാരെയും എത്തിച്ചിരിക്കുകയാണ് ഖവാജ .അയാള്‍ പുറത്തു നില്‍ക്കുമ്പോള്‍ തങ്ങളുടെ പ്രകടന നിലവാരം ഉയര്‍ത്തുക മാത്രമേ വഴിയുള്ളൂ എന്ന സത്യം ആരോണ്‍ ഫിഞ്ചും ഷോണ്‍ മാര്‍ഷും ജോര്‍ജ് ബെയിലിയും അടക്കമുള്ളവരെ ഒഴിയാബാധ പോലെ പിന്തുടരും .അവരുടെ കാലൊന്നിടറുമ്പോള്‍ ആരാധകരുടെയും സെലക്ടര്‍മാരുടെയും കണ്ണുകള്‍ നേരെ ഉസ്മാനിലെക്ക് തന്നെയാകും സൂം ചെയ്യുക.

ഒരു ഫോര്‍മാറ്റിലും സ്റ്റീവന്‍ സ്മിത്തും വാര്‍ണറും ഒഴികെയുള്ള ഒരു ഓസീസ് ബാറ്റ്സ്മാനും തല്‍ക്കാലം സുരക്ഷിതരല്ല എന്നതാണ് യാഥാര്‍ത്ഥ്യം.ഉസ്മാന്‍ ഖവാജക്ക് തന്‍റെ ജോലി ചെയ്തു കൊണ്ടെ ഇരിക്കാം .നിരാശനാകേണ്ട കാര്യമില്ല എന്നത് ഒരു ഭംഗി വാക്കാണ്‌.അയാള്‍ക്ക് തീര്‍ച്ചയായും നിരാശപ്പെടാം ..അത് കളിയെ ബാധിക്കാതിരിക്കണം എന്ന് മാത്രം .ഓസീസ് ക്രിക്കറ്റില്‍ പ്രതിഭാ ദാരിദ്ര്യം എന്ന തരത്തില്‍ ചില പ്രസ്താവനകള്‍ കേട്ടത് ഓര്‍മ വരുന്നു.ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പ്രതിഭാ ധാരാളിത്തമാണ് സത്യത്തില്‍ അവരിപ്പോള്‍ അനുഭവിക്കുന്നത് ,ബാറ്റിംഗിന്‍റെ കാര്യത്തില്‍ എങ്കിലും ..

Share.

Comments are closed.