വെസ്റ്റിൻഡീസ് : പഴയ പ്രതാപത്തിലേക്കോ ?

23

ഈ ലോകകപ്പ് ഇന്ത്യ നേടുന്നതിനോട് താല്പര്യമില്ലായിരുന്നു. അതിനു രണ്ട് കാരണങ്ങളുണ്ട്.

ഒന്ന് ആരുടെ മികവിൽ നേടിയാലും അത് ധോണിയുടെ മാത്രം പേരിൽ കൊട്ടിഘോഷിക്കപ്പെടും. അതിലും വലുത് രണ്ടാമത്തെ കാരണമായിരുന്നു. മൂന്ന് ടീമുകൾ – ഇതിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ് നേടണമെന്നായിരുന്നു ആഗ്രഹം.

(1) ന്യൂസിലാൻഡ് – അർഹതയുണ്ടായിട്ടും ഏതെങ്കിലും ഒരു കടമ്പയിൽ എപ്പൊഴും തട്ടിവീഴുന്നവർ.
(2) സൗത്ത് ആഫ്രിക്ക – ചോക്കേഴ്സ് എന്ന ടാഗ് അഴിച്ചു വയ്ക്കുന്നത് ഒരിക്കലെങ്കിലും കാണാൻ.
(3) വെസ്റ്റിൻഡീസ് – അവരെപ്പറ്റിയാണിനിയെല്ലാം.

അടിമക്കച്ചവടത്തിനും മുൻപിലെ കാലം തൊട്ട് കറുപ്പ് വെളുപ്പിനു കീഴിലാണെന്ന് കരുതിയിരുന്ന ലോകത്തിന് ഇടയ്ക്കിടെ കരണത്ത് കിട്ടുന്ന അടികളായിരുന്നു ജെസ്സി ഓവൻസും ജാക്കി റോബിൻസണും ബോൾട്ടും പിന്നെ വെസ്റ്റിൻഡീസുമൊക്കെ. ഒരു കാലത്ത് ലോകം അടക്കിവാണവർ. അംബ്രോസും വാൽഷും ലാറയുമൊക്കെ ഉണ്ടായിരുന്നവർ അവരുടെ വിരമിക്കലിനു ശേഷം ഒന്നുമില്ലാതെ ആയിപ്പോകുന്നത് വേദനയോടെ നോക്കിനിന്നിട്ടുണ്ട്.

പിന്നീടവർ ലോകകപ്പ് കളിക്കാൻ വരുമ്പൊഴും ലോകത്തിന്റെ കാഴ്ചപ്പാടിനു മാറ്റമൊന്നുമുണ്ടായിരുന്നില്ല. വെസ്റ്റ് ഇൻഡീസ് കളിക്കാരെ ഇഷ്ടമില്ലെന്ന് വിളിച്ച് പറഞ്ഞ ഫോക്നർക്ക് മറുപടി കിട്ടിയിട്ട് വർഷം രണ്ടാകുന്നതേയുള്ളൂ. ഈ വർഷം ലോകകപ്പ് കളിക്കാൻ വരുമ്പൊഴും വെസ്റ്റിൻഡീസിനു കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പണക്കൊഴുപ്പിൽ മദിക്കുന്ന , ലോകം കാൽക്കീഴിലെന്ന് അഹങ്കരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെപ്പോലെയായിരുന്നില്ല വെസ്റ്റിൻഡീസ് ബോർഡ്. കളിക്കാരുമായി നിരന്തരം വഴക്കും ഒരിടയ്ക്ക് ഗെയിലിനു വിലക്ക് വരെയും പിന്നീട് പ്രതിഫലത്തിനു തർക്കവും സമരവും….എന്നും പ്രശ്നങ്ങളുടെ നടുവിൽ. കളിക്കാർ തമ്മിൽ ഒത്തൊരുമയും ഇടയ്ക്കെവിടെയോ നഷ്ടമായി….

ഒരിക്കൽ പോലും മറ്റൊരു ടീമിനെയും മാനേജ് ചെയ്യാത്ത ഒരു മാനേജറുമായി വെസ്റ്റിൻഡീസ് ഇന്ത്യയിലേക്ക് യാത്ര ആരംഭിച്ചു. ക്രിക്കറ്റ് ബോർഡിൽ നിന്നുള്ള അവഗണന..ഗെയിലില്ലെങ്കിൽ ടീമില്ലെന്ന ആക്ഷേപങ്ങൾ. …ജഴ്സിയില്ല. സ്പോൺസർമാരില്ല. ഇന്ത്യയെയും ഇംഗ്ലണ്ടിനെയും പോലെയുള്ള ടീമുകൾക്ക് ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥ.

എന്നിട്ടെന്തായി? അഫ്ഗാനോടേറ്റ തോല്വിയൊഴിച്ചാൽ ടൂർണമെന്റിൽ അവർക്ക് എതിരാളികളില്ലായിരുന്നു. കപ്പെടുക്കുമെന്ന് ഉറപ്പിച്ചിരുന്ന ഇന്ത്യയെ അവർ അടിച്ചോടിച്ചു. ലങ്കയെ എറിഞ്ഞുതകർത്തു.ഇംഗ്ലണ്ടിനെ ഭസ്മമാക്കി.സൗത്താഫ്രിക്കയെ കീഴടക്കി.ഒടുവിൽ നാലു പന്തുകൾ തുടർച്ചയായി അതിർത്തിവര കടന്നപ്പോൾ തകർന്നത് മാർക്ക് നിക്കോളാസിന്റെ തലച്ചോറില്ലാത്തവരെന്ന കമന്റിന്റെ ധാർഷ്ട്യം കൂടിയായിരുന്നില്ലേ എന്ന് സംശയിക്കേണ്ടതില്ല.

ഒരുകാലത്ത് ക്രിക്കറ്റിനെ അടക്കിഭരിച്ച ആ പ്രതാപത്തിലേക്ക് ഒരു ബോർഡിന്റെയും പിന്തുണയില്ലാതെ വെസ്റ്റിൻഡീസ് എത്തട്ടെയെന്ന് പ്രാർഥിച്ചുകൊണ്ട് നിർത്തട്ടെ…

Share.

Comments are closed.